Sunday, December 14, 2014

ആധുനിക ബൽഗേറിയാ മാമാമാർ

ഞങ്ങളുടെ  ചെറുപ്പത്തിൽ ആലപ്പുഴ   വട്ടപ്പള്ളി ഭാഗത്ത്  ബൽഗേറിയാ മാമായുടെ  ചായക്കട  എന്നത്  സുപരിചിത വാക്കായിരുന്നു. നീലക്കുയിൽ  സിനിമയിൽ കായലരികത്ത്   പാടുന്ന രംഗത്ത്  കാണപ്പെടുന്ന   തരത്തിലുള്ള    ഒരു  ചായ മക്കാനി  ആയിരുന്നു അത്. ചായക്കടക്കാരൻ  മൂപ്പിലാന്  ബൽഗേറിയാ  മാമാ എന്ന  പേര് കിട്ടിയത്   എന്ത് കൊണ്ടാണെന്ന്  പല  അഭിപ്രായമുണ്ടെങ്കിലും  ഏതോ  ലോക മഹാ  യുദ്ധത്തിൽ കൂലി പട്ടാളക്കാരനായി  ബൽഗേറിയായിൽ  പോയത്  കൊണ്ടാണെന്ന  അഭിപ്രായത്തിനാണ്  മുൻ ഗണന. മാമായുടെ  ചായക്കടയിലെ  ചായകുടി  രീതി  പ്രസിദ്ധമാണ്.  തിരക്ക്  പിടിച്ച്  ഒരിടം  വരെ  പോകുന്നതിനു മുമ്പ് മാമയുടെ  കടയിൽ   കയറി ഒരു ചായ കുടിച്ചിട്ട്  പോകാമെന്ന്      ആരെങ്കിലും  കരുതിയാൽ   അവന്റെ കാര്യം  കട്ട പുക.  ധൃതിയിൽ   കടയിലെത്തിയ   നമ്മുടെ  അരികിലേക്ക്   മധുര മനോഹരമായ മന്ദഹാസവുമായി   മാമാ  സമീപിക്കുന്നു,  മധുര സ്വരത്തിൽ  ചോദിക്കുന്നു:-
"  മോനെന്ത്  വേണം,    മൊട്ടയേക്കാളും  ഗുണം  ചെയ്യുന്ന ഏത്തപ്പഴം  എടുക്കട്ടെ?"  കടയുടെ  മുൻ വശം കണ്ണീച്ച   പറന്ന്  ഉല്ലസിക്കുന്ന  ചീഞ്ഞ  ഏത്തപ്പഴം  ലക്ഷ്യമാക്കിയാണ്  മാമായുടെ  ചോദ്യം.
തിരക്ക്  കാരണം  നാം  വെപ്രാളപ്പെട്ട്  പറയുന്നു" ഏത്തപ്പഴം  വേണ്ടാ മാമാ ഒരു  ചായ  മാത്രം  മതി"
"ഓ, ശരി, എന്നലങ്ങനെയാകട്ടെ"   കടയുടെ  മുമ്പിലേക്ക്  പോയി നിന്ന്    മാമാ നീട്ടി  വിളിക്കുന്നു..."ബാടീ, ബാ,...  ബാ...." അന്തം വിട്ടിരിക്കുന്ന  നമ്മുടെ  മുഖത്തേക്ക്  നോക്കി  വാ പിളർന്ന്  ചിരിച്ചിട്ട്   മാമാ പറയുന്നു,  " ആടിനെ  വിളിച്ചതാ,  മോന്   ഇപ്പോ  കറന്ന  പാലിന്റെ  ചൂട്  ചായ  തരാം......"  ആ കടയിൽ  കയറിയ  നിമിഷത്തെ  ശപിച്ചിരിക്കുന്ന  നമ്മൾ  ആട്  വരുന്നതും  മാമാ പാല്  കറക്കുന്നതും  തിളക്കുന്ന  സമോവറിന്  മുകളിൽ   പാൽ  പാത്രം  വെക്കുന്നതുമായ  കാഴ്ച  കാണുന്നു.  നമ്മുടെ  മുഖത്തെ നീരസം  കണ്ടത്  കൊണ്ടാവാം  മാമാ അടുത്ത്  വന്ന്  ആശ്വസിപ്പിക്കുന്നു.  "ദാ,  ഇപ്പ  തരാം...."  എന്നിട്ട്  അടക്കം  പറയുന്ന  സ്വരത്തിൽ  അലമാരി  നോക്കി  പതുക്കെ  ചോദിക്കുന്നു"  പാല്  ചൂടാകുന്ന   നേരം   വരെ വെറുതെ  ഇരിക്കണ്ടാ,  ഒരു   ചൂട്  മൊരിഞ്ഞ  വജിയ  (പരിപ്പ്  വടക്ക്  വട്ടപ്പള്ളിയിൽ  അങ്ങിനെയും  പേരുണ്ട്) കടിച്ചോണ്ട്  ഇരി  മോനേ...."  നിവർത്തി  ഇല്ലാതെ നമ്മൾ  സമ്മതം  മൂളൂമ്പോൾ  ഒരു  അലൂമിനിയം  പാത്രത്തിൽ  നാലഞ്ച്  പരിപ്പ്  വടയുമായി  എത്തി  നമ്മുടെ  മുമ്പിൽ  വെച്ചിട്ട്   മാമാ വെള്ളം  തിളപ്പിക്കുന്ന  സമോവറിന്  സമീപത്തേക്ക്  ഒരു   പാച്ചിലാണ്.   എനിക്ക്  ഒരു  വട മതി  ബാക്കി  എടുത്തോണ്ട്  പോ  എന്ന  നമ്മുടെ  നിലവിളി  കേൾക്കാത്ത  ഭാവത്തിൽ  മാമാ പാല്  തവി കൊണ്ട്  ഇളക്കി  കൊണ്ട് നിൽക്കുമ്പോൾ  നമ്മൾ  ഒരു  വട  എടുത്ത് പൊട്ടിക്കുന്നു. മുറിഞ്ഞ  കഷണങ്ങളിൽ  നിന്നും  നൂല്  വലിയുമ്പോഴാണ്  പരിപ്പ് വട  വാരങ്ങൾ  പിന്നിട്ടതാണെന്ന  സത്യം  നമ്മൾ  തിരിച്ചറിയുന്നത്. കാലി ചായ  കുടിക്കാൻ    തിരക്കിട്ട്    വന്ന  നമ്മൾ  നമ്മുടെ  സമയം  നഷ്ടപെട്ട   വിഷമത്തോടെ   ഇറങ്ങുമ്പോൾ  മാമാ  അരികിൽ  വന്ന് നമ്മുടെ  ചെവിയിൽ  മൊഴിയുന്നു.   "മോനേ!   ഇനിയും  വരണേ!"
ഇപ്പോൾ  ഈ  കഥ  പറയാൻ  കാരണം  പലപ്പോഴും  യാത്രയിൽ  വിശപ്പ്  അനുഭവപ്പെടുമ്പോൾ   നമ്മൾ  ഏതെങ്കിലും  റെസ്റ്റോറന്റിൽ   കയറിയാൽ   നമ്മുടെ  പഴയ ബൽഗേറിയാ   മാമായെ അവിടെ  നമുക്ക്  കണ്ട്  മുട്ടാം  എന്ന  വിവരം  അറിയിക്കുന്നതിന്  വേണ്ടിയാണ് .   ആഹാരം  കഴിച്ച്   നമുക്ക്  പെട്ടെന്ന്  പോകാനുണ്ടെന്നും  അതിനാൽ  പെട്ടെന്ന്  തന്നെ  നമുക്ക്  ഭക്ഷണം  തരണമെന്നും  ഈ കശ്മലന്മാർ   കരുതുകയേ  ഇല്ല.  ചെന്നിരുന്നാൽ  ഉടൻ  ആഹാരം  കൊടുക്കരുത് എന്നത്  ഇപ്പോൾ  ഒരു  ഫാഷൻ  പോലെ  പടർന്നിരിക്കുന്നു. ആദ്യം ഓർഡർ  എടുക്കുന്നു.  പിന്നെ  ഗ്ലാസ്സും  വെള്ളവും  വരുന്നു.  നമ്മൾ  വെള്ളം  മൊത്തി  കുടിച്ച്  സമയം  തള്ളി  നീക്കുമ്പോൾ  പ്ലൈറ്റ്  വരുന്നു,  അത്  കഴിഞ്ഞ്  കുറേ  നേരം  കഴിയുമ്പോൾ   ചമ്മന്തിയും  സാമ്പാറും   അല്ലെങ്കിൽ  മറ്റേതെങ്കിലും  തൊടു  കറികളുടെ    പാത്രങ്ങൾ  വരുന്നു,  പിന്നെയും  യുഗങ്ങൾ  കഴിയുമ്പോളാണ്  ആവശ്യപ്പെട്ട  ആഹാരം  എത്തി  ചേരുന്നത്.  ഇതിനിടയിൽ  അര  മണിക്കൂർ  സമയം  കഴിഞ്ഞിരിക്കും. ഓർഡർ  എടുത്ത്  കഴിഞ്ഞ്   ഫ്രിഡ്ജിൽ  സൂക്ഷിച്ചിരിക്കുന്ന   ഒരു മാസം  പഴക്കമുള്ള  ഡേഡ്ബോഡി  പുറത്തെടുത്ത്  പിന്നെ  അത്  ചൂടാക്കി  മസാലപുരട്ടി  അടുപ്പിലിട്ട് കസർത്ത്  കാണിച്ച്  ആവി  പറത്തി  നമ്മുടേ  മുമ്പിലെത്തിക്കുന്നതിലാണ്   ത്രിൽ  എന്ന്  നമ്മളും  അംഗീകരിച്ചിരിക്കുകയാണല്ലോ. മാമായുടെ  നൂല്  വലിയുന്ന  പരിപ്പ്  വടയുടെ  സ്ഥാനത്ത്  ഫ്രീഡ്ജിലെ  പഴകിയ   മാംസം   എന്ന  വ്യത്യാസമേ  ഉള്ളൂ.  സസ്യാഹാര  ഭക്ഷണ  ശാലയിലും  ഇത്  തന്നെ  ഗതി. ഭക്ഷണ  ശാലയിലെ  തിരക്കുള്ള  സമയം  അനുഭവം  കൊണ്ട്  തിരിച്ചറിഞ്ഞ്  ഇവർക്ക്  കൂടുതൽ  ആഹാര  സാധനങ്ങൾ  പാചകം  ചെയ്ത്  സൂക്ഷിക്കാമെങ്കിലും    അത്  ചെയ്യാതെ       ഈ ആധുനിക  ബൾഗേറിയാ മാമാമാർ മണിക്കൂറുകൾ  നമ്മുടേത്    നഷ്ടപ്പെടുത്തുന്നു  എന്ന  സത്യം  തിരിച്ചറിയുക.

3 comments:

  1. ബള്‍ഗേറിയ മാമ രൂപം മാറി അവതരിക്കുന്നു

    ReplyDelete
  2. അന്നും ഇന്നും ഒന്നുതന്നെ

    ReplyDelete
  3. ഭക്ഷണം എത്തുമ്പോഴേക്കും വിശപ്പ്‌ മാറിയിട്ടുണ്ടാകും...

    ReplyDelete