Thursday, April 21, 2016

43800 മണിക്കൂറ് സഹിച്ചേ തീരൂ.

ഒരു ദിവസമല്ല, ഒരു മാസമല്ല, ഒരു വർഷമല്ല, അഞ്ച് വർഷം അതായത്  1825 ദിവസം -- ഒന്ന് കൂടി വിശാലമായി പറഞ്ഞാൽ നാൽപ്പത്തി മൂവായിരത്തി എണ്ണൂറ്  മണിക്കൂറാണ് ഇനി വരുന്ന സർക്കാരിനെ നാം സഹിക്കേണ്ടത്. അത് ആരായാലും,    വളർച്ചക്ക് വേണ്ടി തുടരണം  എന്ന് പറയുന്നവരോ,  നമ്മൾ വന്നാൽ  ശരിയാക്കി തരാം  എന്ന് പറയുന്നവരോ ,  കേരളത്തിന്റെ വഴിമുട്ടി കിടക്കുകയാണെന്നും  വഴി കാണിച്ച് തരാം എന്ന് പറയുന്നവരോ,  ആര് അധികാരത്തിൽ വന്നാലും ഇത്രയും കാലം നാം സഹിച്ചേ പറ്റൂ എന്ന സത്യം മനസിൽ ഉൾക്കൊണ്ട്  വേണം നാം പോളിംഗ്ബൂത്തിലേക്ക് നീങ്ങേണ്ടത്.
 ജനാധിപത്യ വ്യവസ്ഥയിൽ  കേറ്റി  അയക്കുന്നവനെ തിരികെ ഇറക്ക്മതി ചെയ്യാൻ  വകുപ്പ് ഉണ്ടായിരുന്നെങ്കിൽ കണ്ണും പൂട്ടി വോട്ട് ചെയ്യാമായിരുന്നു.  ആ വകുപ്പ് നമുക്ക് പറഞ്ഞിട്ടില്ല ഉണ്ടായിരുന്നെങ്കിൽ ഓരോന്ന് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ  കേറ്റി അയക്കപ്പെട്ടവന്റെ കാലിൽ പിടിച്ച് കസേരയിൽ നിന്നും തറയിൽ വലിച്ചിട്ടേനെ..
  പ്രകടന പത്രിക പല തരത്തിൽ പല കോലത്തിൽ പുറത്ത് വരുന്നുണ്ട്. എല്ലാത്തിന്റേയും രത്ന ചുരുക്കം  ജോലി ചെയ്യാതെ ആനുകൂല്യം കൈ പറ്റാനുള്ള വാഗ്ദാന പെരുമഴ മാത്രം. പണ്ട് പ്രകടന പത്രികയിൽ പ്രധാന ഇനങ്ങൾ  പട്ടിണി മാറ്റും തൊഴിലില്ലായ്മ ഇല്ലാതാക്കും എന്നൊക്കെയായിരുന്നു. ഇന്ന് അതൊക്കെ പഴഞ്ചനായി. മാറ്റാൻ വേണ്ടി പട്ടിണി ഇവിടില്ല. ഒരു നേരം തിന്നാനില്ലെങ്കിൽ  ബേക്കറിയിൽ നിന്ന് ഒരു ഷവർമ്മാ എങ്കിലും വാങ്ങി തിന്ന് പട്ടിണി മാറ്റാൻ കഴിയും. തൊഴിലുണ്ടെങ്കിലും ചെയ്യാൻ ആളില്ലാഞ്ഞിട്ട് ബംഗാളികളെ ഇറക്ക്മതി ചെയ്ത നാടാണ് കേരളം. അപ്പോൾ ആ പ്രശ്നവുമില്ല. പിന്നെ ആവശ്യമുള്ളത് സബ്സീഡി. ഏതെല്ലാം ഇനത്തിൽ സബ് സീഡി  കിട്ടുമെന്ന് മാത്രമാണ്.  ഒരു കൂട്ടർ മദ്യം വർജിക്കുമ്പോൾ ഇനി ഒരുത്തർ നിരോധിക്കുന്നു. എല്ലാം ഫലത്തിൽ ഒന്ന് തന്നെ. ഉത്തരവിറക്കുകയും ബാറ് മുതലാളിമാരെ നോക്കി കണ്ണിറുക്കി കാണിക്കുകയും ചെയ്യും.
 അപ്പോൾ    .പറഞ്ഞ് വരുന്നത്  സമ്മതിദാനാവകാശം വിലപ്പെട്ടതാണ്, അത് പാഴാക്കി കളയരുത് എന്നാണ്.  സൂക്ഷമതയോടെ അവലോകനം ചെയ്യുക കാര്യങ്ങൾ മനസിലാക്കുക, വോട്ട് ചെയ്യുക. ഈ കുറിപ്പിൽ ആദ്യം പറഞ്ഞത് വോട്ട് കുത്തുമ്പോൾ മനസ്സിൽ നിറഞ്ഞ് നിൽക്കട്ടെ.  ഒന്നും രണ്ടുമല്ല  ആരായാലും  43800 മണിക്കൂറാണ് നമ്മൾ  സഹിക്കേണ്ടത്.

No comments:

Post a Comment