Tuesday, February 26, 2019

ഉഷ്ണ രാശി കരപ്പുറത്തിന്റെ ഇതിഹാസം.

 “ഉഷ്ണ രാശി,  കരപ്പുറത്തിന്റെ ഇതിഹാസം“  വായിച്ച് തീർത്തു. കെ.വി.മോഹൻ കുമാർ രചിച്ച  ഈ നോവൽ  440 പേജിൽ  375 രൂപാ വിലക്ക് ഗ്രീൻ ബുക്ക്സാണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒരു നെടു വീർപ്പോടെ യാണ്  ഈ പുസ്തകം വായിച്ച് തീർത്തത്. കേരളത്തിന്റെ  സാമൂഹ്യ ഘടനെയെ തന്നെ അപ്പാടെ മാറ്റി മറിച്ച  പുന്നപ്ര വയലാർ  സമരത്തിന്റെയും  അതിലേക്ക് നയിച്ച  കയ്പേറിയതും  തീപ്പൊള്ളലേൽക്കുന്നതുമായ  കാരണങ്ങളെയും  ഒരു ദൃക് സാക്ഷി വിവരിക്കുന്നത്    കേൾക്കുമ്പോഴുള്ള  അനുഭൂതിയാണ് പുസ്തകം പ്രദാനം ചെയ്യുന്നത്  എന്ന് മടി കൂടാതെ പറയാൻ സാധിക്കും. പഴയ പോരാളികളെ കണ്ടും സംഭവസ്ഥലങ്ങൾ സന്ദർശിച്ചും  ബന്ധപ്പെട്ട ചരിത്രങ്ങൾ വായിച്ചും വർഷങ്ങൾ എടുത്ത് അദ്ദേഹം പുസ്തകം   തയാറാക്കിയപ്പോൾ ആ രചന അപ്രകാരമാകാതിരിക്കാൻ തരമില്ലല്ലോ.
  പുന്നപ്ര സമരത്തിൽ പങ്കെടുത്തവരും അവരുടെ കുടുംബാംഗങ്ങളുമായും       ഈയുള്ളവനു ബാല്യത്തിൽ ഇടപെടാൻ സാധിച്ചിരുന്നു. കൂടാതെ  ആലപ്പുഴയിൽ കയർ ഫാക്ടറികളിലെതൊഴിലാളികളുമായും  പോർട്ട് വർക്കേഴ്സ് തൊഴിലാളികളുമായി കൗമാരത്തിൽ ഇടപഴകാനും കഴിഞ്ഞിരുന്നു മുതിർന്നപ്പോൾ അവരിൽ നിന്നും കിട്ടിയ  ചരിത്ര സത്യങ്ങൾ ഉൾക്കൊള്ളീച്ച്       കിഴക്കൻ വെനീസായ ആലപ്പുഴ കഥാപാത്രമായി   ഒരു പുസ്തക രചനക്ക് വേണ്ടി  അന്ന് എന്റെ വീട്ടിൽ നിന്നും കേവലം മൈലുകൾ മാത്രമകലമുള്ളതും  പഞ്ചാരകൂന പോലെ  വെളുത്ത മണൽ നിറഞ്ഞതുമായ  പുന്നപ്ര, വലിയ ചുടുകാട്, പരവൂർ  തുടങ്ങിയ സ്ഥലങ്ങൾ   പലപ്പോഴും സന്ദർശിച്ച്  കുറിപ്പുകൾ എടുക്കുകയും ചെയ്തിരുന്നു പക്ഷേ ആ രചന  എന്ത് കൊണ്ടോ പൂർത്തിയാക്കാതെ ഇന്നുമെന്റെ പഴയ ഫയലുകളിൽ അവശേഷിക്കുന്നു.
അന്നത്തെ പോരാളികളുടെ പിൽക്കാല ജീവിതം ആയാസരഹിതമായിരുന്നില്ല. പലരും പഴയ ജോലികൾക്ക് വീണ്ടും പോയി. സർക്കാരിൽ നിന്നും പലർക്കും കൊട്ടാരക്കര താലൂക്കിൽ ഭൂമി പതിച്ച് കിട്ടിയെങ്കിലും  മണലിൽ തൂമ്പാ കിളച്ച് പരിചയിച്ച ആ പാവങ്ങൾക്ക് വേങൂർ മലയിൽ കട്ടി തറ കിളക്കാനാവാതെ കിട്ടിയ വിലക്ക് ഭൂമി നാട്ടുകാർക്ക് നൽകി വീണ്ടും ആലപ്പുഴക്ക് ചേക്കേറി. ചിലർക്ക് പെൻഷൻ ലഭിച്ചു. പുസ്തകം വായിച്ച് കൊണ്ടിരുന്നപ്പോൾ ഇതെല്ലാം മനസിലേക്ക് കടന്ന് വന്നു.
 ഈ പുസ്തകത്തിലൂടെ കടന്ന് പോകുന്ന വായനക്കാരന് അന്ന് തൊഴിലാളികൾ അനുഭവിച്ച  ദുരിതങ്ങളും യാതനകളും പോലീസും ജന്മിഗുണ്ടകളും ചേർന്ന് നടത്തിയ കൊടും ക്രൂരതകളും തിരിച്ചറിയാൻ സാധിക്കും.ആ തലമുറയോട് ആദരവും ബഹുമാനവും തോന്നും. ആ യാതനകളിൽ നിന്നും ഉയിർകൊണ്ടതാണ് ഇന്നത്തെ പ്രസ്ഥാനമെന്നും മനസിലാക്കാൻ കഴിയും . പക്ഷേ..........
 നന്നെ  ചെറുപ്പത്തിൽ എന്റെ മാമായുടെ (അമ്മാവന്റെ)  സൈക്കിളിന് പുറകിൽ ഇരുന്ന് ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപമുള്ള ബന്ധു വീട്ടിൽ  പോയി വരുമ്പോൾ  ഒരു കട വരാന്തയിൽ ഇരിക്കുന്ന,  മുഖം കരുവാളിച്ച  ഒരു മനുഷ്യനെ കണ്ട് മാമാ സൈക്കിളിൽ നിന്നുമിറങ്ങി.  അടുത്ത് ചെന്ന് കുശലം പറഞ്ഞ് മടങ്ങിയ   മാമാ എന്നോട് പറഞ്ഞു “ മോനേ!  അതാണ് കുന്തക്കാരൻ പത്രോസ് “. അന്ന് അയാൾ ആരെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട്  ഞാനറിഞ്ഞു, പുന്നപ്ര സമരത്തിന് ഡിക്ടേടറായി  നിശ്ചയിക്കപ്പെട്ട് ആളിക്കത്തുന്ന അഗ്നിയായി ആലപ്പുഴയിൽ നിറഞ്ഞ് നിന്ന, പിടി കൂടി കെട്ടി വരിഞ്ഞ് തന്റെ മുമ്പിൽ കൊണ്ട് വരണമെന്ന് സർ സി.പി.  ഉത്തരവിട്ടതിനെ തുടർന്ന് ശവക്കോട്ട പാലം മുതൽ തുമ്പോളി വരെ  വീടുകൾ പരിശോധിക്കുമ്പോൾ പോലീസിന്റെ കണ്ണുകളെ അതി വിദഗ്ദമായി വെട്ടിച്ച് രക്ഷപ്പെട്ട , ലക്ഷങ്ങൾ തലക്ക് വില ഉണ്ടായിരുന്ന ആ കെ.വി. പത്രോസിനെയാണ് ഞാൻ അന്ന് കണ്ടത് എന്ന്. അന്ന് അദ്ദേഹത്തെ ആറാട്ടു വഴി സെല്ലിലെ  സാധാരണ അംഗമായി തരം താഴ്ത്തിയിരുന്നു. എല്ലാ നേതാക്കളെയും മറമാടിയിരുന്ന  വലിയ ചുടുകാടിൽ സഖാക്കളുടെ അയലത്തൊന്നും തന്നെ  മറമാടി അവർക്ക് താനൊരു ശല്യമാകരുതെന്ന് പറഞ്ഞ് വെച്ച പത്രോസ്. ആണി രോഗം ബാധിച്ച കാലുമായി     സൈക്കിളിന് പുറകിൽ കയറ്റ് പായ കെട്ടി വെച്ച് വിൽപ്പന നടത്തി അവസാന കാലം  ഉപജീവനമാർഗം കണ്ടെത്തി.
പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ  പണ്ട് കേട്ടതും അറിഞ്ഞതും മനസിലാക്കിയതുമായ സംഭവങ്ങൾ   എന്റെ മനസിലൂടെ  ചലചിത്രം പോലെ വീണ്ടും വീണ്ടും കടന്ന് പോയപ്പോൾ  അതെല്ലാമൊന്ന് കുത്തിക്കുറിക്കാൻ തോന്നി.

Saturday, February 23, 2019

ഉദയാസ്റ്റുഡിയോയും സിനിമകളും.

“സിനിമാ നടൻ സത്യൻ പുലിയുമായി  മൽപ്പിടുത്തം നടത്തുന്നു. ഈ കാഴ്ച കാണാൻ ഏവരെയും പാതിരാപ്പള്ളീ  ഉദയാ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുന്നു.“
ഞങ്ങളുടെ  സ്കൂൾ പരിസരത്തും ആലപ്പുഴ പ്രധാന കവലകളിലും  ഈ പരസ്യം ഒരു ദിവസം കണ്ടപ്പോൾ  സത്യനെ കാണാനുള്ള ആഗ്രഹത്താലും  എന്താണ് സംഭവം എന്നുള്ള ആകാംക്ഷയാലും  ഞങ്ങൾ കുട്ടികൾ ആലപ്പുഴയുടെ വടക്ക് വശം  പാതിരാപ്പള്ളീ  ഉദയാ സ്റ്റുഡിയോയിലേക്ക്  പാഞ്ഞു. അവിടെ ജനം തടിച്ച് കൂടിയിട്ടുണ്ട്. വലിയ ഒരു കുഴിയുടെ നാല് ചുറ്റും ജനങ്ങളെ  അണി അണിയായി ഇരുത്തിയിട്ടുണ്ട്. ഞങ്ങൾ കുട്ടികളെ  വെളിയിലേക്ക് ആട്ടിപ്പായിച്ചു. അന്വേഷണത്തിൽ  “പാലാട്ട് കോമൻ “ എന്ന ഉദയാ ചിത്രത്തിൽ  കോമനായി  വേഷമിടുന്ന സത്യൻ നാല് ചുറ്റുമുള്ള  കാണികളുടെ മുമ്പിൽ  പുലിയെ നേരിടുന്ന ഒരു രംഗമുണ്ട്, അതിൽ  എക്സ്ട്രാ നടന്മാരുടെ  ചെലവ് കുറക്കാനും എന്നാൽ രംഗത്തിന് കൊഴുപ്പ് കുറയാത്ത വിധം രംഗം സജ്ജീകരിക്കാനുമുള്ള കുഞ്ചാക്കോ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് കവലകൾ തോറുമുള്ള പരസ്യമെന്നറിഞ്ഞു. ക്യാമറയുടെ അടുത്ത സീനിൽ സത്യനെ വെച്ചും ദൂരെയുളള സീനിൽ പുലിയുമായി മൽപ്പിടിക്കുന്നത് പുലിയുടെ പരിശീലകനായ  തമിഴനെയും വെച്ച്  ഷൂട്ട് ചെയ്തെന്ന് പിന്നീട് പലരിൽ നിന്നും അറിയാൻ കഴിഞ്ഞു.
അതാണ് കുഞ്ചാക്കോ എഫക്ട്. ചെറിയ ചെലവിൽ  വലിയ സിനിമാ എടുക്കുക. പല ചിതങ്ങളും എടുത്ത് പൊട്ടി നിന്നപ്പോൾ  “ഉമ്മാ“ എന്ന പടം 1960 മാർച്ചിൽ  എടുത്തത് വൻ വിജയമായി. മുസ്ലിം കഥകൾ  അന്ന്  അപൂർവമായിരുന്ന മലയാളം സിനിമാ രംഗത്ത് “ഉമ്മാ“ യും ബാബു രാജിന്റെ സംഗീത സംവിധാനത്തിലുള്ള  പാട്ടുകളും  വൻ ഹിറ്റായി. പടം 100 ദിവസം വരെ ഓടി. നിർമ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയും അദ്ദേഹത്തിന്റെ ഉദയാ സ്റ്റുഡിയോയും  അതോടെ കേരളത്തിൽ പ്രസിദ്ധി വാരിക്കൂട്ടി. പിന്നെ ഉദയായും കുഞ്ചാക്കോയും  തിരിഞ്ഞ് നോക്കേണ്ടി വന്നില്ല, തൊട്ടതെല്ലാം പൊന്നായി, അപൂർവം ചില ചിത്രങ്ങ്ൾ ഒഴികെ ബാക്കി   എല്ലാ പടത്തിന്റെയും സംവിധായകൻ കുഞ്ചാക്കോ തന്നെ ആയിരുന്നു. ഉമ്മക്ക് ശേഷം 6 മാസം കഴിഞ്ഞ് റിലീസ് ചെയ്ത പടം “സീത“ യും വൻ ഹിറ്റായി. ദക്ഷിണാ മൂർത്തി സ്വാമി സംഗീത സംവിധാനം നി ർവഹിച്ച സുശീല പാടിയ  താരാട്ട് പാട്ട് “ പാട്ടു പാടി ഉറക്കാം ഞാൻ “  ഇന്നും കേരളത്തിൽ അങ്ങോളമിങ്ങോളം  അമ്മമാർക്ക്  ഗൃഹാതുരത്വം തന്നെയാണ് . അടുത്ത പടം 1960ൽ തന്നെ ഡിസംബറിൽ  റിലീസ് ചെയ്ത  “നീലി സാലി“ ആയിരുന്നു.  മലയാളത്തിലെ അദ്യത്തെ മുഴു നീള തമാശ സിനിമ, നായകൻ ബഹദൂറും. രാഘവൻ മാഷിന്റെ  സംഗീത സംവിധാനത്തിലെ നയാപൈസയില്ല  കയ്യിലൊരു നയാപൈസയില്ല ഇന്നും പുതിയൊരു വേർഷനിൽ  ആധുനിക ഉപകരണങ്ങളുടെ സംഗീതത്തിൽ മറ്റൊരു ഗായകന്റെ ശബ്ദത്തിൽ  നമുക്ക് കേൾക്കാം. ആ സിനിമയിലെ മറ്റൊരു പാട്ട്“നീയല്ലാതാരുണ്ടെന്നുടെ പ്രണയ പുഴയിൽ ചിറകെട്ടാൻ......ഞാൻ വളർത്തിയ ഖൾബിലെ മോഹം  പോത്ത് പോലെ വളർന്നല്ലോ“ മലയാളികളെ ഇപ്പോഴും കുടു കുടെ ചിരിപ്പിക്കുന്നു.  ഉദയായുടെ അടുത്ത പടം  1961 ആഗസ്റ്റ് റിലീസ്  “ഉണ്ണിയാർച്ച“ രാഘവൻ മാഷിന്റെ സംഗീതത്തിൽ പിറന്ന, “അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്നത് ഞാനറിഞ്ഞു“ എന്ന ഈണം  അന്നത്തെ തലമുറയെയും എന്നത്തെ തലമുറയെയും  വികാരം കൊള്ളിക്കുന്നല്ലോ! പിന്നീട്  പാലാട്ട് കോമൻ, അനാർക്കലി,  തിലോത്തമ, കാട്ട് മങ്ക, ഇണപ്രാവുകൾ, മൈനത്തരുവി.... തുരു തുരാ പടങ്ങൾ.  അതിൽ “ഭാര്യ“ യാണ് സർവ കാല റിക്കോർഡ് ഭേദിച്ച  ചിത്രം. വയലാറും ദേവരാജ് മാഷും ഒന്നിച്ച  പെറിയാറേ പെരിയാറേ പർവത നിരയുടെ പനി നീരേ തുടങ്ങിയ ഗാനങ്ങൾ  ആർക്ക് മറക്കാനാകും.
കുഞ്ചാക്കോ അന്തരിച്ചതിന് ശേഷം  പല ചിത്രങ്ങളും ഉദയാ സ്റ്റുഡിയോയിൽ എക്സൽ പ്രൊഡക്ഷനിൽ ഇറങ്ങിയെങ്കിലും ആ പഴയ കുഞ്ചാക്കോ ചിത്രങ്ങളുടെ ലാഘവത്വം  എടുത്ത് പറയാൻ സാധിക്കില്ല.
കാലം ചെന്നപ്പോൾ  ഉദയാ സ്റ്റുഡിയോക്കും  അന്ത്യമായി, ആ ചരിത്രത്തിലേക്ക് കടക്കുന്നില്ല. ഉദയായുടെ  ഒരു തലമുറ ഇന്നും സിനിമയിൽ കത്തി നിൽക്കുന്നു,ബോബൻ കുഞ്ചാക്കോ.
 എല്ലാവരുടെയും ശ്രദ്ധാ പാത്രമായ ഉദയാ സ്റ്റുഡിയോയുടെ  സമീപത്ത് കൂടി കടന്ന് പോയപ്പോൾ  ഇന്നത്തെ തലമുറക്ക് അജ്ഞാതമായ ഉദയാ സ്റ്റുഡിയോയുടെ ചരിത്രം ഓർത്ത് പോയി.

Sunday, February 17, 2019

കുഞ്ഞ് ഇംക്വിബേറ്ററിൽ

സ്വകാര്യ ആശുപത്രി പ്രസവങ്ങളിൽ  90 ശതമാനം  കുഞ്ഞുങ്ങളെയും  ഇങ്ക്വിബേറ്ററിൽ  രണ്ട് മൂന്ന് ദിവസം  പാർപ്പിക്കണമെന്നത് അലിഖിത നിയമമായി  മാറിയിരിക്കുന്നു. അതിനവർ പല കാരണങ്ങളും ഉന്നയിക്കും. തൂക്കക്കുറവ്,  ഇനിയും പ്രസവ തീയതി ബാക്കി നിൽക്കുന്നു, ശ്വാസം മുട്ട് അങ്ങിനെ പലതും അവർ കാരണമായെടുത്ത് കാട്ടും. അതിൽ സത്യസന്ധമായ  കാരണങ്ങൾ  വളരെ കുറവായിരിക്കാം. ഇങ്ങിനെ  ചെയ്യുന്നത്  കൊണ്ട്  ശിശുമരണ നിരക്ക്  കുറവാണ് എന്നൊക്കെ എംഡൻ ന്യായീകരണവുമായി  അവർ  നമ്മളെ തോൽപ്പിക്കും.  ആ കുഞ്ഞ് മാതാവിന്റെ  ചൂടും പറ്റി  മുലപ്പാലും കുടിച്ച് കഴിഞ്ഞാൽ  എന്താണ് അതിന് കിട്ടുന്ന പ്രയോജനമെന്ന്  ശിശു രോഗ വിദഗ്ദർക്ക്  തന്നെ അറിയാം. ചില ആശുപതികളിൽ സമയാം സമയം കുഞ്ഞിനെ കൊണ്ട് വന്ന് അമ്മയുടെ മുല കുടിപ്പിച്ച് തിരിച്ച് കൊണ്ട് പോയി പഴയ  സ്ഥാനത്ത് വെക്കും.  ചിലർ കുഞ്ഞിന് ലാക്ടോജൻ  കലക്കി കൊടുക്കും. എങ്കിലും അമ്മയുടെ  ശരീരത്തിന്റെ  ചൂടിന്റെ ഗുണം ഇതിനൊന്നിനും സമമാവില്ല. എന്നാൽ സർക്കാർ വിലാസം  ആതുരാലയങ്ങളിൽ ഈ പ്രവണത ഒഴിച്ച് കൂട്ടാനാവാത്ത അവസ്ഥ സംജാതമാകുമ്പോൾ മാത്രമാണ്  പ്രയോഗിക്കുന്നത്. അവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്  പലപ്പോഴും കുഴപ്പങ്ങളൊന്നും ഉണ്ടാകാറുമില്ല, അവഗണന  ഇല്ലെങ്കിൽ മാത്രം.

ആധുനിക ശാസ്ത്ര കണ്ട് പിടുത്തത്തിന്റെ ഉപയോഗം മോഡേൺ മെഡിസിൻ കച്ചവട മനസ്ഥിതിയോടെ പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന  ദുരന്തം ചെറുതൊന്നുമല്ല.

Wednesday, February 6, 2019

പട്ടാണി ഇക്കായുടെ സുന്നത്ത്


ഈ അനുഭവ കഥ ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ അപമാനിക്കാനോ അപഹസിക്കാനോ എഴുതിയതല്ല.  ബാല്യകാലത്ത് നടന്നതും ഓർമ്മയിൽ ഇന്നും പൊട്ടിച്ചിരി ഉയർത്തും വിധം  പച്ച പിടിച്ച് നിൽക്കുന്നതും  അത് കൊണ്ട് തന്നെ ഒന്ന് രണ്ട് തവണ പോസ്റ്റ് ചെയ്തതുമായ  ഈ വരികൾ കഴിഞ്ഞ ദിവസം വന്ന ഒരു ബാല്യകാല സുഹൃത്തിന്റെ  ഫോൺ വിളിയെ തുടർന്ന് അന്ന് വായിക്കാത്തവർക്കായി ഒന്ന് കൂടി പ്രസിദ്ധീകരിക്കുന്നു.

 “പട്ടാണി ഇക്കായുടെ സുന്നത്ത്.“

വളരെ വർഷങ്ങൾക്കു മുമ്പു നടന്നു സംഭവം. സ്ഥലം ആലപ്പുഴയിലെ.
വട്ടപ്പള്ളി  പ്രദേശം .വട്ടപ്പള്ളി നിവാസികൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും യാഥാസ്തിക മുസ്ലിംകളാണു. പ്രത്യേക സംസ്കാരവും രീതികളും നഗരത്തിലെ ഇതര ഭാഗങ്ങളിൽ നിന്നും അവരെ വ്യത്യസ്തരാക്കി
കഥ നടക്കുമ്പോൾ എനിക്കു 11 വയസ്സ്‌ പ്രായം. സ്കൂൾ സമയം കഴിഞ്ഞാൽ പിന്നീടു ഞങ്ങളുടെ പരിപാടി പന്തു കളിയാണു.
ആ കാലഘട്ടത്തിൽ വട്ടപ്പള്ളിയിൽ പൂഴിമണൽ നിറഞ്ഞ വെളിപ്രദേശങ്ങൾ ധാരാളമായി ഉണ്ടായിരുന്നു.. അവിടെയാണു ഞങ്ങൾ പന്തു കളിച്ചിരുന്നതു. മുള വാരിയും ഓലയും ഉപയോഗിച്ചുള്ള വേലികൾ കൊണ്ടു പറമ്പുകൾ തിരിച്ചിരുന്നു. ഈ വേലികളിൽ മുകൾ ഭാഗം ഓല കൊണ്ടു മറക്കും, അടി ഭാഗം മറക്കാറില്ല.
അന്നു വാശിയേറിയ കളി നടന്നു കൊണ്ടിരിക്കുകയായിരുന്നു. അബ്ദുൽഖാദർ അടിച്ച പന്തു ഞങ്ങളുടെ തലക്കു മീതെ ചീറിപ്പാഞ്ഞു ദൂരയുള്ള പറമ്പിലെ വേലി മൂലയിലേക്കു ഉരുണ്ടു. ഞാനും കൂട്ടുകാരൻ ഷുക്കൂറും പന്തിന്റെ പുറകേ പാഞ്ഞു വേലി മൂലയിലെത്തി. ഷുക്കൂറാണു മുമ്പിൽ. ഈ വേലിയുടെ അടിഭാഗവും ഓലകൊണ്ടു മറച്ചിട്ടില്ല. വേലിക്കപ്പുറം മൂലയിൽ ആരോ ഇരുന്നു മൂത്രം ഒഴിക്കുന്നു. മൂത്രം ഒഴിപ്പ്  പൂർണമാകാതിരുന്നതിനാലാവാം  ഷുക്കൂർ പന്തിനു നേരെ ഓടി വന്നപ്പോൾ പെട്ടെന്നു അയാൾക്കു എഴുന്നേറ്റു മാറാൻ കഴിയാതെ വന്നതു. മൂത്രം ഒഴിപ്പു ഒരുവിധം പൂർണ്ണമായപ്പോൾ അയാൾ ചാടി എഴുന്നേറ്റു. പക്ഷേ അതിനു മുമ്പു തന്നെ ഷുക്കൂർ കാണാൻ പാടില്ലാത്തതെല്ലാം കണ്ടു കഴിഞ്ഞിരുന്നു.
അവൻ അലറി നിലവിളിച്ചു.
" ഹെന്റള്ളോ‍ാ പട്ടാണി ഇക്കായെ മാർക്കം ചെയ്തിട്ടില്ലേ....യ്‌"
എവിടെ നിന്നോ വട്ടപ്പള്ളിയിൽ വന്നു താമസിക്കുന്ന പഠാണി സമുദായത്തിൽ പെട്ട സുലൈമാൻ ഖാൻ ആയിരുന്നു ആ മനുഷ്യൻ.
ഞങ്ങൾ കുട്ടികൾ പ്രായത്തിനു മൂത്ത പുരുഷന്മാരെ പേരിനോടൊപ്പം "ഇക്കാ" ചേർത്തു വിളിക്കും.പോലീസുകാരനെ പോലീസിക്കാ, കപ്പലണ്ടിക്കാരനെ കപ്പലണ്ടി ഇക്കാ എന്നിങ്ങനെ. സുലൈമാൻ ഖാനെ പട്ടാണി ഇക്കാ എന്നാണു ഞങ്ങൾ വിളിച്ചിരുന്നതു.
പട്ടാണി ഇക്കാ ഞങ്ങളെ നോക്കി അമർത്തിയ സ്വരത്തിൽ പറഞ്ഞു.
"മിണ്ടല്ലേടാ പന്നീ മിണ്ടാതിരുന്നാൽ, പത്തിരീം ഇറച്ചീ ബാങ്ങിത്തരാം."
ഷുക്കൂർ അതു ചെവിക്കൊണ്ടില്ല. അവൻ അമ്പരപ്പിലും ആവേശത്തിലുമായിരുന്നു. ഇത്രേം പ്രായമായിട്ടും അറ്റം കളയാതെ നടക്കുന്നോ ഹമുക്ക്‌. അവൻ പിന്നെയും കൂവിയാർത്തു.
"പട്ടാണി ഇക്കായെ കണ്ടിച്ചിട്ടില്ലേ"
ഷുക്കൂറിന്റെ കൂവലും നിലവിളിയും കേട്ടു കളിച്ചു കൊണ്ടിരുന്നവരും കാഴ്ച്ചക്കാരും രംഗത്തെത്തി. അപ്പോഴേക്കുംപട്ടാണി ഇക്കാ സ്ഥലം വിട്ടിരുന്നു.
" എന്താടാ കാര്യം"? അവ്വക്കരിക്കാ ചോദിച്ചു. ടിയാൻ പള്ളി മഹൽ ഭാരവാഹിയാണു.
"പട്ടാണി ഇക്കായുടെ ചുക്കിരി ഞാൻ കണ്ടു. അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ പറഞ്ഞു. അവന്റെ മുഖത്തെ അതിശയം ഇനിയും മാഞ്ഞിരുന്നില്ല.
" സത്യം പറയെടാ ബലാലേ, നീ അത് കണ്ടോ" അവ്വക്കരിക്കാ വിരട്ടി.
"അള്ളാണെ, മുത്തുനബിയാണെ,  സത്യം , പട്ടാണി ഇക്കാ മുള്ളുന്നതു ഞാൻ നോക്കി, ഇക്കാടെ സംഗതി ഞാൻ കണ്ടു.അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ ആണയിട്ടു പറഞ്ഞു.
നിമിഷത്തിനുള്ളിൽ വട്ടപ്പള്ളിയിൽ വാർത്ത പരന്നു.പട്ടാണിക്കു സുന്നത്തു നടത്തിയിട്ടില്ല.
പട്ടാണി ഇക്കാക്കു നാൽപ്പതു വയസ്സു പ്രായം കാണും.
" അതാണു ഹമുക്കു പെണ്ണു കെട്ടാത്തതു" ഹമീദു മൂപ്പൻ പറഞ്ഞു. അവിടെ കൂടി നിന്നവർക്കും ഗുട്ടൻസ്സ്‌ പിടികിട്ടി.
സുലൈമാൻ ഖാൻ വിവാഹം കഴിക്കാത്തതു ചേലാ കർമ്മം നടാത്തതിനാലായിരുന്നു. കല്യാണം കഴിച്ചിരുന്നെങ്കിൽ ആദ്യ രാത്രിയിൽ തന്നെ പെണ്ണു വിളിച്ചു കൂവില്ലേ, പുതിയാപ്ലയുടെ സംഗതി നടന്നിട്ടില്ലെന്നു.
വാർത്ത മഹല്ലിലെത്തി. മഹല്ലു ഭാരവാഹികൾ സുലൈമാന്റെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കി.
" ഭായി ചെറുപ്പത്തിലേ നാടു വിട്ടിരുന്നു;ഒരുപാടു നാളു കഴിഞ്ഞാണു തിരികെ വന്നതു. "സഹോദരി പറഞ്ഞു.
അപ്പോൾ അതാണു കാര്യം. സുന്നത്തു നടത്തേണ്ട പ്രായത്തിൽ സുലൈമാൻ നാടു വിട്ടിരുന്നു. പിന്നീടു തിരികെ വന്നപ്പോൾ പ്രായം ഏറെ കഴിയുകയും ചെയ്തിരുന്നു.
എന്തായാലും മഹല്ലു ഭാരവാഹികൾ സുലൈമാനെ കസ്റ്റഡിയിലെടുത്തു.
അന്നു ആശുപത്രിയിൽ ചേലാ കർമ്മം നടത്തികൊടുക്കാറില്ല.ഒസ്സാൻ മെയ്തീൻ കുഞ്ഞിനെ സുലൈമാന്റെ സുന്നത്തു നടത്താൻ മഹല്ലു ഭാരവാഹികൾ ചുമതലപ്പെടുത്തി.
" എന്തിന്റെ പുറത്തു വെച്ചു പടച്ചോനേ! ഈ മൂത്ത തൊലി വെട്ടും;പുളി മുട്ടു തന്നെ വേണ്ടി വരും." മൈതീൻ കുഞ്ഞു പിറുപിറുത്തു..
പിന്നെന്തു നടന്നെന്നോ, സുന്നത്തു എങ്ങിനെ നടത്തിയെന്നോ എനിക്കറിയില്ലാ.പട്ടാണി ഇക്കായെ രണ്ടാഴ്ച്ച ഞങ്ങൾ കണ്ടില്ല. അതു കഴിഞ്ഞു കാലുകൾ അൽപ്പം അകത്തിവെച്ചു റോഡിലൂടെ ടിയാൻ നടക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു കാര്യം പിടികിട്ടി.
സംഗതി നടന്നു കഴിഞ്ഞിരിക്കുന്നു.
മറ്റൊന്നു കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു. ഈ സംഭവത്തിനു ശേഷം ആറു മാസം കഴിഞ്ഞു പട്ടാണി ഇക്കായുടെ നിക്കാഹു നടന്നു. ഞങ്ങൾ കുട്ടികൾക്കു ആദ്യ സഫിൽ തന്നെ ബിരിയാണിയും കിട്ടി.

വട്ടപ്പള്ളിയിൽ അന്നുണ്ടായിരുന്ന പ്രായമായവരെല്ലാം ഇന്നില്ല. അന്ന് കുഞ്ഞുങ്ങളായിരുന്ന ഇന്നത്തെ പ്രായമുള്ളവരിൽ അവശേഷിക്കുന്നവരുടെ  ഓർമ്മയിൽ ഒരു പക്ഷേ ഈ കഥ ഇപ്പോഴും മായാതെ ഉണ്ടാകുമായിരിക്കാം. കാലം കടന്ന് പോയപ്പോൾ വട്ടപ്പള്ളിയിൽ പല മാറ്റങ്ങൾ ഉണ്ടായി വേലിക്കെട്ടുകൾ പോയി പകരം മതിലുകൾ വന്നു. കൂരകൾ കാണാനേ ഇല്ല. കോൺക്രീറ്റ് സൗധങ്ങൾ അതും പലതും ഇരു നിലകൾ. അന്നത്തെ മൈതാനവും കാലത്തിന്റെ കുത്തൊഴുക്കിൽ  അപ്രക്ത്യക്ഷമായി. അന്നുണ്ടായിരുന്ന എന്നെ പോലുള്ളവർ പലരും പലയിടങ്ങളിലായി ചിതറി പോയി. എങ്കിലും ഇന്നും വട്ടപ്പള്ളിയെ സ്നേഹിക്കുന്ന  അവിടം വിട്ട് പോയ പലരുടെയും മനസ്സിൽ ഇന്നും വട്ടപ്പള്ളിയും സക്കര്യാ ബസാറും പച്ച പിടിച്ച് നിൽക്കുന്നു.

ഷരീഫ് കൊട്ടാരക്കര,
മൊബൈൽ: 9744345476

Monday, February 4, 2019

നഗ്നതാ പ്രദർശനം

കത്തി  പഴം മുറിക്കാനുപയോഗിക്കുമ്പോൾ  അത് ഉപകാരപ്പെടുന്ന ഉപകരണമായും  കഴുത്ത് മുറിക്കാനുപയോഗിക്കുമ്പോൾ  വിനാശ കാരണമായ  ഉപകരണവുമായി മാറ്റപ്പെടുന്നു. മൊബൈലിൽ  പരസ്പരം കണ്ട് സംസാരിക്കാനുപകരിക്കുന്ന  വെബ് ക്യാമറാ അപ്രകാരമൊരു ഉപകരണമായി മാറ്റപ്പെടുന്നതായി  ഈ അടുത്ത ദിവസങ്ങളിൽ ഇടപെടേണ്ടി വന്ന  ചില കേസുകൾ  വ്യക്തമാക്കുന്നു. ഒരെണ്ണം മാത്രമായിരുന്നെങ്കിൽ  അത് അവഗണിച്ച് നിശ്ശബ്ദത പാലിക്കാമായിരുന്നു. ഇപ്പോൾ ആ ഇനം മൂന്നെണ്ണമായിരിക്കുന്നു. എന്റെ അടുത്ത സുഹൃത്ത്  ഗൾഫിൽ ജോലി ചെയ്യുന്ന  തന്റെ  ബന്ധുവിന്റെ  വിവാഹ മോചനവുമായി ബന്ധപ്പെട്ട്  ബന്ധുവിന്റെ ഭാര്യയുടെ  രഹസ്യ കാമുകനുമായുള്ള ചാറ്റിംഗും  തുടർന്നുള്ള ചിത്രങ്ങളും (വെബ് ക്യാമറയിലൂടെ കാമുകൻ എടുത്തത്) എന്നെ കാണിച്ചപ്പോൾ  ഞാൻ ഓർമ്മിച്ചു, ഈ ഇനം  ഇപ്പോൾ മൂന്നെണ്ണമായി. സ്ത്രീകളിൽ  ഈ രോഗം ഇപ്പോൾ പകർന്ന് പിടിക്കുകയാണോ? ഹോട്ടൽ ബാത്ത് റൂം പോലുള്ളതിൽ  രഹസ്യക്യാമറാ  കുബുദ്ധികൾ സ്ഥാപിച്ചതിനെതിരെ ശക്തമായ നിയമ നടപടികൾക്ക്  ശബ്ദമുയർത്തുന്നവരാണ് ഇന്നത്തെ സ്ത്രീ തലമുറ. അത് കൊണ്ട് തന്നെ ആ വക കുറ്റകൃത്യങ്ങൾ ഏറെ കുറഞ്ഞിട്ടുമുണ്ട്. പക്ഷേ.....
  രഹസ്യ ഭാഗങ്ങൾ   സ്വന്തം ഇണയെ പോലും നേരിൽ കാണിക്കാൻ മടിക്കുന്ന പെണ്ണ്    കാമുകൻ നിർബന്ധിക്കുമ്പോൾ യാതൊരു ഉളുപ്പുമില്ലാതെ വെബ് ക്യാമറാക്ക് മുമ്പിൽ  പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത് അവളുടെ തന്നെ ആത്മനാശത്തിന്  വഴിവെക്കുമെന്നാണ് ആ വക കേസുകൾ വെളിപ്പെടുത്തുന്നത്..അവളുടെ  കാമുകൻ വൃത്തികെട്ട മനസിന്റെ ഉടമസ്തനായത് കൊണ്ടാണ് ആ ആവശ്യം ഉന്നയിക്കുന്നത്.  അവൻ ആ ചിത്രങ്ങൾ  അവന്റെ കൂട്ടുകാരനെ കാണിക്കും.  അവസാനം അത് കറങ്ങി കറങ്ങി ആര് കാണണരുതെന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുവോ ആ വ്യക്തിയുടെ  ശ്രദ്ധയിൽ എത്തപ്പെടും.  അതോടെ എല്ലാം തകരും  കാമുകനെന്ന പര നാറി  ആ നിമിഷം മുങ്ങുകയും  നിങ്ങൾ വഴിയാധാരമാവുകയും ചെയ്യും. വെറും സൗഹൃദ ചാറ്റിംഗിൽ നിങ്ങൾ ആരംഭിച്ചതാണ് ഈ ബന്ധം. വെറും സൗഹൃദം, സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ ഒൺളി  ഫ്രണ്ട്ഷിപ്പ്. പക്ഷേ അതിര് വിടുമ്പോൾ അത് എവിടെ എത്തി ചേരുമെന്ന് കഴിഞ്ഞ ദിവസം എന്റെ സ്നേഹിതൻ പറഞ്ഞ കേസ് വെളിവാക്കുന്നു.

അതേ!  കത്തി പഴം മുറിക്കാൻ ഉപകരിക്കും. അത് കഴുത്ത് മുറിക്കാൻ ഉപയോഗിക്കുമ്പോൾ  മാരകമാകുമെന്ന് ഓർമ്മിക്കുക.