Tuesday, March 27, 2018

തമാശ കേരളം

ജാതിമത ഭേദമന്യേ  കേരള സമൂഹം    തമാശ പറയുവാനും തമാശ കേൾക്കുവാനും പണ്ട് കാലത്ത്  ഇതര ദേശക്കാരെക്കാളും   മുൻ പന്തിയിലായിരുന്നു, . നമുക്ക്  നേരെ എയ്തു വിടുന്ന പരിഹാസ ശരങ്ങൾ അതേ തൂക്കത്തിൽ  തിരിച്ചു കൊടുത്ത് രണ്ട് കൂട്ടരും പൊട്ടിചിരിച്ചിരുന്ന  സമൂഹമായിരുന്നു നമ്മുടേത്.     അന്ന് വാരികകളിൽ  വിനോദ ഭാവന എന്നൊരു പംക്തി തന്നെ സ്ഥിരമായുണ്ടായിരുന്നു. വേളൂർ ക്രിഷ്ണൻ കുട്ടിയും സുകുമാറും  സനൽകുമാറിനും രംഗത്ത് വരുന്നതിനു  മുമ്പ് തന്നെ ഈ.വി. ക്രിഷ്ണ പിള്ളയും  സഞ്ജയനും മറ്റും ഹാസ്യ സാമ്രാട്ടുമാരായി  ഇവിടെ വാണിരുന്നു.  സമുദായങ്ങൾ തമ്മിൽ  സ്പർദ്ധ തുലോം കുറവായിരുന്ന  അക്കാലത്ത് ഓരോരോ സമുദായങ്ങളെ കുറിച്ചും തമാശ കഥകൾ എല്ലാവരും ചേർന്ന് പടച്ച് വിടുകയും പരസ്പരം പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നുവല്ലോ. പക്ഷേ കാലം കടന്നു പോയതോടെ  മലയാളി വിദ്യാ സമ്പന്നനാ വുകയും  തമാശ പറച്ചിലും  തമാശ കേൾക്കലും  വെറും താഴ്ന്ന പെരുമാറ്റമായി കണ്ട് മുഖം വീർപ്പിച്ച് ഗൗരവ സ്വാമിമാരായി മാറിയ കാഴ്ചയാണ് ഇന്ന് ഉടനീളം കാണപ്പെടുന്നത്. പഴയ കാലത്തെ പറ്റി നിരീക്ഷിക്കുമ്പോൾ പല തമാശകളും ഓർമ്മ വരുന്നു.

ഗൾഫും ഗൾഫ് സാധനങ്ങളും പരിചയപ്പെട്ടു വരുന്ന കാലത്ത് മുസ്ലിം സമു ദായത്തിലെ ചില കാരണവന്മാരുടെ പത്രാസ്സിനെ പറ്റി  പരിഹസിക്കാൻ ധാരാളം തമാശകൾ നാട്ടിലിറങ്ങി. മകൻ അയച്ച് കൊടുത്ത  ഗൾഫ് തുണി കൊണ്ട് അണ്ടർവെയർ  തയ്പ്പിച്ച വാപ്പ അങ്ങാടിയിൽ ചെന്ന് തുണീ പൊക്കി അണ്ടർവെയർ കാണിച്ച് ഇത് ഫോറിനാ..മകൻ അയച്ച് തന്നതാ എന്നു വീമ്പിളക്കുമെന്നും   ഒരുദിവസം അണ്ടർവെയർ ഇടാൻ മറന്ന് പോയ മൂപ്പിലാൻ അന്നും അങ്ങാടിയ്ൽ ചെന്ന് പൊക്കി കാണീച്ച് ഇത് ഫോറിനാ....എന്ന് പറഞ്ഞപ്പോൾ പെണ്ണുങ്ങൾ  പൊതിരെ തല്ലിയെന്നും പറഞ്ഞുണ്ടാക്കിയ തമാശ കഥ എല്ലാവരും ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ്  ചിരിച്ചതല്ലാതെ ഒരു സമുദായത്തെ അപമാനിക്കാൻ കെട്ടിയുണ്ടാക്കിയ കഥയെന്നും പറഞ്ഞ്  ഒരു മത സ്പർദ്ധയും അന്ന് നാട്ടിൽ ഉണ്ടാക്കിയില്ല

തെങ്ങിന്റെ മുകളിൽ നിന്നും ചെത്തി എടുത്ത കള്ളു നിറച്ച കുടുക്കയുമായി ഇറങ്ങി വന്ന ചെത്തുകാരന്  മൂത്രശങ്ക ഉണ്ടായപ്പോൾ കുടുക്ക എവിടെയെങ്കിലും  ചാരിവെക്കാൻ നോക്കിയതിൽ അടുത്ത് നിൽക്കുന്ന  പട്ടിയെ കാണുകയും അതിന്റെ പുറത്ത് ചാരിവെച്ചെന്നും പട്ടി ഓടി പോയപ്പോൾ  കള്ളും കുടുക്കയും  ചരിഞ്ഞ് വീണ് കള്ള് നഷ്ടപ്പെട്ടതായ കഥയും ഒരു സമുദായത്തിന്റെ ബുദ്ധിഹീനതയെ കളിയാക്കാനുണ്ടാക്കി യതാണെന്ന് ആരും പറഞ്ഞില്ല.
മാവിന്റെ കീഴിലിരുന്നു ആശാരി കട്ടിൽ പണീതെന്നും  അവസാനം കട്ടിൽ തട്ടിക്കൂട്ട് ആണി ഉറപ്പിച്ച നോക്കിയപ്പോൾ മാവ് കട്ടിലിന്റെ നടുക്ക് നിന്നെന്നും പറഞ്ഞ് തമാശ ഇറങ്ങിയപ്പോൾ ഒരു ആശാരിയും ഉളിയും കൊട്ടുവടിയുമായി യുദ്ധത്തിനു വന്നില്ല.
നെയ്യാറ്റിങ്കര നാടാർ സമുദായക്കാരിലൊരു പയ്യൻ പനയിൽ നിന്നും വീണ് എല്ലൊടിഞ്ഞ അഛന്റെ ചികിൽസാർത്ഥം തയാറാക്കിയ ആട്ടിൻ സൂപിന്റെ  ബാക്കി  എല്ല് ഈമ്പുന്നത് കണ്ട അയല്പക്ക കൂട്ടുകാരൻ കൊതി മൂത്ത്  അതിൽ  ഒരു എല്ല് തനിക്കും  ആവശ്യപ്പെട്ടെന്നും  എല്ലുകാരൻ ആ അപേക്ഷയെ നിഷ്ക്കരണം തള്ളിയപ്പോഴുണ്ടായ നിരാശയാൽ  അയല്പക്കകാരൻ  “എന്റെ അഛനും പനയിൽ നിന്നു വീഴുവാര് അന്ന് ഞാനും എല്ല് ഈമ്പുവാര് “ എന്ന് സമാധാനിച്ച കഥ കെട്ടിയുണ്ടാക്കിയതും  കേട്ട്  ഒരു നാടാരും പ്രതിഷേധവുമായി വന്നതായി അറിവിലല്ലോ.
നമ്പൂതിരി ഫലിതങ്ങളും അമിളികളും കേരളത്തിലങ്ങോളമിങ്ങോളം അലതല്ലി. ആദ്യമായി ട്രൈൻ യാത്രചെയ്ത നമ്പൂതിരി വണ്ടി  പോത്തന്നൂർ സ്റ്റേഷനിൽ ചെന്നപ്പോൾ  ഫസ്റ്റ് ക്ളാസ് കമ്പാർട്ട്മെന്റിലിരുന്ന് നാലും കൂട്ടി മുറുക്കിയതും ജനൽ ഗ്ളാസ് അടച്ചതാണെന്ന്  മനസിലാക്കാതെ  പുറത്തേക്ക് നീട്ടി തുപ്പിയത് അടുത്തിരുന്ന മദാമ്മയുടെ മുഖത്ത് വീണതും മദാമ്മ നമ്പൂതിരിയുടെ കരണത്തടിച്ചതും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ നമ്പൂതിരിയോട് കാര്യസ്ഥൻ ട്രൈൻ യാത്രയുടെ വിശേഷത്തെ    പറ്റി ചോദിച്ചപ്പോൾ , “ പോത്തന്നൂർ ചെല്ലുമ്പോൾ ഒരു അടി ഉണ്ട്  അത് കഴിഞ്ഞാൽ  യാത്ര എന്താ സുഖം എന്താ സുഖം“ എന്ന് പറഞ്ഞതും പാടി പതിഞ്ഞ കഥയണ്.
 ചക്ക കള്ളനെ  കൊങ്ങിണി  പറ്റിച്ച കഥ പല സിനിമകളിലും വന്നു കഴിഞ്ഞിട്ടും ആരും സിനിമാ നിരോധിക്കാൻ ആവശ്യപ്പെട്ടതായി ഒരു വാർത്തയും കാണാൻ കഴിഞ്ഞില്ല

സമാനമായ എത്രയെത്ര തമാശ കഥകൾ മലയാളി കെട്ടി ഉണ്ടാക്കുകയും പറയുകയും  പൊട്ടിപ്പൊട്ടി ചിരിക്കുകയും ചെയ്തിരുന്നു. ഇന്ന്  ഒരു വാക്ക് ഏതെങ്കിലും സമുദായത്തെ പറ്റിയോ മറ്റെന്തിനെയെങ്കിലും പറ്റി  പറയുകയോ എഴുതുകയോ  വളരെ ശ്രദ്ധയോടെ  ചെയ്തില്ലാ എങ്കിൽ പണി പാളുമെന്നുറപ്പ്.   അത്രത്തോളം മലയാളി ഗൗരവക്കാരനും ഇടുങ്ങിയ മനസുള്ളവനുമായി മാറ്റപ്പെ ട്ടിരിക്കുന്നു.
  തമാശ ആസ്വദിക്കാനും  അനുഭവിക്കാനും പിടലി ഞരമ്പ്  വീർത്ത്  വരത്തക്കവിധം പൊട്ടി പൊട്ടി ചിരിക്കാനും പഴയത് പോലെ മലയാളി  തയാറാകുമ്പോൾ മനസിലെ സമ്മർദ്ദം   കുറയുകയും  ജീവിതത്തിൽ   ലാഘവത്വം  അനുഭവിക്കാൻ  ഇടയാകുകയും ചെയ്യും. അത് ചെയ്യാതെ ഗൗരവ സ്വാമിയായി  ജീവിതം നയിച്ചാൽ  ആ ജീവിതവും തമാശ പറയാത്ത തമാശ കേൾക്കാത്ത പോത്തിന്റെ ജീവിതവും  തമ്മിൽ  ഒരു വ്യത്യാസവും ഇല്ലാ എന്ന് പറയേണ്ടി വരുന്നു.

Thursday, March 22, 2018

വത്തക്കാ പ്രയോഗവും ചില ചിന്തകളും.


“ഏവമേവം  കരോതൂ ശിക്ഷാം  ഉരോജ കുംഭൗ  വദത: സകമ്പം !!  (അവൾ റൗക്ക ഊരി  നനച്ചു വീണ്ടും  വീണ്ടും  കല്ലിന്മേലടിക്കുമ്പോൾ  റൗക്ക ഊരിയപ്പോൾ ബന്ധന വിമുക്തരായ ) മുലകൾ  ഇത്രനേരം തങ്ങളെ കെട്ടി  വരിഞ്ഞ്  മുറുക്കി വെച്ചിരുന്ന  അതിനെ (റൗക്കയെ) ശിക്ഷിക്കണം എന്നു തലകുലുക്കി കൊണ്ട്  പറയുകയാണോ എന്നു തോന്നും........“

മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികൾക്ക് ശേഷം  വിലാസിനി രചിച്ച അടുത്ത നോവലായ “യാത്രാ മുഖത്തിൽ“ ഒരു ഭ്രാന്തന്റെ  സംഭാഷണത്തിലൂടെ  ഗ്രന്ഥകർത്താവ്  എടുത്തുദ്ധരിച്ച സരസ ശ്ലോകവും  അർത്ഥ വിശദീകരണവുമാണ്     മേൽക്കാണിച്ചത്.  1990 വർഷത്തിൽ രണ്ടാം പതിപ്പിറങ്ങിയ  ഈ നോവലിൽ സമാന സ്ത്രീ ശരീര വർണന അടങ്ങിയ സരസ ശ്ലോകങ്ങൾ  ഇനിയും എടുത്തുദ്ധരിച്ചിട്ടുണ്ട്.  പ്രഖ്യാത നോവലിസ്റ്റിന്റെ  ഈ പുസ്തകം ധാരാളം മലയാളികൾ വായിച്ചിട്ടും കുചകുംഭ വർണനക്കെതിരായ   പ്രതിഷേധത്തിന്റെ അലയൊലികൾ എങ്ങുമുണ്ടായില്ല.

“നിറഞ്ഞ മാറിലെ“ ആദ്യ നഖക്ഷതം മറക്കുവാനേ കഴിയൂ “ എന്നു ഗാനഗന്ധർവൻ  വിവാഹിത എന്ന ചിത്രത്തിൽ  ശോകഗാനമാലപിച്ചപ്പോഴും  “നിറഞ്ഞ മാറിനെ“ പറ്റിയും അതിന്റെ അർത്ഥവ്യാപ്തിയെ പറ്റിയും   ആർക്കും പരാതിയില്ലെന്നു മാത്രമല്ല നമ്മളും തരം കിട്ടുമ്പോൾ ആ പ്രയോഗം അസ്സലായി ഉപയോഗിച്ചു വന്നു.
“അങ്കത്തടത്തിലിരുത്തി കൊങ്കക്കുടങ്ങളെ താലോലിക്കുന്ന“  പ്രാണനായകനെനിക്കു നൽകിയ  പരമാനന്ദ സുഖം  കേട്ടു നമ്മളും ഒരുപാട് സുഖിച്ചു. “ദേ!  അതിനെ പറ്റി പറയുന്നേ..ഓടിവായ്യോ  എന്നാരും വിളിച്ചു കൂവിയില്ല.  കാരണം സ്ത്രീ  പുരുഷന്റെ എല്ലാമെല്ലാമായിരുന്നു. അവളെ പറ്റി എത്ര വർണിച്ചാലും അവനു  മതി വരില്ലായിരുന്നു. പിന്നെയും പിന്നെയും പാട്ടിലൂടെയും വരമൊഴിയിലൂടെയും അവളെ വർണിച്ചു പുകഴ്ത്തി അവൻ  അർമാദിച്ചു കൊണ്ടിരുന്നു. അതു കേട്ടു ചിലർ ആസ്വദിച്ചു , ചിലർ ഉള്ളിൽ ചിരി ഒതുക്കി പുറമേ അവനെപറ്റി   ശുംഭൻ  എന്നുരുവിട്ടു. എങ്കിലും അവൾ അവന്റെ ജീവന്റെ ഭാഗം തന്നെയെന്ന്  എല്ലാവരും സമ്മതിച്ചിരുന്നു.

പക്ഷേ ഇതെല്ലാം സ്ത്രീയെ  പുകഴ്ത്തിയും വർണിച്ചുമായതിനാലും   ആർക്കും പരാതി ഉണ്ടായില്ല.  പക്ഷേ വിമർശിച്ച്  വർണന വന്നപ്പോഴും സദസ്സ്  മതാടി    സ്ഥാനത്തിലായതിനാലും   മുഖ പുസ്തകം മുഴുവൻ വത്തക്കാ മയമായി.

ആരോ എവിടെയോ വത്തക്കാ പ്രയോഗത്തെ തുടർന്ന്   എന്തെല്ലാമോ തുറന്ന്  പ്രദർശി പ്പിക്കുകയോ മറ്റോ ചെയ്തത്രേ!  അങ്ങിനെ തുറന്നു കാട്ടിയവർ മറ്റൊരു ചരിത്രം കൂടി അറിയണം  100 വർഷങ്ങൾക്കു മുമ്പ്  സവർണ ഫാസിസ്റ്റുകൾക്ക്  നിങ്ങൾ ഇപ്പോൾ തുറന്നു കാട്ടിയതു പോലെ എല്ലാ സ്ത്രീകളും മാറ്  മറക്കാതിരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു . ആ നിർബന്ധത്തിനെതിരെ  സ്വന്തം മാറ്  അരിഞ്ഞ് മുഖത്തെറിഞ്ഞവരും  രക്തരൂക്ഷിത സമരം നടത്തിയവരുമായ ധീര വനിതകൾ ഈ കൊച്ച് നാട്ടിലുണ്ടായിരുന്നു.  അവരുടെ ത്യാഗത്തിലൂടെ നേടിയെടുത്ത  വിജയമാണ് നിങ്ങൾ ഇപ്പോൾ ആരുടെയോ ജൽപ്പനത്തിനെതിരെ  പ്രതിഷേധിക്കാനായി വലിച്ചെറിഞ്ഞത്.

Wednesday, March 14, 2018

സിസ്സേറിയൻ നിരക്ക് വർദ്ധന.

സംസ്ഥാനത്ത്  സിസേറിയൻ നിരക്ക്  വർദ്ധിക്കുന്നു: പത്ര വാർത്ത.

എത്രയോ കാലമായി ഈ പ്രവണത കണ്ട് വരുന്നു, ഇപ്പോൾ മാത്രമാണു പത്രക്കാരുടെ ശ്രദ്ധ ഈ കാര്യത്തിൽ പതിഞ്ഞത്.
സർക്കാർ ആശുപത്രികളിൽ 39.75 ശതമാനവും സ്വകാര്യ ആശുപത്രികളിൽ 41.93 ശതമാനവുമാണൂ ഇപ്പോഴത്തെ നിരക്ക്. യഥാർഥത്തിൽ ഇതിലെത്രയോ മടങ്ങാണു  ശരിക്കുമുള്ള കണക്കുകൾ.  സർക്കാർ വിലാസം ഡോക്ടറന്മാരുടെ ധനമോഹവും( ഓപ്പറേഷനു കിട്ടുന്ന  ഭാരിച്ച കൈക്കൂലി) സ്വകാര്യ ആശുപത്രികളിലെ  കച്ചവട മനസ്ഥിതിയുമാണു  ഇതിനു പിന്നിലെ ഒരു ഘടകം.  പിന്നെ  പുതു തലമുറയുടെ  സഹനശക്തി ഇല്ലായ്ക, അല്പം പോലും വേദന സഹിക്കാൻ കഴിവില്ലായ്ക, സമയം നീണ്ട് പോയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ഉൽക്കണ്ഠ,   ഉദ്ദേശിച്ച നക്ഷത്രത്തിൽ  പ്രസവം നടത്തുകയും അരുതാത്ത  നക്ഷത്രം ഒഴിവാക്കാനുള്ള സമയ ക്രമീകരണവും ഇങ്ങിനെ പലഘടകങ്ങൾ ഈ നിരക്ക് വർദ്ധനയുടെ കാരണമായി വേറെയുമുണ്ട്.
ഏതായാലും പ്രസവം ഭീതിയും ഉൽക്കണ്ഠയും നിറഞ്ഞത് എന്നിടത്ത് നിന്നും ഭീതി ഒഴിവാക്കാമെന്നുള്ള അവസ്ഥയാണു ഇപ്പോൾ. പണ്ട് ഇതല്ലായിരുന്നു  സ്ഥിതി.ബഷീറിന്റെ കഥയിലെ “ഡാക്കിട്ടരെ കൊണ്ട് വായോ“ എന്ന ഗർഭിണീയുടെ നിലവിളീ  പണ്ട് സർവ സാധാരണമായിരുന്നു. പഴയ പേറ്റിച്ചികൾ പിൽക്കാലത്ത് മിഡ് വൈഫ് എന്ന് ഓമനപ്പേരിൽ  അറിഞ്ഞിരുന്നവർ എത്രയെത്ര പ്രസവത്തിനും ജനനത്തിനും  സാക്ഷികളായി.  പിന്നീട് ആ കുട്ടികൾ വളർന്നു വളരുമ്പോഴും ഈ പേറ്റിച്ചികളുടെ മുമ്പിൽ ബഹുമാനപുരസ്സരം നിൽക്കുകയും “എടാ നീയെന്റെ കയ്യിലാ പിറന്നു വീണത്“ എന്ന അവരുടെ  വീമ്പു പറച്ചിൽ  ആസ്വദിക്കുകയും ചെയ്തിരുന്നു.

ഇനിയും കുറച്ച് കാലം കൂടി കഴിയുമ്പോൽ എല്ലാ പ്രസവവും  സിസ്സേറിയനിലൂടെ  മാറ്റപ്പെടുമായിരിക്കാം..

Tuesday, March 6, 2018

മദ്യം മദ്യം മദ്യം......

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന  കണ്ണൂര്‍ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍  തലേ ദിവസം തന്നെ ഞങ്ങളില്‍ കുറെ പേര്‍ പോയിരുന്നു. രാത്രിയില്‍ കണ്ണൂരിന് സമീപം ഒരു ഗ്രാമത്തില്‍ വഴി അറിയാതെ ചുറ്റി കറങ്ങി .  നിരത്തില്‍ ആടിയാടി നിന്ന ഒരുവനോട് വഴി അന്വേഷിച്ചപ്പോള്‍  അവന്‍ ചുമ്മാ ചിരിക്കുകയും   നാണത്തോടുകൂടി എന്തോ പതുക്കെ പറയുകയും ചെയ്തു.  വണ്ടി മുന്നോട്ടു പോയപ്പോള്‍ ഞങ്ങളില്‍ ഒരാളായ  പൊന്മുളക്കാരന്‍ പറഞ്ഞു അവന്‍ മണവാട്ടിയാണ് കഴിച്ചിരിക്കുന്നത് എന്ന് .  അതെന്താണ് പൊന്മുളക്കാരാ എന്ന എന്റെ ചോദ്യത്തിനു  അദ്ദേഹം തന്ന മറുപടി  ഇതാണ്. 
മദ്യം മൂന്നു വിധം (ഒന്ന്) ഏ.കെ.ആന്റണി. (രണ്ടു)  മണവാട്ടി (മൂന്നു)   ശിങ്കാര മേളം .  തുടര്‍ന്ന് അദ്ദേഹം വിശദീകരണവും തന്നു. ആന്റണി എന്ന് വെച്ചാല്‍  "ഒന്നും മിണ്ടില്ല ( ആ കാലത്ത് ഏ.കെ. ആന്റണി  എന്ത് പ്രകോപനം ഉണ്ടായാലും  മുനിയെ പോലെ മിണ്ടാതിരുന്നു എന്ന് ശത്രുക്കള്‍ പറഞ്ഞിരുന്നു)
മണവാട്ടി എന്നാല്‍ നമ്മള്‍ ഇപ്പോള്‍ കണ്ടതാണ്  ഭയങ്കര നാണവും ചിരിയും. ശിങ്കാര മേളം കഴിച്ചാല്‍ ഒരടി മുമ്പോട്ട്‌ വെക്കും രണ്ടടി പുറകോട്ടു വെയ്ക്കും
അതങ്ങിനെ തുടര്‍ന്ന് കൊണ്ടിരിക്കും.
ഇതിപ്പോള്‍ ഇവിടെ പറഞ്ഞു വെച്ചത്  മറൊരു സംഭവം പറയാനാണ്.  എന്റെ ഒരു മകന്‍ താമസിക്കുന്നത് ഒരു ചെറിയ കുന്നിന്‍ മുകളിലാണ്.  ആ വീട്ടിന്റെ താഴെ കൂടി കൊല്ലം ചെങ്കോട്ട  റെയില്‍ വെ ലൈന്‍  പോകുന്നു.  ദൂര പരിധി നിയമത്തില്‍ പെട്ട് നഗരത്തിലെ സര്‍ക്കാര്‍ വക മദ്യഷാപ്പ്  ഈ ഉള്‍ പ്രദേശത്ത്  ഒരു വീട്ടിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.  ആവശ്യക്കാര്‍ ന്യായവില ഷാപ്പ് ലക്‌ഷ്യം വെച്ചു പോകുന്നത് വീട്ടിലിരുന്നാല്‍ കാണാം. ഭൂരിഭാഗം പേരും കൂലി വേലക്കാര്‍. അവര്‍ കൂട്ടായും ഒറ്റ ആയും  റെയില്‍ പാതയുടെ ഓരം പറ്റി പോകുന്ന കാഴ്ച കൌതുകരമാണ്.  എത്ര ശാന്തരായി  ക്ഷമയോടെ ഈ വഴിത്താര അവര്‍ താണ്ടി  ലക്ഷ്യ സ്ഥാനത്തേക്ക്  പോകുന്നത് .  പക്ഷെ തിരിച്ചു വരുന്നത് നേരത്തെ പറഞ്ഞ മൂന്നു വിഭാഗത്തില്‍  ഏതെങ്കിലും ഒന്നില്‍ പെട്ടായിരിക്കും. ചിലര്‍ ട്രെയിന്‍ കടന്നു പോകുമ്പോള്‍ വണ്ടി നിര്‍ത്താന്‍ കൈ കാണിക്കും. മറ്റു ചിലര്‍ ഉടുത്തിരിക്കുന്ന മുണ്ട് ഉരിഞ്ഞു വീശി കാണിക്കും  എന്നിട്ടും നിര്‍ത്താതെ  പോകുന്ന ട്രെയിനിനെ നോക്കി  ചിലര്‍ തെറി വിളിക്കും. ഇനിയുമൊരു കൂട്ടര്‍  വഞ്ചിപ്പാട്ടും പടയണിപ്പാട്ടും  കൈ കൊട്ടി പാടി  അടി പൊളിയായി മാര്‍ച്ച് ചെയ്തു പോകും. കയ്യിലിരിക്കുന്ന കാശ് കൊടുത്തു  കടിക്കുന്ന പട്ടിയെ വാങ്ങി കഴുത്തില്‍ കെട്ടി നടക്കുന്ന ഇവരില്‍ ഭൂരി ഭാഗവും പകലന്തിയോളം കഷട്ടപ്പെട്ടുണ്ടാക്കിയ കാശ് ആണല്ലോ ഇങ്ങിനെ ചെലവാക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ പ്രയാസം തോന്നുന്നു. കഴിഞ്ഞ ദിവസം സമീപ പ്രദേശത്ത് ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു കിടക്കുന്നുവെന്ന് ആള്‍ക്കാര്‍ പറഞ്ഞറിഞ്ഞു. ഒരു കൂലി വേലക്കാരനായിരുന്നത്രേ!  ഒരു  പക്ഷെ രാത്രി സമയം  ട്രെയിന് കൈ കാണിച്ചു കാണും.  ആള്‍ സ്ഥിരം മദ്യപാനി ആയിരുന്നു എന്നാണു   പറയപ്പെടുന്നത്‌.  അങ്ങിനെ എത്രയെത്ര ജന്മങ്ങള്‍ പാഴായി പോകുന്നു.
ഇനിയെത്ര ഉദ്ബോധനം നല്‍കിയാലും ഇവര്‍ ശീലം മാറ്റില്ലാ എന്നുറപ്പ്.



 പൊയ്ക്കൊണ്ടിരിക്കുന്നത്