Wednesday, January 23, 2013

ഒരിക്കല്‍ കൂടി തുഞ്ചന്‍പറമ്പില്‍

വീണ്ടുമൊരു  ബ്ലോഗര്‍  സംഗമം  തുഞ്ചര്‍  പറമ്പില്‍.

 2011 ഏപ്രിലില്‍  തുഞ്ചന്‍ പറമ്പില്‍  വെച്ച്   നടത്തിയ   ബ്ലോഗ് മീറ്റ്  ചരിത്ര  സംഭവമായിരുന്നു.    മീറ്റുകളില്‍   ഏറ്റവും കൂടുതല്‍  ആളുകള്‍  ഒത്തു  ചേര്‍ന്ന   ഒരു  ബ്ലോഗ്   മീറ്റ്  ആയിരുന്നു  അത്.  പരിപാടികളുടെ  ആധിക്യം  കാരണം  ബ്ലോഗേര്‍സിന്റെ  ഇഴുകി  ചേരല്‍  അല്‍പ്പം  കുറഞ്ഞു  എന്നതൊഴിച്ചാല്‍ വന്‍  വിജയമായിരുന്ന  ആ   ബ്ലോഗ്  മീറ്റ്.  അന്ന്  വരെ  ബ്ലോഗ് മീറ്റ്കളിലൊന്നും  തല  കാണിക്കാതിരുന്ന  ബൂലോഗത്തെ  സൂപ്പര്‍  സ്റ്റാറുകളും  അന്നവിടെ  ഹാജരായിരുന്നു  എന്നതായിരുന്നു  മറ്റൊരു പ്രത്യേകത.  എന്റെ  മനസില്‍ പലവിധ  വികാരങ്ങളുടെ  വേലിയേറ്റമുണ്ടാക്കി  മീറ്റിന്റെ  തലേദിവസം  രാത്രിയില്‍  അവിടെയുള്ള  ഡോര്‍മിറ്റിയിലെ  താമസം.  മലയാള  ഭാഷയുടെ  ആചാര്യന്‍  നൂറ്റാണ്ടുകള്‍ക്ക്  മുമ്പ് ആ  മണ്ണിലെ  കൊച്ചു  വീട്ടില്‍  ഉറങ്ങിയിരുന്നു.  അവിടെ രാത്രി വസിക്കാന്‍  ഇട വന്നതിന്റെ  അനുഭൂതി  ഒരു  പോസ്റ്റിലൂടെ  ഞാന്‍  വരച്ചു  കാട്ടി.http://sheriffkottarakara.blogspot.in/2011/04/blog-post_23.html    ആ  പോസ്റ്റില്‍  ഞാന്‍  ഇങ്ങിനെ  കുറിച്ചിട്ടു:-

നിലാവും നിഴലും ഒളിച്ചു കളിക്കുന്ന പറമ്പില്‍ മാനത്തേക്ക് കണ്ണും നട്ട് നിന്ന എന്റെ ഉള്ളില്‍ നൂറ്റാണ്ട്കള്‍ക്ക് മുമ്പ് അവിടെ താമസിച്ച് തന്റെ പൈങ്കിളിയെ കൊണ്ട് കവിത പാടിച്ച ഭാഷാ പിതാവിന്റെ ഓര്‍മ അലതല്ലി. അദ്ദേഹം പറമ്പിന്റെ ഏതെങ്കിലും ഭാഗത്ത് വീട് വെച്ച് ഇത് പോലെ നിശാരംഭത്തില്‍ നിലാവ് പരന്നപ്പോള്‍ മാനത്തേക്ക് കണ്ണും നട്ട് നിന്നിരിക്കാം. നില വിളക്കിന്റെയോ മറ്റേതെങ്കിലും ദീപത്തിന്റെയോ അരണ്ട വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ കളത്രം തന്റെ കാന്തന്‍ വീടിനുള്ളിലേക്ക് വരുന്നത് പ്രതീക്ഷിച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നിരിക്കാം. തന്റെ ആവാസ സ്ഥലം അനേകങ്ങള്‍ സന്ദര്‍ശിക്കുന്ന പുണ്യഭൂവായി മാറുമെന്ന് അദ്ദേഹം അന്ന് നിനച്ചിരുന്നുവോ?! നൂറ്റാണ്ടുകള്‍ക്ക് ശേഷം നാരായത്തിന് പകരം കൈവിരല്‍ കീ ബോര്‍ഡില്‍ പായിച്ച് അദ്ദേഹം സമുദ്ധരിച്ച ഭാഷയില്‍ സാഹിത്യ സൃഷ്ടി നടത്തുന്ന ഒരു പറ്റം ആള്‍ക്കാര്‍ തന്റെ പറമ്പില്‍ രാത്രി വന്ന് ചേക്കേറുമെന്നും അതില്‍ ഒരുവന്‍ അദ്ദേഹത്തിന്റെ സ്മരണയില്‍ മണലില്‍ ഇരുന്ന് തന്റെ ചിന്തകളെ ഇങ്ങിനെ കെട്ട് അയച്ച് വിടുമെന്നും അദ്ദേഹം അന്ന് സങ്കല്‍പ്പിച്ചു പോലും കാണില്ല. ഭൂതവും വര്‍ത്തമാനവും സന്ധിക്കുന്ന വക ചിന്താ വീചികളുമായി ഏകാന്തതയില്‍ കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത വിഷാദം പടര്‍ന്ന് കയറി. എന്താണ് ജീവിതത്തിന്റെ ഉദ്ദേശം ഒരു നാള്‍ ജനിക്കുന്നു ഒരു ദിവസം മരിക്കുന്നു. ഇതിനിടയില്‍ കുറേ വര്‍ഷങ്ങള്‍ ജീവിക്കുന്നു, പലതിലും ഭാഗഭാക്കായി. ഇതെന്തിന്, ആര്‍ക്ക് വേണ്ടി. .............”

 ഇതാ  ഇപ്പോള്‍  വീണ്ടും  ഒരു  ബ്ലോഗ്  മീറ്റ്  ആ  മണ്ണില്‍  2013  ഏപ്രില്‍ 21 തീയതിയില്‍ നടക്കാന്‍  പോകുന്നു.

എന്റെ  പ്രിയപ്പെട്ടവരേ! വരിക  ആ സംഗമത്തിലേക്ക്.  നമുക്ക്  പരസ്പരം  കാണുവാനും   സ്നേഹം  പങ്ക്  വെക്കാനും  കിട്ടുന്ന ഒരു  അസുലഭ  സന്ദര്‍ഭം  ആണിത്.  ബ്ലോഗ് മീറ്റില്‍  കിട്ടുന്ന  അനുഭൂതി  വരച്ച്  കാട്ടാനോ  പറഞ്ഞറിയിക്കാനോ  പറ്റില്ല , അത്  അനുഭവിച്ച്  തന്നെ  ബോദ്ധ്യപ്പെടണം.

തൃശൂര്‍  പൂരം  അന്ന്  തന്നെയെങ്കിലും  നമ്മുടെ  മീറ്റ്  വൈകുന്നേരം  4മണിക്ക്  തീരും.  വേണ്ടി  വന്നാല്‍  അല്‍പ്പം കൂടെ  നേരത്തെ  സമാപിപ്പിക്കാം. തൃശൂര്‍ക്കാര്‍ക്ക്  നേരത്തെ  പോകാം.  പക്ഷേ  മീറ്റ് ആ തീയതി  മാറ്റിയാല്‍  പിന്നെ മെയ്  മാസത്തിലെ അവിടെ  ആഡിറ്റോറിയം  ഒഴിവുള്ളൂ. അതിനു  മുമ്പുള്ള  ആഴ്ചകളിലും  ഒഴിവില്ല.  ഇതാണു  കിട്ടിയ  വിവരം.

ട്രൈനില്‍  വരുന്നവര്‍ക്ക്  ടിക്കറ്റ്  നേരത്തെ  റിസര്‍വ്  ചെയ്യാന്‍  മതിയായ  സമയം  ഉണ്ട്.   തൃശൂരിനു  തെക്ക്  നിന്നും റോഡിലൂടെ  സ്വന്തം  വാഹനത്തില്‍  വരുന്നവര്‍  പൂര  തിരക്ക്  ഒഴിവാകാന്‍  എറുണാകുളം  ഇടപ്പള്ളി  കൊടുങ്ങല്ലൂര്‍  ചാവക്കാട്   വഴി  പൊന്നാനിയില്‍  എളുപ്പ  വഴിയിലൂടെ  വരാം.  റോഡും അടുത്ത കാലത്ത്  ഞാന്‍  ആ  വഴിയിലൂടെ  വരുമ്പോള്‍  തരക്കേടില്ലായിലുന്നു. സമയവും  ദൂരവും  ലാഭിക്കാം.(  ഈ എളുപ്പ  വഴി   കാണിച്ച്  തന്നത്  തണല്‍  ഇസ്മെയിലാണ്. ഞങ്ങള്‍  കൊണ്ടോട്ടി  മീറ്റ്  കഴിഞ്ഞ്  വരുകയായിരുന്നു)  തിരൂരിനു  വടക്ക്  നിന്ന്  വരുന്നവര്‍ക്ക്  പൂര  തിരക്ക്  ബാധിക്കുകയില്ലല്ലോ. 

അപ്പോള്‍   വേഗമാകട്ടെ.  ഒരു  തീരുമാനമെടുത്ത്  അതിനായി  തയാറാക്കിയ  ഡോക്റ്റര്‍  ജയന്‍  ഏവൂരിന്റെ  പോസ്റ്റിലോ   മീറ്റുമായി  ബന്ധപ്പെട്ട  മറ്റ്  പോസ്റ്റുകളിലോ   പേരു  നല്‍കുക.

പ്രിയ  ചങ്ങാതിമാരേ!   വിധി  ഉണ്ടെങ്കില്‍   തുഞ്ചന്റെ  മണ്ണില്‍  നമുക്ക്  കണ്ട്  മുട്ടാം.  2011 ലെ  ബ്ലോഗ് മീറ്റിലെ   ചില  അപൂര്‍വ  ചിത്രങ്ങള്‍  ഇവിടെ  കാണാം.http://sheriffkottarakara.blogspot.in/2011/04/blog-post_19.html

5 comments:

 1. മലയാളഭാഷയുടെ ഈറ്റില്ലത്തില്‍ വീണ്ടുമൊരു കൂടിച്ചേരല്‍!
  താങ്കള്‍ പറഞ്ഞ പോലെ , പരിപാടികളുടെ ആധിക്യം കുറച്ചുകൊണ്ട് ആളുകളെ കാഴ്ചക്കാരും കേള്വിക്കാരും ആക്കാതെ ,ബ്ലോഗര്‍മാര്‍തമ്മില്‍ പരിചയപ്പെടലിനും പരിചയം പുതുക്കലിനും കൂടുതല്‍ പരിഗണന കൊടുത്താല്‍ നന്നായിരിക്കും.

  നിങ്ങളോടെല്ലാം അസൂയ തോന്നുന്നു ഒപ്പം എന്റെ നാട്ടിലായിട്ടും പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയും

  ReplyDelete
 2. ബ്ലോഗ്ഗേഴ്സ് മീറ്റിന് എല്ലാ ഭാവുകങ്ങളും :)

  ReplyDelete
 3. ഷെരിഫ് സാഹിബ്,
  നിശയുടെ നിശബ്ദതയില്‍
  താരകോടികള്‍ കണ്ചിമ്മിതുറക്കുന്ന വിഹായസ്സില്‍
  നേത്രങ്ങള്‍ നിറക്കാഴ്ച തേടുമ്പോള്‍
  ചിന്തയുടെ ചന്ദനകാടുകള്‍ വഴിഞ്ഞൊഴുകിയ
  സൌരഭ്യം ഞാന്‍ നുകര്ന്നൂ
  ചോദ്യത്തിനര്‍ത്ഥം തിരയുമീ വ്യര്‍ത്ഥത വെടിഞ്ഞു നാം
  തുഞ്ചന്‍ പകര്‍ന്ന പഞ്ചാര നുകര്നീടാം
  നന്ദി...നന്ദി...നന്ദി...

  ReplyDelete
 4. തുഞ്ചൻ പറമ്പ് ബ്ലോഗർ സംഗമത്തിൽ ബൂലോകർക്ക് ചില അത്ഭുതങ്ങളും സമ്മാനങ്ങളുംമൊരുക്കിയിട്ടുണ്ടെന്ന വിവരം അറിയിക്കട്ടെ. എല്ലാ ബ്ലോഗർമാരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

  ReplyDelete