Wednesday, April 15, 2015

മഹാ നടൻ ഉദ്ഘാടനം ചെയ്തു.

കുറച്ച് നാളുകൾക്ക് മുമ്പ്  കെട്ടിഘോഷങ്ങളോടെ  ഹിന്ദി സിനിമയിലെ മഹാ നടൻ എറുണാകുളം  ഇടപ്പള്ളിയിൽ  ഒരു    വസ്ത്ര വ്യാപാര ശാല ഉദ്ഘാടനം ചെയ്തിരുന്നു. ഹോ! എന്തായിരുന്നു  അന്നത്തെ ബഹളം. കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ  നിന്ന് പോലും  ജനങ്ങൾ മഹാ നടനെ കാണാൻ  ഇടപ്പള്ളിയിലേക്ക് ഒഴുകി. അന്നും പിന്നീടുള്ള ദിവസങ്ങളിലും കച്ചവടം പൊടി പൊടിച്ചു.  ഉൽഘാടന ഫീസായി   നടന് കൊടുത്ത ലക്ഷങ്ങൾ  ആദ്യ ദിവസം തന്നെ കടക്കാർ കൊയ്തെടുത്തു. തീവില കൊടുത്താലെന്താ  മഹാ നടനെ കാണാനും അയാളുടെ ഉഛ്വാസ വായു  തങ്ങിയ  അന്തരീക്ഷത്തിൽ  അൽപ്പ സമയം നിൽക്കാനും സാധിച്ചല്ലോ  എന്ന്  മഹാ ജനം സമാധാനപ്പെട്ടു.  കടക്കാർ തീവില  തുടർന്നു.  വലിയ ബാഗ് നിറയെ പണവുമായി  ചെന്നാലേ  അവിടെ നിന്നും സാധനം വാങ്ങാൻ കഴിയൂ എന്ന സ്ഥിതി വന്നു.  കഴിഞ്ഞ ദിവസം  ഞാൻ  അതിലെ കടന്നു പോയി.  ആൾക്കൂട്ടവുമില്ല.  ബഹളവുമില്ല.  കട ഉണ്ടോ  എന്ന്  തന്നെ  സംശയം  തോന്നി. തൊട്ടടുത്ത്  ഗൾഫ്കാരന്റെ വ്യാപാര സമുച്ചയം വന്നതിനാൽ  ഈ കടപൊട്ടിയെന്ന് അസൂയാലുക്കൾ  പറയുന്നു.
ഇതിപ്പോൾ ഇവിടെ കുറിക്കാൻ  കാരണം  മലയാളത്തിലെ മഹാ നടൻ  കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസം  ഒരു വസ്ത്ര വ്യാപാരശാല ഉദ്ഘാടനത്തിനായി  എത്തിയിരുന്നു. മഹാ  ഗൗരവക്കാരനും അദ്ദേഹത്തെ കണ്ടാൽ എഴുന്നേൽക്കാത്തവരെ രൂക്ഷമായി നോക്കി പേടിപ്പിക്കുന്നവനും  മറ്റുള്ളവരെ പുശ്ചത്തോടെ  നിരീക്ഷിക്കുന്നവനുമാണെങ്കിലും  ടിയാനെ കാണാൻ      ജനം നാട്ടിൻ പുറങ്ങളിൽ   നിന്നുമൊഴുകി വന്നു.  അദ്ദേഹത്തിന്  വയസ് ഉരിയ  ആയെങ്കിലും  ജനത്തിന് മഹാ നടനെ കണ്ടേ പറ്റൂ. നിരത്തുകൾ ബ്ലോക്കായി, വാഹനങ്ങൾ വഴിയിലായി, ഒരു മണവാള ചെക്കൻ വാഹന ബ്ലോക്കിൽ പെട്ടതിനാൽ  മുഹൂർത്തത്തിനെത്താൻ കൂട്ടുകാരന്റെ ബൈക്കിൽ പുറകിൽ കയറി ഊടുവഴിയിലൂടെ കൃത്യം   മുഹൂർത്തത്തിനെത്തി ആശ്വാസം കൊണ്ടു. നടൻ നടന്ന് കയറിയ വാതിൽക്കൽ  കിടന്ന ചവിട്ടിയിൽ അദ്ദേഹത്തിന്റെ കാലടി പതിഞ്ഞതിൽ ഒന്ന് ചവിട്ടിയാൽ  മതിയെന്ന് ഒരു സ്ത്രീ പരിതാപപ്പെട്ടു. ആൾക്കാർ മേൽക്കൂരകളിൽ കയറി പറ്റി നടനെ കണ്ട് സായൂജ്യമടഞ്ഞു വത്രേ! കടക്കാരൻ  തുണി വാങ്ങാൻ വന്ന ജനത്തിനെ അകത്ത് കയറ്റി ഹാൾ ഫുള്ളാകുമ്പോൾ ഷട്ടറിട്ട് കചവടം നടത്തി. ഈ കടക്കാരനും അന്നേ ദിവസം  ലക്ഷങ്ങൾ കൊയ്യുകയും മഹാ നടന്  വൻ ഫീസ് പുല്ല് പോലെ ഇട്ട് കൊടുക്കുകയും ചെയ്തു. എല്ലാം ജനത്തിന്റെ കീശയിൽ നിന്നും പിടിച്ചെടുത്തു. കൊട്ടാരക്കരയിൽ പാവപ്പെട്ടവരായ  കശുവണ്ടി തൊഴിലാളികളാണ് ഭൂരി പക്ഷമെന്നും അതിനാൽ അവർക്ക് താങ്ങാവുന്ന തുകയേ തുണിക്ക് കച്ചവടക്കാരൻ വാങ്ങുകയുള്ളൂവെന്ന്  സ്ഥലം എം.പി. ആശംസാ പ്രസംഗത്തിൽ  പറഞ്ഞു വെങ്കിലും ഈ പ്രദേശത്തെ   ഏറ്റവും കൂടുതൽ വില ഈടാക്കുന്ന  കടയേക്കാളും കൂടുതൽ തുക കടക്കാരൻ ജനത്തിൽ  നിന്നും  പിഴിഞ്ഞ്വെന്നാണ് ജന സംസാരം. എല്ലാം  തീർന്ന് നടൻ പോയി കഴിഞ്ഞപ്പോൾ ഒരു ലോറി  ചെരിപ്പുകൾ  കടയുടെ സമീപം  ചിതറിക്കിടക്കുന്നതായി കാണപ്പെട്ടു.
പണ്ട് സിനിമാ നടന്മാരെന്ന് പറഞ്ഞാൽ  തമിഴന്   ദൈവ തുല്യമായിരുന്നു. പ്രധാനപ്പെട്ട നടൻ മരിച്ചപ്പോൾ അവരോടൊപ്പം  കൂടെ ചത്തു പല തമിഴന്മാരും.  ഈ  കഥ പറഞ്ഞു നമ്മൾ  പാണ്ടിക്കാരനെ കളിയാക്കി. ഇപ്പോൾ അവരേക്കാളും  കഷ്ടമായിട്ടാണ്  നടന്മാരെ  കാണുമ്പോൾ   മലയാളികളുടെ അവസ്ഥ.  ഭ്രാന്തെന്ന്  മാത്രം പറഞ്ഞാൽ   പോരാ..മുഴു ഭ്രാന്ത്  തന്നെയെന്ന്   പറഞ്ഞാലേ  ശരിയാകൂ.. 

4 comments:

 1. മല്ലൂസ്
  മണ്ടൂസ്

  ReplyDelete
 2. ശരിയാണ്.പാലാ കരിക്കിനേത്ത്‌ ഉദ്ഘാടിക്കാൻ ഇടിച്ച്‌ കുത്തി ഞാനും പോയതാ!!!!

  ReplyDelete
 3. നമ്മുടെ നാട്ടിൽ ഒരു സിൽമാ നടൻ വന്നിട്ട് ആള് കൂടിയില്ലെങ്കിൽ അങ്ങേര് നമ്മടെ നാടിനെ പറ്റി എന്ത് വിചാരിക്കും? ഒരു ഓളം ഒക്കെ വേണ്ടേ :)

  ReplyDelete