Sunday, July 7, 2013

ജന്നത്തുൽ ബഖിയായും ചില ചിന്തകളും

         2005ൽ ഡിസമ്പർ മാസത്തിലെ ഒരു പുലർ കാലത്ത് ജന്നത്തുൽ ബഖിയായുടെ പടികൾ ഞാൻ കയറി കൊണ്ടിരുന്നു. മദീന പള്ളിയിൽ നിന്നും നോക്കിയാൽ കാണുന്ന ഈ സ്ഥലം പരിസര പ്രദേശത്തേക്കാൾ ഉയർന്ന ഭാഗമായതിനാലാണ് അവിടേക്ക് പടികൾ കാണപ്പെട്ടത്.പ്രവാചക പത്നിമാരിൽ പലരും അദ്ദേഹത്തിന്റെ സഹചരരിൽ ചിലരും ഇസ്ലാമിക ചരിത്രത്തിലെ മഹദ് വ്യക്തിത്വങ്ങളും ഈ ശ്മശാനത്തിൽ മറമാടപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞിരുന്നതിനാൽ  അവിടെ സന്ദർശിക്കണമെന്ന് എനിക്ക്  മദീനയിൽ വന്ന അന്ന് തന്നെ ആഗ്രഹം ഉണ്ടായിരുന്നു. ചില സമയങ്ങളിൽ മാത്രം സന്ദർശകർക്കായി വാതിൽ തുറക്കപ്പെടാറുള്ള  ഈ മൈതാനം പുലരിയുടെ അരണ്ട വെളിച്ചത്തിൽ ഒരു പ്രത്യേക പരിവേഷം പൂണ്ട് നിൽക്കുന്നത് ഞാൻ കണ്ടു. നൂറ്റാണ്ടുകളായി മഹാന്മാരും മഹതികളും ഇവിടെ നിത്യ ഉറക്കത്തിലാണ്, സൂർ എന്ന കാഹളം ഊതുന്നത് വരെ.

   മയ്യത്തുകൾ മറമാടുന്ന ഈ സ്ഥലത്തൊരു ദിവസം രാത്രി പ്രവാചകൻ (സ അ) ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ചെന്ന് അവിടെ വെച്ച്  പിൽക്കാലത്ത് പ്രസിദ്ധമായ ആ പ്രാർത്ഥന ഉരുവിട്ടു.(ഖബറിൽ കഴിയുന്നവരേ! നിങ്ങൾ ഞങ്ങൾക്ക് മുമ്പേ ഇവിടെ വന്നു. അല്ലാഹു ഇച്ഛിക്കുമ്പോൾ ഞങ്ങളും നിങ്ങളോടൊപ്പം വരും……എന്ന് തുടങ്ങുന്ന പ്രാർത്ഥന) അതിനു മുമ്പ് അദ്ദേഹം ഖബർ സന്ദർശനം നിരോധിച്ചിരുന്നു. നമ്മളും ഒരു നാൾ കുഴി മാടത്തിലേക്ക് ചെല്ലും എന്നുള്ള ബോധം വിശ്വാസികളിലുണ്ടാകാൻ വേണ്ടി അദ്ദേഹം ഖബർ സന്ദർശനം പുന:സ്ഥാപിക്കുമ്പോൾ സന്ദർശന സ്ഥലത്ത്  ഈ പ്രാർത്ഥന മാത്രം ഉരുവിടാൻ നിർദ്ദേശിച്ചും മറ്റ് വൈകാരികമായ പ്രകടനങ്ങൾ തടയുകയും ചെയ്തു.

ചരിത്രം ഉറങ്ങുന്ന ഈ ഭൂമിയിൽ നിൽക്കുമ്പോൾ മനസ് തരളിതമായി. ഇവിടെ ഇതാ തിരുമേനിയുടെ പ്രിയ പത്നിമാരും വിശ്വാസികളുടെ മാതാക്കളുമായ ആയിഷാ, ജുബൈരിയാ, സഫിയാ തുടങ്ങിയ എല്ലാവരുമുണ്ട്.ഇവിടെ ജഅഫർ ഉണ്ട്.  മൂന്നാം ഖലീഫാ ഉതുമാനിബ്നു അഫ്ഫാനുണ്ട്. പ്രവാചകന്റെ പ്രാധാന സഹചരർ പലരും ഉണ്ട്.പ്രിയ മകൾ ഫാത്തിമ, ഓമന പൗത്രൻ ഹസൻ തുടങ്ങിയവരുമുണ്ട്.(എല്ലാവരിലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ).  ആരുടെതെന്ന്  നമുക്ക്  തിരിച്ചറിയാൻ  കഴിയാത്ത  കുഴിമാടങ്ങളിൽ അവർ ഉറങ്ങുന്നു. മയ്യത്ത് മറമാടിയ ഇടമാണെന്ന് സൂചിപ്പിക്കുന്ന്തിനായി വെറും കാട്ട്കല്ലുകൾ നാട്ടിയിരിക്കുന്ന ആ  കുഴി മാടങ്ങളിൽ മാർബിൾ ഫലകങ്ങളില്ല, പേരുകൾ അടയാളപ്പെടുത്തിയിട്ടില്ല,  അവിടെ ഗോപുരം കെട്ടി പൊക്കിയിട്ടില്ല, എല്ലാ കബറിടങ്ങളും ഒരേ പോലെ കാണപ്പെട്ടു. 

നബി തിരുമേനിയുടെ പ്രിയ പത്നിമാരെ  മറമാടിയിരിക്കുന്നത് നാലഞ്ച് കല്ലുകൾ അടുത്തടുത്തായി നാട്ടിയിരിക്കുന്ന സ്ഥലത്താണെന്ന് ഒരു വൃദ്ധൻ പറഞ്ഞ് തന്നു. മുമ്പ് ഈ ഖബറുകൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവത്രേ! സന്ദർശകരിൽ ചിലരുടെ കൈ വശം കണ്ട പ്ലാനുകളിൽ ആ കബറുകൾ ആരുടേതാണെന്ന്  അടയാളപ്പെടുത്തിയിരിക്കുന്നത് ഞാൻ നേരിൽ കാണുകയുണ്ടായി. അത് ശരിയായിരിക്കാം തെറ്റായിരിക്കാം.

 അപ്പോൾ അവിടെ സാന്നിദ്ധ്യമുള്ള സഊദി സർക്കാർ മത വകുപ്പ് പണ്ഡിതരോട് കബറുകൾ  ആരുടേതെല്ലാമാണെന്ന് ചോദിച്ചപ്പോൾ അത് അവർക്കറിയില്ലെന്നും ആരുടേതായാലും മതത്തിന്റെ കാഴ്ചപ്പാടിൽ ആ വിഷയം പ്രസക്തമല്ലെന്നും അവിടെ സന്ദർശകരുടെ കയ്യിൽ കാണപ്പെട്ട പ്ലാനുകൾ ശരിയല്ലെന്നും കബർ ആരാധന തെറ്റാണെന്നും പ്രവാചകൻ പഠിപ്പിച്ച് തന്ന പ്രാർത്ഥന ഉരുവിട്ടാൽ മാത്രം മതിയെന്നും കബറിൽ തടവുകയോ അവിടെ നിന്നും മണ്ണെടുത്ത് കൊണ്ട് പോകുകയോ ചെയ്യുന്നത് തെറ്റാണെന്നും അവർ പറഞ്ഞു.

അവർ പറയുന്നത് ശരിയാണ്. ഏക ദൈവ വിശ്വസത്തിലധിഷ്ഠിതമായ ഒരു സിദ്ധാന്തത്തിന് അതിൽ നിന്നും  മാറി ചിന്തിക്കാൻ കഴിയില്ല. ബഹുദൈവ ആരാധനയിലേക്ക് വഴിമാറ്റപ്പെട്ടേക്കാവുന്ന കബർ പൂജയിലേക്ക് നയിക്കുന്ന എല്ലാ സാദ്ധ്യതകളും ഇല്ലാതാക്കേണ്ടത് സിദ്ധാന്ത സംരക്ഷണത്തിന്റെ ഭാഗം തന്നെയാണ്. ഉദാഹരണത്തിന് പ്രവാചകന്റെ പ്രിയ പത്നി ആയിശ( അല്ലാഹു അവരിൽ കാരുണ്യം ചൊരിയട്ടെ)യുടെ ശരീരം മറമാടിയ സ്ഥലം തിരിച്ചറിയപ്പെട്ടാൽ  ആഴത്തിൽ മതം  പഠിക്കാത്ത  ഒരു സാധാരണ സ്ത്രീ ആ മഹതിയോടുള്ള പ്രിയം കാരണം  ആ കബറിന്റെ മുമ്പിൽ പ്രണാമം ചെയ്തേക്കാം. നാട്ടിലെ ബീമാ പള്ളിയും നാഗൂരും അജ്മീരും തട്ടാമലയും ഗ്രാമങ്ങൾ തോറും അലങ്കരിച്ച് സൂക്ഷിക്കുന്ന ദിവ്യന്മാരുടെ  ജാറങ്ങളും  അവിടെ നടക്കുന്ന ആഘോഷങ്ങളും നമ്മുടെ മുമ്പിൽ  ഉദാഹരണങ്ങളായുണ്ട്.ഇസ്ലാമിന്റെ അന്തസത്തയിൽ  ആ വക ആഘോഷങ്ങളും ഉൾക്കൊള്ളുന്നു   . എന്ന  തെറ്റായ സന്ദേശം  ഇതര മതസ്തർക്ക്  നൽകാൻ   അവ ഇട വരുത്തുകയും ചെയ്യുന്നു. ഈ  കാഴ്ചപ്പാടിൽ  സഊദി  സർക്കാർ  ഈ കബറിടങ്ങൾ  തിരിച്ചറിയപ്പെടാതെ  സൂക്ഷിച്ചിരിക്കുന്നതിൽ  ന്യായം   ഉണ്ട്.

പക്ഷേ  മതത്തെ  ശരിക്കും  തിരിച്ചറിഞ്ഞ  ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം  ഈ   കബറുകൾ  സ്വയം സംസാരിക്കുന്ന ചരിത്ര രേഖകളാണ്. ഈ കബറിടങ്ങൾ  ആരുടേതെന്ന്  തിരിച്ചറിഞ്ഞിരുന്നെങ്കിൽ  അതാത് സ്ഥലത്ത് നിൽക്കുമ്പോൾ   അവിടെ  ശയിക്കുന്ന വ്യക്തിയും  അവരുടെ ജീവിതവും  ഒരു ചലചിത്രമെന്ന വണ്ണം മനസിലൂടെ കടന്ന് പോകുമായിരുന്നു. മണ്ണിനു മുകളിൽ കെട്ടപ്പൊക്കിയ കബറുകൾ  തട്ടി നിരപ്പാക്കുന്നതിനു മുമ്പ്   ഒരു പ്ലാൻ വരച്ച്  കബറുകളുടെ സ്ഥാനവും  പേരും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നെങ്കിൽ അത് ചരിത്രത്തോട് ചെയ്യുന്ന നീതി  ആയിരുന്നേനെ. അപ്രകാരം ഒരു പ്ലാൻ രേഖപ്പെട്ത്തി സൂക്ഷിച്ചിട്ടുണ്ടോ എന്നും  ആരറിഞ്ഞു?!

സൂര്യൻ ഉദിച്ചുയരുന്ന  ഈ  അന്തരീക്ഷത്തിൽ ജന്നത്തുൽ ബഖിയ മനസിൽ ഒരു പ്രത്യേക അനുഭൂതി സൃഷ്ടിച്ചു. ഉദയ സൂര്യന്റെ കിരണങ്ങൾ തട്ടി  ചുവന്ന നിറത്തിൽ തിളങ്ങിയ ആ സ്ഥലം  പതിനാല് നൂറ്റാണ്ടിനു മുമ്പുള്ള  കാലഘട്ടം  മനസിലേക്ക് കടത്തി വിട്ട് കൊണ്ടിരുന്നു. അതാ വളരെ ദൂരെ ഒറ്റപ്പെട്ടതായി  കാണുന്ന ഒരു കുഴി മാടം- അത് മൂന്നാം ഖലീഫാ ഉസ്മാന്റേതാണെന്ന് പറയപ്പെടുന്നു- അദ്ദേഹത്തിന്റെ അന്ത്യ രംഗങ്ങൾ മനസിലേക്ക് കടന്ന് വന്നപ്പോൾ  അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.

 മഹാനായ പ്രവാചക തിരുമേനി  നടപ്പിലാക്കിയ    ഇസ്ലാംമതം പ്രവാചകന്റെ  കാലത്ത് എത്ര സുന്ദരമായിരുന്നു. സമത്വ സുന്ദര ശാന്തമായ കാലഘട്ടം. യൂപ്രട്ടീസിന്റെ തീരത്ത് ഒരു  ആട്ടിൻ കുട്ടി വിശന്ന് കരഞ്ഞാൽ താൻ അതിനു കുറ്റക്കാരനായേക്കുമോ എന്ന് ഭയന്ന്  സൂക്ഷമതയോടെ  ഭരണം കയ്യാളിയ  അനുയായികളുടെ  കാലഘട്ടം. അതിനു ശേഷം ഇസ്ലാമിക ലോകത്തിൽ സംഭവിച്ചതും ഇപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നതും  എന്തെന്ന് നിരീക്ഷിക്കുമ്പോൾ  എന്തോ ഒന്ന് എവിടെയോ വെച്ച് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു  എന്ന് എളുപ്പത്തിൽ തിരിച്ചറിയുന്നു. 

ഇവിടെ ചെയ്യുന്നതിന്റെ ഒരു അണു തൂക്കത്തിന് പോലും പിന്നീട് ഒരാളുടെ മുമ്പിൽ   അവിടെ  ഉത്തരം പറയേണ്ടി വരുമെന്നുള്ള  ബോധമാണ്  നമുക്ക് നഷ്ടപ്പെട്ടതെന്ന്  ജനത്തുൽ ബഖിയയോട് വിട പറയുമ്പോൾ മനസിൽ ആരോ പറഞ്ഞ് കൊണ്ടിരുന്നു.

 (  ഇന്ന്  ഇസ്ലാമിക  രാഷ്ട്രങ്ങളിൽ നടക്കുന്നതും   പണത്തിന്റെയും  മറ്റ്  സമ്പത്തിന്റെയും  അഹങ്കാരത്താൽ   കാട്ടിക്കൂട്ടുന്ന അധർമ്മങ്ങളും പത്ര  താളുകളിലൂടെ  വായിച്ചറിയുമ്പോൾ   അന്ന്  ജന്നത്തുൽ ബഖിയായിൽ  പോയ  കാര്യം  എന്ത്  കൊണ്ടോ  എന്റെ  മനസിൽ  കയറി  വന്നു.  അന്നത്തെ  ഡയറിയുടെ  പഴയ  താളുകളിൽ  ഉറങ്ങുന്ന ഈ  കുറിപ്പുകൾ  കുറച്ച് നാളുകൾക്ക്  മുമ്പ്  യാദൃശ്ചികമായി  കണ്ടിരുന്നു.പരിശുദ്ധ വൃതാനുഷ്ടാനം  സമാഗതമായ  ഈ വേളയിൽ  ആ  കുറിപ്പുകൾ  പ്രസിദ്ധീകരിക്കണമെന്ന്  തോന്നി.)




5 comments:

  1. പലതും ഓര്‍മ്മിപ്പിച്ചു ഷരീഫിക്കാ. നന്ദി.

    ReplyDelete
  2. അറിവ് പകർന്ന അക്ഷരങ്ങൾ.....ഒത്തിരി ഇഷ്ടപ്പെട്ടു ... പലതും തുറന്നു കാണിച്ചു ഓർമ്മപ്പെടുത്തി...മദീന കാണാനുള്ള ആഗ്രഹം ഇന്നും മനസ്സിൽ . പ്രാർത്ഥനയോടെ

    ReplyDelete
  3. സൂക്ഷമതയോടെ ഭരണം കയ്യാളിയ അനുയായികളുടെ കാലഘട്ടം. അതിനു ശേഷം ഇസ്ലാമിക ലോകത്തിൽ സംഭവിച്ചതും ഇപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നതും എന്തെന്ന് നിരീക്ഷിക്കുമ്പോൾ എന്തോ ഒന്ന് എവിടെയോ വെച്ച് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് എളുപ്പത്തിൽ തിരിച്ചറിയുന്നു.

    ചിന്താര്‍ഹമായ എഴുത്ത്

    ReplyDelete
  4. ജന്നത്തുൽ ബഖിയുടെ ഇപ്പോഴത്തെ രൂപം താങ്കൾ വിവരിച്ചത് പോലെ തന്നെ ..പക്ഷെ താങ്കൾ ശ്രദ്ധിച്ചുവോ അവിടെ മുന്നെ ഉണ്ടായിരുന്ന അടയാളങ്ങളും കെട്ടി ഉയർത്തിയവയുമെല്ലാം പൊളിച്ച് കളഞ്ഞതിന്റെ അവശിഷ്ടങ്ങൾ.. ഇബ്നു അബ്ദുൽ വഹാബിന്റെയും ഇബ്നൂ സൌദിന്റെയും കിങ്കരന്മാർ തല്ലി തകർത്ത ചരിത്രാവശിഷ്ടങ്ങൾ.. കബറിനെ ഒരു മുസ്‌ലിമും ആരാധിക്കുകയില്ല്ല. ഖബറിനുള്ളിലുള്ളവരെയും ആരാധിക്കുകയില്ല. ആദരവും ആരാധനയും തമ്മിലുള്ള അന്തരം തിരിച്ചറിയാത്തവരുടെ ആരോപണം മാത്രമാണത്. ഒരു മുസ്ലിമിന്റെ വിശ്വാസം അവന്റെ മനസിലാണ്.. പിന്നെ വിവരമില്ലാത്ത ജാഹിലുകൾ ആയ ചിലർ ഖബറിന്റെ മണ്ണുമാന്തുന്നതും മറ്റും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത് അനിസ്ലാമികമായ നടപടി തന്നെ. അവരും ഖബർ പൂജകരാണെന്ന് പറയാൻ വയ്യ. ആദരവിന്റെ പേരിൽ പാടില്ലാത്തത് ചെയ്യുന്നുവെന്ന് മാത്രം.. ജന്നത്തുൽ ബഖിയുടെ പഴയ ചിത്രം കണ്ടാൽ മതി

    ReplyDelete
  5. വഹാബികൾ തകർക്കുന്നതിനു മുന്നെയുള്ള ജന്നത്തുൽ ബഖിയുടെ ചിത്രവും പുതിയ ചിത്രവും കാണാൻ ഇവിടെ ക്ലിക് ചെയ്യുക

    ReplyDelete