Thursday, May 27, 2021

സീരിയസ് മെൻ ഒരു ആസ്വാദനം

 ഇൻഡ്യക്കാരുടെ  ഇംഗ്ളീഷ് രചനയിൽ അരുന്ധതി റോയിയുടെ  ദി ഗോഡ് ഓഫ് സ്മാൾ തിങ്ക്സിന്  ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും ഉജ്ജ്വലമായ രചനയെന്ന്  ഡക്കാൺ ഹെറാൽഡ്  അഭിപ്രായം പറഞ്ഞ  സീരിയസ് മെൻ എന്ന ഈ പുസ്തകത്തിന്റെ രചയിതാവ്  മനു ജോസഫ് ആണ്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് അനൂപ് ചന്ദ്രനും.

വിരസമായ ആരംഭത്തിന് ശേഷം വായന ഉഷാറായി വന്നപ്പോൾ   തോന്നി  ഇത് കൊള്ളാമല്ലോ എന്ന്. മനുഷ്യ മനസ്സിന്റെ ഓരോ അവസ്തയും ശരിക്കു കണ്ടും നിരീക്ഷിച്ചും എഴുതിയ പുസ്തകം തന്നെയെന്ന് വായിച്ച് തീർന്നപ്പോൾ തിരിച്ചറിഞ്ഞു.

മുംബെ മഹാ രാജ്യത്തിലെ ചേരികളിലൊന്നിൽ വസിച്ച് കൊണ്ട് രാജ്യത്തെ പ്രശസ്ത ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ ക്ളാർക്കായി ജോലി ചെയ്യുന്ന അയ്യൻ മണി താൻ സ്വപ്നം കാണുന്ന ജീവിതം കയ്യെത്തി പിടിക്കാൻ തന്ത്രപൂർവം അപാരമായ നീക്കങ്ങളിലൂടെ തന്റെ പത്ത് വയസ്സുകാരനായ മകനെ ജീനിയസ്  പട്ടം കൃത്രിമമായി സൃഷ്ടിച്ച് ഉദ്ദേശ ലക്ഷ്യം സാധിക്കുന്ന കഥ പറയുന്ന ഈ പുസ്തകം  സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ  സവർണ മാനസികാവസ്ഥ  കൂടി വെളിപ്പെടുത്തുന്നു. അതിനിടയിൽ ശാസ്ത്രമേ  തന്റെ പ്രാണവായു എന്ന് വിശ്വസിക്കുന്ന മഹാനായ ഒരു ശാസ്ത്രജ്ഞന്റെ മാനസിക സംഘർഷങ്ങളും അയാൾ ഒരു പെണ്ണിനാൽ ചതിയിൽ പെടുന്നതും പിന്നീട് അയ്യൻ മണിയിലൂടെ അതിനെ അതിജീവിക്കുന്നതും  തന്മയത്വത്തോടെ വരച്ചിട്ടിരിക്കുന്നു..

പാത്ര രചന സൂക്ഷ്മതയോടെ കൈകാര്യം ചെയ്തത് കൂടാതെ രംഗാവിഷ്കരണം അതി ഗംഭീരമാക്കിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. മുംബൈ മഹാ നഗരത്തിലെ പ്രഭാതത്തിൽ  ചേരി നിവാസികൾ പ്രാഥമിക കർമ്മങ്ങൾ അനുഷ്ഠിക്കാൻ  ടോയ്ലറ്റിന്റെ മുമ്പിൽ ഒരു കയ്യിൽ ബക്കറ്റുമായി നീണ്ട  ക്യൂവിൽ നിലയുറപ്പിക്കുന്ന രംഗം ഉദാഹരണമായെടുക്കുന്നു.

350 പേജുള്ള ഈ  നോവൽ 225 രൂപക്ക് ഡിസി. ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Sunday, May 23, 2021

പറയാൻ വിട്ട് പോയത്

 യാദൃശ്ചികമായാണ് ചരമ പംക്തിയിലെ ഫോട്ടോയിൽ കണ്ണൂടക്കിയത്. അൽപ്പം പ്രായമായ സ്ത്രീയുടെ ഫോട്ടോ ആണെങ്കിലും  ആളെ വ്യക്തമായി മനസ്സിലായി.

പണ്ട് ആലപ്പുഴയിൽ വീടിന്റെ അയലത്ത് താമസിച്ചിരുന്ന കുടുംബത്തിലെ മൂത്ത പെൺകുട്ടി.അന്നത്തെ കാലത്ത് ഉയർന്ന വിദ്യാഭ്യാസം നേടിയ ആൾ.ആരോടും തുറന്ന മനസ്സോടെ പെരുമാറുന്ന സ്നേഹമുള്ള വ്യക്തിത്വം. ആൾ.  ഞാനുമായി നല്ല സൗഹൃദത്തിലായിരുന്നു. പക്ഷേ പിൽ കാലത്ത് ഒരു വല്ലാത്ത തെറ്റിദ്ധാരണയിൽ ചെന്നു പെട്ടു.

ഞാൻ സിനിമാ അഭിനയം ലക്ഷ്യമിട്ട് അന്നത്തെ മദിരാശിയിൽ പോയി കുറേ കാലം ചെല വഴിച്ചപ്പോൾ അവൾ എനിക്ക് ആശംസകൾ അർപ്പിച്ചും നല്ലത് വരട്ടെയെന്നു പ്രാർത്ഥിച്ചും ഇൻലാന്റ് കവറിൽ ഒരു കത്തിട്ടു. ആ കത്തിൽ മറ്റ് തെറ്റായ യാതൊന്നും ഇല്ലായിരുന്നു എന്ന് ഉറപ്പുണ്ട്. പക്ഷേ എന്റെ മേൽ വിലാസം വീട്ടിൽ നിന്നും അനുവാദമില്ലാതെ എടുത്തതായിരുന്നു. ദൗർഭാഗ്യ വശാൽ കത്ത് അവിടെ മേൽ വിലാസത്തിൽ കിട്ടിയപ്പോൾ ഞാൻ തിരികെ നാട്ടിലെക്ക് തിരിച്ച് കഴിഞ്ഞിരുന്നു. മദിരാശിയിൽ ഞാൻ താമസിച്ചിരുന്നത് ബന്ധുവിനോടൊപ്പമായിരുന്നു. അവൻ ആ കത്ത് എനിക്ക് കവറിലിട്ട് തിരികെ അയച്ചു തന്നു. വീട്ടുകാർ അത് തുറന്ന് വായിച്ചു. തെറ്റിദ്ധരിക്കപ്പെടേണ്ട  ഒരു വാക്ക് പോലും അതിൽ ഇല്ലായിരുന്നെങ്കിലും അന്നത്തെ കാലമല്ലേ യാഥാസ്തികത കൊടി കുത്തി വാഴുന്ന വീടായിരുന്നു എന്റേത് എന്ത് കൊണ്ട്  അനുവാദമില്ലാതെ വീട്ടിൽ നിന്നും മേൽ വിലാസമെടുത്തു എന്നായി പൊല്ലാപ്പ്. കത്ത് തിരികെ വന്നതും വീട്ടുകാർ പൊട്ടിച്ച് വായിച്ചതും ഒന്നും അവൾക്കറിയില്ലല്ലോ. തെറ്റിദ്ധരിക്കപ്പെട്ടത് ഞാനായി. അവൾ കത്തയച്ചത് തെറ്റായെങ്കിൽ നെരിൽ പറഞ്ഞാൽ പോരായിരുന്നോ എന്ന ചോദ്യമായിരുന്നു ആ മുഖത്ത്. കാര്യം തനിച്ച് പറഞ്ഞ് മനസിലാക്കാൻ പറ്റാത്ത വിധം അന്തരീക്ഷം കലുഷിതമായി കഴിഞ്ഞിരുന്നു. പിന്നെ...പിന്നെ...ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്ന് പോയപ്പോൾ  ഈ വിഷയവും നിറം മങ്ങി മറ്റുള്ളവർക്കും അവൾക്കും. 

പക്ഷേ എന്റെ മനസ്സിൽ  അത് കരടായി തന്നെ കിടന്നു. എപ്പോഴെങ്കിലും ഇത് മനസ്സിലാക്കി കൊടുക്കണം  എന്ന് കരുതിയപ്പോളൊന്നും നടന്നില്ല, അവൾ വഴുതി വഴുതി പോയി. ഒരു കല്യാണ വീട്ടിൽ വെച്ച് ഞാൻ ആരംഭമിട്ടപ്പോൾ  അവൾ എന്തോ പറയാൻ ആഞ്ഞു. പക്ഷേ മൂന്നാമതൊരാൾ അടുത്ത് വന്നപ്പോൾ അതും നടന്നില്ല, എന്താണ് അവൾ പറയാൻ മുതിർന്നതെന്നും  അറിയാൻ കഴിഞ്ഞില്ല. “ സാരമില്ല, അതെല്ലാം കഴിഞ്ഞ് പോയില്ലേ, കാലം ഒരു പാടായില്ലേ എന്നോ മറ്റോ ആയിരിക്കും അവൾ പറയാൻ ആഞ്ഞതെന്ന് ഞാൻ പ്രതീക്ഷിച്ചു, കാരണം എനിക്ക് അവളെ പറ്റി നല്ല  വിശ്വാസമായിരുന്നല്ലോ.

പിന്നീട് പരസ്പരം പിരിഞ്ഞു, അവൾക്ക് ജോലി കിട്ടിയെന്നും വിവാഹിതയായെന്നും നാട്ടിൽ തന്നെ ഉണ്ടെന്നും ഒക്കെ അറിഞ്ഞു, പിന്നെ വർഷങ്ങളായി ആളെ കണ്ടിട്ടില്ല. എങ്കിലും ഒരിക്കലെങ്കിലും ഈ ഭാരം മനസ്സിൽ നിന്നും ഇറക്കി വെക്കണമെന്ന് ഞാൻ കരുതി നാട്ടിലെത്തുമ്പോൾ മറ്റ് കാര്യങ്ങൾക്കിടയിൽ ഈ വിഷയം അപ്രധാനമായി മാറി.യിരുന്നല്ലോ.

മരണം ഇടയിൽ കയറി വരുമെന്നൊന്നും ഒരിക്കലും കരുതുകയില്ലല്ലോ. അടുത്ത തവണ പോകുമ്പോഴാകട്ടെ എന്ന് വിചാരിച്ച് കൊണ്ടേ ഇരുന്നു. പഴയ സൗഹൃദങ്ങളെ തിരക്കി നടക്കുന്ന എനിക്ക് അവളെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല എന്ന് വിശ്വാസമുള്ളതിനാൽ പിന്നെയും നീണ്ട് നീണ്ട് പോയി ആ കൂടിക്കാഴ്ച. അവൾ താമസിക്കുന്ന ഭാഗം വരെ ഞാൻ തിരക്കി അറിഞ്ഞിരുന്നുപക്ഷേ നാളെയാകട്ടെ എന്ന് കരുതി കാലം കടന്ന് പോയി.

ഇതാ ഇന്ന് രാവിലെ ദിനപ്പത്രത്തിലൂടെ അവൾ എന്നെ നോക്കി ചിരിക്കുന്നു. മനസ്സിൽ വല്ലാതെ വീർപ്പുമുട്ടൽ. ആ കാര്യമൊന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം. എന്നെ പോലുള്ളൊരാൾക്ക് അതൊരു വിഷമം തന്നെയാണ്. അവസാനമായി ഒന്ന് കാണാനോ എവിടെയാണ്` അവളെ  മറമാടുന്നതെന്നോ പോലും അറിയാത്ത വിധം യാത്രകളെല്ലാം കോവിഡ് കാലം തടസ്സപ്പെടുത്തിയിരിക്കുകയാണല്ലോ.

ഹൃദയംഗമായി പ്രാർത്ഥിക്കുന്നു സുഹൃത്തേ! ഒരിക്കൽ പോലും എന്നിൽ നിന്നും തെറ്റ് വന്നില്ലായിരുന്നു എന്ന് നിന്നോട് എനിക്ക് പറയാൻ കഴിഞ്ഞില്ലെങ്കിലും നിന്റെ ആത്മാവിന് നിത്യ ശാന്തി നേരുകയും നിനക്ക് സ്വർഗം ലഭിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Friday, May 21, 2021

ഒരു സന്ധ്യാ നേര ചിന്തകൾ

മൂടിക്കെട്ടിക്കിടക്കുന്ന  ആകാശം, സന്ധ്യാ നേരത്ത് ഒന്ന് തുടുത്തുവോ?

ദൂരെ ദൂരെ നിന്നും  സന്ധ്യ കൊണ്ട് വരുന്നത് ശോക രാഗമാണോ? 

മനസ്സ് വല്ലാതെ  വ്യാകുലപ്പെടുന്നു, എന്തിനെന്നറിയാതെ...

ഏകാന്ത പഥികനായി ഈ ചാരുകസേരയിൽ  മാനത്തേക്ക് നോക്കി കിടക്കുമ്പോൾ പകലുകളിലെ നിഷ്ക്രിയത  സന്ധ്യക്ക് ഒന്നുകൂടി വർദ്ധിച്ചത് പോലെ തോന്നുന്നു. എവിടെ പോകാനാണ്? എങ്ങോട്ട് പോകാനാണ്? നാട്ടിൽ പരന്ന് കിടക്കുന്ന മഹാ വ്യാധി എങ്ങോട്ടും പോകാൻ അനുവദിക്കാതെ  ആരുമായും ബന്ധപ്പെടാൻ സമ്മതിക്കാതെ ഏകാന്തതയുടെ തുരുത്തിൽ  അടച്ചിടുമ്പോൾ  എപ്പോഴും കറങ്ങിക്കൊണ്ടിരുന്ന  ചക്രം പെട്ടെന്ന്  നിഷ്ക്രിയമായത് പോലെയായി.

പക്ഷേ മനസ്സ് അടച്ച് പൂട്ടാനൊക്കില്ലല്ലോ, അതെപ്പോഴും പ്രവർത്തനക്ഷമമാണ്. അത് കൊണ്ട് തന്നെ  കടന്ന് പോയ എത്രയോ സന്ധ്യകളെ ഓർമ്മകൾ  ഈ നേരത്ത് ആവാഹിച്ച് വന്ന് കൊണ്ടേ ഇരിക്കുന്നു.

 ചേക്കേറുന്ന പക്ഷികളുടെ  ആരവങ്ങൾക്കിടയിലൂടെ  ഉമ്മായുടെ വിളി  ഒഴുകി വരുന്നുണ്ടല്ലോ “ഷരീഫേ...കളി നിർത്തി വീട്ടിൽ കയറ്, സന്ധ്യയായി, കിതാബെടുത്ത് ഓത് മോനേ.....“ നാല് ചുറ്റും വീടുകളിൽ മങ്ങി മങ്ങി കത്തുന്ന മണ്ണെണ്ണ വിളക്കുകളുടെ അരണ്ട വെളിച്ചം പത്ത് വയസ്സ്കാരനെ കളി നിർത്തി    സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുന്ന  സന്ധ്യ ഇതാ തൊട്ടപ്പുറത്തായിരുന്നു എന്ന് തോന്നുന്നു.

വേലിപ്പഴുതിലൂടെ ചുവന്ന കുപ്പിവളകളിട്ട വെളുത്ത കൈകൾ നീട്ടി ശൂ ശൂ വിളി കേട്ട് ഓടിചെല്ലുന്ന  കൗമാരക്കാരൻ പതിനാറ് വയസ്സുകാരന് കിട്ടിയ പൊതിയിൽ മുല്ലപ്പൂ ആണെന്ന് തുറന്ന് നോക്കാതെ  തന്നെ തിരിച്ചറിയാൻ സാധിക്കുന്ന വിധം  ആ സന്ധ്യയിൽ സുഗന്ധം പരന്നിരുന്നല്ലോ. മാനത്തെ അർദ്ധ ചന്ദ്രനെ  നോക്കി ദാ! നിന്നെ പോലൊരാൾ  എന്ന് പറഞ്ഞപ്പോൾ  ഓയ്! കളിയാക്കാതെ പൊന്നേ! എന്ന് പറഞ്ഞ് ആ നിലാവൊളി ഓടി പോയത് ഇന്നലെ സന്ധ്യക്കല്ലായിരുന്നോ?

എത്രയെത്ര സന്ധ്യകൾ...പടിഞ്ഞാറേ കടലിൽ  അദ്ദേഹം മുങ്ങിക്കുളിക്കാൻ ഇറങ്ങി കഴിഞ്ഞ് മാനത്ത് സിന്ധൂരം വാരി പൂശിയത് സന്ധ്യപ്പെണ്ണ് തന്നെയെന്ന് ആ മണൽ പുറത്ത് തിരകളുടെ ശബ്ദം കേട്ട്  കിടന്ന് തിരിച്ചറിഞ്ഞപ്പോൾ പഴയ ചങ്ങാതിമാരെ കണ്ട് മുട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ച സന്ധ്യയും ഇന്നലെയായിരുന്നു എന്ന് തോന്നുന്നു.

എല്ലാവരും  എവിടെയെല്ലാമോ പോയി, അവരവരുടെ ജീവിത പന്ഥാവിൽ ചുറ്റി തിരിയുന്നു, ഞാനിവിടെ ഈ ചാര് കസേരയിൽ ഓർമ്മകളെ തഴുകി  നിമിഷങ്ങൾ  കടത്തി വിടുന്നു. ചിലരെല്ലാം എന്നെന്നേക്കുമായി പോയി, മറ്റുള്ളവർ എന്നെ ഓർമ്മിക്കുന്നുണ്ടോ ആവോ?

ഓർമ്മകളേ! എന്തിനാണ് ഈ വർഷകാല സന്ധ്യയിൽ നിങ്ങൾ എന്റെ മനസ്സിലേക്ക് ഓടി വരുന്നതും എന്നെ തരളിതനാക്കുന്നതും


Sunday, May 16, 2021

ഞാൻ കഴിഞ്ഞ് ബാക്കി ഉള്ളവർ...

 ഭാര്യയുടെ രോഗ സംബന്ധമായി  സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ഞാൻ. സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പൊയിരുന്നു; കൂടുതൽ വിദഗ്ദമായ ചികിൽസക്ക് അവർ സ്ഥലത്തെ പ്രധാന സ്വകാര്യ ആശുപത്രിയിൽ പോകാൻ അവർ ശുപാർശ ചെയ്തതിനാലാണ് ഇവിടെയെത്തിയത്.

കൂടുതൽ നിരീക്ഷണത്തിന് രോഗിയെ  അഡ്മിറ്റ് ചെയ്തതിന് ശേഷം പതിവ് ചടങ്ങുകളിലേക്ക് അവർ നീങ്ങി. രക്തം മൂത്രം തുടങ്ങിയവയുടെ പരിശോധനക്കായി  അവരുടെ വക ലാബിലേക്ക് കുറിപ്പ് തന്നു. ഈ വക കാര്യങ്ങൾ കഴിഞ്ഞ ദിവസം ചെയ്ത  റിസൽറ്റ് കൈവശമുള്ളത് കാണിച്ചെങ്കിലും അവ്ർക്കത് പോരാ, അവരുടെ ലാബിൽ  നിന്നുള്ളത് തന്നെ വേണം. കാര്യം ശരിയാണല്ലോ, അവർ ജീവനക്കാർക്ക് ശമ്പളം കൊടുത്തും  ഉപകരണങ്ങൾ വാങ്ങി വെച്ച് കടയും തുറന്നിരിക്കുന്നത് വേറെ എവിടെ നിന്നെങ്കിലും കൊണ്ട് വരുന്ന പരിശോധനാ  ഫലം കണ്ട് ചികിൽസിക്കാനല്ലല്ലോ.

 തുടർ ചികിൽസ തീരുമാനിക്കുന്നത് ലാബ് റിസൽറ്റ് വന്നതിന്  ശേഷമേ ഉള്ളൂ എന്ന്  തിരിച്ചറിഞ്ഞതിനാൽ  ഞാൻ ആശുപത്രി വരാന്തയിൽ തെക്ക് വടക്ക് നടക്കാൻ തുടങ്ങി. കോവിഡ് രോഗ പകർച്ച ഭീതിയാൽ മുഖം രണ്ട് മാസ്കിനാൽ  കെട്ടി അടച്ചും കടന്ന് പോകുന്നവരെ കടത്തനാടൻ  മുറയാൽ ഒഴിഞ്ഞ് മാറിയും അങ്ങിനെ ലാത്തുമ്പോൾ ഒഴിഞ്ഞ് കിടക്കുന്ന ഒരു കസേര എന്റെ ദൃഷ്ടിയിൽ പെട്ടു.മൂന്ന് കസേരകളുടെ ഗ്രൂപ്പിൽ രണ്ടെണ്ണം രണ്ട് യുവതികൾ ഇരിപ്പുണ്ട്. അവശേഷിക്കുന്ന ഒരെണ്ണമാണ് ഞാൻ കണ്ടത്. കുറേ നേരമായുള്ള നിൽപ്പും നടപ്പും കാലിലും നടുവിലും വേദന ഉണ്ടാക്കുന്നു. വ്രതമായതിനാൽ അതിയായ ക്ഷീണവും. ആ കസേരയിൽ ഇരിക്കാൻ  ഞാൻ അവിടേക്ക് നടക്കാൻ തുനിഞ്ഞ് മുമ്പോട്ട് പോയി. യുവതികളോട് ഒരു എക്സ്ക്യൂസ് മീ, ഞാൻ ഒന്നിവിടെ ഇരുന്നോട്ടേ എന്ന് ചോദിച്ചിട്ട് ഇരിക്കാമെന്ന് കരുതിയപ്പോൾ ഉള്ളിലെന്തോ ഒരു ആപദ് ശങ്ക! അതെന്താണെന്ന് പിടി കിട്ടാത്തതിനാൽ കസേരയിൽ  ഇരിക്കാതെ പിന്നെയും നടപ്പ് തുടങ്ങി.

അപ്പോഴാണ് ഒരു നഴ്സ് കടന്ന് വന്ന്  ആ യുവതികളിൽ ഒരാൾക്ക് ഒരു കടലാസ് നീട്ടി പറയുന്നു, “ മോളേ! നിനക്ക് പോസറ്റീവ് ആണ്, വീട്ടിൽ പോയി ക്വാറന്റൈനിൽ കഴിഞ്ഞോ...“ എന്ന്. രണ്ടെണ്ണവും അപ്പോഴേക്കും അവിടെന്ന് സ്ഥലം വിട്ടു. ഞാൻ പതുക്കെ ആ നഴ്സിനോട് വിവരം ആരാഞ്ഞു. ഭർത്താവിന് കോവിഡ് പോസറ്റീവ് ആയി വീട്ടിൽ കഴിയുന്നെന്നും ഭാര്യയും പരിശോധിക്കാൻ വന്ന് അവിടെ ലാബിൽ കൊടുത്ത് ഫലം നോക്കി ഇരുന്നതാണെന്നും അവർ പറഞ്ഞു.

ഇതൊരു സാധാരണ സംഭവമാണ്. പക്ഷേ ഇതിൽ ഒരു പ്രസക്തമായ  ചോദ്യം ഉണ്ട്. ഭർത്താവിന് പോസറ്റീവ് ആയ സ്ഥിതിക്ക് ആ യുവതി  ലാബിൽ ടെസ്റ്റ്  ചെയ്യാൻ കൊടുത്തിട്ട് വീട്ടിൽ പോകുന്നതല്ലായിരുന്നോ അതിന്റെ ശരിയായ വഴി. ധാരാളം ആൾക്കാർ വന്നും പോയുമിരുന്ന ആ ആശുപത്രിയിൽ താൻ മുഖേനെ രോഗം മറ്റുള്ളവർക്ക് വരരുതെന്ന് ആ യുവതിക്ക് ചിന്തിച്ച് കൂടായിരുന്നോ? എന്നിട്ടും പൊത് ഇടത്ത് ആ കസേരയിൽ  തന്നെ അവർ ഇരുന്നു. ഞാൻ  ആശുപത്രിയിൽ നിന്നും ഭാര്യയുമായി തിരികെ പോകുന്നത് വരെ ആ കസേര ആരും വന്ന് ശുദ്ധീകരിച്ചില്ലെന്ന് മാത്രമല്ല, അങ്ങിനെ ഒരു സംഭവം അവിടെ ഉണ്ടായി എന്ന് ആശുപത്രി അധികാരികൾ അറിഞ്ഞ മട്ടും കണ്ടില്ല. പലരും അവിടെ വന്നിരിക്കുകയും ചെയ്തു. പരിചയം ഉള്ളവരോട് ഞാൻ കാര്യം പറഞ്ഞ് അവിടെ ഇരിക്കാതെ തടഞ്ഞു. അത്രയല്ലേ എന്നെ കൊണ്ട് കഴിയൂ. ഞാൻ അവിടെ വന്ന കാര്യം ഗൗരവമേറിയതാണ് അത് ശ്രദ്ധിക്കാതെ മറ്റുള്ള പണിക്ക് പോയി എന്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു? 

ഭാര്യയുടെ റിസൽട്ട് വന്നതിനാലും അവർക്ക് വലിയ കുഴപ്പങ്ങൾ ഇല്ലാ എന്നറിഞ്ഞതിനാലും പെട്ടെന്ന് അവരെയും കൊണ്ട് ഞങ്ങൾ തിരികെ പോന്നു.

ഇനി മറ്റൊരു സംഭവം കൂടി കുറിച്ചിട്ട് ഈ കുറിപ്പുകളെന്തിന് എന്ന് കൂടി പറയാം.

ഇന്ന് രാവിലെ എന്റെ ഒരു ആത്മാർത്ഥ സ്നേഹിതൻ..അദ്ദേഹം ഒരു പൊതുപ്രവർത്തകനും കൂടിയാണ്..എന്നോട് പറഞ്ഞ അനുഭവമാണത്.അദ്ദേഹം പൊതുപ്രവർത്തനത്തിന്റെ ഭാഗമായി  കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നതും കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ കഴിയാത്തതുമായ ആൾക്കാർക്ക് ആവശ്യമുള്ള സാധനങ്ങളും മരുന്നുകളും വാങ്ങി വീടുകളിലെത്തിക്കുന്നുണ്ട്.അങ്ങിനെ ഇരിക്കവേ ഒരു പരിചയക്കാരൻ  വിളിച്ച് ചില സാധനങ്ങളുടെ ലിസ്റ്റ്  ഫോണിൽ പറഞ്ഞിട്ട് ഇത് വീട്ടിൽ എത്തിച്ച് തരണേ എന്നാവശ്യപ്പെട്ടു. അദ്ദേഹം ഉടനേ തന്നെ ആ സാധനങ്ങൾ അയാളുടെ വീട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. എന്നിട്ട് വാഹനത്തിൽ ഇന്ധനം നിറക്കാൻ പെട്രോൾ പമ്പിലെത്തിയപ്പോൾ  ദാ! നിൽക്കുന്നു കഥാ പുരുഷൻ പോസറ്റീവ് ആയ  വിദ്വാൻ. സ്നേഹിതനെ കണ്ടപ്പോൾ ഒരു ഹായ് പറഞ്ഞിട്ട് ഇങ്ങിനെ ഉരുവിട്ടു.

 “വണ്ടിയിൽ പെട്രോൽ അടിച്ചിട്ടേക്കാമെന്ന് കരുതി, എന്തെങ്കിലും ആവശ്യം വന്നാലോ? പിന്നേയ്, എന്റെ സാധനം വാങ്ങി വീട്ടിലെത്തിച്ചേക്കണേ“ എന്നും പറഞ്ഞ് വാഹനം സ്റ്റാർട്ടാക്കി സ്ഥലം വിട്ടു.

എന്റെ സ്നേഹിതന്റെ ചോദ്യം ഇവൻ എത്ര പേർക്ക് രോഗം പകർത്തി കാണും, പമ്പിൽ വന്നവർക്ക് പമ്പിലെ ജോലിക്കാർക്ക് അങ്ങിനെ എത്ര പേർക്ക് എത്തിച്ച് കാണും.

ഈ രണ്ട് ഉദാഹരണങ്ങളും ഇവിടെ കുറിച്ചത് ഒരു സത്യം വെളിപ്പെടുത്താനാണ്.തന്റെ രോഗത്താൽ മറ്റുള്ളവർക്ക് എന്ത് സംഭവിക്കും എന്ന് പൊതുജനം ചിന്തിക്കുന്നില്ല. വൈകുന്നേരം മുഖ്യ മന്ത്രി റ്റി.വി.യിൽ കൂടി മുപ്പതിനായിരം നാൽപ്പതിനായിരം എന്ന രോഗ കണക്ക് പറയുമ്പോൾ നമ്മുടെ നെറ്റി ചുളിയുന്നു, ഇതെങ്ങിനെ ഇത്രയും പടരുന്നു എന്ന്.

രോഗം.പടർന്ന് പിടിക്കാൻ കാരണം  സമൂഹം തന്നെ ആണ്.

തന്റെ രോഗം മറ്റുള്ളവർക്ക് ഉപദ്രവമാകരുതെന്ന ചിന്ത മനസ്സിൽ    സ്വയം ഉണ്ടാകാത്തിടത്തോളം കാലം രോഗത്തെ നിയന്ത്രിക്കാൻ കഴിയില്ല. വഴിയിൽ തടയുന്ന പോലീസ്കാരനിൽ നിന്ന് എങ്ങിനെ ഊരി പോകാൻ സാധിക്കും എന്ന ചിന്തക്ക് പകരം അയാളെന്തിന് ഇങ്ങിനെ തടയുന്നു എന്ന ചിന്ത ആദ്യം മനസ്സിൽ ഉണ്ടാകണം. 

പോലീസുകാരുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റങ്ങളെ സംബന്ധിച്ച് ഞാൻ പലപ്പോഴും ഈ പംക്തിയിൽ കുറിപ്പുകൾ ഇട്ടിട്ടുണ്ട്. പക്ഷേ അതി രൂക്ഷമായ രോഗ പകർച്ച കാണുമ്പോൾ  അതിനെ പുല്ല് പോലെ കണക്കാക്കി  സമൂഹം നീങ്ങുന്നത് കാണുമ്പോൾ  ലോക്ക് ഡൗൺ അല്ല, കർഫ്യൂ  തന്നെ ഏർപ്പെടുത്തേണ്ടതല്ലേ എന്ന് തോന്നി പോകുന്നു...