Sunday, July 21, 2013

പീഡനങ്ങളും തട്ടിപ്പുകളും.

പലതരം  സീസണുകൾ  നമുക്ക്  സുപരിചിതമാണ് .  ചക്ക-മാങ്ങാ  ധാരാളം  കിട്ടുമ്പോൾ  അത്  ചക്ക-മാങ്ങാ സീസൺ. ആപ്പിൾ   കൂടുതൽ  ലഭ്യമാകുമ്പോൾ  ആപ്പിൾ  സീസൺ.  ചിക്കൻ ഗുനിയ  ധാരാളം  റിപ്പോർട്ട്  ചെയ്യപ്പെടുമ്പോൾ  ഡോക്റ്ററന്മാർക്കും  മെഡിക്കൽ  ഷാപ്പുകൾക്കും  ചിക്കൻ ഗുനിയാ സീസൺ. അങ്ങിനെ  പോകുന്നു സീസണുകൾ.

  ഞാനിവിടെ  പറയാൻ  പോകുന്നത്  പത്രങ്ങളുടെ    വാർത്താ സീസണുകളെ  പറ്റിയാണ്.  .  അടുത്ത കാലം  വരെ  സ്ത്രീ പീഡനങ്ങളുടെ   വാർത്താ  സീസണായിരുന്നു.
ഡെൽഹി  പീഡനം,  ബംഗ്ലൂർ  പീഡനം,  വിതുര  പീഡനം  സൂര്യനെല്ലി  പീഡനം പരവൂർ  പീഡനം,  അങ്ങിനെ  സ്ഥല നാമങ്ങളാൽ  അറിയപെട്ടിരുന്ന  പീഡനങ്ങളും,  അഛൻ  മകളെ  പീഡിപ്പിച്ചു,  അഛനും  മകനും  പീഡിപ്പിച്ചു,  അമ്മയുടെ  സഹായത്തോടെ  രണ്ടാനഛൻ പീഡിപ്പിച്ചു, അടുത്ത  ബന്ധു   പീഡിപ്പിച്ചു, എന്നിങ്ങനെ  ബന്ധങ്ങളുടെ  പേരിൽ  അറിയപ്പെട്ടിരുന്ന  പീഡനങ്ങളും, അഞ്ച്  വയസുകാരിയെ  പീഡിപ്പിച്ചു, അൻപത്  വയസുകാരിയെ  പീഡിപ്പിച്ചു,  പതിനാലുകാരിയെ  പീഡിപ്പിച്ചു,  എട്ടാം ക്ലാസ് കാരിയെ   പീഡിപ്പിച്ചു,  പ്ലസ് വൺ കാരിയെ  പീഡിപ്പിച്ചു,  എന്നിങ്ങനെ  വയസിനു  പ്രാധാന്യ കൊടുത്ത   പീഡനങ്ങളും,  വാർത്തകളായി  വന്നുകൊണ്ടിരുന്നപ്പോൾ  പുട്ടിന് തേങ്ങാ ഇടുന്നത്  പോലെ  വിവാഹ  വാഗ്ദാനം ചെയ്തു  പീഡിപ്പിച്ചു,  എന്ന  തരത്തിലുള്ള  പീഡന വാർത്തകളും  ഇടക്കിടക്ക്  പീഡന വാർത്താ സീസണിൽ  മുഖം  കാണിച്ച്  കൊണ്ടിരുന്നു.( വിവാഹ  വാഗ്ദാനം  ചെയ്ത്  പീഡനം  ആദികാലം  മുതലുള്ള  വാർത്തയാണ്  .  കാര്യം  സാധിക്കാൻ  കെട്ടിക്കോളാമെന്ന്  പറയുക. ഗർഭിണി  ആകുമ്പോൾ    കാലുമാറുക  എന്നത്  ദുഷ്യന്തന്റെ  കാലം  മുതൽ  ആണുങ്ങളുടെ  പണിയാണ് )
ഇപ്പോൾ  പീഡന  സീസൺ  കഴിഞ്ഞെന്ന്  തോന്നുന്നു.  പൊട്ടാതെ  കിടന്ന  ഓലപ്പടക്കം  അൽപ്പം  വൈകി  പൊട്ടുന്നത്  പോലെ  ഇപ്പോൾ  അപൂർവമായേ ആ വാർത്തകൾ  കാണുന്നുള്ളൂ. 

ഇപ്പോൾ തട്ടിപ്പിന്റെ  സീസണാണ്.  സോളാർ തട്ടിപ്പ്,  ടോട്ടൽ ഫോർ യു  തട്ടിപ്പ്,  ശാലു  തട്ടിപ്പ്,  സരിത തട്ടിപ്പ്, പോഷക  തൈല  തട്ടിപ്പ് , ചാരിറ്റബിൽ  സൊസൈറ്റി തട്ടിപ്പ്,  ലീ കാപിറ്റൽ  തട്ടിപ്പ്, ഷെയർ മാർകെറ്റ്  തട്ടിപ്പ്, മനുഷ്യാവകാശ സംഘടനാ തട്ടിപ്പ്, ഫോറക്സ്  ട്രേഡിംഗ്  തട്ടിപ്പ്, ഇന്റഗ്രേഡ്  ഫിനാൻസ്  തട്ടിപ്പ്,  പത്രങ്ങളിൽ  ഇപ്പോൾ  ഈ വക  തട്ടിപ്പുകളുടെ  സീസൺ  കത്തിജ്വലിച്ച്  നിൽക്കുന്നു.  ഇനി  ഇപ്പോൾ പിഞ്ച്കുട്ടികൾക്കെതിരെ  പീഡന  സീസൺ  തുടങ്ങി  കഴിഞ്ഞു. കുമളി  ഷഫീക്കിന്റെ  കേസ്  പത്രത്തിൽ  വന്നതിനെ  തുടർന്ന്  ആ  മാതിരി  ധാരാളം  കേസുകൾ  വാർത്തകളായി കഴിഞ്ഞു.
പത്രം  വായിച്ച്  കഴിയുമ്പോൾ  തല മരവിക്കുകയാണിപ്പോൾ.  പീഡനത്തിരയാകാനായി  വിധിക്കപ്പെട്ട  ഇത്രയധികം  സ്ത്രീ ജന്മങ്ങളും പീഡിപ്പിക്കാനായി  ഒരു  ഭയവും  മടിയുമില്ലാതെ  ഇത്ര  അധികം  വേട്ടക്കാരും. ധാരാളം വാർത്തകൾ  തട്ടിപ്പിനെ  സംബന്ധിച്ച്  പുറത്ത്  വന്നിട്ടും   ധനാർത്തിയാൽ  പിന്നെയും  പിന്നെയും  ഓരോ  വെട്ടിപ്പിൽ  ചെന്ന്  ചാടി  കോടികൾ  തുലക്കുന്ന  വിദ്യാഭ്യാസവും  വിവരവുമുള്ള  വിഡ്ഡി കൂശ്മാണ്ഡങ്ങൾ. അവരെ  കുപ്പിയിലിറക്കി  കോടികൾ  തട്ടുന്ന  സ്ത്രീകൾ ഉൾപ്പടെയുള്ള  തട്ടിപ്പ്  സംഘങ്ങൾ.(ഇത്രയധികം  കോടികൾ  പുല്ല്  പോലെ  എടുത്ത്  ചെലവഴിക്കാൻ  തക്ക  വിധം  ആസ്തികൾ   ഉള്ളവർ  ഈ ദരിദ്ര കേരളത്തിലുണ്ടെന്നും  വെളിവാകുന്നു)  സ്വന്തം  രക്തത്തിൽ  ജനിച്ച  കുഞ്ഞുങ്ങളെ  കാട്ടാളന്മാർ  പോലും  ചെയ്യാൻ  അറക്കുന്ന  വിധം  ക്രൂരതക്ക്  ഇരയാക്കുന്ന  പിശാച് രൂപികൾ.
മനുഷ്യന്റെ  മനസ്സിൽ  ഇത്രയും  അന്ധകാരം നിറഞ്ഞ്  നിൽക്കുന്നു  എന്നും  അവർ  നമ്മുടെ  നാലുചുറ്റും  തന്നെ  ഉണ്ടെന്നും   അറിയുമ്പോൾ  തല  ചുറ്റ്  അനുഭവപ്പെടുക  തന്നെ  ചെയ്യും.

6 comments:

  1. കപടലോകത്തിലാത്മാര്‍ത്ഥമായ ഹൃദയം പരാജയമാണെന്ന് തോന്നും ഈ തട്ടിപ്പുവാര്‍ത്തയെല്ലാം വായിയ്ക്കുമ്പോള്‍!

    ReplyDelete
  2. അങ്ങനെ ചിന്തിയ്ക്കണോ അജിത്തേട്ടാ... ആത്മാർത്ഥമായ ഹൃദയമുള്ള കുറേപ്പേരെങ്കിലും ഉള്ളതുകൊണ്ടല്ലേ ഈ ലോകം ഇങ്ങനെയെങ്കിലും മു ൻപോട്ടുപോകുന്നത്...

    നല്ലതൊന്നും എഴുതുവാനും കാണിയ്ക്കുവാനും നമ്മുടെ ദൃശ്യ മാധ്യമങ്ങൾക്ക് സമയവും, ഇടവുമില്ലാത്തിടത്തോളം കാലം മോശമായ വാർത്തകൾ മാത്രം നിറയുന്ന പ്രഭാതങ്ങളിലേയ്ക്ക് ഉണർന്നെണീയ്ക്കുവാനാണ് മലയാളിയുടെ വിധി...

    ReplyDelete
  3. കലാം പറഞ്ഞത് ഓർമ്മയുണ്ട്. നമ്മൾ മാത്രമാണ് ഇത്തരം വാർത്ത‍കളെ ആഘോഷിക്കുന്നവർ എന്ന് . ഫസ്റ്റ് പേജിൽ , വല്യ തലക്കെട്ടിൽ .. പറഞ്ഞും പറഞ്ഞും മതി വരാതെ . മറ്റ് രാജ്യക്കാർ ഇത് പോലെ ആഘോഷിക്കുന്നത് അവിടുത്തെ ജനങ്ങളുടെ creativity ഉം മറ്റ് positives ഉം ഒക്കെ ആണെന്ന് .

    ReplyDelete
  4. തട്ടിപ്പ്, പീഡനം, അഴിമതി. വാര്‍ത്താപ്രാധന്യം ഇവക്ക് മാത്രമേ നല്‍കുന്നുള്ളു. എന്തെല്ലാം നല്ല കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. അവയൊന്നും ആരും അറിയേണ്ടെന്നോ.

    ReplyDelete
  5. തട്ടിപ്പ്, പീഡനം, അഴിമതി. വാര്‍ത്താപ്രാധന്യം ഇവക്ക് മാത്രമേ നല്‍കുന്നുള്ളു. എന്തെല്ലാം നല്ല കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. അവയൊന്നും ആരും അറിയേണ്ടെന്നോ.

    ReplyDelete
  6. സെന്‍സേഷനല്‍ വാര്‍ത്തകളേ നമ്മള്‍ കാണൂ വായിക്കൂ എന്നതിനാല്‍ ഇതു തന്നെ പ്രതീക്ഷിച്ചാല്‍ മതി , വരും കാലത്തും (മറ്റൊരു പേരില്‍)

    ReplyDelete