Monday, February 19, 2018

ആരുമില്ലേ ഇവരേ ചോദ്യം ചെയ്യാന്‍...

ആട്ടോ റിക്ഷയില്‍ കയറാന്‍  ശ്രമിച്ച  ഭാര്യ കാല്‍ വഴുതി വീണു. മുമ്പുണ്ടായിരുന്ന ഒരു അപകടത്താല്‍  കാല്‍ ഒടിഞ്ഞു  കമ്പി ഇട്ടിരുന്ന വലതുകാല്‍ ഇപ്പോഴത്തെ  വീഴ്ചയില്‍ മുട്ടിനു സമീപം വെച്ച്  പഴയ   കമ്പി ഒടിയുകയും  മുട്ടിനു പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍ഗണന കൊടുത്തതിനാല്‍  താലൂക് ആശുപത്രിയില്‍ പരിക്ക് പറ്റിയ     ആളെയും കൊണ്ട് എത്തി പതിവ് ചടങ്ങുകള്‍ക്കും എക്സ്റേ എടുപ്പിന് ശേഷവും  ഡ്യൂട്ടി ഡോക്ടറുടെ മുമ്പാകെ രോഗിയെ  സ്ട്രെച്ചറില്‍  കൊണ്ടുചെന്നു. അവര്‍ പൊതു വിഭാഗമാണെന്നും  അസ്ഥി ചികിത്സകന്‍ വന്നാലേ കാര്യം ശരിയാകുള്ളൂ  എന്ന് അറിഞ്ഞതിനാല്‍  പരിക്ക് പറ്റിയ ആളെയും കൊണ്ട്  വണ്ടിയില്‍  അസ്ഥി  വിദഗ്ദനെയും തിരക്കി  നഗരത്തില്‍ അലഞ്ഞു അവസാനം അദ്ദേഹം സ്വകാര്യ ചികിത്സ  നടത്തുന്ന താവളത്തില്‍  എത്തിച്ചേര്‍ന്നു . എക്സറേ വിശദമായി  പഠിച്ചതിനു ശേഷം അദ്ദേഹം  മൊഴിഞ്ഞു, " ഇത് കുഴക്കുന്ന കേസാണ്, ആദ്യം കാലില്‍ പഴയ ഒടിവിനായി  സ്ഥാപിച്ചിട്ടുള്ള കമ്പി  നീക്കം ചെയ്തു പുതിയ കമ്പി സ്ഥാപിക്കുന്ന ഓപറേഷന്‍ ചെയ്യണം. സമയമെടുത്തും സൂക്ഷമതയോടെയും ചെയ്യേണ്ട  ക്രിയയാണ്, അത് ഇവിടെ  പറ്റില്ല  മെഡിക്കല്‍ കോളേജില്‍ കൊണ്ട് പൊക്കൊള്ളൂ, അവിടെ വിദഗ്ദര്‍ കാണും"
"ഡോക്റ്റര്‍  വിദഗ്ദനല്ലേ?' ഞാന്‍ ആരാഞ്ഞു. "
"ഞാന്‍ അല്‍പ്പം തിരക്കിലാണ്" അറുത്തു മുറിച്ചായിരുന്നു അയാളുടെ മറുപടി, എന്നിട്ട് കൂട്ടി ചേര്‍ത്തു,  "ഇവിടെ സ്വകാര്യ ആശുപത്രിയില്‍ ( ആശുപത്രിയുടെ പേര് അദ്ദേഹം പറഞ്ഞു തന്നു)  ഈ ഓപറേഷന്‍ അവിടെ  ചെയ്തു തരും"
ബ്ലൈഡും  കൊടുവാളും എന്നറിയപ്പെട്ടിരുന്ന ആ  ആശുപത്രിയിലെ  ചെലവു താങ്ങാന്‍ സാധിക്കാത്തതിനാല്‍ പകരം കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിനെ ഞാന്‍  അഭയം പ്രാപിച്ചു.
അതവിടെ നില്‍ക്കട്ടെ . കോടിക്കണക്കിനു രൂപാ ചെലവഴിച്ചാണ്  സര്‍ക്കാര്‍ താലൂക്ക് ആശുപത്രികളും  ജില്ലാ ആശുപത്രികളും സ്ഥാപിച്ചിരിക്കുന്നത്.  ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്താന്‍ കഴിയുന്ന ചികിത്സ പോലും സര്‍ക്കാര്‍ വക ആശുപത്രിയില്‍ ചെയ്യാന്‍ സാധ്യമല്ലാ എങ്കില്‍  പിന്നെന്തിനാണ് ഈ  സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക്   ശമ്പളം കൊടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യക്കാരെ ഏല്‍പ്പിച്ചാല്‍ പോരെ?
മെഡിക്കല്‍ കോളേജിലെ  ഡോക്റ്റര്‍ക്ക്‌  രണ്ടു കൊമ്പു കൂടുതലുണ്ടോ , അവര്‍ക്കും താലൂക്ക് ആശുപത്രിയിലെ വൈദ്യര്‍ക്കും യോഗ്യത മെഡിക്കല്‍ ബിരുദം തന്നെയല്ലേ, അവിടെയുള്ള  ഡോക്റ്റര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ഒരു സാധാരണ  ശസ്ത്രക്രിയ താലൂക്കിലെ വൈദ്യര്‍ക്കു ചെയ്തു കൂടെ?  റിസ്ക്‌ എടുത്തു ജോലി ചെയ്യാന്‍  മടി. അതല്ലേ സത്യം? മെഡിക്കല്‍ കോളേജിലെ ചികിത്സകര്‍ക്ക് ചികിത്സിച്ചുള്ള പരിശീലനം ( എക്സ്പീരിയന്‍സ്) കൂടുതല്‍ ഉണ്ടെന്നാണ്  ന്യായീകരണമെങ്കില്‍ ജോലികള്‍  ചെയ്യാതിരുന്നാല്‍ താലൂക്കുകാരന് എക്സ്പീരിയന്‍സ് കിട്ടുന്നതെങ്ങിനെ എന്ന മറുപടി നിങ്ങള്‍ തരേണ്ടി വരും.
താലൂക്ക് ആശുപത്രിയിലെ ഭിഷഗ്വരന്മാര്‍ക്ക് ചെയ്യാന്‍  കഴിയില്ല എന്ന് ബോദ്ധ്യമുള്ള ഗുരുതര രോഗങ്ങളെ മെഡിക്കല്‍ കോളെജിലേക്ക് വിടുന്നതില്‍ തെറ്റില്ല, പക്ഷെ  ഞങ്ങള്‍ ഒന്നും ചെയ്യില്ല, വെറും പാരസെറ്റാമോള്‍  കൊടുക്കല്‍ മാത്രമാണ് ഞങ്ങളുടെ ജോലി ബാക്കി എല്ലാം മെഡിക്കല്‍ കോളേജുകാര്‍   ചെയ്യട്ടെ  എന്ന ഭാവത്തില്‍ ഇരിക്കുന്നവരെ അടിച്ചു പുറത്താക്കി  ശുദ്ധി കലശം  നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment