കഴിഞ്ഞ ദിവസം ഒരു അമ്മയുടെ കരച്ചിൽ കേൾക്കേണ്ടി വന്നു. ഫോണിലൂടെയായിരുന്നു ആ കരച്ചിൽ. എങ്കിലും അവരുടെ മനസ്സിലെ വ്യഥ എനിക്ക് നല്ലവണ്ണം തിരിച്ചറിയാൻ കഴിഞ്ഞു.
ഓണക്കാലമാണ്. പേരക്കുട്ടികളെ കാണണം. വർഷത്തിലൊരിക്കൽ വരുന്ന ആഘോഷമാണ് അപ്പോഴല്ലേ കൊച്ച് കുട്ടികളുമായി ഒന്നിച്ചിരുന്ന് ഉണ്ണാനും കഥകൾ പറയാനും മറ്റും കഴിയൂ. അമ്മയും അഛനും തനിച്ചാണ് താമസം. മകൾ വിവാഹിതയായി ദൂരെ ഭർതൃ ഗൃഹത്തിൽ താമസമാണ്. അവരെ ഓണത്തിന് പ്രതീക്ഷിക്കേണ്ട. പിന്നെ ഏക മകൻ, അവന്റെ രണ്ട് കുഞ്ഞുങ്ങളെ പൊന്നുംകുടം പോലെ അമ്മയാണ്` വളർത്തിയിരുന്നത്. എന്നാൽ ഭാര്യയുടെ കുത്തി തിരിപ്പിൽ അച്ഛനുമായുണ്ടായ ചെറിയ തർക്കം കാരണം മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണ പോലെ മരുമകൾ ഉപയോഗപ്പെടുത്തി കുഞ്ഞുങ്ങളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് താമസം മാറി. അനുസരണ ശീലമുള്ള ഭർത്താവ് ഭാര്യ പറയുന്നത് അതെ പടി കേട്ട് അഛനെയും അമ്മയെയും പിന്നെ തിരിഞ്ഞ് നോക്കാറില്ല. അഛനും കുഞ്ഞുങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ മരുമകളോട് മാപ്പ് പറയുന്നതിലും ഭേദം അങ്ങ് ചത്ത് കളയുന്നതാണ്` നല്ലതെന്നാണ്` മൂപ്പരുടെ അഭിപ്രായം. മകൻ എന്റെ പരിചയക്കാരനായതിനാലും ഞാൻ പറഞ്ഞാൽ അയാൾ കേൾക്കുമെന്ന പ്രതീക്ഷയാലുമാണ് അമ്മ എന്നെ വിളിച്ചത്.
എനിക്ക് ആ മകനെയും ഭാര്യയെയും നല്ലവണ്ണം അറിയാം. ഭാര്യ പറയുന്നതിനപ്പുറമില്ലാത്ത ആ കോന്തൻ ഞാൻ പറഞ്ഞാൽ അനുസരിക്കുമോ എന്നാണ് എന്റെ സംശയം. ഭാര്യക്ക് ആ അമ്മയുടെ വേദന തിരിച്ചറിയാൻ കഴിയില്ല കാരണം അവളുടെ സ്വപ്നത്തിൽ താനും ഭർത്താവും കുഞ്ഞുങ്ങളും മാത്രമാണുള്ളത്. അവിടെ മറ്റുള്ളവരെല്ലാം അധിനിവേശക്കാർ മാത്രം.
ഈ കഥ കേട്ടപ്പോൾ വർഷങ്ങൾക്കപ്പുറത്ത് ഒരു ഓണക്കാലത്ത് മറ്റൊരമ്മയെ വൃദ്ധ സദനത്തിൽ കണ്ട് മുട്ടിയ കഥ ഓർത്ത് പോയി. ആ കഥ മുമ്പ് എപ്പോഴോ ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഇപ്രകാരമാൺ`:--
ഒരു മകന്‍ മാത്രമുള്ള മാതാവിന്റെ നിലവിളി ആയിരുന്നു അന്ന് ഞാൻ കേട്ടത്.. അഗതി മന്ദിരം വൃദ്ധസദനമായി ഉപയോഗിച്ച് വരുന്ന ഒരു സ്ഥാപനമായിരുന്നു സംഭവസ്ഥലം. മറ്റൊരു കാര്യത്തിനായി അല്‍പ്പ ദിവസങ്ങള്‍ക്ക് മുമ്പ് ആ സ്ഥാപനത്തില്‍ പോയതായിരുന്നു ഞാന്‍ . യാദൃശ്ചികമായി എന്റെ ഒരു പരിചയക്കാരന്റെ മാതാവിനെ ഞാന്‍ അവിടെ കണ്ടു. വിദൂരതയില്‍ കണ്ണും നട്ട് സ്ഥാപനത്തിന്റെ പുറക് വശമുള്ള തോട്ടത്തില്‍ ഒരു ആഞ്ഞിലി മരത്തിന്റെ തണലില്‍ കിടന്ന സിമിന്റ് ബെഞ്ചില്‍ അവര്‍ ഇരിക്കുകയായിരുന്നു. അടുത്ത് ചെന്ന് ഞാന്‍ മുരടനക്കിയപ്പോള്‍ അവര്‍ തല ഉയര്‍ത്തി എന്നെ നോക്കുകയും തിരിച്ചറിഞ്ഞപ്പോള്‍ പെട്ടെന്ന് ചാടി എഴുന്നേല്‍ക്കുകയും ചെയ്തു.
“അമ്മ ഇവിടെ........’?! ഞാന്‍ ശങ്കയോടെ വിവരം അന്വേഷിച്ചു.
“അവന്‍ ബിസ്സിനസ് ആവശ്യത്തിനായി തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്തു. ഒറ്റ മുറി ഫ്ലാറ്റില്‍. ഭാര്യയെയും കുട്ടികളെയും കൂടെ കൂട്ടി. ഒരു മുറി മാത്രമുള്ള ഫ്ലാറ്റില്‍ ഞാനും കൂടെ താമസിക്കുന്നതെങ്ങീയെന്ന് കരുതി എന്നെ ഇവിടെ കൊണ്ടു വന്നു.അവന്‍ ആവശ്യത്തിനു രൂപ കൊടുക്കുന്നത് കൊണ്ട് ഇവിടെ സുഖമാണ്.“ മകനെ കുറ്റപ്പെടുത്തുന്നതൊന്നും തന്റെ വാക്കുകളില്‍ ഉണ്ടായിരിക്കരുതെന്ന വ്യഗ്രത അവരില്‍ പ്രകടമായി കണ്ടു.
എങ്കിലും മനസ് ഏതോ പന്തി ഇല്ലായ്ക മണത്തു. അവന്റെ ഭാര്യ ഈ അമ്മയോട് എങ്ങിനെയാണ് പെരുമാറിയിരുന്നതെന്ന് എനിക്ക് സുവ്യക്തമായിരുന്നല്ലോ. ആവശ്യമില്ലാതെ ചോദ്യങ്ങള്‍ ചോദിച്ച് അവരെ അലട്ടരുതെന്ന് കരുതി ഞാന്‍ യാത്ര പറഞ്ഞ് തിരികെ പോകാന്‍ നേരം അവര്‍ എന്നെ വിളിച്ചു.”ഒന്ന് നില്‍ക്കണേ!”
“മകനോടൊന്ന് പറയുമോ, ഓണ ദിവസം എനിക്ക് അവന്റെ കുഞ്ഞുങ്ങളെ ഒന്ന് കാണാനായി കൊണ്ട് വരണമെന്ന്..... ആ കൊച്ചു കുഞ്ഞുങ്ങളെ ഒന്ന് കാണാന്‍ വല്ലാത്ത ആഗ്രഹം” പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അവര്‍ വിമ്മി കരഞ്ഞു. ഞാന്‍ വല്ലാതായി.
രംഗം വീക്ഷിച്ച് കൊണ്ടിരുന്ന ആയ ഓടി വന്നു. “നിങ്ങള്‍ക്കെന്താ ഇവിടെ കുഴപ്പം, സമയത്ത് ആഹാരമില്ലേ? പരിചരണമില്ലേ? ഹും... എന്തിന്റെ കുറവാ നിങ്ങള്‍ക്ക്....ഹും...?“ആയമ്മയുടെ വാക്കുകളില്‍ ഒരു മയവുമില്ലായിരുന്നു. .
പെട്ടെന്ന് അമ്മ സമനില വീണ്ടെടുത്തു. രണ്ടാം മുണ്ട് കൊണ്ട് മുഖം തുടച്ചു. എന്നെ നോക്കി ചിരി പോലൊന്ന് വരുത്തിയിട്ട് പറഞ്ഞു, “എന്നാ....പൊയ്ക്കോ..”
ഈ ഓണക്കാലത്ത് ഇപ്പോഴും പഴയ രീതികളും കുടുംബ ബന്ധങ്ങളും മനസ്സിൽ പേറി കഴിയുന്ന എത്രയോ മാതാ പിതാക്കൾ തങ്ങളുടെ മക്കളെയും പേരക്കുഞ്ഞുങ്ങളെയും ഓർത്ത് വിമ്മി കരയുന്നുണ്ടാകാം.
No comments:
Post a Comment