മുതലാളി 50 ഇന്ത്യൻ രൂപാ ആ മാസത്തെ ശമ്പളമായി എന്റെ കയ്യിൽ വെച്ച് തന്നു. ആലപ്പുഴ കറുത്തകാളി പാലത്തിന് വടക്ക് വശമുള്ള കയർ പ്രസ്സിംഗ് ഫാക്ടറിയിലായിരുന്നു അന്നെന്റെ ജോലി.
ഞാൻ ആ തുക വീട്ടിൽ കൊണ്ട് പോയി ബാപ്പായെ ഏൽപ്പിച്ചു. ബാപ്പാ അത് ഉമ്മാക്ക് കൈമാറി. എട്ട് പേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന് ഒരു മാസത്തെ റേഷൻ അരിയും മണ്ണെണ്ണയും വാങ്ങാൻ ആ തുക മതിയായിരുന്നു. ദിവസം ഒരു നേരം അടുപ്പ് പുകയാൻ ആ അരിയും മതിയായിരുന്നു. ബാക്കി ചിലവുകൾ ബാപ്പാ കണ്ടെത്തും.
ഇതെന്റെ കൗമാര കാലത്തായിരുന്നു. കഴിഞ്ഞ ദിവസം എന്റെ കൊച്ച് മകനുമായി രോഡിലൂടെ പൊയ്ക്കൊണ്ടിരുന്നപ്പോൾ വഴിയരുകിൽ മരച്ചീനി (കപ്പ) വിൽക്കുന്നത് കണ്ടു. കപ്പ പണ്ട് പാവങ്ങളുടെ ആഹാരവും ഇപ്പോൾ വി.ഐ.പി. തീൻ മേശയിലെ വിശിഷ്ട വസ്തുവുമാണല്ലോ!. എന്തായാലും കൊച്ച് മകനോട് അത് വാങ്ങാൻ പറഞ്ഞു, അവൻ 50 ഇന്ത്യൻ രൂപക്ക് 2 കിലോ മരച്ചീനി വാങ്ങി.
50 ഇന്ത്യൻ രൂപയാൽ ഒരു മാസം ജീവിത ചെലവുകൾ നടന്ന് കിട്ടിയ ആ കാലവും അതേ 50 ഇന്ത്യൻ രൂപയാൽ രണ്ട് കിലോ മരച്ചീനി വാങ്ങേണ്ടി വന്ന ഇന്നത്തെ കാലത്തിനുമിടക്ക് ഒരുപാട് വസന്തങ്ങൾ കടന്ന് പോയി. പൂവുകൾ വിരിയുകയും കായ്ക്ക്കയും ചെയ്തു. മഴക്കാലം ധാരാളം വെള്ളം തോടുകളിലൂടെ ഒഴുക്കി വിട്ടു. മനുഷ്യനെ ഊതി ആറ്റുന്ന കഠിന വേനൽക്കാലവും പലതു വന്ന് പോയി. വരൾച്ചയും വെള്ളപ്പൊക്കവും വന്ന് പോയി. മന്ത്രി സഭകൾ പലതും മാറിയും തിരിഞ്ഞും ഉണ്ടായി. പല മുഖ്യ മന്ത്രിമാരും മുൻ മുഖ്യ മന്ത്രിമാരായി. ആലപ്പുഴ കടൽപ്പാലം കത്തി നിന്ന കാലം കഴിഞ്ഞു ഇപ്പോൾ അസ്ഥിപജ്ഞരമായി അവശേഷിക്കുന്നിടത്തെത്തി. സമ്പത്തിന്റെ നിറകുടമായിരുന്ന ഗുദാം കെട്ടിടങ്ങളുടെ സ്ഥാനത്ത് മറ്റെന്തോ സ്ഥാപനങ്ങൾ വന്നു. വൈകുന്നേരം അഞ്ച് മണിയാകുമ്പോൾ താറാവ് കൂട്ടങ്ങൾ പോലെ കനാൽ തീരത്തെ രോഡുകൾ നിറഞ്ഞൊഴുകിയിരുന്ന തൊഴിലാളികൾ കഥകളിലെയും സിനിമകളിലെയും കഥാ പാത്രങ്ങളായി മാറി.
പ്രണയങ്ങൾ മൊട്ടിട്ടു, പലതും വിരിയാതെ കരിഞ്ഞ് പോയി. വിരിഞ്ഞതൊട്ട് സുഗന്ധം പരത്താതെയുമായി. റേഡിയോ പോയി, റ്റിവി വന്നു, പിന്നെ പല ചാനലുകളും വന്നു. ചരട് പോലെ നീളത്തിലുള്ള നാട ഉൾക്കൊണ്ടിരുന്ന കാസറ്റ്കൾക്ക് പകരം വൃത്താകൃതിയിലുള്ള സിഡികളായി, അതും കഴിഞ്ഞ് ചെറു വിരലിന്റെ വലിപ്പത്തിലുള്ള പെൻ ഡ്രൈവെന്ന ഓമനപ്പേരുള്ള യു.എസ്.ബി. വന്നു, അപൂർവമായിരുന്ന ടെല ഫോണുകൾ സുലഭമായ മൊബൈൽ ഫോണുകളായി മാറി. ഒന്ന് കണ്ണ് ചിമ്മിയതേ ഉള്ളൂ അപ്പോഴേക്കും ഇതെല്ലാം നടന്ന് കഴിഞ്ഞു. മുതലാളി അന്ന് 50 ഇന്ത്യൻ രൂപാ തന്ന സ്ഥലത്ത് നിന്നും ഇത്തിരി ഇങ്ങ് മാറിയപ്പോഴേക്കും ഇങ്ങിനെയെല്ലാം സംഭവിച്ചിരിക്കുന്നു.
പഴയ മുതലാളി തന്ന ആ 50 രൂപായുടെ സ്ഥാനത്ത് സർക്കാർ സർവീസിൽ കയറിയപ്പോൾ മൂന്ന് അക്കത്തിൽ 200 രൂപാ ആദ്യ ശമ്പളമായി കൈ പറ്റിയ ഞാൻ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും മൂന്നക്കം അഞ്ച് അക്കമായി സർവീസിൽ നിന്നും വിരമിച്ചു, ഇപ്പോൾ അഞ്ചക്ക സംഖ്യ പെൻഷനായി കൈ പറ്റുന്നു. 25 പൈസക്ക് ഒരു കിലോ ചീനി വാങ്ങിയിടത്ത് ഇരുപത്തഞ്ച് രൂപക്ക് അത് വാങ്ങുന്നു.
“അന്നുണ്ടായിരുന്ന പലരും ഇന്നില്ല, ഇന്നുണ്ടായിരുന്ന പലരും അന്നില്ലായിരുന്നു, എന്ന് നോവലിസ്റ്റ് സി.രാധാക്രിഷ്ണൻ പറഞ്ഞ അവസ്ഥയിൽ കഴിയുമ്പോഴും ഒരു സത്യം എന്നെ വല്ലാതെ സന്തുഷ്ടനാക്കുന്നുവല്ലോ അന്നുണ്ടായിരുന്ന ആ മനസ്സ് തന്നെ ഇന്നുമെനിക്കുണ്ട്. ബാല്യത്തിലെയും കൗമാരത്തിലെയും സൗഹൃദം ഇന്നുമന്വേഷിച്ച് നടക്കുന്ന ആ മനസ്സ് കടലും കടപുറവും കാണുമ്പോൾ മലയും താഴ്വാരവും കാണുമ്പോൾ മീനമാസത്തെ വെട്ടിത്തിളങ്ങുന്ന നീലാകാശത്തെയും കൊള്ളിയാൻ മിന്നിച്ച് കറുത്ത മുഖത്തോടെ നിൽക്കുന്ന കർക്കിടക മാനത്തെയും കാണുമ്പോൾ കൗതുകത്തോടെ തുള്ളിച്ചാടുന്ന ആ മനസ്സ് അതെനിക്ക് ഇന്നും നഷ്ടപ്പെട്ടില്ലല്ലോ!
കാലമേ! നിനക്കൊരുപാട് നന്ദി.