Sunday, August 7, 2016

പണ്ടേ പോലെ ഫലിക്കുന്നില്ല.

സംഭവ കഥയാണ് ഇവിടെ കുറിക്കുന്നത്.
കോടതി സൂപ്രണ്ടിന്റെ മേശക്ക് മുകളിലുള്ള പഴയ  മോഡൽ ബെല്ലിൽ  അദ്ദേഹം അടിക്കുമ്പോൾ  ശിപായി സാർ  എത്തി സൂപ്രണ്ട് പറയുന്ന ആഫീസ് കാര്യങ്ങൾ നിർവഹിക്കുക എന്നത്  സാധാരണ ഓഫീസ് മര്യാദയാണ്. "ഇവിടെ വന്ന്, ഒപ്പിട്ട ഈ കടലാസ് എടുത്ത്  ബന്ധപ്പെട്ട സെക്ഷനിൽ കൊടുക്കണേ"  എന്ന് വിളിച്ച് കൂവാനൊക്കില്ലല്ലോ. അതിനാലാണ് ഈ ബെൽ അടി സംവിധാനം ഓഫീസുകളിൽ  ഏർപ്പെടുത്തിയിരിക്കുന്നത്. ധാരാളം മേലുദ്യോഗസ്തന്മാരുടെ ബെല്ലടി കേട്ട് തഴക്കവും പഴക്കവുമുള്ള  ശിപായി സാറന്മാർക്ക് ബെൽ കേൾക്കുമ്പോൾ  ഒരു ലാഘവത്വമെല്ലാം  സാധാരണ ഉണ്ടാകാം. എന്നിരുന്നാലും ബെൽ കേട്ട് രണ്ട് മിനിട്ട്  വൈകിയെങ്കിലും അവർ ഹാജരായി ചുമതല നിർവഹിക്കും. പക്ഷേ സൂപ്രണ്ടിന്റെ ക്യാബിനിൽ നിന്നും ഫയർ എഞ്ചിൻ മണി അടിക്കുന്നത് പോലെ ശബ്ദം കേട്ടാലും ശിപായി സാർ ഉത്തരം നൽകിയില്ലെങ്കിലോ?! ബെല്ലടിച്ച് കൈ കുഴഞ്ഞ്  സൂപ്രണ്ട്  ക്രുദ്ധനായി പുറത്ത് വന്ന് നോക്കുമ്പോൾ ശിപായി അദ്ദേഹം  കച്ചേരി കാമ്പൗണ്ടിനരികിലെ  തട്ട് കടയുടെ ആടുന്ന ബെഞ്ചിലിരുന്ന് ലോക കാര്യങ്ങൾ ചർച്ച ചെയ്യുന്ന കാഴ്ചയായിരിക്കും കാണുക. പലതവണ താക്കീത് ചെയ്തു..ഊങ്ഹും ഒരു മാറ്റവുമില്ല, ഇനി ചാർജ് മെമ്മോയിലേക്ക്  തിരിഞ്ഞ്  നടപടി തുടങ്ങിയാൽ എറിഞ്ഞ കല്ല് സൂപ്രണ്ട് വിചാരിച്ചാലും തിരികെ പിടിക്കാൻ ആവില്ല. ശിപായി സാറിന് മൂന്ന് നാല് പിറുങ്ങിണികളുള്ള  കുടുംബമുണ്ട്. അവസാനം സൂപ്രണ്ട് ഒരു അറ്റ കൈ പ്രയോഗമങ്ങ് ചെയ്തു.
അന്നും ബെല്ലടിച്ചു. ആളെ കണ്ടില്ല ശിപായി സാർ ഔട്ട് ഓഫ് റേഞ്ചിലാണ്. കാളിംഗ്  ബെൽ കയ്യിലെടുത്ത് സൂപ്രണ്ട്  പതുക്കെ  തട്ട് കടയുടെ സമീപത്തേക്ക് നടന്നു. അവിടെ നല്ല തിരക്ക്. ശിപായി സാറിന്റെ അരികത്ത് ചെന്ന് നിന്ന്  സൂപ്രണ്ട്  ബെല്ല്` എടുത്ത് ഫയർ എഞ്ചിൻ  പോലെ ഒരു കാച്ച് കാച്ചി. ആൾക്കാർ അന്തം വിട്ട് നോക്കി നിൽക്കെ പകച്ച് നിന്ന ശിപായി സാറിനോട് വിനയത്തോടെ സൂപ്രണ്ട് പറഞ്ഞു  "രണ്ട് മൂന്ന് കടലാസ്സ് പെട്ടിയിൽ കിടപ്പുണ്ട്, ` അതെടുത്ത് സെക്ഷനിൽ കൊടുത്താട്ടെ, കക്ഷികൾ കാത്ത് നിൽക്കുന്നു" അതിന് ശേഷം ശിപായി സാർ    ഒരു ബെൽ കേൾക്കുമ്പോൾ തന്നെ ക്യാബിനിൽ ഹാജരാകുമായിരുന്നു.
  വർഷങ്ങൾക്ക്  മുമ്പുള്ള ഈ സംഭവം ഇവിടെ ഇപ്പോൾ കുറിക്കാൻ കാരണം പുസ്തക വായനയുടെ  രസത്തിലിരിക്കുന്ന ഈയുള്ളവൻ ദാഹം തോന്നുമ്പോൾ "ഒരു ഗ്ലാസ് വെള്ളം" എന്ന് വിളിച്ച് കൂവുമ്പോൾ  നമ്മുടെ നല്ല പാതി കൂജയിലെ തണുത്ത വെള്ളം ഒരു ഗ്ലാസിൽ പകർന്ന്  ഈയുള്ളവൻ ഇരിക്കുന്നിടത്ത് എത്തിച്ച് തരുന്ന ഒരു പതിവുണ്ടായിരുന്നു. പക്ഷേ "ചന്ദന മഴ" തുടങ്ങിയ സീരിയലുകൾ റ്റിവിയിൽ പെയ്ത് തുടങ്ങിയാൽ  വിളി അലർച്ചയായി രൂപം പ്രാപിച്ചാലും കൂജയിലെ വെള്ളം നമുക്ക് പെയ്ത് കിട്ടുകയില്ല. അപ്പോൾ പണ്ടത്തെ ശിപായി സാറിന്റെ കേസ് ഞാൻ ഓർമ്മിച്ചു. ഒരു ദിവസം അലറി വിളിച്ചിട്ടും റ്റിവിയിലെ  അലർച്ചയിൽ അത് ഏശിയില്ല.  ഞാൻ ചാടി എഴുനേറ്റ്  കൂജ ഇരിക്കുന്നിടത്ത്  ചെന്ന് അതെടുത്ത് ഒരു ഗ്ലാസും എടുത്ത് റ്റിവി. ഹാളിൽ ചെന്ന്  അവളുടെ മുമ്പിൽ  രണ്ടും പ്രതിഷ്ഠിച്ച്  ഭവ്യതയോടെ പറഞ്ഞു" ഈയുള്ളവൻ കുറേ നേരം കൊണ്ട് അലറി വിളിക്കുന്നു, പ്രിയേ! ഒരു ഗ്ലാസ് ജലം പകർന്ന് തന്നാലും"
ഊങ്ങ്ഹും അവിടെ ഒരു കുലുക്കവുമില്ല. "ഏതായാലും ഇത്രേം മെനക്കെട്ടില്ലേ? കൂജയും ഗ്ലാസ്സും പൊക്കി ഇവിടെ വരെ വന്ന സ്ഥിതിക്ക് ,   ഇനി അങ്ങ് തന്നത്താൻ ഒഴിച്ച് കുടിച്ചാട്ടേ"
ഗുണപാഠം: പണ്ടത്തെ പണി ഒന്നും ഇക്കാലത്ത് ഏശുകയില്ല. അടങ്ങി ഒതുങ്ങി ഏതെങ്കിലും മൂലക്ക് കഴിഞ്ഞോ ഹമുക്കേ!...

No comments:

Post a Comment