“ഒറ്റവരിയിൽ തൂങ്ങിയാടുന്ന നീതി“
ഇന്നത്തെ “മാധ്യമം“ ദിന പത്രത്തിലെ മുഖ പ്രസംഗത്തിന്റെ തലക്കെട്ടാണ് മുകളിൽ കാണിച്ചിരിക്കുന്നത്.ബിഷപ്പ് ഫ്രാങ്കോയുടെ കേസിലെ വിധി പറഞ്ഞതിനെ പറ്റിയുള്ളതാണ് അത്.
സോഷ്യൽ മീഡിയായിലും ഇന്നത്തെ തന്നെ പല ദിനപ്പത്രങ്ങളിലും ഇന്നലെ കാണിച്ചിരുന്ന റ്റി,വി. വാർത്തകളിലും ഈ ഒറ്റവരി പ്രയോഗം വിമർശനം വിളിച്ച് വരുത്തി.
മുഖ പ്രസംഗം എഴുത്തിൽ പലപ്പോഴും പലരിൽ നിന്നും അവാർഡ് വാങ്ങിയ പത്രമാണ് മാധ്യമം. ഒരു വിഷയത്തെ പറ്റി അവഗാഢമായി പഠനം നടത്തിയാണ്` അവർ മുഖപ്രസംഗം എഴുതുന്നതാണ്` അവരുടെ രീതി എന്നാണ് വെയ്പ്. അത് കൊണ്ടാണ്` പല പത്രങ്ങളും ഈ “ഒറ്റവരി“ പ്രയോഗം നടത്തിയിട്ടും മാധ്യമത്തെ മാത്രം ഇവിടെ വിമർശിക്കുന്നതിന്റെ കാരണം,
ഒരു ചുക്കും പഠിക്കാതെയാണ് തദ് വിഷയമായ മാധ്യമം പത്രത്തിന്റെ മുഖ പ്രസംഗം.
കോടതിയിൽ വിവിധ തസ്തികകളിൽ ജോലി നോക്കിയിട്ടുള്ളവനാണ് ഈയുള്ളവൻ. പ്രതിയെ കുറ്റ വിമുക്തനാക്കുന്ന ക്രിമിനൽ കേസുകളിൽ ബഹു ഭൂരിഭാഗത്തിലും ജഡ്ജ് ഈ ഒറ്റവരി പ്രഖ്യാപനമാണ് നത്തുക പതിവ്. അങ്ങിനെയുള്ള കേസുകളിൽ പ്രതിയെ ദൂരെ പ്രതിക്കൂട്ടിൽ തന്നെ നിർത്തിയിട്ടാണ് വിധി പറയുക. എന്നാൽ പ്രതി കുറ്റക്കാരനാണെന്ന് കാണുന്ന പക്ഷം വിധി പ്രസ്താവിക്കുന്ന നേരം പ്രതിയെ കൂട്ടിൽ നിന്നുമിറക്കി ജഡ്ജിന്റെ സമീപത്ത് കൊണ്ട് വന്ന് ഡയസ്സിന് താഴെയായി നിർത്തും. എന്നിട്ട് വിധി ന്യായത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ച് കേൾപ്പിക്കും തുടർന്ന് നിങ്ങളെ കുറ്റക്കാരനായി കണ്ടിരിക്കുന്നു എന്ന് പറയുകയും അനന്തര നടപടികളിലേക്ക് തിരിയുകയും ചെയ്യും. ഇതാണ് ശിക്ഷിക്കപ്പെടുന്ന മിക്ക കേസുകളിലെയും വിധി പറച്ചിൽ.
കുറ്റക്കാരനല്ല എന്ന് വിധിക്കുന്ന കേസുകളിൽ ഒറ്റവരി വിധി പറയുന്നത് ഒന്നുകിൽ പ്രതി നിരപരാധിയാണെന്ന് കണ്ട് വെറുതെ വിടുന്നു എന്നോ പ്രതിക്കെതിരെ കുറ്റം തെളിയാത്തതിനാൽ വെറുതെ വിടുന്നു എന്നോ, സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുന്നു എന്നോ അങ്ങിനെ എന്താണോ ജഡ്ജ്മെന്റിൽ അവസാനം എഴുതിയിരിക്കുന്നത് ആ ഒറ്റവരി മാത്രം പറയും.
പൊതു ജനത്തിന്റെ ധാരണ വെറുതെ വിട്ട് ഒറ്റവരി വിധി പറയുന്ന ആ കേസ് മാത്രമേ കോടതിയിലുള്ളൂ, വേറെ കേസൊന്നും അന്ന് വിചാരണക്കില്ലാ എന്നാണ്. അത് കൊണ്ട് ജഡ്ജ്മെന്റ് വള്ളി പുള്ളീ വിസർഗം കൂടാതെ മൊത്തം വായിക്കുമെന്നാണ്.അവർ കരുതുന്നത്. പത്രക്കാർ ഉൾപ്പടെ ഇങ്ങിനെ ധരിച്ചിരിക്കുന്നു. ശിക്ഷിക്കുന്ന കേസുകളിൽ മാത്രമാണ് ജഡ്ജ്മെന്റ് വിശദമായി വായിക്കുകയുള്ളൂ എന്നത് പലർക്കുമറിയില്ല. അത് തന്നെ എന്തിന് തന്നെ ശിക്ഷിക്കുന്നു എന്ന് പ്രതി അറിയാൻ വേണ്ടിയാണ്. അത് പ്രതിയുടെ അവകാശമാണ്. വെറുതെ വിട്ട കേസുകളിൽ ആ ജഡ്ജ്മെന്റ് കോടതിയിൽ തന്നെ കാണും. ആർക്ക് വേണമെങ്കിലും ആഫീസിൽ ചെന്ന് അനുവാദം വാങ്ങി വായിച്ച് എന്ത് കൊണ്ട് വെറുതെ വിട്ടു എന്നത് മനസ്സിലാക്കാം. മാത്രമല്ല എന്ത് കൊണ്ട് തന്നെ വെറുതെ വിട്ടു എന്നത് തുറന്ന കോടതിയിൽ സമയമെടുത്ത് പ്രതിയെ അറിയിപ്പിക്കേണ്ട കാര്യമല്ലല്ലോ. അത് പ്രതിക് അറിയാൻ നിർബന്ധം ഉണ്ടെങ്കിൽ ജഡ്ജ്മെന്റ് പകർപ്പെടുത്ത് വായിക്കണം.
മറ്റൊരു തമാശ ഇപ്രകാരം മുഖ പ്രസംഗം എഴുതിയ മാധ്യമം പത്രത്തിൽ രണ്ടാം പേജിൽ “തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നത് പ്രൊസിക്യൂഷന് തിരിച്ചടിയായി“ എന്നൊരു തലക്കെട്ടിന് താഴെ എന്ത് കൊണ്ട് പ്രതിയെ വെറുതെ വിട്ട് വിധി ഉണ്ടായി എന്നതിന്റെ കാരണങ്ങൾ നിരത്തുന്നുമുണ്ട്.അപ്പോൾ വിധി ഒറ്റവരിയല്ല എന്നും വിശദമായ ജഡ്ജ്മെന്റ് ഉണ്ട് എന്നും മനസ്സിലാവുന്നു. പിന്നെന്തിന് ഒറ്റവരിയിൽ നീതി തൂങ്ങിയാടുന്നു എന്ന പ്രയോഗം.
‘സാക്ഷി മൊഴികൾക്കടിസ്താനമായ തെളിവുകളും രേഖകളും ഇല്ലായിരുന്നു എന്നത് പ്രോസിക്യൂഷന്റെ പരാജയമായി പറയുന്നു.2014 ൽ നടന്ന സംഭവം 4 വർഷം കഴിഞ്ഞപ്പോഴാണ് പരാതിപ്പെട്ടതെന്നും ഈ കാലയളവിൽ കന്യാസ്ത്രീയും ബിഷപ്പും അടുത്ത സ്നേഹത്തിലായിരുന്നുവെന്നും തന്റെ ബന്ധുവായ ഒരു സ്ത്രീ കൊടുത്ത പരാതിയിൽ അതായത് ആ സ്ത്രീയുടെ ഭർത്താവും കന്യാ സ്ത്രീയുമായുണ്ടായ ബന്ധത്തെ പറ്റി കൊടുത്ത പരാതീയിൽ ബിഷപ്പ് നടപടിയെടുത്ത വൈരാഗ്യത്തിലാണ് കന്യാസ്തീ പരാതി കൊടുത്തതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഇതെല്ലാം ഈ പത്രത്തിൽ തന്നെ വിശദമായി കൊടുത്തിട്ടുണ്ട്. എന്നിട്ടാണ് ഒറ്റവരി നീതി എന്ന് ആക്ഷേപിക്കുന്നത്. എല്ലാം സ്വാധീനമാണെന്നും ഇങ്ങിനെയെങ്കിൽ മേലേ കോടതിയിലെന്തായിരിക്കും ഗതി എന്നും പത്രം വ്യാകുലപ്പെടുന്നുമുണ്ട്.
പത്രക്കാരൻ പത്രക്കാരന്റെ ജോലി ചെയ്യുക, കോടതിയെ പറ്റി അവർ വ്യാകുലപ്പെടേണ്ട,
No comments:
Post a Comment