Saturday, April 14, 2018

കശ്മീർ പെൺകുട്ടി പ്രതിഷേധം എന്തിന് വേണ്ടി.

കാശ്മീർ പെൺകുട്ടിയുടെ ദുരന്തത്തെ കുറിച്ച് സോഷ്യൽ മീഡിയായിൽ  വന്ന  ലേഖനങ്ങളിൽ  ചിലത്  കഥ അറിയാതെ ആട്ടം  കാണുന്ന മട്ടിലുള്ളതായിരുന്നു. ആ വക പോസ്റ്റ് ഇട്ടവരിൽ ചിലർ മതേതര ഭാവക്കാരും ചിലർ സംഘപരിവാറുമായി ബന്ധപ്പെട്ടവരും മറ്റ് ചിലർ  പെൺകുട്ടിയുടെ സമുദായത്തെ  ജന്മനാ അസഹിഷ്ണതയോടെ കാണുന്നവരുമായിരുന്നു.  അവർ പെൺകുട്ടിക്ക് സംഭവിച്ച  ദുരന്തത്തെ  അനുതാപത്തോടെ കാണുന്നു എന്ന മട്ടിലായിരുന്നു  പ്രകടനങ്ങൾ.  പക്ഷേ  നിരീക്ഷണത്തിൽ  അവരുടെ ഉള്ളിൽ ഇരമ്പുന്ന പെൺകുട്ടിയുടെ സ്മുദായത്തോടുള്ള വെറുപ്പ്  പട്ടിൽ പൊതിഞ്ഞ വാളായി അനുഭവപ്പെട്ടു.  അവർ പറയുന്നു  “ആ പെൺകുട്ടിയെ പറ്റി ദുഖിക്കുന്നു, പക്ഷേ അതിനോടൊപ്പം ഇതിനു മുമ്പ് പീഡിപ്പിക്കപ്പെട്ട്  കൊല്ലപ്പെട്ട ഇന്ന ഇന്ന  പെൺകുട്ടികളെയും കുറിച്ച് നമുക്ക് അനുതാപപ്പെടാം.“  പോസ്റ്റിന് മറുപടി നൽകിയവർ  മൊഴിഞ്ഞു,
“ആ പെൺകുട്ടികളെ കുറിച്ചും ഞങ്ങൾ അനുതാപപ്പെടുന്നു.“  പക്ഷേ  അവർക്ക് നൽകേണ്ട മറുപടി  അതായിരുന്നില്ല.
പെൺകുട്ടിക്ക് സംഭവിച്ച  ദുരന്തത്തിൽ എല്ലാവരും ദുഖിതരാണ്, അതോടൊപ്പം മറ്റ് പെൺകുട്ടികൾക്ക് സംഭവിച്ചതിലും.  പക്ഷേ ഇത് വെറുമൊരു പീഡന സംബന്ധമായ  പ്രതിഷേധം മാത്രമല്ല സുഹൃത്തുക്കളേ!  ഒരു സമുദായത്തോടുള്ള അസഹിഷ്ണതയാൽ ആ സമുദായത്തെ ഭയപ്പെടുത്തി ഞങ്ങളുടെ ഗ്രാമാതിർത്തിയിൽ നിന്നും  വിരട്ടി ഓടിക്കാൻ മുൻ കൂട്ടി തയാറാക്കിയ നീച പ്രവർത്തി എന്നിടത്താണ് ഈ സംഭവത്തിന്റെ ഗുരുതര  സ്വഭാവം കണ്ടെത്തേണ്ടത്.  ജാതി മത ഭേദമന്യേ ഉയർന്നവനും താഴ്ന്നവനും  വ്യത്യാസമില്ലാതെ ഏതൊരു പൗരനും  ഈ മഹത്തായ ജനാധിപത്യ രാജ്യത്തിൽ യഥേഷ്ടം താമസിക്കാൻ ഇന്ത്യൻ ഭർണഘടന അനുവാദം തന്നിരിക്കവേ  ഒരു  നാടോടി കൂട്ടം തങ്ങളുടെ അയലത്ത് വന്ന് താമസിക്കുന്നതിലുള്ള വെറുപ്പിനാൽ  അവരെ ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തിനായി ആ‍ കൂട്ടത്തിലുള്ള പെൺകുട്ടിയെ നീചമായി കൈകാര്യം ചെയ്ത് അതി ക്രൂരമായി തലക്കടിച്ച് കൊന്നതിലുള്ള പ്രതിഷേധമാണ് സുഹൃത്തുക്കളേ നാം ഇപ്പോൾ  നടത്തി കൊണ്ടിരിക്കുന്നത്.   അതിനെ സാധാരണവത്കരിച്ച് കാണാനുള്ള നിങ്ങളുടെ ഈ വ്യഗ്രത്യുണ്ടല്ലോ  അതിനെതിരായാണ്  ആദ്യം പ്രതിഷേധിക്കേണ്ടത്. നാളെ  ഇന്ത്യയിൽ എവിടെയും  ചിലർ ഇത് പ്രയോഗിച്ചേക്കാം.  അത് മുൻ കൂട്ടി കണ്ട്  ഈ പ്രവണത മുളയിലേ  നുള്ളി  കളയേണ്ടിയിരിക്കുന്നു.  ഒരു സമുദായത്തിന്  നേരെയും മറ്റൊരു സമുദായവും ഈ പ്രവർത്തി  ആവർത്തിക്കരുത്,  അല്ലെങ്കിൽ മഹത്തായ നമ്മുടെ രാജ്യം ഛിന്നഭിന്നമായി തീരും.  അതിനാൽ കശ്മീർ പെൺകുട്ട്യുടെ ദാരുണാന്ത്യത്തെ പറ്റി നാം ശക്തിയായി പ്രതിഷേധിക്കുക  തന്നെ വേണം.

No comments:

Post a Comment