ഇന്നലെ രണ്ട് വിവാഹ മോചന കേസുകളിൽ ഇടപെടേണ്ടി വന്നു. ഒന്ന്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായത്. ഭാര്യക്ക് ഒരു കൂസലുമില്ല, ഭർത്താവിന് അങ്ങിനെയെങ്കിൽ അങ്ങിനെയെന്ന മട്ടും. എന്താൺ` അവരുടെ പ്രശ്നമെന്നത് മറ്റൊരു വിഷയം അത് ഇവിടെ കുറിക്കുന്നില്ല.
രണ്ടാമത്തെ കേസ് ദാമ്പത്യ ജീവിതം 10 വർഷത്തിനു താഴെയുള്ള കാലം. അതിൽ 7 വർഷമായി പിരിഞ്ഞ് ജീവിക്കുന്നു. അതിനു മുമ്പും ഒരുമിച്ച് ജീവിച്ചത് കുറഞ്ഞ കാലം. കാരണം ഭർത്താവിന് ഗൾഫിൽ ജോലിയായിരുന്നുവല്ലോ. ഏഴ് വർഷ കാലത്തെ വ്യവാഹാരങ്ങൾ ( അത് തന്നിൽ നിന്നും ഭർത്താവിന്റെ മാതാപിതാക്കൾ പിടിച്ചെടുത്ത സ്വർണത്തിന്റെ വിലയും രൊക്കം തുകയും പിന്നെ തനിക്കും കുട്ടിക്കും ജീവിത ചെലവ് തരണമെന്നാവശ്യപ്പെട്ടുള്ളതുമായ കേസുകൾ)
ഈ ഏഴ് വർഷ കാലയളവിൽ നാട്ടിൽ വന്നപ്പോൾ ഒരിക്കലെങ്കിലും തനിച്ച് ജനിച്ച ഏക മകനെ കാണാൻ ആ മഹാൻ മുതിർന്നിട്ടില്ല.. അവധിക്ക് വന്നപ്പോൾ കോടതി വരാന്തയിൽ വെച്ച് കുട്ടിയെ കണ്ടപ്പോഴും ഒന്ന് തലോടുക പോലും ചെയ്തില്ല. ഉള്ളത് പറയണമല്ലോ, അത്രക്കും ദുഷ്ട്നൊന്ന്മല്ല അയാൾ, പിന്നെന്താണെന്ന് ചോദിച്ചാൽ മാതാ പിതാക്കളും ഇളയ സഹോദരനും പറയുന്നതിനപ്പുറം അയാൾക്ക് മറ്റൊരു അഭിപ്രായമൊന്നുമില്ല. ഒരുമിച്ച് കഴിഞ്ഞിരുന്ന കാലത്ത് ഗൾഫിൽ നിന്നും വന്നാൽ ആദ്യം അയാളുടെ ജോലി, ഭാര്യയെ കൊണ്ട് പിതാവിന്റെ കാല് പിടിച്ച് മാപ്പ് പറയിപ്പിക്കുകയായിരുന്നു, ചെയ്ത കുറ്റമെന്താണെന്ന് വെച്ചാൽ, എം..എസ്.സി. ബി.എഡ്. ബിരുദക്കാരിയായ മരുമകൾ ജോലിക്കപേക്ഷ അയക്കാൻ ഒരുങ്ങിയപ്പോൾ അത് തടഞ്ഞ മാന്യനോട് (ഭാര്യാ പിതാവ്) ഞാൻ ഇത്രയും പഠിച്ചത് പാഴാവില്ലേ എന്ന മറുപടി പറഞ്ഞതിന്, അല്ലെങ്കിൽ അത് പോലുള്ള നിസ്സാര കാര്യങ്ങൾക്ക് മാപ്പ് പറയിപ്പിക്കും. സ്വന്തമായി ഒരു അഭിപ്രായം പറയാൻ കഴിവില്ലാത്ത ഭർത്താവാണ് ഏറ്റവും വലിയ ദുഷ്ടനും ക്രൂരനെന്നും ഈ കേസിൽ നിന്നുംവെളിവാകുന്നു. ഭർതൃ സഹോദരൻ ഈ വിഷയത്തിൽ പറഞ്ഞത് എന്തിന് വേരെ ജോലി, ഇവിടെ ഈ വീട്ടിൽ ജോലി ഉണ്ട് “തൂപ്പ് ജോലി“ അത് പോരേ? എന്ന്. പെൺകുട്ടി ചെയ്ത വലിയ കുറ്റം. അവൾക്ക് ഉയർന്ന ബിരുദം ഉണ്ട് എന്നത്. “അതിന്റെ അഹങ്കാരം, അതായത് പഠിച്ചവളാണെന്ന അഹങ്കാരം“ ഇവിടെ കാണിക്കേണ്ട എന്ന് അമ്മായി അപ്പനും അമ്മായി അമ്മയും.
പെൺകുട്ടിയുടെ പിതാവ് മകളെ കാണാനൊന്നും എപ്പോഴും ഇവിടെ വരരുത്. വരുമ്പോൾ സാധനങ്ങൾ കൊണ്ട് വരരുത്, അഥവാ കൊണ്ട് വന്നാൽ പോകുമ്പോൾ തിരിച്ച് കൊണ്ട് പൊയ്ക്കോളണം...ഇങ്ങിനെ പോകുന്നു ഭർതൃ വീട്ടിലെ ക്രൂര കൃത്യങ്ങൾ.
കുറേ ഏറെ സഹിച്ചപ്പോൾ അവൾ സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്നു. നിയാാനുസരണം കോടതിയിൽ തന്റെ മുതൽ പിടിച്ചെടുത്തത് കിട്ടാനായി കേസ് കൊടുത്തു. ഭർത്താവിനെ പ്രതിനിധീകരിച്ചത് ഭർതൃ പിതാവ് (പവർ ഓഫ് അട്ടോർണി) ഏഴ് വർഷത്തിന് ശേഷം കേസ് വിധി ആയി.ഇതിനിടയിൽ ദൈവ കാരുണ്യത്താൽ പെൺകുട്ടിക്ക് സർക്കാർ ജോലി കിട്ടി. കോടതി അവൾ ചോദിച്ച തുക ഭാഗികമായും, കുട്ടിക്ക് പ്രതിമാസം ഒരു ചെറിയ തുകയും ഭാര്യയ്ക്ക് ജോലി കിട്ടിയത് വരെയുള്ള കാലത്തെ ചെലവും അനുവദിച്ചു. ( ജോലി ഉള്ളവൾക്ക് ചെലവിന് അനുവദിക്കില്ല)
വിധിച്ച തുക ഇത് വരെ ഓരോ മുടന്തൻ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോകുന്നു. ഇതിനിടക്ക് ഭർത്താവ് നാട്ടിലെത്തി.
ഇന്നലേ പോസ്റ്റ് മാൻ രജിസ്റ്റേഡ് പോസ്റ്റായി വിവാഹ മോചന നോട്ടീസ് പെൺകുട്ടിക്ക് കൊണ്ട് കൊടുത്തു.
അവൾ ഞെട്ടിപ്പോയി. കേസെല്ലാം കൊടുത്തെങ്കിലും മറ്റൊരു കുറ്റവും താൻ ചെയ്യാത്തതിനാൽ അതായത് വഴി പിഴച്ചിട്ടില്ല, ആരുമായും അവിഹിത ബന്ധമില്ല, ഭർത്താവിനോട് ഒരുമിച്ച് ജീവിച്ച കാലത്ത് അനുസരണക്കേട് കാണിച്ചിട്ടില്ല, അങ്ങിനെ ഒരു തെറ്റും ചെയ്തിട്ടില്ല.
അയാൾ കൂടെ കഴിഞ്ഞ കാലം കുറച്ചേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇവർ മാത്രമായി കുഞ്ഞിനോടൊപ്പം ഒരു കുടുംബം തനിച്ച് ജീവിച്ചിരുന്നു എങ്കിൽ സമാധാനമായി കഴിഞ്ഞേനെ. അതിന് അയാൾക്ക് സമ്മതമില്ല, മാതാപിതാക്കളെ വിട്ടൊരു ജീവിതമില്ല.അയാൾക്ക്... മാതാ പിതാക്കളൊ ഈ പഠിപ്പ്കാരിയെ ഒതുക്കിയിട്ടേ കാര്യമുള്ളൂ എന്ന വൃതത്തിലും മാത്രമല്ല ആ അഹങ്കാരി കോടതിയിൽ കേസും കൊടുത്തിരിക്കുന്നു.
വിവാഹ മോചന നോട്ടീസ് കിട്ടിയപ്പോൾ പെൺകുട്ടി പറഞ്ഞു, ഒരു മുടി നാരിഴ പോലെ എന്നിൽ അൽപ്പം പ്രതീക്ഷ ഉണ്ടായിരുന്നു, എന്നെ വിവാഹ മോചനം ചെയ്യില്ലാ എന്ന്...കാരണം ഞാനെരു തെറ്റും അയാളോട് ചെയ്തില്ലല്ലോ എന്ന വിശ്വാസത്താൽ...
അവസാനം ആ പെൺകുട്ടി ഏങ്ങലടിച്ച്കൊണ്ട് എന്നോട് ഒരു ചോദ്യം ചോദിച്ചു. “ദൈവം ഇതൊന്നും കാണുന്നില്ലേ സാറേ എന്ന് “ അത്രത്തോളം അവൾ വേദനിച്ചിരുന്നു.
നിന്നെ വേണ്ടാത്തവനെ ഇത്രയും കാലം നിന്നോടും കുഞ്ഞിനോടും ക്രൂരത കാണിച്ചവനുമായി നീ ഇനിയും ജീവിക്കാൻ ആഗ്രഹിക്കുന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ തല കുനിച്ചിരുന്നു.
മനുഷ്യ സ്വഭാവം പല വിധത്തിലാണ്. ആദ്യത്തെ കേസിൽ വിവാഹ മോചനം നിസ്സാരമായി കണ്ടു പിരിഞ്ഞു ദമ്പതികൾ. രണ്ടാമത്തെ കേസിൽ ഭാര്യ ആകെ തകർന്ന് പോയി. ഒരു ജോലി ഉള്ളതിനാൽ അവളുടെ ഉപജീവ്നം കഴിഞ്ഞ് പോകുമായിരിക്കാം...പക്ഷേ അതല്ലല്ലോ അവളെ അലട്ടുന്നത്. ഒരുമിച്ച് ജീവിച്ചില്ലെങ്കിലും ബന്ധം വിച്ഛേദിക്കും എന്ന് അവൾ കരുതിയില്ല. ബന്ധം വിച്ഛേദിക്കുന്നത് ഏറ്റവും വലിയ ദുരന്തമായി അവൾ കാണുന്നു. ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നു. ആദ്യത്തവൾ അതിന് പുല്ല് വില കൽപ്പിക്കുന്നു.
അതേ മനുഷ്യർ പല സ്വഭാവക്കാരാണ്.
No comments:
Post a Comment