മൂടിക്കെട്ടിക്കിടക്കുന്ന ആകാശം, സന്ധ്യാ നേരത്ത് ഒന്ന് തുടുത്തുവോ?
ദൂരെ ദൂരെ നിന്നും സന്ധ്യ കൊണ്ട് വരുന്നത് ശോക രാഗമാണോ?
മനസ്സ് വല്ലാതെ വ്യാകുലപ്പെടുന്നു, എന്തിനെന്നറിയാതെ...
ഏകാന്ത പഥികനായി ഈ ചാരുകസേരയിൽ മാനത്തേക്ക് നോക്കി കിടക്കുമ്പോൾ പകലുകളിലെ നിഷ്ക്രിയത സന്ധ്യക്ക് ഒന്നുകൂടി വർദ്ധിച്ചത് പോലെ തോന്നുന്നു. എവിടെ പോകാനാണ്? എങ്ങോട്ട് പോകാനാണ്? നാട്ടിൽ പരന്ന് കിടക്കുന്ന മഹാ വ്യാധി എങ്ങോട്ടും പോകാൻ അനുവദിക്കാതെ ആരുമായും ബന്ധപ്പെടാൻ സമ്മതിക്കാതെ ഏകാന്തതയുടെ തുരുത്തിൽ അടച്ചിടുമ്പോൾ എപ്പോഴും കറങ്ങിക്കൊണ്ടിരുന്ന ചക്രം പെട്ടെന്ന് നിഷ്ക്രിയമായത് പോലെയായി.
പക്ഷേ മനസ്സ് അടച്ച് പൂട്ടാനൊക്കില്ലല്ലോ, അതെപ്പോഴും പ്രവർത്തനക്ഷമമാണ്. അത് കൊണ്ട് തന്നെ കടന്ന് പോയ എത്രയോ സന്ധ്യകളെ ഓർമ്മകൾ ഈ നേരത്ത് ആവാഹിച്ച് വന്ന് കൊണ്ടേ ഇരിക്കുന്നു.
ചേക്കേറുന്ന പക്ഷികളുടെ ആരവങ്ങൾക്കിടയിലൂടെ ഉമ്മായുടെ വിളി ഒഴുകി വരുന്നുണ്ടല്ലോ “ഷരീഫേ...കളി നിർത്തി വീട്ടിൽ കയറ്, സന്ധ്യയായി, കിതാബെടുത്ത് ഓത് മോനേ.....“ നാല് ചുറ്റും വീടുകളിൽ മങ്ങി മങ്ങി കത്തുന്ന മണ്ണെണ്ണ വിളക്കുകളുടെ അരണ്ട വെളിച്ചം പത്ത് വയസ്സ്കാരനെ കളി നിർത്തി സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുന്ന സന്ധ്യ ഇതാ തൊട്ടപ്പുറത്തായിരുന്നു എന്ന് തോന്നുന്നു.
വേലിപ്പഴുതിലൂടെ ചുവന്ന കുപ്പിവളകളിട്ട വെളുത്ത കൈകൾ നീട്ടി ശൂ ശൂ വിളി കേട്ട് ഓടിചെല്ലുന്ന കൗമാരക്കാരൻ പതിനാറ് വയസ്സുകാരന് കിട്ടിയ പൊതിയിൽ മുല്ലപ്പൂ ആണെന്ന് തുറന്ന് നോക്കാതെ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന വിധം ആ സന്ധ്യയിൽ സുഗന്ധം പരന്നിരുന്നല്ലോ. മാനത്തെ അർദ്ധ ചന്ദ്രനെ നോക്കി ദാ! നിന്നെ പോലൊരാൾ എന്ന് പറഞ്ഞപ്പോൾ ഓയ്! കളിയാക്കാതെ പൊന്നേ! എന്ന് പറഞ്ഞ് ആ നിലാവൊളി ഓടി പോയത് ഇന്നലെ സന്ധ്യക്കല്ലായിരുന്നോ?
എത്രയെത്ര സന്ധ്യകൾ...പടിഞ്ഞാറേ കടലിൽ അദ്ദേഹം മുങ്ങിക്കുളിക്കാൻ ഇറങ്ങി കഴിഞ്ഞ് മാനത്ത് സിന്ധൂരം വാരി പൂശിയത് സന്ധ്യപ്പെണ്ണ് തന്നെയെന്ന് ആ മണൽ പുറത്ത് തിരകളുടെ ശബ്ദം കേട്ട് കിടന്ന് തിരിച്ചറിഞ്ഞപ്പോൾ പഴയ ചങ്ങാതിമാരെ കണ്ട് മുട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ച സന്ധ്യയും ഇന്നലെയായിരുന്നു എന്ന് തോന്നുന്നു.
എല്ലാവരും എവിടെയെല്ലാമോ പോയി, അവരവരുടെ ജീവിത പന്ഥാവിൽ ചുറ്റി തിരിയുന്നു, ഞാനിവിടെ ഈ ചാര് കസേരയിൽ ഓർമ്മകളെ തഴുകി നിമിഷങ്ങൾ കടത്തി വിടുന്നു. ചിലരെല്ലാം എന്നെന്നേക്കുമായി പോയി, മറ്റുള്ളവർ എന്നെ ഓർമ്മിക്കുന്നുണ്ടോ ആവോ?
ഓർമ്മകളേ! എന്തിനാണ് ഈ വർഷകാല സന്ധ്യയിൽ നിങ്ങൾ എന്റെ മനസ്സിലേക്ക് ഓടി വരുന്നതും എന്നെ തരളിതനാക്കുന്നതും
No comments:
Post a Comment