Tuesday, February 27, 2018

ഭയപ്പെടെണ്ടവര്‍

ഭയപ്പെടെണ്ടത്  ആരെയാണ്?
ഭീകരര്‍ ...അല്ലാ, അവരെ നമുക്ക്  നേരിടാം.
കക്ഷത്ത്‌ രസീത് ബുക്കും നോട്ടീസുമായി  പടി കയറി വരുന്ന പിരിവുകാര്‍.
ഹേ! അല്ലാ...
രാഷ്ട്രീയക്കാര്‍.......ഒ! അവരുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞാല്‍ പോരെ.... അവരുടെ ഉപദ്രവത്തില്‍  നിന്ന്  രക്ഷപെടാമല്ലോ....
പിന്നാരാണെന്നു പറഞ്ഞു തുലക്ക്.......

പെന്‍ഷന്‍കാര്‍....അതേ  പെന്‍ഷന്‍കാര്‍ തന്നെ.
അതി പുലര്‍ച്ചയ്ക്ക് തന്നെ  ഇവരുടെ  സാന്നിധ്യം നമുക്ക് അനുഭവപ്പെട്ടു തുടങ്ങും. തലയില്‍  മഫ്ലറും കെട്ടി കൂട്ടം കൂട്ടമായി നടക്കാനിറങ്ങുന്നവരെ പേടിക്കേണ്ട. അവരങ്ങ് പോയിക്കൊള്ളും. പക്ഷെ ഈ വര്‍ഗത്തിലെ ഒറ്റയാനെ പേടിചേ മതിയാകൂ. വളരെ അത്യാവശ്യമായി ആദ്യത്തെ വണ്ടിക്കു അടുത്ത നഗരത്തില്‍ പോകാനിറങ്ങുന്ന നമ്മള്‍  ചെന്ന് പെടുന്നത് ഈ ഒറ്റയാന്റെ കയ്യിലാണെങ്കില്‍ അന്നത്തെ കാര്യ കട്ട പോഹയായിരിക്കും.നമ്മുടെ നൂലാപ്പീസു വരെ  വലിച്ചു  തീര്‍ത്തിട്ടെ നമ്മെ വിടൂ.  നമുക്ക്  ഒട്ടും താല്പര്യമില്ലാത്ത  എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാതെ മൂപ്പര് നമ്മളെ വിടുകയില്ല. അവസാനം   ജീവനും കൊണ്ട് പാഞ്ഞു പോകുന്ന നമ്മളെ നോക്കി കാര്‍ന്നോര്‍ വിളിച്ചു പറയും നാളെയുംഈ സമയത്ത് കാണണം ....താന്‍ ജോലി ചെയ്തിരുന്ന  സ്ഥാപനത്തില്‍  ഈ ഒറയാന്‍ ചെന്ന് കയറും.  അനുവാദം ലഭിക്കുന്നതിനു മുമ്പ് തന്നെ ആരുടെയെങ്കിലും കസേരയില്‍ ഇരിപ്പുറപ്പിച്ചു  അപ്പോള്‍ ഓടി പാഞ്ഞു വരുന്ന ഏതെങ്കിലും  ജീവനക്കാരനെ നോക്കി ചോദിക്കും, "ഹേ!  മിസ്ടര്‍! അല്‍പ്പം നേരത്തെ വന്നു കൂടെ?  വെപ്രാളത്തില്‍ പാഞ്ഞു വരുന്ന ചങ്ങാതി  മര്യാദയുടെ പുറത്ത് ഒന്ന് ഇളിചെന്നു വരുത്തുമെങ്കിലും ഉള്ളില്‍ പറയും, എടൊ ആവശ്യമില്ലാത്ത രോമമേ,  രാവിലെ തനിക്ക് പണിയൊന്നുമില്ലാഞ്ഞിട്ടാണോ  ഇങ്ങോട്ട് കെട്ടി എടുത്തത്?
കാര്‍ന്നോരു അപ്പോഴേക്കും താന്‍   സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്തെ ഗീര്‍വാണം ആരംഭിച്ചിരിക്കും. ടൂ തൌസന്റ്  ത്രീയില്‍..ഞാന്‍ അന്ന് ഹെട്ക്ലര്‍ക്കായിരുന്നപ്പോള്‍.........
ഹോ!  ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍  നിങ്ങള്‍ ഒരു ചോദ്യം  ചോദിക്കാന്‍  തിടുക്കപ്പെടുന്നു,  ചുണ്ട് കൂര്‍പ്പിക്കുന്നു, മുഖത്ത് ഹാസ്യം വരുത്തുന്നു....സാറും ഒരു  പെന്‍ഷനര്‍  അല്ലെ?  സാറ് ഇങ്ങിനെയാണോ പെരുമാരുന്നതെന്ന്‍ ..അതോ സ്വന്തം അനുഭവമാണോ എന്നു...... ഇതാണ് നിങ്ങളുടെ കുഴപ്പം..ഒരു കാര്യവും സത്യ സന്ധതയോടെ അവതരിപ്പിക്കാന്‍ സമ്മതിക്കൂലാ.... ഉടനെ ഇടം കോലിടാന്‍ വരും...നിര്‍ത്തി...നിര്‍ത്തി...ഞാന്‍ പോയി.

Thursday, February 22, 2018

വിവാഹ മോചനം കേരളത്തില്‍

വിവാഹ മോചനത്തിന്റെ   തലസ്ഥാനം പണ്ട് അമേരിക്കയായിരുന്നു. ഭര്‍ത്താവ് അടുത്ത് കിടന്നു കൂര്‍ക്കം വലിച്ചതിന് വരെ അമേരിക്കയില്‍  വിവാഹ മോചനം നടന്നുവെന്ന് എവിടെയോ വായിച്ചിട്ടുമുണ്ട്. പക്ഷെ ഇന്ന് ആ യോഗ്യത കേരളത്തിനു ലഭിക്കുമോ എന്ന സ്ഥിതിയിലേക്കാണ്  വിവാഹ മോചന കേസുകളുടെ  എണ്ണത്തിലെ  വര്‍ദ്ധന  ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.ഈ അടുത്ത കാലത്ത്  മദ്ധ്യസ്ഥതാ  ശ്രമം നടത്തേണ്ടി വന്ന  ചില കേസുകളില്‍  വിവാഹ മോചനത്തിനായി കക്ഷികള്‍ ഉന്നയിച്ച കാരണങ്ങള്‍ രസാവഹമാണ്.
ഒരു കേസിലെ ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു  സ്വന്തം വീട്ടിലേക്കു പോകാന്‍ ഉന്നയിച്ച കാരണങ്ങളില്‍ ഒന്ന്  ഭര്‍ത്താവ് മുണ്ടുടുക്കുന്നു, പാന്റ്സ് ഇടുന്നില്ലാ എന്നായിരുന്നു    വേറെ  പല കാരണങ്ങള്‍ അവള്‍  പറഞ്ഞുവെങ്കിലും  ഈ കാരണവും അവയിലൊന്നായിരുന്നു. ഒരു ചെറിയ  മമ്മൂട്ടിയെയോ  ഷാരൂഖ് ഖാനെയോ  പെരുമാറ്റത്തില്‍ പ്രതീക്ഷിച്ചിരുന്ന പെണ്‍കുട്ടിക്ക് കാഴ്ചയില്‍  മോഹന്‍ ലാലിനെ പോലോരുത്തനെ കിട്ടിയെങ്കിലും  പെരുമാറ്റത്തില്‍ ഒരു ഉഷിരനെ  ലഭിചില്ലായിരിക്കാം. കൂട്ടത്തില്‍ മറ്റു    പല കാരണങ്ങളും വിവാഹ മോചനത്തിനായി പറഞ്ഞ   പെണ്ണ് എങ്ങിനെയോ  തടി സൂട്ടാക്കി ഇപ്പോള്‍ പിരിഞ്ഞു ജീവിക്കുന്നു.
കല്യാണ  പന്തലില്‍  വെച്ച് വരന്റെ കൂട്ടുകാരില്‍ ഒരാള്‍  വധുവിന്റെ നേരെ  "ഹലോ" പറഞ്ഞു കൈ നീട്ടിയപ്പോള്‍  വധു തിരിച്ചു ഹലോ പറയാതെ  കൈ കൂപ്പലില്‍ ഒതുങ്ങി നിന്നതിനു  പട്ടിക്കാടീ  എന്ന് വിളിച്ച  വരന്‍  വേറെ പല കാരണങ്ങളും  തപ്പി എടുത്തു വിവാഹ മോചനം ഇരന്നു വാങ്ങിച്ചു.  എന്നിട്ട് ഇപ്പോള്‍  മറ്റൊരുത്തിയെ  കെട്ടി അവളുടെ മുമ്പില്‍ സുക്കൂത്തായി  അനുസരണയുള്ള  ഭര്‍ത്താവായി  ജീവിക്കുന്നു.
ഭാര്യയക്ക്‌ തന്നെക്കാളും വിദ്യാഭ്യാസ യോഗ്യത കൂടിയതിനാല്‍  കിട്ടുന്നിടത്തെല്ലാം വെച്ചു  അവളെ  താഴ്ത്തിക്കെട്ടാനും ഭര്‍ത്താവിന്റെ    വീട്ടുകാര്‍ക്ക് അടിമ പണി ചെയ്തു ജീവിക്കാനും  നിര്‍ദ്ദേശിച്ച  ഒരുത്തന്‍   (അഞ്ചാം ക്ലാസ്സും ഗുസ്തിയും മാത്രമാണ് അവന്റെ യോഗ്യത) തന്റെ ഉപദ്രവം ഒരു തുടര്‍ക്കഥ ആക്കി മാറ്റിയപ്പോള്‍   പെണ്‍കുട്ടിക്ക്  വിവാഹ മോചനമല്ലാതെ   മറ്റെന്തു  ഗതി എന്നായി അവസ്ഥ.
ഇതിലും വിചിത്രമായതും  എത്ര ഉപദേശം കൊടുത്താലും കാര്യങ്ങള്‍  പറഞ്ഞു  മനസിലാക്കാന്‍ ശ്രമിച്ചാലും വഴങ്ങാത്തതുമായ  അനേകം കേസുകളില്‍ പ്രധാന വില്ലന്‍ പിടി  വാശി മാത്രമാണ്. പിടി വാശി കൊണ്ട് മാത്രം ജീവിതം തുലക്കുന്ന യുവതകള്‍ ഇന്നത്തെ ലോകത്തിലെ  നിത്യ കാഴ്ചയാണ്. എടുത്തു പറയത്തക്ക മറ്റൊരു  പ്രത്യേകത  ബന്ധുക്കള്‍ നിഷ്പക്ഷരല്ലാതായി തീരുക എന്നതാണ്.  അവരുടെ കുട്ടിയുടെ ഭാഗം അവര്‍ ന്യായീകരിച്ചു സംസാരിക്കും. നിസ്സാര കാരണത്തിന് പോലും  ഭര്‍ത്താവുമായി പിണങ്ങി വന്ന  പെണ്ണിനെ വീട്ടില്‍ തന്നെ നിര്‍ത്താനാണ്  ഇപ്പോഴുള്ള മാതാക്കള്‍ ശ്രമിക്കുന്നത്. പിതാവ് അതിനു പിന്‍ തുണയും നല്‍കും. പണ്ട് രണ്ടു ദിവസം നിന്നാല്‍ അമ്മയും അച്ഛനും കൂടി  പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടാക്കി  വേണ്ടി വന്നാല്‍ മാപ്പും പറയും (തെറ്റ് പെണ്ണിന്റെ ഭാഗത്താണെങ്കില്‍) ഇന്ന്  അതല്ല സ്ഥിതി.

ഏറ്റവും വിഷമം ഉണ്ടാക്കുന്ന വസ്തുത വിവാഹ മോചനം  80 ശതമാനവും  മുപ്പതു വയസിനു താഴെ ഉള്ളവരിലാണ്  കാണപ്പെടുന്നത്  എന്നിടത്താണ്. 

Monday, February 19, 2018

ആരുമില്ലേ ഇവരേ ചോദ്യം ചെയ്യാന്‍...

ആട്ടോ റിക്ഷയില്‍ കയറാന്‍  ശ്രമിച്ച  ഭാര്യ കാല്‍ വഴുതി വീണു. മുമ്പുണ്ടായിരുന്ന ഒരു അപകടത്താല്‍  കാല്‍ ഒടിഞ്ഞു  കമ്പി ഇട്ടിരുന്ന വലതുകാല്‍ ഇപ്പോഴത്തെ  വീഴ്ചയില്‍ മുട്ടിനു സമീപം വെച്ച്  പഴയ   കമ്പി ഒടിയുകയും  മുട്ടിനു പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍ഗണന കൊടുത്തതിനാല്‍  താലൂക് ആശുപത്രിയില്‍ പരിക്ക് പറ്റിയ     ആളെയും കൊണ്ട് എത്തി പതിവ് ചടങ്ങുകള്‍ക്കും എക്സ്റേ എടുപ്പിന് ശേഷവും  ഡ്യൂട്ടി ഡോക്ടറുടെ മുമ്പാകെ രോഗിയെ  സ്ട്രെച്ചറില്‍  കൊണ്ടുചെന്നു. അവര്‍ പൊതു വിഭാഗമാണെന്നും  അസ്ഥി ചികിത്സകന്‍ വന്നാലേ കാര്യം ശരിയാകുള്ളൂ  എന്ന് അറിഞ്ഞതിനാല്‍  പരിക്ക് പറ്റിയ ആളെയും കൊണ്ട്  വണ്ടിയില്‍  അസ്ഥി  വിദഗ്ദനെയും തിരക്കി  നഗരത്തില്‍ അലഞ്ഞു അവസാനം അദ്ദേഹം സ്വകാര്യ ചികിത്സ  നടത്തുന്ന താവളത്തില്‍  എത്തിച്ചേര്‍ന്നു . എക്സറേ വിശദമായി  പഠിച്ചതിനു ശേഷം അദ്ദേഹം  മൊഴിഞ്ഞു, " ഇത് കുഴക്കുന്ന കേസാണ്, ആദ്യം കാലില്‍ പഴയ ഒടിവിനായി  സ്ഥാപിച്ചിട്ടുള്ള കമ്പി  നീക്കം ചെയ്തു പുതിയ കമ്പി സ്ഥാപിക്കുന്ന ഓപറേഷന്‍ ചെയ്യണം. സമയമെടുത്തും സൂക്ഷമതയോടെയും ചെയ്യേണ്ട  ക്രിയയാണ്, അത് ഇവിടെ  പറ്റില്ല  മെഡിക്കല്‍ കോളേജില്‍ കൊണ്ട് പൊക്കൊള്ളൂ, അവിടെ വിദഗ്ദര്‍ കാണും"
"ഡോക്റ്റര്‍  വിദഗ്ദനല്ലേ?' ഞാന്‍ ആരാഞ്ഞു. "
"ഞാന്‍ അല്‍പ്പം തിരക്കിലാണ്" അറുത്തു മുറിച്ചായിരുന്നു അയാളുടെ മറുപടി, എന്നിട്ട് കൂട്ടി ചേര്‍ത്തു,  "ഇവിടെ സ്വകാര്യ ആശുപത്രിയില്‍ ( ആശുപത്രിയുടെ പേര് അദ്ദേഹം പറഞ്ഞു തന്നു)  ഈ ഓപറേഷന്‍ അവിടെ  ചെയ്തു തരും"
ബ്ലൈഡും  കൊടുവാളും എന്നറിയപ്പെട്ടിരുന്ന ആ  ആശുപത്രിയിലെ  ചെലവു താങ്ങാന്‍ സാധിക്കാത്തതിനാല്‍ പകരം കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിനെ ഞാന്‍  അഭയം പ്രാപിച്ചു.
അതവിടെ നില്‍ക്കട്ടെ . കോടിക്കണക്കിനു രൂപാ ചെലവഴിച്ചാണ്  സര്‍ക്കാര്‍ താലൂക്ക് ആശുപത്രികളും  ജില്ലാ ആശുപത്രികളും സ്ഥാപിച്ചിരിക്കുന്നത്.  ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്താന്‍ കഴിയുന്ന ചികിത്സ പോലും സര്‍ക്കാര്‍ വക ആശുപത്രിയില്‍ ചെയ്യാന്‍ സാധ്യമല്ലാ എങ്കില്‍  പിന്നെന്തിനാണ് ഈ  സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക്   ശമ്പളം കൊടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യക്കാരെ ഏല്‍പ്പിച്ചാല്‍ പോരെ?
മെഡിക്കല്‍ കോളേജിലെ  ഡോക്റ്റര്‍ക്ക്‌  രണ്ടു കൊമ്പു കൂടുതലുണ്ടോ , അവര്‍ക്കും താലൂക്ക് ആശുപത്രിയിലെ വൈദ്യര്‍ക്കും യോഗ്യത മെഡിക്കല്‍ ബിരുദം തന്നെയല്ലേ, അവിടെയുള്ള  ഡോക്റ്റര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ഒരു സാധാരണ  ശസ്ത്രക്രിയ താലൂക്കിലെ വൈദ്യര്‍ക്കു ചെയ്തു കൂടെ?  റിസ്ക്‌ എടുത്തു ജോലി ചെയ്യാന്‍  മടി. അതല്ലേ സത്യം? മെഡിക്കല്‍ കോളേജിലെ ചികിത്സകര്‍ക്ക് ചികിത്സിച്ചുള്ള പരിശീലനം ( എക്സ്പീരിയന്‍സ്) കൂടുതല്‍ ഉണ്ടെന്നാണ്  ന്യായീകരണമെങ്കില്‍ ജോലികള്‍  ചെയ്യാതിരുന്നാല്‍ താലൂക്കുകാരന് എക്സ്പീരിയന്‍സ് കിട്ടുന്നതെങ്ങിനെ എന്ന മറുപടി നിങ്ങള്‍ തരേണ്ടി വരും.
താലൂക്ക് ആശുപത്രിയിലെ ഭിഷഗ്വരന്മാര്‍ക്ക് ചെയ്യാന്‍  കഴിയില്ല എന്ന് ബോദ്ധ്യമുള്ള ഗുരുതര രോഗങ്ങളെ മെഡിക്കല്‍ കോളെജിലേക്ക് വിടുന്നതില്‍ തെറ്റില്ല, പക്ഷെ  ഞങ്ങള്‍ ഒന്നും ചെയ്യില്ല, വെറും പാരസെറ്റാമോള്‍  കൊടുക്കല്‍ മാത്രമാണ് ഞങ്ങളുടെ ജോലി ബാക്കി എല്ലാം മെഡിക്കല്‍ കോളേജുകാര്‍   ചെയ്യട്ടെ  എന്ന ഭാവത്തില്‍ ഇരിക്കുന്നവരെ അടിച്ചു പുറത്താക്കി  ശുദ്ധി കലശം  നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Friday, February 16, 2018

ആനവണ്ടിയും ചില ചിന്തകളും.

കൊട്ടാരക്കര ബസ് സ്ടാന്റ്റ് ആണു രംഗം.
 സംസ്ഥാനം വക  ബസ്സുകള്‍ വിവിധ സ്ഥലങ്ങളിലേക്ക്  പോകാനായി നിരത്തി ഇട്ടിരിക്കുന്നു. കൂട്ടത്തില്‍ തമിഴ് നാട് സര്‍ക്കാര്‍ വക ഒരു ബസ്സും കൊല്ലത്തേക്ക്‌ പോകാനായി തയാറായി നില്‍പ്പുണ്ട്. അതില്‍ നിന്നും കണ്ടക്ടര്‍  ഇറങ്ങി നിന്ന് യാത്രക്കാരെ വിളിക്കുകയാണ്‌. കൊല്ലം...കൊല്ലം... കുണ്ടറ ... കരിക്കോട്....അയാള്‍ ആള്‍ക്കാരെ ക്ഷണിച്ചു ബസ്സിലേക്ക് കയറ്റി  വിടുകയും  ബസ്സിനകത്തേക്ക്  കയറി  ഇനിയുമെത്ര സീറ്റുകള്‍  അവശേഷിക്കുന്നു എന്നു  നോക്കുകയും വീണ്ടും താഴെ ഇറങ്ങി നിന്ന് കൊല്ലം...കൊല്ലം...എന്ന് വിളിക്കുകയും ചെയ്യുന്നു. ഇതിലെന്താണിത്ര  പുതുമ  എന്ന ചിന്ത വേണ്ട. നമ്മുടെ  നാട്ടിലും ഈ കാഴ്ച സര്‍വ സാധാരണമാണ്. പക്ഷെ അത്  സ്വകാര്യ  ബസ് സ്റ്റേഷനില്‍  മാത്രം.     സര്‍ക്കാര്‍ വക ബസ്സുകളില്‍ ഒരു ജീവനക്കാരനും   ഇപ്രകാരം യാത്രക്കാരെ വിളിച്ചു   കയറ്റുകയില്ല. "വേണമെങ്കില്‍ വന്നു കയറെടോ"  എന്ന മട്ട്. 
കെ.എസ.ആര്‍ .റ്റി.സി. ജീവനക്കാര്‍  ഇപ്രകാരം ആള്‍ക്കാരെ വിളിച്ചു കൂട്ടി  ലാഭം ഉണ്ടാക്കണമെന്ന്  ആര്‍ക്കും അഭിപ്രായമില്ല. പക്ഷെ മറ്റൊരു  സര്‍ക്കാര്‍ വക ബസ്സ്‌ ജീവനക്കാരന്റെ അര്‍പ്പണ  മനോഭാവം ചൂണ്ടിക്കാണിക്കാനാണ് മുകളില്‍ പറഞ്ഞ  സംഭവം ഉദ്ധരിച്ചത്.
ആള്‍ക്കാരെ വിളിച്ചു കയറ്റണ്ട, പക്ഷെ ബസ്സ്‌ സ്ടാന്ടില്‍ യാത്രക്കായി  കിടക്കുന്ന കേരള   സര്‍ക്കാര്‍ വക ബസ്സിന്റെ സമീപം ചെന്ന് അത് പുറപ്പെടുന്ന സമയം എപ്പോഴാണെന്ന്ഡ്രൈവറോട്   തിരക്കി നോക്കുക, ഭൂരിഭാഗം പേരും    അല്‍പ്പ നേരം  അനങ്ങാതിരുന്നു  പിന്നെ കുറെ  സമയം കഴിഞ്ഞു  പറഞ്ഞു തന്നാലായി  അല്ലെങ്കിലായി ..ആ ഗൌരവം ഒന്ന് കാണേണ്ടത് തന്നെയാണ്. കേരളത്തില്‍ പോലീസ് കഴിഞ്ഞാല്‍  ജനം ഭയപ്പെടുന്നത്  സര്‍ക്കാര്‍ വക ബസ്സ്‌  കണ്ടക്ട്ടരന്മാരെയും  ഡ്രൈവറന്മാരേയുമാണ്. അത്രയ്ക്ക് ഗൌരവമാണ് ചിലര്‍ക്ക്.
ജീവനക്കാരീന്റെ അര്‍പ്പണ മനോഭാവം ആ  പ്രസ്ഥാനത്തെ  ഏപ്പോഴും വിജയത്തിലേക്കെത്തിക്കും. ജനങ്ങളുമായി  ജീവനക്കാര്‍ സൌഹൃദപരമായി  ഇടപെട്ടു നോക്കുക, അപ്പോളറിയാം  ജനങ്ങളുടെ സഹകരണവും പിന്‍ തുണയും  എത്രമാത്രം നിങ്ങള്‍ക്ക്  ലഭ്യമാണെന്ന്.

Thursday, February 8, 2018

ഭാര്യ പിണങ്ങി പോയി

തലയും കുനിച്ച്  ദുഖിതനായി പോകുന്ന  അയാളെ  നോക്കി ഇരുന്ന  എന്റെ ഉള്ളില്‍ സഹതാപം  അലയടിച്ചു. പാവം മനുഷ്യന്‍ ഭാര്യയെ അയാള്‍   അത്രക്കും സ്നേഹിച്ചിരുന്നു .അവള്‍ ചുണ്ടനക്കുന്നതിനു മുമ്പ്  ഇംഗിതം മനസിലാക്കി അയാള്‍ അത് സാധിച്ചു കൊടുത്തിരുന്നുവെന്നാണ്  കുറെ നേരം മുമ്പ് എന്നോട് സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്. എന്ത് തെറ്റ് ഭാര്യ ചെയ്താലും "സാരമില്ല...സാരമില്ലാ...എന്ന് പറഞ്ഞു അയാള്‍ അവളെ ആശ്വസിപ്പിക്കുമായിരുന്നത്രേ ! അയാളുടെ ബന്ധുക്കള്‍ എല്ലാവരും അയാളെ ഗുണദോഷിച്ചിരുന്നു,  " ഇത്രക്കങ്ങു  ഭാര്യയെ പൊക്കി കൊണ്ട് നടക്കരുത്, അത് നിനക്ക് പാരയാകുമെന്നു". അയാള്‍ അതൊന്നും ഗൌരവമായി എടുത്തില്ല.   എല്ലാവിധ സുഖ സമ്പല്‍ സമൃദ്ധിയില്‍  കഴിഞ്ഞിരുന്ന അവള്‍ അവസാനം ഒളിച്ചോടി പോയത് വീട്ടില്‍ മില്‍മാ പാല്‍ എത്തിച്ചു  തന്നിരുന്ന ഒരുത്തനോടൊപ്പം ആയിരുന്നു.   കൂട്ടത്തില്‍ എല്ലാ വസ്ത്രങ്ങളും ആഭരണങ്ങളും   നാല് വയസ്സുള്ള പെണ്കുഞ്ഞിനെയും   കൊണ്ട് പോകാന്‍ അവള്‍ മറന്നില്ല.
ഭാര്യയെ തിരികെ കിട്ടാന്‍ എല്ലാ വഴികളിലും അയാള്‍ മുട്ടി നോക്കി. ഫലം കണ്ടില്ല.  ഇപ്പോള്‍ അറിഞ്ഞു അവന്‍ അവളെ ദിവസവും നിസാര കാരണത്തിന് പോലം അടിക്കുമെന്നും  ആഭരണങ്ങള്‍ എല്ലാം വിറ്റു  തീര്‍ന്നപ്പോള്‍ ആഹാരത്തിനു പോലും മുട്ടാണെന്നും ആകെ കഷ്ട്ടത്തിലാണെന്നും മറ്റും ഒരു അയല്‍വാസി  അയാളെ അറിയിച്ചു.  ഈ അവസ്ഥയില്‍  ആരെങ്കിലും മുഖേനെ അവളെ സമീപിച്ചാല്‍ അവള്‍ തിരികെ വരുമെന്ന്  അയാള്‍ പ്രത്യാശിക്കുന്നു, അതിനെന്താണ് വഴിയെന്നു ആരായാനാണ്  അയാള്‍ ഇവിടെയെത്തിയത്. അയാള്‍ പറഞ്ഞതെല്ലാം സമയമെടുത്ത് കേട്ട് കഴിഞ്ഞു ഞാന്‍  തീര്‍ത്ത്  പറഞ്ഞു,  " അവള്‍ ഒരിക്കലും  നിങ്ങളോടൊപ്പം  ജീവിക്കാന്‍ വരില്ല, കാരണം അവള്‍ ആഗ്രഹിച്ചിരുന്ന ജീവിതമാണ് അവള്‍ക്കിപ്പോള്‍ കിട്ടിയിരിക്കുന്നത്. അത് ഉപേക്ഷിച്ചു അവള്‍ വരില്ല. ചില സ്ത്രീകള്‍ അങ്ങിനെയാണ്, ഭര്‍ത്താവ് വെറും കൊഞ്ഞാണനാകുന്നത്  അവള്‍ ഇഷ്ടപ്പെടാറില്ല . നാല് കുറ്റം  പറച്ചില്‍ കേള്‍ക്കാനും വഴക്ക് കേള്‍ക്കാനും പിന്നീട് പരിഭവിച്ചിരിക്കാനും അത് കഴിഞ്ഞു ശക്തമായി ഇണക്കം കാണിക്കാനും പിന്നെയും പിണങ്ങാനും  ഇണങ്ങാനും  അവള്‍ കൊതിക്കും.  അല്ലാതെ വായില്‍ നോക്കി വെറും മിഴുങ്ങനാകുന്നവനെ  അവള്‍ പെട്ടെന്ന് മടുക്കും.  അനുകൂല സാഹചര്യം ഒത്തു വന്നപ്പോള്‍  ഉശിരുള്ള ഒരുത്തനോടൊപ്പം അവള്‍ ഇറങ്ങി പോയി. ചില ജീവിതങ്ങള്‍ ഇങ്ങിനെയാണ്‌ , നിങ്ങള്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍    നിങ്ങളോടൊപ്പം കഴിഞ്ഞ കാലത്ത് അവള്‍ക്കെന്തു കുറവാണുണ്ടായിരുന്നതെന്ന്  അതിശയിക്കും .പക്ഷെ  അവളുടെ കാഴ്ചപ്പാട്  എന്തെന്ന്  നിങ്ങള്ക്ക് ഭാര്യയോടുള്ള  സ്നേഹത്തിന്റെ ആധിക്യത്താല്‍ ഒരിക്കലും  നിങ്ങള്‍ക്ക്       മനസിലാക്കാന്‍ സാധിച്ചുമില്ല. ഇനി സഹിക്കുക തന്നെ. ഞാന്‍ ഈ പറയുന്നത് ബോദ്ധ്യപ്പെടാന്‍  ഒരു കാര്യം ചിന്തിച്ചാല്‍ മതി.  എന്ത് ചെയ്താലും നിങ്ങള്‍ പൊറുക്കുമെന്ന് നല്ലവണ്ണം തിരിച്ചറിയുന്ന അവള്‍ ഇപ്പോഴുള്ള ഭര്‍ത്താവില്‍ നിന്നും ഇതെല്ലാം സഹിച്ചിട്ടും എന്ത് കൊണ്ട് നിങ്ങളെ തേടി വന്നില്ല? 
 അയാള്‍ നിശബ്ദനായി ഇരുന്നു  ഞാന്‍ പറയുന്നത് കേട്ടൂ.  പിന്നീട് തലയും കുമ്പിട്ടു ഇറങ്ങി പോയി.  

Thursday, February 1, 2018

ബീഗം മേരി ബിശ്വാസ് ---വായന

  സുപ്രസിദ്ധ ബംഗാളി എഴുത്തുകാരന്‍   ബിമല്‍ മിത്രയുടെ  "ബീഗം മേരി ബിശ്വാസ്"  വായിച്ചു തീര്‍ത്തു. വി.എന്‍ സത്യാര്‍ത്ഥി  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത 860 പേജുകളുള്ള  ബ്രുഹൃത്തായ ഈ നോവല്‍ വായിച്ചു തീര്‍ക്കുവാന്‍ എനിക്ക് ദിവസങ്ങള്‍ വേണ്ടി വന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്  ജനയുഗം വാരികയില്‍ ഈ നോവല്‍  പതിവായി പ്രസിദ്ധീകരിച്ചു വന്നിരുന്നപ്പോള്‍ ഏതാനും അദ്ധ്യായങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അന്ന്  വിദ്യാര്‍ത്ഥി ആയിരുന്ന എനിക്ക് പിന്നീട് അത് പൂര്‍ത്തീകരിക്കാന്‍  സാധിക്കാതെ വന്നതിനാല്‍ പില്‍  കാലത്ത് ഈ പുസ്തകം അച്ചടിച്ചു വന്നപ്പോള്‍  ഒരു പ്രതി വാങ്ങി കയ്യില്‍ സൂക്ഷിച്ചിരുന്നെങ്കിലും  ഇത്രയും വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ഞാന്‍ അത് തുറന്നു നോക്കിയിരുന്നില്ല. ഭാഗികമായി  മുമ്പ്   വായിച്ചു പോയാല്‍ സംഭവിക്കുന്ന കുഴപ്പമാണത്. കെ.ആര്. മീരയുടെ  ആരാച്ചാര്‍ വായിച്ചു കൊണ്ടിരുന്നദിവസങ്ങളില്‍  ബംഗാളും ബംഗാള്‍ പേരുകളുംഎന്റെ  മുമ്പില്‍ വന്നു നിരന്നപ്പോഴാണ് ബിമല്‍ മിത്രയെ ഓര്‍മ്മിച്ചത്.  വിലക്ക് വാങ്ങാം,  പ്രഭുക്കളും ഭ്രത്യരും ,  ഇരുപതാം നൂറ്റാണ്ടു , പ്രതി ഹാജരുണ്ട്, തുടങ്ങിയ അദ്ദേഹത്തിന്റെ  പുസ്തകങ്ങള്‍ ഞാന്‍ വായിചിരുന്നല്ലോ .  എന്ത് കൊണ്ട് ബീഗം മേരി ബിശ്വാസ് ഞാന്‍ തുറന്നു നോക്കിയില്ല  എന്ന ചിന്തയാല്‍ പുസ്തകം എടുത്തു മുമ്പില്‍ വെച്ചെങ്കിലും വീണ്ടും കാലങ്ങള്‍ കഴിഞ്ഞു അത് വായിച്ചു  തുടങ്ങുവാന്‍.

1757 ജൂണ്‍  24. എന്ന ദിവസം ഒരു ഇന്ത്യാക്കാരനും മറക്കാന്‍ പാടില്ലാത്തതാണ്.  അന്ന് പ്ലാസി യുദ്ധത്തില്‍  മിര്‍ജാഫര്‍ എന്ന കൊടും ചതിയന്‍ നവാബ് സിറാജു ദൌളയെ  ചതിചില്ലായിരുന്നെങ്കില്‍  ഈസ്ടിന്ത്യാ കമ്പനി കര്‍ണല്‍  ക്ലൈവ്  തോറ്റു  തുന്നം പാടിയേനെ. അതോടെ കമ്പനിയുടെ  മേല്‍ വിലാസം ഇന്ത്യയില്‍ ഇല്ലാതായേനെ.കൃത്യം നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള 1857 ലെ ഒന്നാം സ്വാതന്ത്രിയ സമരത്തിന്റെ പ്രസക്തിയും ഇല്ലാതാകുമായിരുന്നു. ഇംഗ്ലീഷ്കാരുടെ ഭരണവും  ഇന്ത്യയില്‍ ഉണ്ടാകുകയി ല്ലായിരുന്നു. ഇത് നമ്മള്‍ ചരിത്രത്തില്‍ പഠിച്ചിരുന്നെങ്കിലും  നവാബും ക്ലൈവും  മിര്‍ജാഫറുംഅന്നത്തെ സാമൂഹ്യ അന്തരീക്ഷവും ഉപജാപങ്ങളും കുതികാല്‍ വെട്ടും    ഈ നോവലില്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നതു വായിക്കുമ്പോള്‍ ചര്ത്രം നമ്മുടെ മുമ്പില്‍ ചുരുളഴിയുകയാണ്‌. വിലക്ക് വാങ്ങാമിലെ ദീപുവിനെ പോലെ, പ്രഭുക്കളും ഭ്രത്യരുമിലെ  ഭൂതനാഥനെ പോലെ  മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഇതിലുമുണ്ട്,  കാന്ത സര്‍ക്കാര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു നല്ല വായനാനുഭവം തന്നു ഈ പുസ്തകം.