Tuesday, January 18, 2022

പ്രതിയും തട്ടാനും

 വളരെ വര്‍ഷങ്ങള്‍ നാം പുറകോട്ടു പോകേണ്ടിയിരിക്കുന്നു. 

തനിക്കെതിരായി മൊഴി പറഞ്ഞ ഒരു സാക്ഷിയോട് ആ കേസിലെ പ്രതി മനസ്സു ഉരുകി ഒരു ചോദ്യം ചോദിച്ചു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും  ചോദ്യം കേട്ടുനിന്നിരുന്ന അന്നത്തെ ബെഞ്ച് ക്ലാര്‍ക്കിന് ആ ചോദ്യം മറക്കാന്‍ കഴിയുന്നില്ല.

കോടതിയിലെ വരാന്തയാണ് രംഗം .ജാമ്യം ലഭിക്കാത്തതും ജെയിലില്‍ സൂക്ഷിക്കുന്നതുമായ പ്രതികളെ കോടതിയില്‍ കൊണ്ടു വരുമ്പോള്‍ പോലീസുകാര്‍ ഈ വരാന്തയില്‍ ആണ് സൂക്ഷിക്കുന്നത്. അങ്ങിനെ ഉള്ള പ്രതികളെ കാണാനായി ബന്ധുക്കള്‍ ഈ വരാന്തക്കു സമീപം വന്നു  നിൽക്കും. പോലീസുകാര്‍ക്ക് പടി കൊടുത്താല്‍ പ്രതികളോട് സംസാരിക്കാനുള്ള അവസരം അവര്‍ നല്കുകയും ചെയ്യും. ജാമ്യത്തില്‍ ഇറക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്തവരും തീരെ സാധുക്കളുമായിരിക്കും ഇങ്ങിനെ അവിടെ വരുക. സംസാരിക്കാനുള്ളവരെ വരാന്തക്കു അകത്തു കടത്തി വിട്ടു വാതില്‍ക്കല്‍ പോലീസുകാരന്‍ പോയി നിൽക്കും

. ബെഞ്ച് ഡ്യൂട്ടി കഴിഞ്ഞു ക്ലാര്‍ക്ക് ഇരിക്കുന്ന കസേരയുടെ സമീപമുള്ള ജനലില്‍ കൂടി നോക്കിയാല്‍ വരാന്തയിലെ എല്ലാ വിശേഷങ്ങളും കാണാനും കേള്‍ക്കാനും കഴിയും. അങ്ങിനെയാണ് ബെഞ്ച് ക്ലാര്‍ക്ക് മേല്പ്പറഞ്ഞ രംഗത്തിനു സാക്ഷി ആയതു.

 പോലീസ്‌ രേഖകള്‍ പ്രകാരം പ്രതിയുടെ കേസ്സ് ഇപ്രകാരമാണ്. പ്രതി സ്ഥിരം മോഷ്ടാവ്. പലതവണ മോഷണ കുറ്റത്തിന് ജെയിലില്‍ കിടന്നിട്ടുണ്ട്. ....തീയതി പാതിരാത്രി പ്രതി ഗ്രാമത്തിലെ അമ്പലം കുത്തി തുറന്നു അകത്തു കയറി ദേവിക്ക് കാഴ്ച ആയി സമര്‍പ്പിച്ചിരുന്ന വെള്ളി കണ്ണ് വെള്ളി മൂക്ക്കുത്തി വെള്ളി കമ്മല്‍ തുടങ്ങിയവ കവര്‍ന്നെടുത്തു . മേൽപ്പറഞ്ഞ സാധനങ്ങള്‍ പ്രതി ഒരു തട്ടാന്റെ കടയില്‍ വിലക്ക് കൊടുത്തു. വിറ്റ സാധനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 പ്രതി പകല്‍ അമ്പല പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ട ഒരു ഭക്തന്‍

, വാതില്‍ കുത്തി തുറന്നിരുന്നു എന്നും കാഴ്ച വസ്തുക്കള്‍ മോഷണം പോയി എന്നും മൊഴി കൊടുത്ത പൂജാരി,

 തന്റെ കടയില്‍ മോഷണ വസ്തുക്കള്‍ വിൽക്കാൻ കൊണ്ടു വന്നിരുന്നു എന്നും താന്‍ അത് പ്രതിയില്‍ നിന്നു വിലക്കെടുത്തു എന്നും മൊഴി കൊടുത്ത തട്ടാന്‍ ,

 പ്രതി സ്ഥിരം മോഷ്ടാവാനെന്നും പലതവണ ജയിലില്‍ കിടന്നിട്ടുണ്ട് എന്ന് രേഖകള്‍ കൊണ്ടു സ്ഥാപിച്ച പോലീസ്സ് ഉദ്യോഗസ്ഥന്‍ 

തുടങ്ങിയവര്‍ കേസ്സിലെ സാക്ഷികളാണ്. 

കോടതി ഉച്ചക്ക് ഒരു മണിക്ക് പിരിഞ്ഞപ്പോള്‍ പ്രതിയുമായി പോലീസുകാരന്‍ വരാന്തയില്‍ വന്നു. അല്പം കഴിഞ്ഞപ്പോള്‍ അന്ന് രാവിലെ വിസ്തരിച്ച് കഴിഞ്ഞ ഒരു സാക്ഷിയും ഒരു ചെറുപ്പക്കാരിയും ഒരുകുഞ്ഞും വരാന്തയില്‍ കാണപ്പെട്ടു. പ്രതി മോഷണ വസ്തു തന്റെ കടയില്‍ കൊണ്ടു വന്നു എന്നും താന്‍ അത് വിലക്ക് എടുത്തു എന്നും മൊഴി കൊടുത്ത തട്ടാന്‍ ആയിരുന്നു അത്.ബെഞ്ച് ക്ലാര്‍ക്ക് വരാന്തയിലേക്ക്‌ നോക്കാനും അതായിരുന്നു കാരണം. തട്ടാന്റെ മൊഴി കോടതിയിൽ പറഞ്ഞത് വളരെ കൃത്യം ആയിരുന്നു.ചീഫില്‍ അയാള്‍ മണി മണി പോലെ കാര്യങ്ങള്‍ പറഞ്ഞു. പ്രതി ഭാഗം വക്കീലിന്റെ ( പ്രതിക്ക് സ്വന്ത നിലയില്‍ വക്കീലിനെ വെയ്ക്കാന്‍ കഴിവില്ലാത്തതിനാല്‍ സര്‍ക്കാര്‍ ചിലവില്‍ നിയമിച്ച ഒരു വക്കീലായിരുന്നു അത്) ക്രോസ്സില്‍ തട്ടാന്‍ പതറിയുമില്ല . അയാളുടെ മൊഴി കൊണ്ടു മാത്രം പ്രതി ശിക്ഷിക്കപ്പെടും എന്ന് കരുതാം. ആ തട്ടാനാണ് പ്രതിയെ കാണാന്‍ വന്നിരിക്കുന്നത്. പ്രതിയുടെ ഭാര്യയും കുഞ്ഞുമാണ് അടുത്ത് നില്ക്കുന്നത് എന്ന് മനസ്സിലായി. ആ കൊച്ചു കുഞ്ഞിനെ കയ്യിലെടുത്തു ഏങ്ങലടിച്ചു കൊണ്ടു പ്രതി സാക്ഷിയോട് ചോദിച്ചു "ഞാന്‍ ഒരു തെറ്റും നിങ്ങളോട് ഇതു വരെ ചെയ്തിട്ടില്ലല്ലോ തട്ടാനേ! പിന്നെന്തിനാണ് നിങ്ങള്‍ ഈ പച്ചക്കള്ളം എനിക്കെതിരെ മൊഴി കൊടുത്തത്" 

തട്ടാന്‍ എന്ത് പറയുന്നു എന്ന് ബെഞ്ച് ക്ലാര്‍ക്ക് ആകാംക്ഷയോടെ നോക്കി

."എന്റെ പൊന്നനിയാ നീ ഒരു സാധനവും എന്റെ കടയില്‍ കൊണ്ടു വന്നിട്ടുമില്ല എനിക്ക് വിറ്റിട്ടുമില്ല പക്ഷെ ഇനിയും വേറൊരു കേസിലും ഇതു പോലെ ഞാന്‍ മൊഴി കൊടുക്കാന്‍ നിര്‍ബന്ധിതനാണ്. ഞാന്‍ അത് ചെയ്തില്ലെങ്കില്‍ ഏതെങ്കിലും കേസ്സില്‍ മോഷണ മുതല്‍ വാങ്ങി എന്നും പറഞ്ഞു പോലീസുകാര്‍ എന്നെ അകത്താക്കും.. എന്റെ മണ്ടത്തരത്തിന് പണ്ടു ഒരു സാധനം ഞാന്‍ ഒരു കള്ളന്റെ കയ്യില്‍ നിന്നും വാങ്ങിച്ചു പോയി ആ കേസ്സ് ഒതുക്കി തന്നതിന്റെ പ്രതിഫലമാണ് എന്നെ ഇങ്ങിനെ മൊഴി പറയിപ്പിക്കുന്നത്."

പ്രതിയുടെ നേരെ കൈ കൂപ്പിയാണ് തട്ടാന്‍ ഇതു പറഞ്ഞതു.അപ്പോള്‍ പ്രതി തട്ടാനോട് ഒരു ചോദ്യം ചോദിച്ചു.അയാള്‍ മനസ്സു ഉരുകിയാണ് അത് ചോദിച്ചതെന്ന് വ്യക്തം

 "മുകളിലെ കോടതിയില്‍ ഉടയ തമ്പുരാന്റെ മുമ്പിലും നിങ്ങള്‍ ഇങ്ങിനെ മൊഴി കൊടുക്കുമോ"

തട്ടാന്റെ മറുപടി മറ്റൊന്നായിരുന്നു".നിന്നോട് മാപ്പു പറയാനാണ് ഞാന്‍ ഇവിടെ കയറി വന്നത് എന്നെ നീ ശപിക്കരുത്." 

പ്രതി, യുവതി ആയ ഭാര്യെയും കുഞ്ഞിനെയും ചൂണ്ടി കാണിച്ചു ഇങ്ങിനെ ചോദിച്ചു."ഞാന്‍ ജെയിലില്‍ പോയാല്‍ ഇവരുടെ കാര്യം ആര് നോക്കും" 

അതിന് മറുപടി പറഞ്ഞതു അപ്പോള്‍ അവിടെ കയറി വന്ന പോലീസുകാരനാണ്. 

"അവളെ നാട്ടുകാര് നോക്കി കൊള്ളും " 

ആ പോലീസുകാരന്റെ മുഖം അടച്ചു ഒരു അടി കൊടുക്കാനാണ് ബെഞ്ച് ക്ലാര്‍ക്കിനു തോന്നിയത്.

 താന്‍ പറഞ്ഞ തമാശ ആര്‍ക്കും ഇഷ്ടപെട്ടില്ല എന്ന് അവിടെ നിന്നവരുടെ മുഖഭാവം കൊണ്ടു മനസ്സിലാക്കി അയാള്‍ ഉടനെ അധികാരം നടപ്പില്‍ വരുത്തി.

"മതി മതി പുന്നാരം പറച്ചിലും കുമ്പസ്സാരവും ഇറങ്ങ് ഇവിടെ നിന്നും"

 തിരിഞ്ഞു നോക്കി നോക്കി ആ യുവതിയും കുഞ്ഞും കൂട്ടത്തില്‍ തട്ടാനും ഇറങ്ങി പോയി. 

നമുക്കു ഈ കഥ ചുരുക്കാം .ഹാജരാക്കിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും പ്രോസിക്യൂട്ടെരുടെ ശക്തമായ വാദത്തിന്റെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരന്‍ എന്ന് കണ്ടു കോടതി ഒന്നര വര്ഷം തടവിനു പ്രതിയെ ശിക്ഷിച്ചു. (

എത്രയോ വർഷങ്ങൾ  കടന്ന് പോയി. ഇതിലെ കഥാപാത്രങ്ങൾ ഇപ്പോൾ എവിടെയാണെന്ന് ഈയുള്ളവനറിയില്ല്. എങ്കിലും മനസ്സിൽ നിന്നും മായാത്ത ചില സംഭവങ്ങളുണ്ട്. അവയിലൊന്നാണ് ഈ സംഭവവും 

ഴിഞ ആഴ്ച  പഴയ കോടതി പരിസരഥ് കൂടി  നടന്ന് പോയി.

നല്ല യവ്വനം ചെലവഴിച്ച സ്ഥാപനം പല ഓർമ്മകളും മനസ്സിലേക്ക് തിരയടിച്ചെത്തി.അതിൽ പലതും എന്റെ ബ്ളോഗിൽ പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് കുത്തിക്കുറിച്ചിട്ടിരുന്നു. 
അതിലൊന്നാണ് ഈ അനുഭവ  കഥ

No comments:

Post a Comment