Monday, September 23, 2013

നിരത്തിൽ കണ്ടത്

ഓണ അവധിക്ക് പാഠശാലകൾ അടക്കുന്നതിന്   തൊട്ട് മുമ്പ് ഒരു ദിവസം കാറിൽ     കൊല്ലം ചെങ്കോട്ട റോഡിലൂടെ പോകുകയായിരുന്നു. തിരക്ക് പിടിച്ച  നിരത്തിൽ  ഞങ്ങളുടെ കാറിനെ  മറികടന്ന്  ഇരുചക്ര വാഹനങ്ങൾ ചീറി പാഞ്ഞു. അതിൽ ഒരെണ്ണത്തിലെ യാത്രക്കാർ ഞങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചു.   ആ  ഇരു ചക്രവാഹനം ഓടിച്ചിരുന്ന ആൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അതിൽ പുതുമയില്ലെങ്കിലും മുമ്പിലിരിക്കുന്ന ആൾ   ധരിക്കേണ്ട  ആ കവചം   പിമ്പിലിരുന്ന  ആൾ ധരിച്ചിരുന്നു. അത്  ഒരു പെൺകുട്ടി ആയിരുന്നു.  ആൾ തിരിച്ചറിയപ്പെടാതിരിക്കാനാണ് ഈ   കവചം ആ കുട്ടി ധരിച്ചിരിക്കുന്നതെന്ന് വ്യക്തം. അവർ ഞങ്ങളെ  കടന്ന് പോയി.  പിന്നീട്  നിരത്ത് വക്കിന് സമീപമുള്ള ഒരു പ്രൈവറ്റ്  സ്കൂളിന്റെ    മതിൽക്കെട്ടിന്   സമീപം  ഇരുചക്ര വാഹന  യാത്രക്കാരെ  ഞങ്ങൾ കണ്ടു.   നെത്തോലി   പോലുള്ള ഒരു  പെൺകുട്ടി. പതിനാറ് തികഞ്ഞ് കാണില്ല. സ്കൂളിൽ  കയറണോ  വേണ്ടയോ  എന്നതാണ് അവരുടെ തർക്ക വിഷയമെന്ന്   ഗതാഗത കുരുക്കിനാൽ  ഞങ്ങളുടെ വാഹനം  അവിടെ  നിർത്തേണ്ടി വന്നപ്പോൾ  ഞങ്ങൾക്ക്  കേൾക്കാൻ കഴിഞ്ഞു..  ഇരുപത് വയസ്സിന് മുകളിൽ പ്രായമുള്ളവനായിരുന്നു പയ്യൻ. അവൻ  അവളെ പ്രലോഭിച്ച് കൊണ്ടേ ഇരുന്നു.  ഞങ്ങൾ മുമ്പോട്ട് പോയി  കുണ്ടറ  കവല  കടന്നപ്പോൾ  മേൽപ്പറഞ്ഞ  യാത്രക്കാർ  ഞങ്ങളെ  കടന്ന് ചീറി  പാഞ്ഞ് പോയി.  ഇപ്പോൾ അവന് ശിരോ കവചം ഉണ്ട്. അവൾക്കില്ല.  പെൺകുട്ടി  "നിന്നെ  ഞാൻ വിടില്ലെടാ"  എന്ന മട്ടിൽ  അവന്റെ  കഴുത്തിൽ  കൈ ചുറ്റി  അവനെ  പറ്റി ചേർന്നിരുന്ന്  കലുപിലെ വർത്താനം  പറഞ്ഞ്   അവർ രണ്ട്  പേരും  കൊല്ലം  നഗരം  ലക്ഷ്യമാക്കി  പാഞ്ഞ് പോയി.
അവളുടെ അമ്മ   വിദ്യാഭ്യാസത്തിനായി   പോയ  പൊന്ന് മോൾക്ക്   ഉച്ചക്ക്  കഴിക്കാൻ  അതിരാവിലെ  എഴുന്നേറ്റ്  തയാറാക്കിയ  ആഹാരം  അവളുടെ  തോളിൽ തൂങ്ങുന്ന ബാഗിൽ ഉണ്ടായിരിക്കും. അവളുടെ  അച്ഛൻ  അവൾക്ക്   പാഠശാലയിൽ  ഫീസ്   കൊടുക്കാനായി പണം  ഉണ്ടാക്കാൻ   എവിടെയോ  ആ നേരം  കഠിനാധ്വാനം  ചെയ്തുകൊണ്ടിരിക്കുകയാവാം. ആ  മാതാപിതാക്കളുടെ കാഴ്ചപ്പാടി ൽ  അവൾ  കൊച്ച്കുട്ടിയാണ്.  വായിൽ വിരലിട്ടാൽ  കടിക്കാനറിയാത്ത കുട്ടി. പക്ഷേ    ഇരുചക്ര വാഹനത്തിൽ  മുമ്പിലിരുന്നവന്റെ  കാഴ്ചപ്പാടിൽ  അവൾ  ഉപഭോഗ വസ്തു മാത്രമാണ്.   പെൺകുട്ടി  വലുതായെന്നും  പ്രകൃതി അവളുടെ  ശരീരത്തിൽ  ആ  പ്രായത്തിൽ  ഉൽപ്പാദിപ്പിപ്പിക്കുന്ന  രാസ  ഘടകങ്ങൾ  ഭൂമിയിൽ ജീവൻ നിലനിർത്താൻ  ഇണ ചേരുന്നതിന്  അവളെ  പ്രേരിപ്പിക്കുന്നതാണെന്നും  അത് കൊണ്ട് തന്നെ   ആ പ്രേരണ  അവളെ തെറ്റിലേക്ക്  നയിക്കുമെന്നും  ആ തെറ്റ്  എന്താണെന്നും  അതിനെ  പ്രതിരോധിക്കുന്നതെങ്ങിനെയെന്നും  പ്രതിരോധിച്ചില്ലെങ്കിലുള്ള  ഭവിഷ്യത്ത്  എന്തെന്നും    പെൺകുട്ടിക്ക്   വീട്ടിൽ നിന്നും  പാഠം  ലഭിക്കാതിരിക്കുകയും  എന്റെ മോൾ   ഇപ്പോഴും  കുഞ്ഞാണ്  അവൾക്ക് ഒന്നുമേ  അറിയില്ലാ എന്ന   മുൻ വിധിയോടെ  മാതാ പിതാക്കൾ  അവളെ കാണുകയും ചെയ്താൽ    അവനെ  പോലുള്ളവർ   അവളെ   ശരിയല്ലാത്ത  കാര്യങ്ങൾക്കായി  ഉപയോഗിക്കുകയും  ചില  കേസുകളിൽ  സ്നേഹിതന്മാർക്ക്  കൈമാറുകയും   ചെയ്യുമെന്ന്  ഉറപ്പ്.  നാം  ദിനവും  പത്രത്തിൽ  വാർത്തയായി  വായിച്ച് രസിക്കുന്നത്   ഇത്  തന്നെയാണ്.    അതുമല്ലെങ്കിൽ  ഏതെങ്കിലും  ഒഴിഞ്ഞ  കോണിൽ സർവതും മറന്ന് അവർ  ഇരിക്കുമ്പോൾ  പ്രഥമ ദൃഷ്ട്യാൽ  തന്നെ  ഇത് ലൈസൻസ്  ഇല്ലാത്ത സംഭവമാണെന്ന് തിരിച്ചറിയാൻ കഴിയുന്ന കശ്മലന്മാർ  അവന്റെ തലക്ക്  ഒരു  അടിയും  കൊടുത്ത്  കയ്യും കാലും  കെട്ടിയിട്ട്  അവളെയും പൊക്കി കൊണ്ട് പോകുന്നതും  നമുക്ക്  വാർത്തയായി  ആഘോഷിക്കാമല്ലോ.

2 comments:

  1. വല്ലാത്ത കാലം

    ReplyDelete
  2. ചൂടുവെള്ളത്തില്‍ കിടക്കുന്ന തവളയെ പോലെയാണ് നമ്മള്‍ മലയാളി സമൂഹം ഇന്നു കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് . സദാചാര അധപതനവും ലൈഗിക അരാചകത്വവും നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും മലയാളി ആ വാര്‍ത്തകള്‍ വായിച്ചു രസിച്ചു കൊണ്ടിരിക്കുകയാണ് . അവസാനം സ്വന്തം കുട്ടികള്‍ അല്ലെങ്കില്‍ കുടുംബത്തിലേക്ക്‌ ബാധിക്കുമ്പോഴാകും നാം കണ്ണു തുറക്കാന്‍ പോകുന്നത് .

    ReplyDelete