Wednesday, January 13, 2016

മർഡോക്കിന്റെ മുൻ ഭാര്യമാരേ! നിങ്ങൾക്ക് സതുതി.

"റൂപർട്ട് മർഡോക്ക്  84 വയസ്സിൽ വിവാഹിതനായി"  എന്റെ നല്ല പാതി കേൾക്കെ പത്രത്തിലെ തലക്കെട്ട് ഞാൻ ഉറക്കെ വായിച്ചു. ആധുനിക രീതിയിൽ ഉഴുന്നു വടക്ക് ഊട്ടയിടുന്നതെങ്ങിനെ എന്ന  വിഷയം ഏതോ വനിതാ മസികയിൽ പരതുന്ന അവൾ  എന്റെ വാക്കുകൾ ശ്രദ്ധിച്ചതേയില്ല.
"എടോ കേട്ടോ  മർഡോക്ക്....."
വാചകം പൂർത്തീകരിക്കാൻ സമ്മതിക്കാതെയും മാസികയിൽ നിന്നും തല പൊക്കാതെയും അവൾ  ആരാഞ്ഞു.
"അതിന് നമ്മളെൾക്കെന്താ...അയാൾ കെട്ടുകയോ വാഴിക്കുകയോ എന്തോ ചെയ്യട്ടെ...അതിന് ഓരോരുത്തർ ഇവിടെ കിടന്ന് കയർ പൊട്ടീക്കുന്നതെന്തിന്?
"എടോ  അയാൾക്ക് 84 വയസ്സുണ്ട്. അതും നാലാം വിവാഹം....പഴയ മൂന്ന് വിവാഹത്തിൽ മൂപ്പർക്ക് 6 കുട്ടികളുമുണ്ട്...."
"അതിന്.....?"
"അല്ലാ...എനിക്ക് അതിലും എത്രയോ പ്രായം കുറവുണ്ട്   വളരെ വളരെ പ്രായ കുറവ്  എന്ന് പറയുകയായിരുന്നു..." ഞാൻ പതുക്കെ മൊഴിഞ്ഞു...
" ഇനിയും കെട്ടണോന്ന് പൂതി വല്ലതും മനസിലുണ്ടോ? "  ഉഴുന്ന് വടക്ക് ഊട്ട ഇടുന്ന ആധുനിക വിദ്യ കണ്ട് കിട്ടാത്ത ദേഷ്യത്തിൽ  അവൾ മാസിക വലിച്ചെറിഞ്ഞു എഴുന്നേറ്റു. ഞാൻ പത്രം കൊണ്ട് മുഖം മറച്ച് പറഞ്ഞു.
"സായിപ്പ് കെട്ടിയ കാര്യം  പറയുകയായിരുന്നു...."
"സായിപ്പ് ബാത്ത് റൂമിൽ പേപ്പറും നിങ്ങൾ വെള്ളവുമാ കൊണ്ട് പോകുന്നത്...എന്താ സായിപ്പിനെ പോലെ പേപ്പർ കൊണ്ട് പോകുന്നോ? " ചാടി തുള്ളി അകത്തേക്ക് പോകുന്ന വഴിയിൽ  അവൾ ക്രുദ്ധയായി  ചോദിച്ചു.
" ഒരു മർഡോക്കും  മാൻഡ്രേക്കും  ലോതറും....രാവിലെ വേറെ പണി ഒന്നുമില്ലാതിരിക്കുകയാ...വയസാം കാലത്ത്  സുബുഹാനല്ലാ....സുബുഹാനല്ലാ  പറഞ്ഞോണ്ടിരിക്കാതെ ഓരോരോ  കുരുത്തക്കേടുകള്.......  ഇന്ന് ഞാൻ അടുക്കള പൂട്ടുകയാ....ഇനി പോയി വേറെ  ഒരെണ്ണത്തിനെ കൊണ്ട് വന്ന് അടുപ്പിൽ  തീ കത്തിച്ചാൽ മതി".ചിലക്കൽ അടുക്കളയിൽ  തുടർന്ന് കൊണ്ടേ  ഇരുന്നു.
"       എന്റെ മർഡോക്കിന്റെ മുൻ ഭാര്യമാരേ!  നിങ്ങൾ  എത്ര മര്യാദക്കാർ....  എത്ര സമാധാന പ്രിയർ "  ഞാൻ മുകളിലേക്ക്   നോക്കി ദയനീയമായി കേണു.

1 comment:

  1. അവസരങ്ങൾ വന്നുകൊണ്ടിരിക്കും. സമയമായില്ലാപോലും എന്ന പാട്ടും പാടി തൽക്കാലം ആശ്വസിക്കാം.

    ReplyDelete