Sunday, January 13, 2013

ബലാത്സംഗം: പ്രധാനവാര്‍ത്തകള്‍

ഡല്‍ഹി  കൂട്ടബലാത്സംഗത്തെ  തുടര്‍ന്ന്  രാജ്യത്ത്  ആസകലം  ഉണ്ടായ  ശക്തമായ  പ്രതിഷേധത്തിനും  നിയമ നടപടികള്‍ക്കും   ശേഷം  പുറത്ത്  വന്ന   മലയാള ദിന പത്ര  താളുകളിലെ  ബലാത്സംഗ റിപ്പോര്‍ട്ടുകളാണു  ചുവടെ  ചേര്‍ക്കുന്നത് ( മലയാള  മനോരമ,  മാതൃഭൂമി, മാധ്യമം  ദേശാഭിമാനി  എന്നീ  പത്രങ്ങളെ  ഈ  വാര്‍ത്തകള്‍ക്കായി  ആശ്രയിച്ചിട്ടുണ്ട്.:)

1-1-2013. ആന്ധ്രയില്‍ 16കാരിയെ  ബലാത്സംഗം  ചെയ്ത്  മരത്തില്‍  കെട്ടി  തൂക്കി.രംഗറെഡ്ഡി  ജില്ലയിലാണു  സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി  ആയിരുന്നു. തദ്ദേശിവാസിയെ  അറസ്റ്റ്  ചെയ്തിട്ടുണ്ട്.അവധിക്ക് കണ്ട്ക്കൂര്‍ ഗ്രാമത്തിലെത്തിയ  പെണ്‍കുട്ടി  പുറത്തിറങ്ങി  മണിക്കൂറുകള്‍ക്കകം മരിച്ച  നിലയിലാണ്  കണ്ടെത്തിയത് . പെണ്‍കുട്ടി  അക്രമം ചെറുത്തതിനെ  തുടര്‍ന്ന് മര്‍ദ്ദിച്ചു  കൊല്ലുകയായിരുന്നു  എന്ന്  ആരോപിക്കപ്പെടുന്നു. ആന്ധ്രായില്‍  കഴിഞ്ഞ  രണ്ട്  ദിവസത്തിനുള്ളില്‍  അഞ്ചാമത്തെ  സംഭവമാണിത്  എന്ന  പ്രത്യേകത  കൂടി  എടുത്ത് പറയട്ടെ.


-do-  രാജ്യത്ത് പ്രക്ഷോഭണ  പരമ്പര  ഇളക്കി വിട്ട  കൂട്ട മാനഭംഗം  നടന്ന  ഡെല്‍ഹിയില്‍  തന്നെ  ഇരുപത്കാരിയെ  തട്ടിക്കൊണ്ട് പോയി  മാനഭംഗത്തിനു  ഇരയാക്കി. ഹരിയാന ഡല്‍ഹി  അതിര്‍ത്തിയിലാണ്  സംഭവം. യുവതിയുടെ  പരാതിയുടെ  അടിസ്ഥാനത്തില്‍  പ്രദേശവാസികളായ രണ്ട് പേരെ  കസ്റ്റഡിയിലെടുത്തു. യുവതി  പുറത്തിറങ്ങിയപ്പോള്‍  കാറില്‍  തട്ടിക്കൊണ്ട്  പോയി  ഉപദ്രവിക്കുകയായിരുന്നു.

-do-  അന്നത്തെ  പത്രത്തില്‍ തന്നെ  കര്‍ണാടകക്കാരും  മോശമല്ലെന്ന് തെളിയിച്ച  വാര്‍ത്ത  ഇപ്രകാരമായിരുന്നു:  ഹാസന്‍ ജില്ല  നിവാസിയായ 13കാരിയെ  മാതാവ്  രംഗരാജുവിനോടൊപ്പം   അയാളുടെ  സ്കൂട്ടറില്‍   സ്കൂളില്‍  അയച്ചു. രംഗരാജു കുട്ടിയെ  സ്കൂളില്‍  കൊണ്ട്  പോകുന്നതിനു  പകരം മറ്റെവിടെയോ  കൊണ്ട്  പോയി  പീഡിപ്പിക്കുകയായിരുന്നു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍  കട്ടയ  ഗ്രാമത്തിലാണു   സംഭവം  നടന്നത്.  ഏതായാലും  രംഗരാജു  ഇപ്പോള്‍  അഴികള്‍ക്കുള്ളിലാണ്.

-do- മുംബൈക്കാര്‍   ഈ  വിഷയത്തില്‍  എന്തിനു  പുറകിലാകണം. അന്നത്തെ  പത്രങ്ങളില്‍  താനെ  ജില്ലയിലെ  ഉല്ലാസ്  നഗര്‍ നിവാസി 18വയസ്സ്കാരി  പ്രസവിച്ചത്  9മാസങ്ങള്‍ക്ക് മുമ്പു നടന്ന  ബലാത്സംഗത്തെ  തുടര്‍ന്നാണെന്ന് ഒന്നാം  വര്‍ഷ  കോളേജ് വിദ്യാര്‍ത്ഥിനി  ആയ  പെണ്‍കുട്ടി   മൊഴി  നല്‍കി.മൂന്ന് അജ്ഞാതരായിരുന്നു  ഈ  കര്‍മ്മം  നടത്തിയതത്രേ! കഴിഞ്ഞ  ഏപ്രില്‍27നാണ്  സംഭവം  നടന്നതെന്നും  പെണ്‍കുട്ടി  പറഞ്ഞു. കാറില്‍  വലിച്ച് കയറ്റിയ  പെണ്‍കുട്ടി  മയങ്ങാന്‍  മരുന്നും  കുത്തി വെച്ചു.  മാനക്കേട്  ഭയന്ന്  വീട്ടുകാര്‍  വിവരം  മറച്ചു വെച്ചു.  പോലീസ്  അജ്ഞാതരെയും  തിരക്കി ഇപ്പോള്‍  നടപ്പാണ്.

2-1-2013 പുതു  വത്സര  ദിനത്തില്‍  ബംഗ്ലുരുവില്‍  നടന്നതായി   റിപ്പോര്‍ട്ട്  ചെയ്യപ്പെട്ട  മൂന്നു കേസുകള്‍  ഇതാ:
ബംഗ്ലുരുവില്‍ ഡി.ജെ.ഹള്ളിയില്‍   വീടിനു  പുറത്ത്  കൂട്ടുകാരോടൊപ്പം  കളിക്കുകയായിരുന്ന  ഏഴു വയസ്സുകാരിയെ  മിഠായി കാണിച്ച്  കൂട്ടിക്കൊണ്ട്  പോയി  മാനഭംഗപ്പെടുത്തിയതിനു  ശേഷം  പുലര്‍ച്ചെ   രണ്ട്  മണിയോടെ  വീടിനു  സമീപം  ഉപേക്ഷിക്കപ്പെട്ട  നിലയില്‍  കണ്ടെത്തി. പിതാവിന്റെ  പരാതി  പ്രകാരം  പോലീസ്  കേസെടുത്തു.
ദാവങ്കര  ജില്ലയില്‍ ഹൊന്നള്ളി  താലൂക്കില്‍  അന്നേദിവസം  തന്നെ  അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി.കുട്ടിയെ മെക്ഗന്നി ആശുപത്രിയില്‍  പ്രവേശിപ്പിക്കുകയും  പ്രതിയെന്ന്  ആരോപിക്കപ്പെടുന്ന  ശിവരാജ്  എന്നയാളെ  പോലീസ്  കസ്റ്റഡിയിലെടുക്കുകയും  ചെയ്തു.
അതേ  ദിവസം  തന്നെ  17വയസുകാരി  വികലാംഗയെ  പ്രകാശ്  എന്ന  പേരുള്ള   ഒരു  ലോറി  ഡ്രൈവര്‍  പീഡിപ്പിച്ചതിനെ  തുടര്‍ന്ന്   പ്രകാശിനെ  പോലീസ്  കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച  വീട്ടില്‍  നിന്നും  തട്ടിക്കൊണ്ട്  പോയി  മാനഭംഗം  ചെയ്യുകയായിരുന്നുവത്രേ!
   മച്ചനഹള്ളിയില്‍  നിന്നുമാണ്  ഈ സംഭവം  റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിക്കുന്നത്.

3-1-2013.  നമ്മുടെ  സ്വന്തം   മലയാള നാട്ടില്‍  നടന്നതായ  ബലാത്സംഗ വിവരം     മൂന്നാം തിയതിലെ  പത്രങ്ങള്‍  റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്  ഇപ്രകാരമാണ്.
                                “ മുത്തച്ഛന്‍   10വയസ്സ്കാരിയെ  പീഡിപ്പിച്ചു.‘
 കുന്നംകുളത്താണ്  സംഭവം  നടന്നിരിക്കുന്നത്. മകന്റെ  മകളായ  അഞ്ചാം ക്ലാസുകാരിയെയാണ് 70വയസുകാരന്‍  അപ്പാപ്പന്‍  ഉപദ്രവിച്ചത്.അവധിക്കാലത്ത്  കുട്ടി  കരയുന്നത്  കണ്ട  നാട്ടുകാര്‍  കുട്ടിയോട്  വിവരം  തിരക്കിയപ്പോള്‍  കുട്ടി   സംഭവം  വെളിപ്പെടുത്തി.  വാര്‍ഡ്  കൌണ്‍സിലറും നാട്ടുകാരും  ചേര്‍ന്ന് സംഭവം  പോലീസ്  സ്റ്റേഷനിലെത്തിച്ചു.  മുത്തച്ഛന്‍  ഇപ്പോള്‍  അഴികള്‍ക്കുള്ളിലാണ്.

-do- അടിമാലിയില്‍   കടുക്കാ  സിറ്റിക്ക്  സമീപം  സ്കൂളിലേക്ക്  പോകുകയായിരുന്ന  അധ്യാപികയെ  വിജനസ്ഥലത്ത് വെച്ച്  പീഡിപ്പിക്കാന്‍  ശ്രമിച്ച   മൂന്ന്  യുവാക്കളില്‍  നിന്നും  കുതറി  ഓടിയ  അദ്ധ്യാപിക  സ്കൂളിലെത്തി  വിവരം  സഹപ്രവര്‍ത്തകരോട്  പറഞ്ഞപ്പോഴാണ്  ഈ വിവരം  പുറം  ലോകം  അറിയുന്നത്.  വനിതാ ഹെല്‍പ്പ്  ലൈനില്‍  ഫോണിലൂടെ  പരാതിപ്പെട്ടതിനെ  തുടര്‍ന്ന്   പ്രതികളെ  പോലീസ്  പിടികൂടി  കോടതിയിലെത്തിച്ചു.

5-3-2013.  അസമിലെ  ലലിമ്പൂര്‍ ജില്ലയിലാണ്  ഈ  ദിവസത്തെ  ബലാത്സംഗത്തില്‍  ഒന്ന്  നടന്നിരിക്കുന്നതായി  റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതി   സി.ആര്‍.പി.എഫ്.  കോണ്‍സ്റ്റിബിളാണ്. പേരു  മോഹന്‍സിംഗ്. കൂട്ടുകാരായ  മറ്റ്  രണ്ട്  കോണ്‍സ്റ്റിബിളുമാരുമായി  അങ്ങാടിയിലെത്തിയപ്പോഴാണ്  അവിടെ  ചായക്കട  നടത്തുന്ന   സ്ത്രീയെ  കണ്ടതും   ആഗ്രഹമുദിച്ചതും.  പിന്നെ  ഒരു മടിയും  വിചാരിച്ചില്ല.  ആ സ്ത്രീയെ   ഉപദ്രവിച്ചു.   ഇര  വാവിട്ട്  നിലവിളിച്ച്  ബഹളം  കൂട്ടിയപ്പോള്‍   നാട്ടുകാര്‍  ഓടിക്കൂടി  മോഹന്‍സിംഗിനെ  പിടികൂടി.  പക്ഷേ   സ്ത്രീക്ക്  സംസാര വൈകല്യവും   ശ്രവണ വൈകല്യവും  ഉണ്ടായിരുന്നതായി   പാവം  കോണ്‍സ്റ്റിബില്‍  അറിഞ്ഞില്ലല്ലോ.

-do-ഉത്തര്‍ പ്രദേശിലെ  ലക്നവില്‍  നിന്ന്170  കിലോ മീറ്റര്‍   അകലെ പ്രതാപ്ഗഢിലെ മൌലിയില്‍  നിന്നുമാണ് മറ്റൊരു ബലാല്‍ സംഗം  അതേ  ദിവസം      റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിക്കുന്നത്. ഇരക്ക്  13  വയസ്സ് പ്രായം  മാത്രം.കുട്ടിയെ    അയല്‍ വാസിയായ  യുവാവ്   നാഗ്പൂരിലേക്ക്  തട്ടി കൊണ്ട്  പോയി  ഒരു   വീട്ടില്‍  അടച്ചിട്ട്  ഒരാഴ്ച്ച    ഉപദ്രവിച്ചു. പക്ഷേ  ഗ്രാമ  പഞ്ചായത്ത്  50000 രൂപ   ഇരക്ക്  കൊടുത്ത്  പ്രശ്നം  ഒതുക്കി തീര്‍ക്കാന്‍  വിധിച്ചു.   പെണ്‍കുട്ടി  വിവാഹ  പ്രായമെത്തിയാല്‍  യുവാവിനെ കൊണ്ട്  അവളെ   വിവാഹം  കഴിപ്പിക്കണമെന്ന  രക്ഷിതാക്കളുടെ  അപേക്ഷ  ഗ്രാമ സഭ  തള്ളിക്കളഞ്ഞു.  പയ്യന്‍  മേല്‍ജാതിക്കാരനാണെന്നുള്ളത്  മറക്കാതിരിക്കുക.  പെണ്‍കുട്ടിയുടെ  മാനത്തിനു   വിലയിട്ട  സംഭവം  ഇപ്പോള്‍  വിവാദമായി  പ്രതിഷേധം  ഉയര്‍ന്നപ്പോള്‍  പോലീസ്  ഇടപെടുകയും  എഫ്.ഐ.ആര്‍  റിക്കാര്‍ഡ്  ചെയ്യുകയും  ചെയ്തു  എന്നതാണ്  അവസാനം  കിട്ടിയ  വാര്‍ത്ത.

6-1-2013  കോതമംഗലത്ത്  നിന്നും  ഇന്ന് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ട  കേസില്‍  ആറും  എട്ടും  വയസ്സ്  പ്രായമുള്ള  രണ്ട്  ബാലികമാരെ  പിതാവും  രണ്ട്  മക്കളും  പീഡിപ്പിച്ചു   എന്ന  ആരോപണത്തിന്മേല്‍ പ്രതികളെ   പോലീസ്  അറസ്റ്റ്  ചെയ്തു.  മിഠായി വാങ്ങി  കൊടുത്തും  ടി.വി.  കാണിക്കാമെന്ന്  പറഞ്ഞ്  വീട്ടില്‍   വിളിച്ച്  വരുത്തിയും  കുട്ടികളെ   പീഡിപ്പിക്കുകയായിരുന്നു. കുട്ടികളുടെ  അസ്വാഭാവികമായ  പെരുമാറ്റം  കണ്ട്  സംശയിച്ച  അദ്ധ്യാപകര്‍  ചോദിച്ചതോടെയാണ്  വിവരം  പുറത്ത്  വന്നത്.  പോലീസിന്റെ  ചോദ്യം  ചെയ്യലില്‍  മൂന്നുമാസമായി  പ്രതികള്‍  ഈ ഹീന കൃത്യം തുടരുകയായിരുന്നു   എന്ന്  വെളിപ്പെട്ടു.

7-1-2013.  പാലക്കാട്  ചേമ്പനയില്‍   കൃഷിസ്ഥലം  പാട്ടത്തിനെടുത്ത്  വാഴകൃഷി  ചെയ്യുന്ന  ഇടുക്കി  സ്വദേശി  42കാരന്‍  ആദിവാസിയും ഭര്‍തൃമതിയുമായ  യുവതിയെ  പീഡിപ്പിച്ചു  എന്ന  പരാതിയിന്മേല്‍  കേസില്‍  പ്രതിയായി. പ്രതിയുടെ  വാഴത്തോട്ടത്തില്‍  വാച്ചറായ  ഭര്‍ത്താവ്  വീട്ടില്‍  തിരിച്ചെത്തിയപ്പോള്‍   പ്രതി  തന്നെ  പീഡിപ്പിച്ചതും  മര്‍ദ്ദിച്ചതുമായ  വിവരം യുവതി ഭര്‍ത്താവിനോട്  പറയുകയായിരുന്നു.   കയ്യില്‍  മുറിവുമുണ്ടായിരുന്ന സ്ത്രീ  ചികിത്സ  തേടി  ആശുപത്രിയിലെത്തിയപ്പോള്‍   അവിടെ  കുഴഞ്ഞു  വീണു  എന്നും  റിപ്പോര്‍ട്ടിലുണ്ട്.

-do-  ആലുവായില്‍  പിഞ്ചുകുഞ്ഞുമായി  അമ്മത്തൊട്ടില്‍  അന്വേഷിച്ചു  വന്ന  യുവതിയെ  സംശയം  തോന്നി ആട്ടോറിക്ഷാ‍ക്കാര്‍  തടഞ്ഞ്  വെച്ച്   പോലീസില്‍  ഏല്‍പ്പിച്ചപ്പോള്‍   ചുരുളഴിഞ്ഞത്  പഴയ  ഒരു   പീഡന കഥയെന്ന്  ഇന്നത്തെ  പത്രങ്ങള്‍  പറയുന്നു. 19വയസ്സ്കാരിയായ  ഈ  പാവം  യുവതിയെ  പീഡിപ്പിച്ചത്  സ്വന്തം  സഹോദരനും  ഒരു  മലപ്പുറം  സ്വദേശിയും. മലപ്പുറംകാരനുമായി  മൊബൈലില്‍  ബന്ധപ്പെട്ട് സ്നേഹത്തിലായ  യുവതി  അയാളുമായി  ശാരീരികമായി  ബന്ധപ്പെട്ടു.  വിവരമറിഞ്ഞ  സഹോദരനും അവളെ  പീഡിപ്പിച്ചു. പ്രസവത്തോടടുത്ത  സമയത്ത്  മാതാപിതാക്കള്‍  വിവരം  അറിഞ്ഞപ്പോള്‍  സഹോദരന്‍  മുങ്ങി. എട്ടുദിവസം  മുമ്പാണ്  കോതമംഗലം  സ്വകാര്യ  ആശുപത്രിയില്‍  അവള്‍ പ്രസവിച്ചത്. ഡി.എന്‍ .എ. ടെസ്റ്റിലൂടെയേ  കുഞ്ഞിന്റെ  പിതാവ്  ആരെന്ന്  നിര്‍ണയിക്കാന്‍  കഴിയൂവെന്നും  സഹോദരന്റെയും  മലപ്പുറംകാരന്റെയും  പേരില്‍  പീഡനത്തിന്   കേസെടുത്തിട്ടുണ്ടെന്നും  പോലീസ്  പറഞ്ഞു.

8-1-2013- കര്‍ണാടകയിലെ ചിക്ബെല്ലാപൂരില്‍  ഇന്നലെ(തിങ്കളാഴ്ച്ച)  10വയസ്സുകാരിയെ പീഡിപ്പിച്ചതിനു 19കാരനായ നാഗാര്‍ജുനയെ  പ്രതിയാക്കി  കേസെടുത്തു. നാഗാര്‍ജുന  മുങ്ങി  കഴിഞ്ഞു.

ഉഡുപ്പിയില്‍    പിതാവ്  മകളെ  പീഡിപ്പിച്ച കേസില്‍  അന്നേ ദിവസം  അകത്തായി. ഒരു  വര്‍ഷമായി   പിതാവ്  ഈ നീചകൃത്യം  ചെയ്തു  വരികയായിരുന്നു.  ഗര്‍ഭിണി  ആയതിനെ  തുടര്‍ന്ന്  മകള്‍  പിതാവിന്റെ  ഭീഷണി  വകവെക്കാതെ   പോലീസിനെ  സമീപിച്ചപ്പോഴാണ്  അച്ഛന്‍  അറസ്റ്റിലായത്.

-do- ഈ   തീയതിയിലെ  പത്രത്തില്‍  തന്നെ  അതിക്രൂരമായ  മറ്റൊരു  ബലാത്സംഗം  റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിക്കുന്നു.   അലഹബാദിനു 40കിലോമീറ്റര്‍  അകലെ  ശങ്കര്‍ഗറിലെ  ജിഗ്നാ ഗ്രാമത്തിലാണ്  സംഭവം  നടന്നത്. ജ്ഞാനേന്ദ്രസിംഗ്  എന്ന  യുവാവ്     ആരുമില്ലാതിരുന്ന  സമയത്ത്    വീട്ടില്‍   അതിക്രമിച്ച്  കയറി  ബലാത്സംഗം  നടത്താന്‍  ഒരുമ്പെട്ടപ്പോള്‍  16വയസ്സ്കാരി  ചെറുത്ത് നിന്നു.  കലി കയറിയ  യുവാവ്  അവിടെ  ഇരുന്ന  മണ്ണെണ്ണ  കുട്ടിയുടെ  ദേഹത്ത്  ഒഴിച്ചു  കത്തിച്ചു. 80ശതമാനം  പൊള്ളലേറ്റ യുവതി,  “ജ്ഞാനേന്ദ്രസിംഗ്  മാതാപിതാക്കളുടെ  സഹായത്തോടെ  തന്നെ  തീ കൊളുത്തി“ എന്ന്   മജിസ്ട്രേറ്റിനു  മരണമൊഴി  കൊടുത്തിട്ടുണ്ട്. എഞ്ചിനീയറിംഗ്  എന്ട്രന്‍സ് പരിശീലന  വിദ്യാര്‍ത്ഥിയായ  പ്രതി  മുമ്പും  തന്നെ  ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന്   പെണ്‍കുട്ടി   പറയുന്നു..   പ്രതി ഒളിവില്‍  പോയി. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ  പെണ്‍കുട്ടി  ആശുപത്രിയില്‍  ചികിത്സയിലാണ്.

ഛത്തീസ്ഗഡിലെ   കാങ്കര്‍  ജില്ലയില്‍ 11പ്രായപൂര്‍ത്തിയാകാത്ത  വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപകനും  പാറാവുകാരനും   പീഡനത്തിനിരയാക്കി  എന്ന  റിപ്പോര്‍ട്ടും  സംഭ്രമിപ്പിക്കുന്നതാണ്. സര്‍ക്കാര്‍  വക  ആശ്രമത്തിലെ  അന്തേവാസികളായിരുന്നു  പെണ്‍കുട്ടികള്‍.  ഒരു വര്‍ഷമായി  സംഭവം  നടന്ന്  വരികയായിരുന്നു.  അധികാരികള്‍  അന്വേഷണത്തിന്  ഉത്തരവിട്ടിട്ടുണ്ട്.

ഇന്ന്  തീയതി  2013 ജനുവരി 13. ജനുവരി 1  മുതല്‍  8 വരെയുള്ള  പത്രങ്ങളില്‍  കണ്ട  ബലാത്സംഗ വാര്‍ത്തകളാണ്    മുകളില്‍   പകര്‍ത്തിയത്.  അതിനു  ശേഷം ജനുവരി   9  തീയതി  മുതല്‍  ഇന്ന് വരെയുള്ള   പത്രങ്ങളിലും  നിറയെ  ബലാത്സംഗ  വാര്‍ത്തകളാണ്.  വിസ്താര ഭയത്താല്‍   അവ അവഗണിക്കുന്നു.
   ഇവിടെ  എന്താണ്  സംഭവിച്ച്കൊണ്ടിരിക്കുന്നത്?  ഈ  പുരുഷന്മാര്‍ക്കെന്ത്  പറ്റി?  ഡല്‍ഹി  കൂട്ട  മാനഭംഗം  രാജ്യത്ത്  പ്രതിഷേധ  കൊടുംകാറ്റ്  ഉയര്‍ത്തിയിരുന്നു.  പ്രതികള്‍ക്ക്  കൊടുക്കേണ്ടതും  കിട്ടാവുന്നതുമായ  ശിക്ഷ  എത്രമാത്രമായിരിക്കുമെന്ന്  ഇന്ന്  ഏതൊരാള്‍ക്കും   അറിയാം.   ബലാത്സംഗം  ചെയ്യുന്നവരെ   എങ്ങിനെ  ശിക്ഷിക്കണം  എന്ന  വാദമുഖങ്ങള്‍  ബൂജികളും  സംഘടനകളും   പത്രങ്ങളിലൂടെയും  ചാനല്‍ വഴിയും   നാട്ടിലെ  മുക്കിലും  മൂലയിലും എത്തിച്ച്  കഴിഞ്ഞപ്പോള്‍   ഇപ്രകാരം  ഒരു  കുറ്റം  ചെയ്താല്‍  വധ ശിക്ഷ,  ഷണ്ഡീകരിക്കല്‍,  ലിംഗഛേദ ക്രിയ, ആജീവനാന്ത  ജീവപര്യന്തം  എന്നിങ്ങനെ  കൊടും  ശിക്ഷകള്‍ക്ക് വിധേയനാക്കപ്പെടും  എന്ന  ബോധം  കുഞ്ഞുങ്ങളില്‍  പോലും  ഉടലെടുത്ത് കഴിഞ്ഞു.  മാത്രമല്ല  പ്രതിയും  കുടുംബാംഗങ്ങളും സമൂഹത്തില്‍  എത്രമാത്രം  വേട്ടയാടപ്പെടും  എന്ന   തിരിച്ചറിവും  പത്രങ്ങളും  ചാനലുകളും  നമുക്ക്  തരുന്നു.  എന്നിട്ടും  വീണ്ടും  വീണ്ടും   ഈ  ബലാത്സംഗങ്ങള്‍   തുടര്‍ന്ന്  കൊണ്ടേ  ഇരിക്കുന്നതിന്റെ  രഹസ്യം  എന്താണ്.  അതായത്    തൂക്കികൊന്നാലും  ഷണ്ഡീകരിച്ചാലും  ലിംഗഛേദം നടത്തിയാലും  ആജീവനാന്തം  ജെയിലില്‍ ഇട്ടാലും  താനും  ഒരു  കുറ്റവും  ചെയ്യാത്ത   കുടുംബാംഗങ്ങളും  സമൂഹത്താല്‍  കല്ലെറിയപ്പെട്ടാലും   കുഴപ്പമില്ല  എനിക്ക്  ബലാത്സംഗം  ചെയ്തേ  മതിയാകൂ  എന്ന  തോന്നല്‍  ഉളവാക്കുന്ന  വിധം  പുരുഷനെ  കാമാതുരനാക്കുന്നതിന്റെ  ചോദന   എന്താണ്.  ബലാത്സംഗം  ചെയ്യുന്നവനു  കൊടുക്കേണ്ട  ശിക്ഷയേ പറ്റി  കൂലംകഷമായി  ചര്‍ച്ച  ചെയ്യുമ്പോള്‍   തന്നെ  ബലാത്സംഗം   ഒഴിവാക്കാനുള്ള  മാര്‍ഗങ്ങളും നിശിതമായി  ചര്‍ച്ച  ചെയ്യപ്പെടേണ്ടതല്ലേ?

ഭൂമിയിലെ  ജീവജാലങ്ങള്‍  വംശവര്‍ദ്ധനവിനായി  ഇണചേരാന്‍  പ്രകൃതി  ആണ്‍പെണ്‍  വര്‍ഗങ്ങളില്‍  ലൈംഗിക  ആസക്തി  ഉള്ളടക്കം  ചെയ്തു. മനുഷ്യര്‍  ഒഴികെ  മറ്റ്ജീവജാലങ്ങള്‍  വംശവര്‍ദ്ധനവിനായി മാത്രം  ഇണ ചേരുന്നതായി  നിരീക്ഷിക്കപ്പെടുമ്പോള്‍  മനുഷ്യര്‍   ആ  ചോദന  ദുരുപയോഗിക്കുന്നതായി  കാണപ്പെടുന്നു. പ്രത്യുല്‍പ്പാദനം  നടത്താന്‍  ഇട  വരുത്താതെ  ലൈംഗിക വേഴ്ച  നടത്താന്‍  ശ്രമിക്കുന്ന  ഒരേ ഒരു  ജീവി  മനുഷ്യന്‍ മാത്രമാണ്. മനുഷ്യന്  ലൈംഗിക  വേഴ്ച  ഒരു  ആസ്വാദനം  കൂടിയാണ്. നിയമങ്ങളും  സംസ്കാരങ്ങളും  അവനെ  തടഞ്ഞിട്ടു കൂടി തന്റേതല്ലാത്ത  പെണ്ണിനെ  പ്രാപിച്ച് ആസ്വദിക്കുന്നതിനായി      അവന്‍  ഏത്  കുതന്ത്രങ്ങളും  മെനഞ്ഞുണ്ടാക്കുന്നു.  

സമൂഹത്തിന്റെ രക്ഷക്ക്  വേണ്ടി  മനുഷ്യന്‍  നിയമങ്ങള്‍  ഉണ്ടാക്കി. തന്റേതല്ലാത്ത  പെണ്ണിനെ  അവളുടെ  സമ്മതമില്ലാതെ  ബലമായി  പ്രാപിക്കാന്‍  നിയമം  അനുവദിക്കുന്നില്ല. നിയമം  അപ്രകാരം   കണ്ണുരുട്ടുമ്പോള്‍  തന്നെ  നിയമം  ലംഘിച്ചാല്‍  വന്ന്  ഭവിക്കുന്ന  ശിക്ഷാവിധികളെ  തൃണവല്‍ഗണിച്ച്  എന്തും  വരട്ടെയെന്ന   ധാര്‍ഷ്ട്യതയോടെ  തന്റേതല്ലാത്ത  പെണ്ണിനെ  പ്രാപിക്കാനുള്ള   ആസക്തി  ആണിനുണ്ടാകാന്‍ തക്കവിധം   സമൂഹത്തില്‍  ഇപ്പോള്‍  എന്ത്  മാറ്റം  സംജാതമായി   എന്ന് ചിന്തിക്കാനുള്ള  സമയം  അതിക്രമിച്ചിരിക്കുന്നു.ആണ്‍  വര്‍ഗത്തില്‍  നിക്ഷിപ്തമായതും  സഹസ്രാബ്ദങ്ങളിലൂടെ  ആര്‍ജിച്ച  സംസ്കാരത്താലും  കാലാകാലങ്ങളില്‍  നിര്‍മിച്ച  സ്ത്രീ  സംരക്ഷണ  നിയമങ്ങളാലും  തടയപ്പെട്ടതുമായ    ആണിന്റെ  വന്യമായ ആസക്തി   പിഞ്ച്  കുഞ്ഞുങ്ങളിലേക്കും,  സ്വന്തം  മകളിലേക്കും  സഹോദരിയിലേക്കും  കുത്തി  ഒഴുക്കാന്‍  തക്കവിധം  എന്ത്  സാഹചര്യം  ഇവിടെ  ഉരുത്തിരിഞ്ഞു എന്നതും  സമൂഹത്തിന്റെ  സുരക്ഷക്കും  കെട്ടുറപ്പിനും വേണ്ടി  നിരീക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യക്കാരുടെ  ജല്‍പ്പനങ്ങള്‍ക്കും  മത  വെറിയുടെ  വാഗ്ശരങ്ങള്‍ക്കും   ചെവി  കൊടുക്കാതെ  തുറന്ന   മനസ്സോടെ   ഓരോ  സംഭവങ്ങളും  വിശകലനം  ചെയ്ത്  എവിടെയാണ്  കുഴപ്പമെന്ന്  യുക്തിപൂര്‍വം   ചിന്തിച്ച്  പരിഹാരം  തേടേണ്ടതിനു  പകരം  ഷണ്ഡീകരണവും  തൂക്കിക്കൊലയും ചര്‍ച്ച  ചെയ്തു കൊണ്ടിരുന്നാല്‍  ബലാത്സംഗ  വാര്‍ത്തകള്‍ക്കായി  ഒരു  പ്രത്യേക  പേജു  തന്നെ  പത്രങ്ങളില്‍  കൂട്ടി  ചേര്‍ക്കേണ്ടി  വരുമെന്നുള്ളത്  ഉറപ്പ്.

8 comments:

 1. I completely agree with you Truly notable points http://ajthomas266.blogspot.in/

  ReplyDelete
 2. നമ്മുടെ നിയമം മാറുന്നതിന്ന് എത്രയോ മുമ്പ് നാം മാറണം നമ്മുടെ സാമൂഹിക വ്യവസ്ഥകൾ മാറണം എന്നാണ് എന്റെ അഭിപ്രായം,,,,,,,,,,,,,,,,,,,,,,,

  ReplyDelete
 3. ഇപ്പോള്‍ പ്രത്യേകപേജ് ഉള്ളതുപോലെ തന്നെയായിരിയ്ക്കുന്നു

  ReplyDelete
 4. ഷെറീഫ് സാര്‍,
  ഇപ്പോള്‍ത്തന്നെ ദിനപത്രത്തില്‍ ഒരു പേജിന്‍റെ മുക്കാല്‍ പങ്കും ഇത്തരം വാര്‍ത്തകളാണ്. ഇങ്ങിനെ പോയാല്‍ സണ്‍ഡേ സപ്ലിമെന്‍റുപോലെ ഒരെണ്ണം ഇത്തരം വാര്‍ത്തകളുമായി ദിനപത്രത്തോടൊപ്പം നല്‍കേണ്ടി വരും 

  ReplyDelete
 5. >>>>>മനുഷ്യര്‍ ഒഴികെ മറ്റ്ജീവജാലങ്ങള്‍ വംശവര്‍ദ്ധനവിനായി മാത്രം ഇണ ചേരുന്നതായി നിരീക്ഷിക്കപ്പെടുമ്പോള്‍ മനുഷ്യര്‍ ആ ചോദന ദുരുപയോഗിക്കുന്നതായി കാണപ്പെടുന്നു. <<<<<

  എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു താങ്കളിത് പറയുന്നത്? ആരാണിങ്ങനെ ഒരു നിരീക്ഷണം നടത്തിയിട്ടുള്ളത്?

  ReplyDelete
 6. delhi സംഭവത്തിനുമുൻപ് പീഡനമില്ലാതിരുന്നോയെന്ന് ചോദിചോട്ടെ.....പത്രക്കാരുടെ പൊള്ളത്തരം പയ്യെ ഇതെല്ലാം ചവറ്റുകുട്ടയിൽ...

  ReplyDelete
 7. <<<<>>

  ഒരു പെണ്ണിനേയും അവളുടെ സമ്മതമില്ലാതെ പ്രാപിക്കാന്‍ നിയമം അനുവദിക്കുന്നില്ല................. അതല്ലേ ശരി ??????

  ReplyDelete