Tuesday, April 10, 2018

ആലപ്പുഴ മെഡിക്കൽ കോളേജും അനുഭവവും

ആലപ്പുഴ മെഡിക്കൽ കോളേജ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആലപ്പുഴ മെഡിക്കൽ കൊളേജിനെ വ്യത്യസ്തമാക്കിയത് ജീവനക്കാരുടെ സ്നേഹ സമ്പൂർണമായ പെരുമാറ്റവും രോഗികളോടും കൂട്ടിരുപ്പുകാരോടുമുള്ള വിനയത്തോടെയുള്ള ഇടപെടലിനാലും കാരണത്താലാണ്.
ഇത് പഴയകാല ചരിത്രം. ഈ മാസം എട്ടാം തീയതി ആലപ്പുഴ മെഡിക്കൽ കോളേജ് സന്ദർശിക്കേണ്ട ആവശ്യം ഉണ്ടായി. ഇളയ സഹോദരൻ നെഞ്ച് വേദനയാൽ അവിടെ ഇന്റൻസീവ് കെയർ യൂണീറ്റിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന് വിവരം കിട്ടി 100 കിലോ മീറ്റർ സഞ്ചരിച്ച് ആ ആശുപത്രിയിൽ എത്തി ചേർന്നപ്പോൾ പഴയ അഭിപ്രായങ്ങളെല്ലാം ദൂരെ വലിച്ചെറിയേണ്ട അവസ്ഥയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ഐ.സി.യിലെ രോഗിയെ കാണാൻ സന്ദർശകരെ അനുവദിക്കാറില്ല. അങ്ങിനെ അനുവദിക്കുന്നത് ശരിയല്ലാ എന്ന് 100 വട്ടം സമ്മതിക്കാം. പക്ഷേ അപ്രകാരം സന്ദർശനം വിലക്കിയിരിക്കുകയാണ്, ഇന്നയിന്ന കാരണത്താൽ എന്ന് സൗമ്യ സ്വരത്തിൽ പറയുന്നതിന് എന്താണ് തടസ്സം. ഇത്രയും ദൂരെ നിന്നും വന്ന എന്റെ ആവശ്യം അറിയിച്ചപ്പോൾ ഞാൻ അഭിമുഖീകരിച്ചത് ഒരു പെൺ കടുവയെയാണ്.. നിങ്ങൾ രോഗിയെ സ്വകാര്യ് ആശുപത്രിയിൽ കൊണ്ട് പോകാമായിരുന്നല്ലോ, അവിടെ എപ്പോഴും രോഗിയെ കയറി കാണാമായിരുന്നല്ലോ, എന്നൊക്കെയായിരുന്നു, ഫ്ളോറൻസ് നൈറ്റിംഗലിന്റെ പ്രതിനിധിയായ ആ മഹിളാ മണിയുടെ അലറൽ. ഇന്ത്യൻ പീനൽ കോഡ് 354 വകുപ്പും അതിന്റെ ഉപ വകുപ്പും എന്റെ മുമ്പിൽ ദംഷ്ട്ര വെളിപ്പെടുത്തി മുരളിയപ്പോൾ ഒന്ന് തുറിച്ച് നോക്കുക പോലും ചെയ്യാതെ എന്റെ ത്ടി സ്കൂട്ടാക്കി ഞാൻ മൂലയിലേക്ക് മാറി ഒതുങ്ങി നിന്നു. സ്ത്രീ സംരക്ഷണ നിയമങ്ങൾ നിലവിലുള്ള കാലത്തോളം കമാന്ന് ഒരു അക്ഷരം മിണ്ടരുത് എന്ന് എന്റെ ഉള്ളിലെ ഭീരു കേണു കൊണ്ടിരുന്നു. പക്ഷേ അവിടെ നിന്നുകൊണ്ട് പിന്നീട് വന്ന സന്ദർശകരോടെല്ലാം ആ വനിതയുടെ പ്രകടനം എന്നോടുള്ളതിനേക്കാളും മോശമായിരുന്നെന്ന് കണ്ടപ്പോൾ തിരുവനന്തപുരത്തേക്കാളും കഷ്ടമായി തീർന്നു ആലപ്പുഴ എന്ന സത്യം എനിക്ക് ബോദ്ധ്യപ്പെട്ടു.
ഒരു ജീവനക്കാരിയുടെ പ്രകടനം മാത്രം കണക്കിലെടുത്തല്ല ഞാനിങ്ങനെ അഭിപ്രായപ്പെട്ടത്, അവിടെ ചെലവഴിച്ച ചുരുക്കം ചില മണിക്കൂറിൽ അവിടെ കണ്ടതും അനുഭവപ്പെട്ടതുമായ മൊത്തത്തിലുള്ള ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിച്ചാണ് ഞാൻ ഈ അഭിഅപ്രായം വെളിപ്പെടുത്തുന്നത്. പതിവായുള്ള കുത്തിവെപ്പിന് കയ്യിൽ ഉറപ്പിക്കുന്ന നിസ്സാരവിലക്കുള്ള കാൻഡുലക്ക് പോലും പുറത്തേക്ക് ചീട്ടെഴുതുന്ന ഡോക്ടറന്മാരും ആശുപത്രി കെട്ടിടത്തിൽ നിന്നും ലാബിലേക്ക് പോകേണ്ട അതി ദൂരവും അതും 10 ടെസ്റ്റിന് 10 തവണയായി (ഒരു ദിവസത്തിൽ തന്നെ) കൂട്ടിരുപ്പുകാരെ ഓടിപ്പിക്കുന്ന ക്രൂര വിനോദവും ആലപ്പുഴ മെഡിക്കൽ കോളേജിന്റെ തമാശകളുടെ പ്രത്യേകതയാണ്.
ഇതിലേറെ എന്നെ വേദനിപ്പിക്കുന്നത് രാഷ്ട്രീയത്തിനപ്പുറം ഞാൻ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന മന്ത്രി ഴ്രീ സുധാകരന്റെ തട്ടകത്തിലാണ് ഈ മെഡിക്കൽ കോളേജ് എന്നുള്ളതാണ്. ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും ഇഷ്ടപ്പെടാത്ത വെച്ച് പൊറുപ്പിക്കാത്ത അദ്ദേഹം ഒരു തവണ ആ ആതുരാലയത്തിൽ തന്റെ വകുപ്പല്ലെങ്കിൽ കൂടി ഒന്ന് വെറുതെ ചുറ്റി അടിച്ചാൽ ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന് ബോദ്ധ്യപ്പെടും.
അല്ലെങ്കിൽ ജനം പണ്ട് കോഴിക്കോട് ജനകീയ വിചാരണ നടത്തി കഴുത്തിൽ ചൂല് കെട്ടിയിട്ട അവസ്ഥ താമസം വിനാ ആ ആശുപത്രിയിൽ ഉണ്ടാകും എന്ന് തീർച്ച.

No comments:

Post a Comment