Sunday, July 14, 2013

വീണ്ടും അമ്പലനടയിൽ

കഴിഞ്ഞ  വർഷം  ഒരു  പ്രത്യേക  സാഹചര്യത്തിൽ  ഒരു  ദിവസത്തെ  നോമ്പ്  തുറ  ഹിന്ദു  മതത്തിലെ  ചില  സഹോദരന്മാരുടെ  സഹായത്താൽ  നടത്തിയ  അനുഭവം  "അമ്പല നടയിൽ  നോമ്പ്തുറ"  എന്ന  പേരിൽ   ഞാൻ  പോസ്റ്റ് ചെയ്തത്  നിങ്ങൾക്ക്  ഇവിടെ  വായിക്കാം.http://sheriffkottarakara.blogspot.in/2012/08/blog-post.html  

ഒരു  വർഷം  കഴിഞ്ഞ്  പോയി.
അന്ന്  ഞാൻ  കാണാൻ  പോയിരുന്ന   എന്റെ  സ്നേഹിതൻ  കുറച്ച്  മാസങ്ങൾക്ക്  മുമ്പ്  മരിച്ച്  പോയി.  അവന്റെ   ബന്ധുക്കളെ  സന്ദർശിക്കണം.  പഴയ  നോമ്പ് തുറ   ചായക്കടയിലൊന്ന്  കയറണം  എന്ന  ഉദ്ദേശത്തോടെ  കഴിഞ്ഞ  ദിവസം   ആ സ്ഥലങ്ങൾ  ഞാൻ  സന്ദർശിച്ചു.  അമ്പലത്തിനു  സമീപമുള്ള  ആ  ചായക്കടക്ക്  സമീപം  എത്തി  ആ  കട  അന്വേഷിച്ചപ്പോൾ  അത്  പൂട്ടിയ  നിലയിൽ  കാണപ്പെട്ടു.  അതിനു  പുറകിലുള്ള  ചായക്കടക്കാരൻ  താമസിക്കുന്ന  വീടിലെത്തിയപ്പോൾ  അവിടെ  താമസിക്കുന്നവർ  അപരിചിതരാണെന്ന്  കണ്ട്    ചായക്കടക്കാരനെ  പറ്റി  അന്വേഷിച്ചതിൽ   അദ്ദേഹം  ചായക്കടയും  വീടും  വിറ്റ്   മറ്റൊരു  സ്ഥലത്ത്  മകന്റെ കൂടെയാണ്  താമസമെന്ന്  അറിയാൻ  കഴിഞ്ഞു.    എന്തിനാണ്  അവരെ  തിരക്കുന്നതെന്ന  വീട്ടുകാരുടെ  ചോദ്യത്തിനു  മറുപടി  പറയാനാവാതെ  നിശ്ശബ്ദനായി  നിരാശയോടെ   റോഡിൽ  വന്നപ്പോൾ  അന്നത്തെ  ചെറുപ്പക്കാരനെ  കാണാൻ  സാധിച്ചു.  എന്നെ  കണ്ട്  അയാൾ അതിശയത്തോടെ  ഓടി  വന്നു. 
"സാറ്  ഈ  തവണയും  നോമ്പ്  തുറക്കാൻ  ഇവിടെ  വന്നോ?"  അയാൾ  ചിരിച്ച് കൊണ്ട്  എന്നോട്  ചോദിച്ചു.  അയാളുടെ  തോളിൽ  കയ്യിട്ട്  അണച്ച്    പിടിച്ച്  ഹൃദയം  നിറഞ്ഞ  സന്തോഷത്തോടെ  ഞാൻ  ചോദിച്ചു.
"സുഖമാണോ  അനിയാ?  നമ്മുടെ  കാർന്നോരെവിടെയാണ് "  അന്നത്തെ  ആ  പ്രായമുള്ള  കാരണവരെയാണ്  ഞാൻ  തിരക്കിയത്.
"അങ്ങേര്  വിസാ  അടിച്ച്  മുകളിലേക്ക്  പോയി. ഒരു ദിവസത്തെ  അസുഖം. ആൾ  ക്ലോസായി.  നല്ലോരു  മനുഷ്യനായിരുന്നു.  ചായക്കടക്കാരൻ  വീട്  മാറി  പോയി.   ചായക്കട  അടച്ചപ്പോൾ  ഞങ്ങളുടെ  കമ്പനി  പൊളിഞ്ഞു.  അതിരിക്കട്ടെ,  സാറെന്തിനാണ്  വന്നത്  /" അയാൾ  തിരക്കി.
  എല്ലാവരെയും   കാണാൻ  വന്നതാണെന്ന്  പറഞ്ഞപ്പോൾ    ചെറുപ്പക്കാരന്റെ    മുഖത്ത് അതിശയം  പടർന്ന്  കയറുന്നത്  ഞാൻ കണ്ടു.
"ഇതെല്ലമല്ലേ  അനിയാ  ജീവിതത്തിൽ  ബാക്കി നിൽക്കൂ"  എന്ന്   പതുക്കെ  പറയുമ്പോഴും  എന്റെ  മനസ്  മ്ലാനമായിരുന്നു. ആ  ചെറുപ്പക്കാരനോട്  യാത്ര  പറഞ്ഞ്   അവിടെ നിന്നും തിരിക്കുമ്പോൾ  എന്ത്കൊണ്ടോ    ഉള്ളിൽ  വിഷമം  അനുഭവപ്പെട്ടു. .   കഴിഞ്ഞ  വർഷം   ഞാൻ  കണ്ട്  സംസാരിച്ചിരുന്ന  എന്റെ  സ്നേഹിതൻ,  ആ  കാർന്നോര്,  അവരെ  ഇനി  ഒരിക്കലും  കാണാൻ  കഴിയില്ല.    ഗൗരവക്കാരനും  എന്നാൽ   ഉള്ള്  നിറയെ  മധുരം സൂക്ഷിക്കുന്നവരുമായ  ആ ചായക്കടക്കാരനും  ഭാര്യയും , അവരെ  ഇനി  എവിടെയെങ്കിലും  വെച്ച്   കാണാൻ  കഴിയുമോ ആവോ? കഴിഞ്ഞ  വർഷം  അവരുമായി  ഒരു  ദിവസം  കൊണ്ട്  ഞാൻ   സ്ഥാപിച്ച  സൗഹൃദം  ഇനി  പുതുക്കാനാവില്ലല്ലോ  എന്ന  വേദനയോടെ   വാഹനത്തിലിരുന്ന്    കണ്ണിൽ  നിന്നും  മറയുന്നത്  വരെ വീണ്ടും  വീണ്ടും ഞാൻ   ആ സ്ഥലം  നോക്കി കൊണ്ടിരുന്നു.

5 comments:

 1. നമുക്കവിടെ ഒരു നോമ്പുതുറ സംഘടിപ്പിക്കാമെന്ന്....

  ഞാനും ഒരു കുടുംബത്തെ തെരഞ്ഞു നടക്കുവാ... കണ്ടുമുട്ടുമായിരിക്കും...

  ReplyDelete
 2. കണ്ണീരു തുടക്കുമ്പോഴും വെറുതെ ആശ്വസിക്കാം നല്ല മനസ്സുകൾ ജീവിച്ചിരിക്കും ജീവിച്ചിരിക്കുന്നുണ്ട് അഥവാ മരിച്ചു പോയാൽ ഓർമയായിട്ടെങ്കിലും

  ReplyDelete
 3. കഴിഞ്ഞ വര്‍ഷത്തെ ആ പോസ്റ്റ് ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നുണ്ട്

  ആ സ്ഥലവും നല്ല മനുഷ്യരും

  ReplyDelete
 4. ഷെറീഫിക്കാ.. കഴിഞ്ഞ വർഷത്തെ പോസ്റ്റ് ഓർക്കുന്നു.. നമുക്ക് പുതിയ ഒരു സ്ഥലവും , ഒരു കൂട്ടം ആളുകളേയും കണ്ടുപിടിയ്ക്കാം..... എല്ലാ നാടുകളിലും ഉണ്ടാകണമല്ലോ ഇത്തരത്തിലുള്ള ഒരു കൂട്ടം നല്ല ആളുകൾ.....

  ReplyDelete
 5. കൊള്ളാം, നന്നായിട്ടുണ്ട് :)

  ReplyDelete