Thursday, March 22, 2018

വത്തക്കാ പ്രയോഗവും ചില ചിന്തകളും.


“ഏവമേവം  കരോതൂ ശിക്ഷാം  ഉരോജ കുംഭൗ  വദത: സകമ്പം !!  (അവൾ റൗക്ക ഊരി  നനച്ചു വീണ്ടും  വീണ്ടും  കല്ലിന്മേലടിക്കുമ്പോൾ  റൗക്ക ഊരിയപ്പോൾ ബന്ധന വിമുക്തരായ ) മുലകൾ  ഇത്രനേരം തങ്ങളെ കെട്ടി  വരിഞ്ഞ്  മുറുക്കി വെച്ചിരുന്ന  അതിനെ (റൗക്കയെ) ശിക്ഷിക്കണം എന്നു തലകുലുക്കി കൊണ്ട്  പറയുകയാണോ എന്നു തോന്നും........“

മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികൾക്ക് ശേഷം  വിലാസിനി രചിച്ച അടുത്ത നോവലായ “യാത്രാ മുഖത്തിൽ“ ഒരു ഭ്രാന്തന്റെ  സംഭാഷണത്തിലൂടെ  ഗ്രന്ഥകർത്താവ്  എടുത്തുദ്ധരിച്ച സരസ ശ്ലോകവും  അർത്ഥ വിശദീകരണവുമാണ്     മേൽക്കാണിച്ചത്.  1990 വർഷത്തിൽ രണ്ടാം പതിപ്പിറങ്ങിയ  ഈ നോവലിൽ സമാന സ്ത്രീ ശരീര വർണന അടങ്ങിയ സരസ ശ്ലോകങ്ങൾ  ഇനിയും എടുത്തുദ്ധരിച്ചിട്ടുണ്ട്.  പ്രഖ്യാത നോവലിസ്റ്റിന്റെ  ഈ പുസ്തകം ധാരാളം മലയാളികൾ വായിച്ചിട്ടും കുചകുംഭ വർണനക്കെതിരായ   പ്രതിഷേധത്തിന്റെ അലയൊലികൾ എങ്ങുമുണ്ടായില്ല.

“നിറഞ്ഞ മാറിലെ“ ആദ്യ നഖക്ഷതം മറക്കുവാനേ കഴിയൂ “ എന്നു ഗാനഗന്ധർവൻ  വിവാഹിത എന്ന ചിത്രത്തിൽ  ശോകഗാനമാലപിച്ചപ്പോഴും  “നിറഞ്ഞ മാറിനെ“ പറ്റിയും അതിന്റെ അർത്ഥവ്യാപ്തിയെ പറ്റിയും   ആർക്കും പരാതിയില്ലെന്നു മാത്രമല്ല നമ്മളും തരം കിട്ടുമ്പോൾ ആ പ്രയോഗം അസ്സലായി ഉപയോഗിച്ചു വന്നു.
“അങ്കത്തടത്തിലിരുത്തി കൊങ്കക്കുടങ്ങളെ താലോലിക്കുന്ന“  പ്രാണനായകനെനിക്കു നൽകിയ  പരമാനന്ദ സുഖം  കേട്ടു നമ്മളും ഒരുപാട് സുഖിച്ചു. “ദേ!  അതിനെ പറ്റി പറയുന്നേ..ഓടിവായ്യോ  എന്നാരും വിളിച്ചു കൂവിയില്ല.  കാരണം സ്ത്രീ  പുരുഷന്റെ എല്ലാമെല്ലാമായിരുന്നു. അവളെ പറ്റി എത്ര വർണിച്ചാലും അവനു  മതി വരില്ലായിരുന്നു. പിന്നെയും പിന്നെയും പാട്ടിലൂടെയും വരമൊഴിയിലൂടെയും അവളെ വർണിച്ചു പുകഴ്ത്തി അവൻ  അർമാദിച്ചു കൊണ്ടിരുന്നു. അതു കേട്ടു ചിലർ ആസ്വദിച്ചു , ചിലർ ഉള്ളിൽ ചിരി ഒതുക്കി പുറമേ അവനെപറ്റി   ശുംഭൻ  എന്നുരുവിട്ടു. എങ്കിലും അവൾ അവന്റെ ജീവന്റെ ഭാഗം തന്നെയെന്ന്  എല്ലാവരും സമ്മതിച്ചിരുന്നു.

പക്ഷേ ഇതെല്ലാം സ്ത്രീയെ  പുകഴ്ത്തിയും വർണിച്ചുമായതിനാലും   ആർക്കും പരാതി ഉണ്ടായില്ല.  പക്ഷേ വിമർശിച്ച്  വർണന വന്നപ്പോഴും സദസ്സ്  മതാടി    സ്ഥാനത്തിലായതിനാലും   മുഖ പുസ്തകം മുഴുവൻ വത്തക്കാ മയമായി.

ആരോ എവിടെയോ വത്തക്കാ പ്രയോഗത്തെ തുടർന്ന്   എന്തെല്ലാമോ തുറന്ന്  പ്രദർശി പ്പിക്കുകയോ മറ്റോ ചെയ്തത്രേ!  അങ്ങിനെ തുറന്നു കാട്ടിയവർ മറ്റൊരു ചരിത്രം കൂടി അറിയണം  100 വർഷങ്ങൾക്കു മുമ്പ്  സവർണ ഫാസിസ്റ്റുകൾക്ക്  നിങ്ങൾ ഇപ്പോൾ തുറന്നു കാട്ടിയതു പോലെ എല്ലാ സ്ത്രീകളും മാറ്  മറക്കാതിരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു . ആ നിർബന്ധത്തിനെതിരെ  സ്വന്തം മാറ്  അരിഞ്ഞ് മുഖത്തെറിഞ്ഞവരും  രക്തരൂക്ഷിത സമരം നടത്തിയവരുമായ ധീര വനിതകൾ ഈ കൊച്ച് നാട്ടിലുണ്ടായിരുന്നു.  അവരുടെ ത്യാഗത്തിലൂടെ നേടിയെടുത്ത  വിജയമാണ് നിങ്ങൾ ഇപ്പോൾ ആരുടെയോ ജൽപ്പനത്തിനെതിരെ  പ്രതിഷേധിക്കാനായി വലിച്ചെറിഞ്ഞത്.

No comments:

Post a Comment