Saturday, April 25, 2015

അവൾ ചാറ്റ് ചെയ്തിരുന്നു.....

വിവാഹം കഴിഞ്ഞ്  ആദ്യ വർഷം ഭർത്താവ് പറയുന്നത് ഭാര്യ കേൾക്കുമെന്നും  രണ്ടാം വർഷം ഭാര്യ പറയുന്നത്  ഭർത്താവ് കേൾക്കുമെന്നും  മൂന്നാം വർഷം  രണ്ട് പേരും കൂടി  പറയുന്നത്  നാട്ട്കാർ കേൾക്കുമെന്നും പറഞ്ഞിരുന്ന  പഴയ ഫലിതം ഇപ്പോൾ   വ്യത്യസ്തപ്പെടുത്തി  വർഷം എന്നതിന് പകരം   മാസം എന്നാക്കി മാറ്റണമെന്ന  നിലയിൽ    സമൂഹത്തിൽ   കുടുംബ കലഹം വർദ്ധിച്ച് വരുന്നതായി കാണപ്പെടുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം മാസം അടിച്ച് പിരിയുക  എന്നത്   എത്ര ദയനീയമാണ്, അതും നിസാര കാരണങ്ങളാൽ.     വിട്ട് വീഴ്ച അൽപ്പം  പോലും  കാണിക്കാതെ താൻ പിടിച്ച  മുയലിന് മൂന്ന്  കൊമ്പ് എന്ന  മട്ടിലുള്ള ആ നിൽപ്പ്  ചില കേസുകളിൽ  കാണേണ്ടത്  തന്നെയാണ്. എന്നിട്ട് താൻ  പറഞ്ഞതിനെ സാധൂകരിക്കാൻ  എന്ത്  തോന്ന്യവാസവും ആരോപിക്കാൻ  ഒരു മടിയും  ഇന്നത്തെ തലമുറക്ക് ഇല്ല.
  കലഹത്തെ തുടർന്ന്   പരസ്പരം   വേർപിരിഞ്ഞ് കഴിയുന്ന ഒരു ദാമ്പത്യ ബന്ധ കേസിൽ മദ്ധ്യസ്തത പറയാൻ  ചെന്ന     ഞങ്ങൾ ഇപ്രകാരമൊരു  അനുഭവത്തിന് സാക്ഷികളാകേണ്ടി    വന്നു. ഭർത്താവിനെയും അയാളുടെ   കുടുംബത്തെയും വയറ് നിറയെ  അസഭ്യങ്ങൾ പറഞ്ഞ്  കഴിഞ്ഞ്   ജയിച്ച മട്ടിൽ നിന്ന   ഭാര്യയെ എങ്ങിനെ തോൽപ്പിക്കാം  എന്ന വാശിയിൽ ഭർത്താവ്  പരതുമ്പോൾ  കിട്ടിയ പിടി വള്ളി  ഉയർത്തി  കാട്ടി അയാൾ ഇപ്രകാരം കൂവി.
 "സാറേ! ഇവൾ കല്യാണത്തിന് മുമ്പ് എന്നെ രാത്രി മുഴുവൻ ചാറ്റ് ചെയ്തിരുന്നു. അവൾ അന്ന് പ്രയോഗിച്ച വാക്കുകൾ  നല്ല പയറ്റി തെളിഞ്ഞ ഒരു  പെണ്ണിന്റേതായിരുന്നു.  ഇവൾ ഒരു   പോക്ക് കേസാണെന്ന് അന്നേ  ഞാൻ  കരുതിയതാ..പിന്നെ  അങ്ങ്  ഞാൻ ക്ഷമിച്ച് കല്യാണം  നടത്തി  ഈ കുരിശ്  എന്റെ തലയിൽ കയറ്റി വെച്ചു...   ദാ ഇപ്പോ  കിടന്ന്  അനുഭവിക്കുന്നു...അനുഭവി രാജാ..അനുഭവി...".  ആ കൂവൽ കേട്ട  ഭാര്യ ഒട്ടും വിട്ട് കൊടുത്തില്ല...
" ഈ പരനാറി അന്ന് എന്നോട്   ചാറ്റിൽ  പറഞ്ഞ  വാക്കുകൾ  കേട്ടാൽ  നനച്ചാലും കുളിച്ചാലും അഴുക്ക് മാറില്ല...ഒരു പെണ്ണിന്റടുത്ത് പറയാൻ കൊള്ളാവുന്ന  വാക്കുകളാണോ  ചാറ്റ് ചെയ്ത് കൂട്ടിയത്... പിന്നെ  ഞാനങ്ങ് കരുതി എന്നെ കെട്ടാൻ പോകുന്നവനല്ലേ  എന്ന്...."'  ഭാര്യ  ഉടനേ മറു വെടി  പൊട്ടിച്ചു.
"നിങ്ങളുടെ  ഇ മെയിൽ  മേൽ വിലാസവും  ഫെയ്സ് ബുക്ക് ഡീറ്റൈലും അയാൾക്കെങ്ങിനെ കിട്ടി... "  സ്വാഭാവികമായ      സംശയം ഞങ്ങൾ  ഭാര്യയോട് ഉന്നയിച്ചപ്പോൾ     മറുപടി പറഞ്ഞത്  ഭർത്താവായിരുന്നു.
" സാറേ! ആ വക സാധനങ്ങൾ  അവൾക്കുണ്ടോ എന്ന്   പെണ്ണ് കാണാൻ ചെന്നപ്പോൾ  ഞാൻ ചോദിച്ച ഉടൻ  അവളുടെ  തന്തപ്പടി  പറഞ്ഞു, ' കൊള്ളാം  എന്റെ മോൾ അതിന്റെയെല്ലാം  ആശാട്ടി അല്ലിയോ അവൾക്കറിയാത്ത കാര്യങ്ങൾ  ചുരുക്കമാ.... അതെല്ലാം   സ്വന്തമായിട്ട്  ഉണ്ട്  എന്ന് പറ  മോളേ     എന്ന്.     ഉടനെ തന്നെ     അവളുടെ  മൊബൈൽ നമ്പറും  ഇ മെയിലും മറ്റെല്ലാ കുന്ത്രാണ്ടവും  എനിക്ക്  തന്തയും  മോളും  കൂടി തന്നു  അങ്ങിനെയാ എനിക്ക്   അതെല്ലാം  കിട്ടിയത് "
അപ്പോൾ  അതാണ്  കാര്യം. പെണ്ണ് കാണൽ  ചടങ്ങിന്  മറ്റ് നടപടി ക്രമങ്ങളോടൊപ്പം  ഇ മെയിലും പെണ്ണിന്റെ മൊബൈൽ   നമ്പറും  ഫെയ്സ് ബുക്ക് അക്കൗണ്ടും    കൈമാറുന്നു. പിന്നീട് കല്യാണം കഴിയുന്നത് വരെ ചാറ്റിംഗും  ഫോൺ വിളിയും ഇപ്പോൾ പതിവ് സംഭവമായിരിക്കുന്നു.   ആന കരിമ്പിൻ  തോട്ടത്തിൽ കയറിയത്  പോലെ  രണ്ട് പേരും     ആവേശത്തോടെ     വായിൽ തോന്നിയത് കോതക്ക് പാട്ട്   എന്ന മട്ടിൽ  വാചകങ്ങൾ   ഫിറ്റ് ചെയ്ത്  സംസാരിക്കുകയോ ചാറ്റുകയോ ഒക്കെ  വിവാഹത്തിന്  മുമ്പ്  ചെയ്യുന്നു   ആധുനിക  ലോകത്തിൽ  ഇതിൽ പുതുമ ദർശിക്കാനോ  കുറ്റം പറയാനോ സാദ്ധ്യമല്ല  . പക്ഷേ ആധുനികത  യന്ത്രങ്ങളിൽ  മാത്രമാണെന്നും    മനസ്സ്  ഇപ്പോഴും  പഴയ പട്ടിക്കാട്ട് സംസ്കാരത്തിൽ  തന്നെ  ആണെന്നും  സാധാരണക്കാർക്ക്  തിരിച്ചറിയാൻ  കഴിയാതെ  പോകുന്നു.. സ്നേഹത്തിലിരിക്കുമ്പോൾ   രഹസ്യത്തിൽ പറഞ്ഞതും  പ്രവർത്തിച്ചതും   പിണങ്ങുമ്പോൾ വിളിച്ച് പറയുന്ന സംസ്കാരം ഇന്നും മലയാളികളിൽ അവശേഷിക്കുന്നുണ്ട്. അത്  കൊണ്ട്  വിവാഹ നിശ്ചയമോ പെണ്ണ് കാണലോ  കഴിഞ്ഞ ഉടനേ എത്ര പരിഷ്കാരമാണെങ്കിൽ തന്നെയും  ഈ വക സാധനങ്ങൾ  കൈ മാറ്റം  നടത്തുന്നത്   അൽപ്പം   കുറക്കുന്നത്  ഭാവിക്ക്  നല്ലതാണെന്ന്  തോന്നുന്നു .
 ഒരു വാക്ക് പോലും വിവാഹത്തിന്  മുമ്പ് സംസാരിച്ചിട്ടില്ലാത്ത  യാതൊരു  മുൻ പരിചയവും ഇല്ലാത്ത   മുൻ  തലമുറയിലെ  പെണ്ണും  ചെക്കനും  വിവാഹം കഴിഞ്ഞ്   ജീവിതകാലം  മുഴുവൻ  എനിക്ക് നീയും   നിനക്ക് ഞാനും എന്ന രീതിയിൽ ജീവിച്ച്   കാണിച്ച്  വിദേശികളിൽ അൽഭുതം  സൃഷ്ടിച്ച    നാടായിരുന്നല്ലോ  നമ്മുടേത്....
പിൻ കുറി:  മുകളിൽ പറഞ്ഞ കേസ് ഇപ്പോഴും പിണങ്ങി തന്നെ കഴിയുന്നു.

10 comments:

  1. Dear Sherifikka,
    Ippozhathe kudumba jeevitham ingane okke anu, jeevithathinu oru vilayum illa enthu cheyyam sahikkathe vazhi illa.

    ReplyDelete
    Replies
    1. പ്രിയ രാജേഷ്, ഈ പരമാർത്ഥം നാലുചുറ്റും കണ്ട്കൊണ്ടേ ഇരിക്കുന്നു...ഒരു വിലയും കൽപ്പിക്കാത്ത ജീവിതം

      Delete
  2. ഇന്നത്തെ വാർത്താവിനിമയ സൗകര്യങ്ങൾ കൊണ്ട് ശരിക്കും ഗുണം ആണുണ്ടാകേണ്ടത്, എന്നാൽ ഈ കേസിൽ അതിന്റെ നേർവിപരീതമായ ഫലം ആണ് കാണാൻ സാധിക്കുന്നത്. ചാറ്റും ഫേസ്ബുക്കും വഴി രണ്ടാ ൾക്കും കൂടുതൽ അറിയാനും, സുഹൃത്തുക്കളും ബന്ധുക്കളും ആയി പരിചയപ്പെടാനും സാധിക്കണമായിരുന്നു. അങ്ങനെ വിവാഹത്തോടെ അപരിചിതത്വങ്ങൾ ഇല്ലാതെ രണ്ട് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അടുത്തിടപഴകാനും കഴിഞ്ഞേനെ. എല്ലാ കാര്യങ്ങൾക്കും നല്ലതും ചീത്തയും എന്ന രണ്ടുവശങ്ങൾ ഉണ്ട്. നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഫലവും ഉണ്ടാവുക.

    ReplyDelete
    Replies
    1. പ്രിയ മണികണ്ഠൻ, സാധാരണഗതിയിൽ ഈ വക ആധുനിക ഉപകരണങ്ങൾ മനുഷ്യ മനസിനെ അടുപ്പിക്കേണ്ടതാണ്. പക്ഷേ നൂറ്റാണ്ടുകളായി നാം വിശ്വസിക്കുന്ന നമ്മുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന ചില ശീലങ്ങളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളും നമ്മിൽ നിന്ന് നീങ്ങി പോകാത്തിടത്തോളം ഈ വക ഉപകരണങ്ങൾ വെളുക്കാൻ തേച്ചത് പാണ്ഡ് പോലെ ആക്കി തീർക്കുമെന്നാണ് കണ്ട് വരുന്നത്.

      Delete
  3. തികച്ചും വിഷമത്തോടെ ആണെങ്കിലും അംഗീകരിക്കുന്നു..

    ReplyDelete
  4. വിവേകത്തോടെ പെരുമാറുക എന്നത് മാത്രമേയുള്ളു പോംവഴി

    ReplyDelete