മദ്രാസ് ടി നഗർ നോർത്ത് ക്രസന്റ് റോഡിലെ ആ കെട്ടിടത്തിനു മുമ്പിൽ നിന്നിരുന്ന മാവിന്റെ കീഴിൽ ആ മഹാ നടൻ അന്ന് നിന്നിരുന്നു.
ശാന്തമായ സായാഹ്നം. പോക്ക് വെയിലിന്റെ സ്വർണ നിറം മാവിൻ തളിരിലകളെ സ്വർണ പ്രഭയിൽ കുളിപ്പിച്ചു അന്തരീക്ഷത്തിൽ മറ്റൊരു സ്വർണ പ്രഭ മുഖത്തേന്തി നിന്നിരുന്ന അദ്ദേഹത്തിന്റെ സമീപത്തെക്ക് ഞാൻ പതുക്കെ നടന്ന് ചെന്നു. സ്റ്റുഡിയോവിൽ വെച്ച് പലതവണ അദ്ദേഹത്തെ എന്റ് ജോലിക്കിടയിൽ കണ്ടിരുന്നുവെങ്കിലും സിനിമാ അഭിനയമെന്ന എന്റെ ആഗ്രഹ സഫലീകരണത്തിന്റെ കാര്യം അദ്ദേഹത്തൊട് പറയാൻ ഞാൻ ധൈര്യപ്പെട്ടിരുന്നില്ല‘ ജോലിക്കാർ നടീ നടന്മാരോട് വർത്തമാനം പറയാൻ പോകരുത് എന്ന ഒരു അഖിലിത നിയമം സ്റ്റുഡിയോകളിൽ അന്ന് ഉണ്ടായിരുന്നല്ലോ.
ഇന്ന് ഇപ്പോൾ ഡ്രൈവറെയും കാത്ത് കാറിന് സമീപം നിന്നിരുന്ന അദ്ദേഹത്തൊട് എന്റെ ആവശ്യം പറയാൻ സമയം ഒത്ത് കിട്ടിയിരിക്കുന്നു.
ഈ അനുഭവം ഞാൻ മുമ്പ് എന്റെ ബ്ളോഗിലും ഫെയ്സ് ബുക്കിലും എഴുതിയിട്ടുണ്ടായിരുന്നു. ഇപ്പോൾ അത് വീണ്ടും വിശദമായി ആവർത്തിക്കുന്നില്ല. അതിന് ശേഷം അദ്ദേഹത്തിൽ നിന്നുള്ള മറ്റൊരനുഭവത്തെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്.
അന്ന് അദ്ദേഹത്തെ സമീപിച്ച് എന്റെ അഭിനയ ആഗ്രഹത്തെ ധരിപ്പിച്ചതും കാറിനകത്തേക്ക് കയ്യിട്ട് ഹാന്റ് ബാഗെടുത്ത് അഞ്ച് രൂപായുടെ അഞ്ച് നോട്ടുകൾ എടുത്ത് എന്റെ കയ്യിൽ വെച്ച് തന്നതും ഉടൻ നാട്ടിൽ തിരിച്ച് പോയി പഠനം തുടരുകയാണ് നിന്റെ ജോലിയെന്നും നല്ല ഭാവിക്കതാണ് വേണ്ടതെന്നും അൽപ്പം ഗൗരവത്തിലും എന്നാൽ ചിരിച്ചും കൊണ്ട് അദ്ദേഹം എന്നോറ്റ് പറഞ്ഞതും അപ്പോഴേക്ക് സിനിമാ ലോകം മടുത്തിരുന്ന ഞാൻ അദ്ദേഹം പറഞ്ഞത് അനുസരിച്ച് നാട്ടിലേക്ക് പോകാനായി അതിൽ നാല് നോട്ടുകൾ ചെലവഴിച്ച് നാട്ടിലെത്തിയതും ഒരു അഞ്ച് രൂപാ നോട്ട് അദ്ദേഹവുമായുള്ള ഈ സംഗമത്തിന്റെ ഓർമ്മക്കായി അടുത്ത കാലം വരെ ഡയറിയിൽ സൂക്ഷിച്ചിരുന്നതും പിന്നീട് ആ നോട്ട് ജീർണിച്ച അവസ്തയിൽ കണ്ടതും ഞാൻ പണ്ട് പറഞ്ഞ് കഴിഞ്ഞു.
മലയാളത്തിന്റെ നിത്യ വസന്തം പ്രേം നസീറിന്റെ കാര്യമാണ് ഞാനിവിടെ കുറിക്കുന്നത്.
അതിന് ശേഷം ഒരുപാട്കാലം കഴിഞ്ഞ് പോയി.. ഞാൻ പഠിച്ചു, ജോലിയും കിട്ടി. അന്നൊരു ദിവസം പ്രേം നസീർ കൊട്ടാരക്കരയിൽ പുതിയ മസ്ജിദിന്റെ ശിലാ സ്ഥാപനത്തിനായി വരുന്നു എന്നറിഞ്ഞ് തടീച്ച് കൂടിയ ജനക്കൂട്ടത്തിലൊരാളായി നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന്റെ മുകളിൽ കയറി അടുത്തുണ്ടായിരുന്ന ലൈറ്റ് വെളിച്ചത്തിൽ ഞാൻ നിന്നിരുന്നു. എല്ലാരെയും ചിരിച്ച് കൈ കൂപ്പി യുള്ള ആ യാത്ര പറച്ചിലിനിടയിൽ വാഹനത്തിന്റെ മുകളിൽ കയറി നിന്നിരുന്ന എന്റെ നേരെ ഒരു നിമിഷം അദ്ദേഹം തിരിഞ്ഞു എങ്കിലും പെട്ടെന്ന് കണ്ണ് മാറ്റി. പക്ഷേ ഉടനേ തന്നെ അദ്ദേഹം എന്റെ നേരെ വീണ്ടും മുഖം തിരിച്ചു. ഒരു നിമിഷം , ആ മുഖത്ത് ഒരു പരിചിത ഭാവം മിന്നി മറഞ്ഞുവോ? അതോ എനിക്ക് തോന്നിയതോ?! എല്ലാം പെട്ടെന്ന് കഴിഞ്ഞു, അദ്ദേഹത്തിന്റെ വാഹനം കടന്ന് പോവുകയും ചെയ്തു.
വീട്ടിൽ ചെന്നപ്പോഴും എന്റെ ചിന്ത അദ്ദേഹത്തെ പറ്റിയായിരുന്നു. അദ്ദേഹത്തിന് എന്നെ മനസ്സിലായോ? പിന്നീട് എന്റെ വിഡ്ഡിത്തരത്തെ പറ്റി ഓർത്ത് ഞാൻ സ്വയം ചിരിച്ചു. ലക്ഷോപ ലക്ഷം മനുഷ്യരെ കണ്ട അദ്ദേഹം എന്നെ എങ്ങിനെ ഓർമ്മിക്കാൻ.!
വീണ്ടും വർഷങ്ങൾ കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ ആലപ്പുഴ പാതിരാപ്പള്ളീക്ക് വടക്ക് എക്സൽ ഗ്ളാസ് കമ്പനിക്ക് സമീപം ഒരു കാറിൽ ഇരിക്കുന്നതായി കണ്ടു. അന്ന് അദ്ദേഹം സിനിമയിൽ കത്തി നിന്ന കാലം കഴിഞ്ഞിരുന്നുവെങ്കിലും ആൾക്കാർ കൂട്ടമായി അദ്ദേഹത്തെ കാണാൻ റോഡരികിൽ നിന്നിരുന്നു. രണ്ടും കൽപ്പിച്ച് ഞാൻ കാറിന് അടുത്തെക്ക് ഓടി ചെന്നു. ആരോ എല്ലാം എന്നെ തടയാൻ നോക്കിയെങ്കിലും ഞാൻ കാറിന് സമീപമെത്തിയപ്പോൾ അദ്ദേഹത്തിന്റെ നോട്ടം എന്നിൽ വീണു. പിന്നെ എനിക്ക് തടസ്സമുണ്ടായില്ല. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. ഞാൻ ഭവ്യതയോടെ പറഞ്ഞു.
“മദ്രാസ് ടി. നഗറിൽ....” അദ്ദേഹം മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. എനിക്കോർമ്മയുണ്ട്...ഉണ്ട്...ഞാൻ നിന്നെ കൊട്ടാരക്കര വെച്ച് വണ്ടിയുടെ മുകളിൽ കയറി നിൽക്കുന്നത് കണ്ടുവല്ലോ.....“ ഞാൻ അന്തം വിട്ടു നിന്നു. അന്ന് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞിരുന്നു.
“പഠനം പൂർത്തിയാക്കിയോ...ജോലി കിട്ടിയോ...സുഖമായിരിക്കുന്നോ....“
എനിക്ക് വാക്കുകൾ കിട്ടിയില്ല, ഞാൻ വിക്കി വിക്കി ചോദിച്ചു, എങ്ങിനെ എന്നെ...തിരിച്ചറിഞ്ഞു.....“
അദ്ദേഹം നന്നായി ചിരിച്ചു. “ നിന്റെ മുടി.യാണ് നിന്നെ കാണിച്ച് തന്നത്....“
ശരിയാണ് ഞാൻ അന്നു ശരിക്കും ഒരു “മുടിയനായിരുന്നു തലപ്പാവ് വെച്ച പോലെയുള്ള മുടി എനിക്കന്നുണ്ടായിരുന്നു.
അപ്പോഴേക്കും അദ്ദേഹത്തിന്റെ വാഹനം നീങ്ങി കഴിഞ്ഞു. കൂടിയിരുന്നവരെയെല്ലാം അദ്ദേഹം ചിരിച്ച്കൊണ്ട് കൈ കൂപ്പി. അത് അവസാന കാഴ്ചയായിരുന്നു.
മലയാളത്തിലെ ഒരു മെഗാ സ്റ്റാറിന് അടുത്ത കാലത്ത് 70 തികഞ്ഞപ്പോഴുണ്ടായ കോലഹലത്തിലും മറ്റൊരു നടൻ പൊതു നിരത്തിലെ ധർണക്കെതിരെ ശബ്ദം ഉയർത്തിയപ്പോഴും ഞാൻ പ്രേം നസീർ സാറിനെ കുറിച്ചോർത്തു. എന്തൊരു സൗമ്യതയായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് വേളയിൽ കൃത്യ സമയം അദ്ദേഹമെത്തി ചേർന്നിരുന്നു. ഒരിക്കലും ഷൂട്ടിംഗ് സ്ഥലത്ത് ആരോടും കയർത്തിരുന്നില്ല. ഞങ്ങൾ ജോലിക്കാരോട് ദയാ വായ്പോടെ പെരുമാറിയിരുന്നു. അദ്ദേഹം വരുമ്പോൾ എഴുന്നേറ്റ് നിന്നില്ലെങ്കിൽ ഒരു ധാർഷ്ഠ്യവും ആരോടും കാണിച്ചിരുന്നില്ല. മനസ്സറിഞ്ഞ് സംഭാവന നൽകിയിരുന്ന ഒരേ നടൻ അന്ന് അദ്ദേഹമായിരുന്നു. അവസാന നാളുകളിൽ കഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന അതുല്യ നടൻ മുത്തയ്യാാക്ക് കൃത്യമായി സാമ്പത്തിക സഹായം ആ കാരുണ്യവാൻ എത്തിച്ചിരുന്നു.
ഇന്നത്തെ പല മെഗാസ്റ്റാറുകളുടെയും ധാർഷ്ഠ്യവും അഹങ്കാരവും ഞാനെന്ന ഭാവവും എന്നെ കഴിഞ്ഞ് ഈ ലോകത്ത് വേറൊരു നടനില്ല എന്ന പൊങ്ങച്ചവും കാണുമ്പോൾ തികച്ചും മനുഷ്യത്വമുള്ള ആ മഹാ നടനെ ഓർത്ത് പോയി.
No comments:
Post a Comment