Friday, February 16, 2018

ആനവണ്ടിയും ചില ചിന്തകളും.

കൊട്ടാരക്കര ബസ് സ്ടാന്റ്റ് ആണു രംഗം.
 സംസ്ഥാനം വക  ബസ്സുകള്‍ വിവിധ സ്ഥലങ്ങളിലേക്ക്  പോകാനായി നിരത്തി ഇട്ടിരിക്കുന്നു. കൂട്ടത്തില്‍ തമിഴ് നാട് സര്‍ക്കാര്‍ വക ഒരു ബസ്സും കൊല്ലത്തേക്ക്‌ പോകാനായി തയാറായി നില്‍പ്പുണ്ട്. അതില്‍ നിന്നും കണ്ടക്ടര്‍  ഇറങ്ങി നിന്ന് യാത്രക്കാരെ വിളിക്കുകയാണ്‌. കൊല്ലം...കൊല്ലം... കുണ്ടറ ... കരിക്കോട്....അയാള്‍ ആള്‍ക്കാരെ ക്ഷണിച്ചു ബസ്സിലേക്ക് കയറ്റി  വിടുകയും  ബസ്സിനകത്തേക്ക്  കയറി  ഇനിയുമെത്ര സീറ്റുകള്‍  അവശേഷിക്കുന്നു എന്നു  നോക്കുകയും വീണ്ടും താഴെ ഇറങ്ങി നിന്ന് കൊല്ലം...കൊല്ലം...എന്ന് വിളിക്കുകയും ചെയ്യുന്നു. ഇതിലെന്താണിത്ര  പുതുമ  എന്ന ചിന്ത വേണ്ട. നമ്മുടെ  നാട്ടിലും ഈ കാഴ്ച സര്‍വ സാധാരണമാണ്. പക്ഷെ അത്  സ്വകാര്യ  ബസ് സ്റ്റേഷനില്‍  മാത്രം.     സര്‍ക്കാര്‍ വക ബസ്സുകളില്‍ ഒരു ജീവനക്കാരനും   ഇപ്രകാരം യാത്രക്കാരെ വിളിച്ചു   കയറ്റുകയില്ല. "വേണമെങ്കില്‍ വന്നു കയറെടോ"  എന്ന മട്ട്. 
കെ.എസ.ആര്‍ .റ്റി.സി. ജീവനക്കാര്‍  ഇപ്രകാരം ആള്‍ക്കാരെ വിളിച്ചു കൂട്ടി  ലാഭം ഉണ്ടാക്കണമെന്ന്  ആര്‍ക്കും അഭിപ്രായമില്ല. പക്ഷെ മറ്റൊരു  സര്‍ക്കാര്‍ വക ബസ്സ്‌ ജീവനക്കാരന്റെ അര്‍പ്പണ  മനോഭാവം ചൂണ്ടിക്കാണിക്കാനാണ് മുകളില്‍ പറഞ്ഞ  സംഭവം ഉദ്ധരിച്ചത്.
ആള്‍ക്കാരെ വിളിച്ചു കയറ്റണ്ട, പക്ഷെ ബസ്സ്‌ സ്ടാന്ടില്‍ യാത്രക്കായി  കിടക്കുന്ന കേരള   സര്‍ക്കാര്‍ വക ബസ്സിന്റെ സമീപം ചെന്ന് അത് പുറപ്പെടുന്ന സമയം എപ്പോഴാണെന്ന്ഡ്രൈവറോട്   തിരക്കി നോക്കുക, ഭൂരിഭാഗം പേരും    അല്‍പ്പ നേരം  അനങ്ങാതിരുന്നു  പിന്നെ കുറെ  സമയം കഴിഞ്ഞു  പറഞ്ഞു തന്നാലായി  അല്ലെങ്കിലായി ..ആ ഗൌരവം ഒന്ന് കാണേണ്ടത് തന്നെയാണ്. കേരളത്തില്‍ പോലീസ് കഴിഞ്ഞാല്‍  ജനം ഭയപ്പെടുന്നത്  സര്‍ക്കാര്‍ വക ബസ്സ്‌  കണ്ടക്ട്ടരന്മാരെയും  ഡ്രൈവറന്മാരേയുമാണ്. അത്രയ്ക്ക് ഗൌരവമാണ് ചിലര്‍ക്ക്.
ജീവനക്കാരീന്റെ അര്‍പ്പണ മനോഭാവം ആ  പ്രസ്ഥാനത്തെ  ഏപ്പോഴും വിജയത്തിലേക്കെത്തിക്കും. ജനങ്ങളുമായി  ജീവനക്കാര്‍ സൌഹൃദപരമായി  ഇടപെട്ടു നോക്കുക, അപ്പോളറിയാം  ജനങ്ങളുടെ സഹകരണവും പിന്‍ തുണയും  എത്രമാത്രം നിങ്ങള്‍ക്ക്  ലഭ്യമാണെന്ന്.

No comments:

Post a Comment