Tuesday, January 12, 2016

കുരുന്നുകളെ മാനഭംഗപ്പെടുത്തൽ

 കുരുന്നുകളെ മാനഭംഗപ്പെടുത്തൽ:    കഠിന ശിക്ഷക്ക്  നിയമമുണ്ടാക്കണം.
 ബഹുമാനപ്പെട്ട സുപ്രീം കോടതി ഒരു കേസിൽ നടത്തിയ ഈ നിരീക്ഷണം ഇന്ന്  പത്ര ത്തിൽ തലക്കെട്ടായി വന്നു. അപ്രകാരം നിയമം നിർമ്മിക്കാൻ പാർലമെന്റിനോട്കോടതി ആവശ്യപ്പെടുകയും ചെയ്തു.  ഇത്തരം മാനഭംഗക്കാരെ ഷണ്ഡീകരിക്കണമെന്നാവശ്യപ്പെട്ട്  വനിതാ അഭിഭാഷക നൽകിയ കേസിൽ  ഷണ്ഡീകരണ ആവശ്യം നിരസിച്ചെങ്കിലും  മേൽപ്പറഞ്ഞ പ്രകാരം  ശിക്ഷ  കഠിനമാക്കി നിയമം നിർമ്മിക്കാൻ കോടതി  ആവശ്യപ്പെടുകയാണുണ്ടായത്.  ഇരകൾ മൂന്നും നാലും വയസുള്ളവരാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു.18 ദിവസം മാത്രം  പ്രായമുള്ള പിഞ്ച് പൈതൽ പോലും  ഇരയായി. ക്രൂരവും ബോധവുമില്ലാത്ത അതിക്രമമാണീത്. ലൈംഗികതയെ കുറിച്ചും മാനഭംഗത്തെ കുറിച്ചും  അറിയാത്ത കൊച്ചു കുട്ടി  അനുഭവിക്കുന്ന ദുരിതവും  വേദനയും  അങ്ങേ അറ്റം കിരാതമാണ്.ഇങ്ങിനെ  പോയി കോടതിയുടെ നിരീക്ഷണങ്ങൾ..
മേൽ പറഞ്ഞ കാരണങ്ങളാലാണ്  ശിക്ഷ കഠിനമാക്കാൻ  നിയമം കൊണ്ട് വരാൻ കോടതി നിയമ നിർമാണ സഭയോട്  ആവശ്യപ്പെട്ടത്.
ഇവിടെയും കോടതി പ്രസക്തമായ  ഒരു കാര്യം വിട്ടു കളഞ്ഞു.
  ശിക്ഷ കഠിനമാക്കിയാലും ഈ കുറ്റ കൃത്യങ്ങൾക്ക്  കുറവ് സംഭവിക്കുമെന്ന് മുൻ കാല  അനുഭവങ്ങൾ കൊണ്ട് പറയാൻ കഴിയുമോ?   ഇത്രയും ക്രൂരവും  നീചവും  മൃഗങ്ങൾ പോലും ചെയ്യാത്തതുമായ  ഈ കുറ്റ കൃത്യം ചെയ്യാൻ പുരുഷനെ  പ്രേരിപ്പിക്കുന്ന ഘടകങ്ങൾ  എന്തൊക്കെയെന്ന്  പഠന വിഷയമാക്കാൻ നിയമ നിർമ്മാതാക്കൾ  മുന്നിട്ടിറങ്ങുക  എന്നുള്ളതാണ്  ഇവിടെ ചെയ്യേണ്ടത്.    ഏത് അവസരത്തിൽ എങ്ങിനെ   പുരുഷന്റെ ഉള്ളിൽ പിശാച് കടന്ന് കൂടുന്നു?    യാതൊരു ദയവും കൂടാതെ ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കാതെ  ഈ ക്രൂരതക്ക് ഒരുമ്പെടാൻ അവനെ പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ  ഏതൊക്കെയാണ്? കുറ്റ കൃത്യത്തിനെതിരെ  കേസ് ചാർജ് ചെയ്യുന്നതിനോടൊപ്പം പ്രതിയെ ഈ  ഹീന പ്രവർത്തിയിലേക്ക് നയിച്ച എല്ലാ ഘടകങ്ങളും അയാളുടെ മാനസിക നിലപാടും പൂർവ ചരിത്രവും  പഠന വിഷയമാക്കണം.  അത് ഉൾക്കൊണ്ട്  പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ  ഒരു പരിധി വരെ കുറ്റ കൃത്യങ്ങൾ  തടയാൻ കഴിയും.  ശിക്ഷ  കഠിനമാക്കുന്നതോടൊപ്പം ഈ വക പഠനങ്ങളും നടത്തി     പ്രതിവിധികൾ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

1 comment:

  1. mohammed also should have punished too :) yea.. god can do what ever he likes..devotees will interpret in differently :)

    ReplyDelete