Thursday, February 8, 2018

ഭാര്യ പിണങ്ങി പോയി

തലയും കുനിച്ച്  ദുഖിതനായി പോകുന്ന  അയാളെ  നോക്കി ഇരുന്ന  എന്റെ ഉള്ളില്‍ സഹതാപം  അലയടിച്ചു. പാവം മനുഷ്യന്‍ ഭാര്യയെ അയാള്‍   അത്രക്കും സ്നേഹിച്ചിരുന്നു .അവള്‍ ചുണ്ടനക്കുന്നതിനു മുമ്പ്  ഇംഗിതം മനസിലാക്കി അയാള്‍ അത് സാധിച്ചു കൊടുത്തിരുന്നുവെന്നാണ്  കുറെ നേരം മുമ്പ് എന്നോട് സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്. എന്ത് തെറ്റ് ഭാര്യ ചെയ്താലും "സാരമില്ല...സാരമില്ലാ...എന്ന് പറഞ്ഞു അയാള്‍ അവളെ ആശ്വസിപ്പിക്കുമായിരുന്നത്രേ ! അയാളുടെ ബന്ധുക്കള്‍ എല്ലാവരും അയാളെ ഗുണദോഷിച്ചിരുന്നു,  " ഇത്രക്കങ്ങു  ഭാര്യയെ പൊക്കി കൊണ്ട് നടക്കരുത്, അത് നിനക്ക് പാരയാകുമെന്നു". അയാള്‍ അതൊന്നും ഗൌരവമായി എടുത്തില്ല.   എല്ലാവിധ സുഖ സമ്പല്‍ സമൃദ്ധിയില്‍  കഴിഞ്ഞിരുന്ന അവള്‍ അവസാനം ഒളിച്ചോടി പോയത് വീട്ടില്‍ മില്‍മാ പാല്‍ എത്തിച്ചു  തന്നിരുന്ന ഒരുത്തനോടൊപ്പം ആയിരുന്നു.   കൂട്ടത്തില്‍ എല്ലാ വസ്ത്രങ്ങളും ആഭരണങ്ങളും   നാല് വയസ്സുള്ള പെണ്കുഞ്ഞിനെയും   കൊണ്ട് പോകാന്‍ അവള്‍ മറന്നില്ല.
ഭാര്യയെ തിരികെ കിട്ടാന്‍ എല്ലാ വഴികളിലും അയാള്‍ മുട്ടി നോക്കി. ഫലം കണ്ടില്ല.  ഇപ്പോള്‍ അറിഞ്ഞു അവന്‍ അവളെ ദിവസവും നിസാര കാരണത്തിന് പോലം അടിക്കുമെന്നും  ആഭരണങ്ങള്‍ എല്ലാം വിറ്റു  തീര്‍ന്നപ്പോള്‍ ആഹാരത്തിനു പോലും മുട്ടാണെന്നും ആകെ കഷ്ട്ടത്തിലാണെന്നും മറ്റും ഒരു അയല്‍വാസി  അയാളെ അറിയിച്ചു.  ഈ അവസ്ഥയില്‍  ആരെങ്കിലും മുഖേനെ അവളെ സമീപിച്ചാല്‍ അവള്‍ തിരികെ വരുമെന്ന്  അയാള്‍ പ്രത്യാശിക്കുന്നു, അതിനെന്താണ് വഴിയെന്നു ആരായാനാണ്  അയാള്‍ ഇവിടെയെത്തിയത്. അയാള്‍ പറഞ്ഞതെല്ലാം സമയമെടുത്ത് കേട്ട് കഴിഞ്ഞു ഞാന്‍  തീര്‍ത്ത്  പറഞ്ഞു,  " അവള്‍ ഒരിക്കലും  നിങ്ങളോടൊപ്പം  ജീവിക്കാന്‍ വരില്ല, കാരണം അവള്‍ ആഗ്രഹിച്ചിരുന്ന ജീവിതമാണ് അവള്‍ക്കിപ്പോള്‍ കിട്ടിയിരിക്കുന്നത്. അത് ഉപേക്ഷിച്ചു അവള്‍ വരില്ല. ചില സ്ത്രീകള്‍ അങ്ങിനെയാണ്, ഭര്‍ത്താവ് വെറും കൊഞ്ഞാണനാകുന്നത്  അവള്‍ ഇഷ്ടപ്പെടാറില്ല . നാല് കുറ്റം  പറച്ചില്‍ കേള്‍ക്കാനും വഴക്ക് കേള്‍ക്കാനും പിന്നീട് പരിഭവിച്ചിരിക്കാനും അത് കഴിഞ്ഞു ശക്തമായി ഇണക്കം കാണിക്കാനും പിന്നെയും പിണങ്ങാനും  ഇണങ്ങാനും  അവള്‍ കൊതിക്കും.  അല്ലാതെ വായില്‍ നോക്കി വെറും മിഴുങ്ങനാകുന്നവനെ  അവള്‍ പെട്ടെന്ന് മടുക്കും.  അനുകൂല സാഹചര്യം ഒത്തു വന്നപ്പോള്‍  ഉശിരുള്ള ഒരുത്തനോടൊപ്പം അവള്‍ ഇറങ്ങി പോയി. ചില ജീവിതങ്ങള്‍ ഇങ്ങിനെയാണ്‌ , നിങ്ങള്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍    നിങ്ങളോടൊപ്പം കഴിഞ്ഞ കാലത്ത് അവള്‍ക്കെന്തു കുറവാണുണ്ടായിരുന്നതെന്ന്  അതിശയിക്കും .പക്ഷെ  അവളുടെ കാഴ്ചപ്പാട്  എന്തെന്ന്  നിങ്ങള്ക്ക് ഭാര്യയോടുള്ള  സ്നേഹത്തിന്റെ ആധിക്യത്താല്‍ ഒരിക്കലും  നിങ്ങള്‍ക്ക്       മനസിലാക്കാന്‍ സാധിച്ചുമില്ല. ഇനി സഹിക്കുക തന്നെ. ഞാന്‍ ഈ പറയുന്നത് ബോദ്ധ്യപ്പെടാന്‍  ഒരു കാര്യം ചിന്തിച്ചാല്‍ മതി.  എന്ത് ചെയ്താലും നിങ്ങള്‍ പൊറുക്കുമെന്ന് നല്ലവണ്ണം തിരിച്ചറിയുന്ന അവള്‍ ഇപ്പോഴുള്ള ഭര്‍ത്താവില്‍ നിന്നും ഇതെല്ലാം സഹിച്ചിട്ടും എന്ത് കൊണ്ട് നിങ്ങളെ തേടി വന്നില്ല? 
 അയാള്‍ നിശബ്ദനായി ഇരുന്നു  ഞാന്‍ പറയുന്നത് കേട്ടൂ.  പിന്നീട് തലയും കുമ്പിട്ടു ഇറങ്ങി പോയി.  

No comments:

Post a Comment