Thursday, December 25, 2014

പുതിയാപ്ലയുടെ കോട്ടും സൂട്ടും

പുതു മണവാളന്റെ വേഷത്തെ സംബന്ധിച്ച്  മുമ്പും    എന്റെ  ബ്ലോഗിൽ പരാമർശിച്ചിരുന്നുവെങ്കിലും  വീണ്ടും  ആ വിഷയത്തെ  പറ്റി    എഴുതേണ്ടി വരുന്നു.
കഴിഞ്ഞ  ദിവസം ഒരു   വിവാഹ  ചടങ്ങിൽ  പങ്കെടുക്കുവാൻ  പോയി.എന്റെ  ഒരു  ബന്ധുവിന്റെ  മകളുടെ  വിവാഹമാണ്. വരന്  കച്ചവടമാണ്  തൊഴിൽ  എന്നാണറിഞ്ഞത്. പക്ഷേ  പയ്യൻ ട്രൈനിലെ  ടിക്കറ്റ്  പരിശോധകന്റെ  വേഷത്തിലാണ്  വിവാഹ സ്ഥലത്തെത്തിയത്. ഇനി ഇപ്പോൾ     അയാൾക്ക്  ആ ജോലി  വല്ലതും   കിട്ടിയോ  ആവോ? കോട്ടും സൂട്ടുമണിഞ്ഞ  വരൻ  അത്  ആദ്യമാണ്  ധരിക്കുന്നതെന്ന്  വ്യക്തം.  ചൂട്  നിറഞ്ഞ  അന്തരീക്ഷത്തിൽ  അയാൾ  വിയർപ്പിൽ  കുളിക്കുന്നതായി  കാണപ്പെട്ടു. പെൺകുട്ടി പഴയത്  പോലുള്ള   മണവാട്ടി  വേഷത്തിലായിരുന്നു.  പട്ടു സാരിയും തലയിലെ  നെറ്റും ആസകലം സ്വർണാഭരണങ്ങളും  ആളെ  കാണുമ്പോൾ    ഇതാണ്  മണവാട്ടി  പെണ്ണ്  എന്ന്   തിരിച്ചറിയുന്ന  വിധത്തിൽ തന്നെയായിരുന്നു  ആ കുട്ടി. അവൾക്ക്  ആ സാരിയും  മറ്റും  ഇനിയുള്ള  കാലത്തും  ഉപകാരപ്പെടും.  മന്ത്രകോടി  എന്ന  ആദരവോടെ  അവൾ  വളരെ  നാൾ   അത് സൂക്ഷിച്ച്  വെച്ചേക്കാം. പക്ഷേ   ഭാര്യയുമായി  ഭർത്താവ്  നാളെ  മുതൽ  പുറത്ത്  പോകുമ്പോൾ  അയാൾക്ക്  ഈ കോട്ടും  സൂട്ടുമിട്ട്   റോഡിലൂടെ  സഞ്ചരിക്കാനാവുമോ? ഇവനെവിടെ  നിന്നും  വന്നെടാ ഈ ഊളൻ  എന്നായിരിക്കും  വഴിവക്കിൽ  ഉയരുന്ന  കമന്റ്.  കേവലം  ഏതാനും  നിമിഷങ്ങളുടെ  ഉപയോഗത്തിന്      മാത്രമാണ്   ടിക്കറ്റ്  പരിശോധകന്റെ ഈ കോട്ട് ആ പാവം  എടുത്തണിയുന്നത്.  വെറും  പൊങ്ങച്ചത്തിനായി  മലയാളിയുടെ  പണം  പാഴായി  പോകുന്നതിന്റെ ഉദാഹരണമാണീ  കോട്ട്.
പണ്ട്  പുതു മണവാളനും  മണവാട്ടിയും   നാട്ടിൻപുറത്തെ    നിരത്തിൽ  കൂടി  വിവാഹം  കഴിഞ്ഞ്   ദിവസങ്ങൾക്ക്  ശേഷമായാലും  പോകുന്നത്    നയന സുഖം പ്രദാനം ചെയ്യുന്ന  കാഴ്ചയായിരുന്നു. വെളുത്തതോ ചന്ദന നിറത്തിലുള്ളതോ ആയ ഷർട്ടും   കസവു  വേഷ്ടിയും  ധരിച്ച  പുയ്യാപ്ലയെയും    തൊട്ടുതൊട്ടില്ലാ എന്ന  മട്ടിൽ  വരന്റെ  കൂടെ    പട്ട് സാരിയുമുടുത്ത് കൊഞ്ചി കൊഞ്ചി വർത്താമാനവും  പറഞ്ഞ്  പോകുന്ന  മണവാട്ടിയെയും  കാണുന്ന  മലയാളി  ഒരു  പുഞ്ചിരിയോടെ  അവരെ  നോക്കി  നിൽക്കും.  ഒരു  പക്ഷേ  അവരെ  കാണുമ്പോൾ  അയാളുടെ  വിവാഹാരംഭ ദിനങ്ങളുടെ  സ്മരണകൾ  ആ  കാഴ്ചക്കാരന്റെ      തലയിലൂടെ  കടന്ന്  പോകുന്നത്  കൊണ്ടായിരിക്കാം  ഒരു  പുഞ്ചിരി  അയാളുടെ  ചുണ്ടിൽ  വിരിഞ്ഞത്.  വേഷ്ടിക്ക് ശേഷം  പാന്റ്സ്  വന്നപ്പോഴും  വലിയ  കുഴപ്പമില്ലാതെ  കാര്യങ്ങൾ  നടന്നു  പോയി.  പക്ഷേ ഇപ്പോൾ  ഈ കോട്ടും  കളസോം  ഇട്ട  പുതിയാപ്ലയെ  പഴയ  മണവാളന്റെ  പകരക്കാരനായി  കാണുമ്പോൾ നാട്ടുമ്പുറത്ത്കാരനായ    നമ്മുടെ  ഉപ്പാപ്പാ  ബെർമൂഡായും    ടീ  ഷർട്ടും ധരിച്ച്   നമ്മുടെ  മുമ്പിൽ  വന്ന്  നിൽക്കുന്ന  കാഴ്ച  കാണുമ്പോഴുള്ള   ഒരു  അസ്കിത   മനസിൽ   വരുന്നുണ്ടല്ലോ!!!

1 comment:

  1. അല്ലെങ്കിലും അതെന്തിനാ ഈ കോട്ട്!!

    ReplyDelete