Tuesday, January 29, 2013

കണ്ടാലറിയാവുന്ന പ്രതികള്‍

              സര്‍ക്കാര്‍  ജീവനക്കാരനായ  എന്റെ  മകന്‍  എന്‍ ജി.ഓ.  യൂണിയന്‍  പ്രവര്‍ത്തകനും   അത്  കൊണ്ട്  തന്നെ   മാര്‍ക്സിസ്റ്റ്   അനുഭാവിയുമാണ്.    ജീവനക്കാരുടെ  ജനുവരി  മാസത്തില്‍  നടന്ന  സമര  രംഗത്ത്  അവന്‍  സജീവമായി  പങ്കെടുത്തിരുന്നു. ഈ  സമരത്തോട്  ഒട്ടും  തന്നെ  അനുഭാവമില്ലാത്ത  ഞാനും  അവനും  തമ്മില്‍   സമരത്തെ  സബന്ധിച്ച്   ചൂടേറിയ  വാഗ്വാദങ്ങള്‍  നടന്നിട്ടുണ്ടെങ്കിലും   ജോലിക്ക്  കയറുന്നവരെ  തടസ്സപ്പെടുത്തുകയോ  ഉപദ്രവിക്കുകയോ  ചെയ്യരുതെന്ന  എന്റെ  കര്‍ശന  നിര്‍ദ്ദേശം അവന്‍  അക്ഷരം  പ്രതി  അനുസരിച്ചിരുന്നു  എന്ന്  എനിക്ക്  ഉത്തമ  വിശ്വാസം ഉണ്ട്.  സമരം  രണ്ട്മൂന്ന്  ദിവസം  പിന്നിട്ടപ്പോള്‍  അണികളില്‍  പലരും  അകത്ത്   കയറി  ജോലി  ചെയ്യാന്‍  തുടങ്ങിയതിനാല്‍  വിരളി  പിടിച്ച മാര്‍ക്സിസ്റ്റ്  നേതൃത്വം  സ്വന്തം    സഖാക്കളെ   ഇറക്കി  പ്രതിഷേധാഗ്നി  ആളി  കത്തിച്ചു.  ശ്രീമാന്‍  ഉമ്മന്‍  ചാണ്ടി    സമരത്തിനു  കയറുന്നവര്‍ക്ക്  എല്ലാ  സംരക്ഷണവും  നല്‍കുമെന്ന്  ഉത്തരവ്  ഇറക്കിയെങ്കിലും  ആ  ഉത്തരവ്  കടലാസ്സില്‍  ഒതുങ്ങുന്ന  കാഴ്ചയാണ്  പിന്നീട്  കണ്ടത്. അതിനാല്‍  ചാണക വെള്ളം,   ടാര്‍,  നായ്ക്കരുണ പൊടി , എന്നിവ സുഗമമായി  ഉപയോഗിക്കപ്പെടുകയും   അകത്ത്  കയറിയ  ചിലര്‍ക്കെല്ലാം  ഒന്ന്  രണ്ട്  കൊച്ചടികള്‍  കിട്ടുകയും  ചെയ്തു.  ടി.പി  കേസിലൂടെ  മാര്‍ക്സിസ്റ്റ്  പാര്‍ട്ടിയുടെ   നയം  മലയാളികളുടെ  മനസിലുണ്ടാക്കിയ  വികാരം  ആണി  അടിച്ചുറപ്പിക്കുന്നതിനെന്ന  വണ്ണം  ഭരണകക്ഷി  ഈ  സമരത്തില്‍ പോലീസിനെ  നിഷ്ക്രിയമാക്കിയതായി  സമരത്തില്‍  പങ്കെടുക്കാത്ത  ജീവനക്കാര്‍ക്കിടയില്‍  പിറുപിറുക്കലുകള്‍  ഉണ്ടായി.അതിനാല്‍തന്നെ  നമ്മുടെ ശരീരം  നമ്മള്‍  രക്ഷിക്കണം  എന്ന ചിന്തയോടെ   ജോലിക്ക്  കയറാന്‍    ഒരുമ്പെട്ട്  വന്ന  ഒരു  കോണ്‍ഗ്രസ്സ്  സംഘടനക്കാരന്‍  അപ്പോള്‍  അത്  വഴി വന്ന  ഒരു  മാര്‍ക്സിസ്റ്റ്  നേതാവുമായി ഗ്വാ  ഗ്വാ  വിളിച്ച്    രംഗം കലുഷിതമാക്കിയപ്പോള്‍  നേതാവ്  പറഞ്ഞിട്ടോ  എന്തോ  രണ്ട്  മൂന്ന്  സഖാക്കള്‍  ഉടന്‍  സ്ഥലത്തെത്തി   കോണ്‍ഗ്രസ്സ്  സംഘടനക്കാരനു  രണ്ട്മൂന്നടി  കൊടുത്ത്  രംഗത്ത്  നിന്നും   അപ്രത്യക്ഷരായി.  സ്വാഭാവികമായി  കോണ്‍ഗ്രസ്കാരന്‍ ആശുപത്രിയില്‍  അഡ്മിറ്റാകുകയും  പോലീസ്  കണ്ടാലറിയാവുന്ന  ചിലരെ  പ്രതികളാക്കി  എഫ്.ഐ.ആര്‍.  ഫയല്‍  ചെയ്യുകയും  ചെയ്തു.  കണ്ടാലറിയാവുന്നവരെ  കിട്ടാതായപ്പോള്‍   അടികൊണ്ടവന്‍  കൊടുത്ത  ലിസ്റ്റിലെ  ആള്‍ക്കാരെ  പോലീസ്  പിന്നീട്  പ്രതികളാക്കുന്നതാണ്  കാണപ്പെട്ടത്. അടി  കൊണ്ട  ആള്‍ക്ക്  സുപരിചിതരായ   സമര  രംഗത്തുണ്ടായിരുന്ന  എന്‍ .ജി. ഒ. യൂണിയന്‍  നേതാക്കളുടെ പേരുകള്‍   ടിയാന്‍  അവസരം  ഒത്ത്  വന്നപ്പോള്‍  പകരം  വീട്ടാനായി  പറഞ്ഞ്  കൊടുത്തു. 
 ജോലിക്ക്  കയറിയ  ജീവനക്കാരനെ  ഉപദ്രവിച്ചത്  തെറ്റ്  തന്നെയാണ്. പക്ഷേ  ഉപദ്രവിച്ചവര്‍  എന്ന്  ഇരയാല്‍  ആരോപിക്കപ്പെട്ടവരല്ല  അത് ചെയ്തത്.  വിരുദ്ധ  സംഘടനകളില്‍  പ്രവര്‍ത്തിക്കുന്നവര്‍ക്ക്  എതിര്‍ഭാഗ സംഘടനയിലെ   നേതാക്കളുടെ   പേരുകള്‍  കാണാ പാഠമാണ്. ഇവിടെ  പരുക്ക് പറ്റിയ  ആള്‍  കൊടുത്ത  ലിസ്റ്റില്‍ എന്റെ  മകന്റെ  പേരും  ഉണ്ടായിരുന്നു. മകന്‍  അറിയപ്പെടുന്ന ‍ എന്‍ .ജി.ഒ. യൂണീയന്‍  പ്രവര്‍ത്തകനായിരുന്നതിനാല്‍  പരുക്ക്  പറ്റിയ  ആള്‍ക്ക്  സുപരിചിതനുമായിരുന്നു. ഞാന്‍  ഇത്രയും  പറഞ്ഞ് വെച്ചത് നിരപരാധിയായ എന്റെ മകനെ  പ്രതിയാക്കിയതിലുള്ള  അമര്‍ഷത്താലല്ല. മറ്റൊരു  പ്രധാന   സംഗതി   ചൂണ്ടി കാണിക്കാന്‍  ഒന്ന്  രണ്ട്  ഉദാഹരണങ്ങള്‍  ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു  എന്നതിനാലാണ്.   മകന്‍ സംഭവം നടക്കുന്ന  സമയം  മറ്റൊരു  സ്ഥലത്തായിരുന്നു  എന്നത്  കേസില്‍  തെളിയിക്കാനും  അവന്‍  ഈ കാര്യത്തില്‍ നിരപരാധിയാണെന്ന്  കോടതിയെ  ബോദ്ധ്യപ്പെടുത്താനും  കഴിഞ്ഞേക്കാം.  പക്ഷേ  ഈ  കേസ്  തീര്‍ച്ചപ്പെടുത്തുന്നതിനു  2- 3 -  വര്‍ഷം  സമയം  എടുക്കും. അത് വരെ  ഓരോ  അവധിക്കും  ഈ  കേസിലെ  പ്രതികള്‍  കോടതിയില്‍  ഹാജരായേ  പറ്റൂ. ഒന്ന്  ഒന്നര  മാസത്തിനുള്ളില്‍    കേസ്  വിചാരണ ഒരു   അവധി വീതം  ഉണ്ടായി  കൊണ്ടേ ഇരിക്കും. അങ്ങിനെ    താന്‍  നിരപരാധിയാണെന്ന്  തെളീയിക്കാന്‍  പ്രതി  കോടതി  വരാന്തയില്‍   2-3- വര്‍ഷങ്ങള്‍ , 30-40-  ദിവസം  കൂടുമ്പോള്‍   കാത്ത്  നില്‍ക്കേണ്ടി  വരുമെന്ന്  ഉറപ്പ്.

സമാനമായ  മറ്റൊരു   കേസിലെ   പ്രതി  നമുക്ക്  സുപരിചിതനായ  ഒരു ബ്ലോഗറാണ്. അദ്ദേഹത്തിന്റെ  അനുവാദമില്ലാതെ  പേരു സൂചിപ്പിക്കുന്നത്  ശരിയല്ലാത്തതിനാല്‍   പേരു  ഇവിടെ  പറയുന്നില്ല. ഫെയിസ്  ബുക്കിലെ സജീവ സാന്നിദ്ധ്യമായ  അദ്ദേഹത്തിന്റെ വാസസ്ഥലം  കൊല്ലം  നഗരത്തിലും  അദ്ദേഹം  ഒരു  മാസികയുടെ  ചീഫ്  എഡിറ്ററും  നല്ലൊരു  എഴുത്ത്കാരനും   പൊത് പ്രവര്‍ത്തകനും എല്ലാവര്‍ക്കും  പ്രിയംകരനുമാണ്. ( താല്‍പ്പര്യം  ഉണ്ടെങ്കില്‍  ഇവിടെ  കമന്റില്‍  അദ്ദേഹത്തിനു സ്വയം  പേരു  വെളിപ്പെടുത്താം)  പണ്ട്  ഒരുകാലത്ത്  അദ്ദേഹം  പ്രവര്‍ത്തിച്ചിരുന്ന   രാഷ്ട്രീയ  പാര്‍ട്ടി  ഇടുക്കി  ജില്ലയില്‍   പോലീസിന്റെ  നിരോധനം  ലംഘിച്ച്  ഒരു  സമരം  നടത്തിയിരുന്നു. സമരം  നടക്കുന്ന  ദിവസം  അദ്ദേഹം  കൊല്ലത്ത്  മറ്റൊരു  പരിപാടിയില്‍  പങ്കെടുക്കുകയാണ്. കണ്ടാലറിയാവുന്ന  കുറച്ച്  പേരെ  പ്രതികളാക്കിയ  പോലീസ്  പിന്നീട്  പാര്‍ട്ടിയുടെ   തലപ്പത്ത്  ഉള്ളവരുടെ  പേരു  അന്വേഷിച്ച്   അവരെ  പോലീസ്  ചാര്‍ജില്‍  ഉള്‍പ്പെടുത്തുകയും  അങ്ങിനെ  നമ്മുടെ എഡിറ്റര്‍  ആ  കേസില്‍  പ്രതിയാവുകയും  ചെയ്തു.  ആരോപിക്കപ്പെട്ടിരിക്കുന്ന   ചാര്‍ജിലെ   കുറ്റത്തിനു  വേണമെങ്കില്‍  മജിസ്ട്രേറ്റിനു പിഴ മാത്രം ശിക്ഷിക്കാവുന്നതും  പ്രതി  കുറ്റം  സമ്മതിച്ചാല്‍  ആദ്യ  അവധിക്ക്  തന്നെ    ഫൈന്‍  അടച്ച്     രക്ഷപെടാവുന്ന  തരത്തിലുള്ളത്  മാത്രവുമാണ്.  പക്ഷേ  നമുടെ  എഡിറ്റരുടെ  ചോദ്യം  “ചെയ്യാത്ത  കുറ്റം  എന്തിനാ  സാറേ!  സമ്മതിക്കുന്നേ”  എന്നാണ്. അത്  ന്യായമായ  ചോദ്യമാണ്.  പക്ഷേ  കുറ്റം  സമ്മതിച്ച് ഫൈന്‍  അടച്ച്  കേസില്‍  നിന്നും  രക്ഷപെട്ട്   പോകുന്നില്ലാ  എങ്കില്‍   നമ്മുടെ  പ്രതി  2-3- വര്‍ഷം  കേസിന്റെ ഓരോ  അവധിക്കും  കൊല്ലത്ത്  നിന്നും  ഇടുക്കിയിലെത്തണം. ആ  ജില്ലയിലെ    പ്രതികൂല  കാലാവസ്ഥയിലായാലും തന്റെ  നിരപരാധിത്വം  തെളിയിക്കാന്‍   കോടതി  തിണ്ണയില്‍   കാത്ത്  നിന്നേ  മതിയാകൂ.  ഇതിനിടയില്‍  ഏതെങ്കിലും  അവധിക്ക്  ഇടുക്കിയില്‍  പോകാന്‍  കഴിയാതെ  വരുകയും   കേസില്‍  ഏര്‍പ്പെടുത്തിയ  അഭിഭാഷകന്‍   അന്ന്  അപ്രത്യക്ഷനാവുകയും  ചെയ്താല്‍ പ്രതിയെ  ഹാജരാക്കാന്‍  കോടതി  വാറന്റ്  പുറപ്പെടുവിക്കും.  വാറണ്ടുമായി  പോലീസ്കാരന്‍ കൊല്ലം നഗരത്തില്‍   അന്വേഷിച്ച്  നടക്കുമ്പോള്‍  നമ്മുടെ  പ്രതി  നാട്ടില്‍  “വാറണ്ട്  പ്രതി“യെന്ന  പേരിലറിയപ്പെടും.  കുറ്റം  സമ്മതിച്ചാല്‍  മറ്റൊരു  കുഴപ്പത്തിനും  സാദ്ധ്യതയുണ്ട് .  പില്‍ക്കാലത്ത്,   അധികാരപ്പെട്ട ഏതെങ്കിലും  സ്ഥാപനങ്ങളില്‍ ആവശ്യമെങ്കില്‍  കൊടുക്കേണ്ടി  വരുന്ന   ഏതെങ്കിലും  ഡിക്ലറേഷനില്‍     “എന്നെ  ഒരു  കോടതിയും  ഒരു   കേസിലും  ശിക്ഷിച്ചിട്ടില്ലാത്തതാണ്.” എന്ന്  സത്യസന്ധമായി  രേഖപ്പെടുത്താന്‍  കഴിയാതെ  വരും.  ഈ  കാരണങ്ങളാല്‍   സ്നേഹിതന്‍  ഇടുക്കിയില്‍  പോകാന്‍  തീരുമാനിച്ചിരിക്കുകയാണ്.

ഈ  കേസ്  സംബന്ധമായി  വിവരം  ലഭിച്ച  നമ്മുടെ മാന്യ  സ്നേഹിതന്‍  കൊട്ടോട്ടിയും  മറ്റ്  ചിലരും  ഈ  വക കേസുകളില്‍  നിന്നും  ഊരി  പോകാന്‍  മാര്‍ഗമൊന്നുമില്ലേ  എന്ന്  ആരാഞ്ഞിരുന്നു. ഭരിക്കുന്ന  സര്‍ക്കാരിനു  വേണമെങ്കില്‍  കോടതിയില്‍  നിലവിലുള്ള  ഈ  കേസ്  എ.പി.പി.  മുഖേനെ  പിന്‍ വലിക്കാം. പ്രതികള്‍  സര്‍ക്കാരില്‍ അത്രത്തോളം  പിടിപാടുള്ളവരായിരിക്കണം. മജിസ്ട്രേറ്റിനോട്  കാര്യം തുറന്ന്  പറഞ്ഞ്  രക്ഷപെടാന്‍  സാധിക്കില്ലേ  എന്ന്  ചിലര്‍  ചോദിച്ചു.  അതെല്ലാം  സിനിമയിലെ  രംഗങ്ങളാണ്. യഥാര്‍ത്ഥ  കോടതിയില്‍  കേസ്  കാര്യം  പ്രൈവറ്റായി  കേള്‍ക്കാന്‍   ഒരു  മജിസ്ട്രേട്ടും  തയാറാവില്ല.  എല്ലാം  ഒരു  അഭിഭാഷകന്‍ മുഖേനെ  കോടതിയില്‍  ഫയല്‍  ചെയ്യുന്ന  അപേക്ഷയിലൂടെ  മാത്രമേ  കേള്‍ക്കുകയുള്ളൂ. ആ  അപേക്ഷയും   ചിലപ്പോള്‍  ഒരു  വര്‍ഷകാലം  വാദം  കേള്‍ക്കാനായി  സമയം എടുത്തു  എന്ന്  വരാം.  ഹൈക്കോടതിയില്‍  പോയാല്‍  എന്താണ്  ഗതിയെന്ന്   സര്‍വ ശ്രീ.  വീ.എസ്,  കരുണാകരന്‍ ,  കുഞ്ഞാലിക്കുട്ടി,  തുടങ്ങിയ  പ്രഗല്‍ഭന്മാരുടെ  കേസുകള്‍ക്കെടുത്ത  സമയ ദൈര്‍ഘ്യം  നിരീക്ഷിച്ചാല്‍  ബോദ്ധ്യം  വരും.  ചുരുക്കി  പറഞ്ഞാല്‍  സാധാരണക്കാരന്റെ  കാര്യം  കട്ട  പൊഹ  തന്നെ.

ഇവിടെ  നമുക്ക്  കാണാന്‍  കഴിയുന്നത്,   ചെയ്തുവെന്ന്  ആരോപിക്കപ്പെടുന്ന  കുറ്റത്തിനു   ലഭിക്കാവുന്ന  ശിക്ഷയേക്കാളും  വലിയ  ശിക്ഷയാണ്  ഈ  ചെറിയ  കുറ്റങ്ങള്‍ക്ക്  2-3-വര്‍ഷ കാലങ്ങളിലൂടെ  കുറ്റാരോപിതന്‍  അനുഭവിച്ച്  തീര്‍ക്കുക  എന്നതാണ്.. സ്ഥിരമായി   കോടതിയും  കേസുമായി  നടക്കുന്നവര്‍ക്ക്  ഇതൊരു  രസകരമായ  കാര്യമാണെങ്കിലും  സാധാരണക്കാരനു    കോടതി  കയറ്റം  പീഡനം  തന്നെയാണ്.   ഒരു  കൂലിവേലക്കാരന്‍  കേസില്‍  പ്രതിയായി  പോയാല്‍  കേസിന്റെ  അവധിക്ക്  അവനു  ജോലിക്ക്  പോകാന്‍  കഴിയില്ല.അന്ന്  അവന്റെ  വീട്ട്  ചെലവിനു  വേറെ  വഴി  അന്വേഷിക്കണം. സര്‍ക്കാര്‍ ജീവനക്കാരന്‍  പ്രതിയായി  കോടതിയില്‍  എത്തി ചേരണമെങ്കില്‍  അര്‍ഹതപ്പെട്ട  അവധി  എടുത്തിരിക്കണം.  ചുമ്മാതല്ല  നാട്ടിന്‍പുറത്ത്  ഒരു  ഭീഷണി  ഇപ്പോഴും  നില  നില്‍ക്കുന്നത്”  നിന്നെ  ഞാന്‍  കോടതി  കയറ്റും” എന്ന്.

എന്ത്  കൊണ്ടാണ്  ഇങ്ങിനെ  സംഭവിക്കുന്നത്?  കോടതിയുടെ  അലംഭാവത്താലല്ല  മേല്പറഞ്ഞ  പ്രകാരം  കേസുകള്‍  തീര്‍പ്പാക്കാന്‍  കഴിയാതെ  കാലം  കടന്ന്  പോകുന്നത്.  കേസുകളുടെ  ബാഹുല്യവും  അതിനു  തുല്യമായി  പുതിയ  കോടതികള്‍  സ്ഥാപിക്കപ്പെടാതെയും  വരുമ്പോള്‍  ന്യായാധിപന്മാര്‍  അക്ഷരാര്‍ത്ഥത്തില്‍  വിയര്‍ക്കുകയാണ്. ഒരു  കേസിന്റെ  വിധി  വ്യക്തിയുടെ    കുടുംബത്തിന്റെ   തലയിലെഴുത്തായി മാറുമ്പോള്‍   കേസിലെ   കുറ്റപത്ര  വായന  മുതല്‍  സാക്ഷി വിസ്താരം,  വാദം  കേള്‍ക്കല്‍,അവസാനം  വിധിന്യായം  തയാറാക്കല്‍  എന്നിവിടം  വരെ ന്യായാധിപന്‍ സൂക്ഷമതയോടെ  കൈകാര്യം  ചെയ്യേണ്ടതുണ്ട്. ന്യായാധിപന്റെ  പേന തുമ്പിലെ  വാക്കുകള്‍   ജീവിതത്തെ  തന്നെ   മാറ്റി മറിക്കാമെന്നിരിക്കെ  ആ ജോലി  ചെയ്യുന്ന  ന്യായാധിപന്മാര്‍  ബഹു ഭൂരിപക്ഷവും  രാ  പകലെന്നില്ലാതെ  പ്രയത്നം  നടത്തുന്നവരാണ്.മാത്രമല്ല  അവരുടെ  മേലധികാരികളായ  ജില്ലാ ജഡ്ജുമാര്‍ക്കും  ചീഫ്  ജൂഡീഷല്‍  മജിസ്ട്രേറ്റന്മാര്‍ക്കും അതാത് മാസത്തെ  സ്ഥിതിവിവര  കണക്കുകള്‍  നല്‍കാനും   അവര്‍  ബാദ്ധ്യസ്ഥരാണ്. ജില്ലാ  ന്യായാധിപന്മാര്‍  ഹൈക്കോടതിക്കും  ഇപ്രകാരം  അവരുടെ  കണക്കുകള്‍  നല്‍കണം. അതിനാല്‍  കേസ് തീര്‍പ്പാക്കുന്നതില്‍  അലംഭാവം  കാണിച്ചാല്‍  അവര്‍   മേല്‍  കോടതിയാല്‍  പിടിക്കപ്പെടും.   അത്  കൊണ്ട്  തന്നെ  കേസ്കള്‍  തീര്‍ക്കുന്നതില്‍  അവര്‍  ഒട്ടും  തന്നെ  അലംഭാവം  കാണിക്കാറില്ല.  ചുരുക്കത്തില്‍  ന്യായാധിപന്മാരല്ല  കേസുകള്‍  വൈകാന്‍  കാരണക്കാരെന്ന്  തിരിച്ചറിയുക.കേസുകളുടെ  ബാഹുല്യത്തിനു  ആനുപാതികമായി  കോടതികള്‍   സ്ഥാപിക്കേണ്ടത്   സര്‍ക്കാരിന്റെ  ചുമതലയാണ്.

 എന്നാല്‍  അഭിഭാഷകരുടെ  സഹകരണം  ഉണ്ടെങ്കില്‍  കക്ഷികള്‍ക്ക് കോടതി  തിണ്ണയിലെ  കാത്തിരിപ്പ്  കുറക്കാന്‍  കഴിയും. കേസുകളുടെ  വിചാരണക്ക്  മുമ്പുള്ള  അവധികള്‍  മാറ്റി  വെച്ച്  വിചാരണ  തീയതിക്ക്  മാത്രം  കക്ഷികള്‍  കോടതിയില്‍  വന്നാല്‍   മതിയെങ്കില്‍  എത്ര  നന്നായേനെ.  പക്ഷേ  അഭിഭാഷകര്‍  ഒരിക്കലും  അത്  സമ്മതിക്കുകയില്ല. ഓരോ  അവധിക്കും  കക്ഷികളുടെ   കയ്യില്‍  നിന്നും  ഫീസ് വാങ്ങാന്‍  അവര്‍ക്ക്  സാധിക്കാതെ  വരുന്ന  പരിഷ്കാരത്തിനു അവര്‍  വഴങ്ങി  തരില്ല.  അതിന്റെ  തിക്തക  ഫലം  അനുഭവിക്കുന്നത്   പൊതുജനം  തന്നെ.

ഒരു  കുറ്റം  സംഭവിക്കുമ്പോള്‍  കട്ടവനെ  കണ്ടില്ലെങ്കില്‍  കണ്ടവനെ   പിടിക്കുന്ന  ഇപ്പോഴത്തെ  പോലീസ്  നയം   പലപ്പോഴും  ഉപദ്രവകരമാകുന്നു.ഇവിടെ   ആദ്യം   പറഞ്ഞ  ഉദാഹരണങ്ങള്‍  നിരീക്ഷിക്കുക. സമാനമായ  കേസുകള്‍  കോടതിയുടെ  നല്ലഭാഗം  സമയം  നഷ്ടപ്പെടുത്തുന്നു.  പോലീസുകാര്‍  അവരുടെ  ചുമതലകള്‍  സത്യസന്ധമായി  നിര്‍വഹിച്ചാല്‍  അപാകതകള്‍ ഏറെ പരിഹരിക്കാനും  നിരപരാധികള്‍ വിധിക്ക്  മുന്‍പുള്ള കോടതി  കയറ്റ   ശിക്ഷയില്‍  നിന്നു ഒഴിവാക്കപ്പെടാനും  ഇടയാകും.  കണ്ടാലറിയാവുന്ന  പ്രതികളെ തേടി  നടന്ന്   കിട്ടിയില്ലെങ്കില്‍  കാണുന്നവരെ  പ്രതികളാക്കുന്ന  ഈ നയം   നിയമ  വ്യവസ്ഥയോട് സമൂഹത്തിനു വെറുപ്പും  പുഛവും  ഉണ്ടാക്കാനേ  ഉതകൂ. പോലീസുകാര്‍  മേലധികാരികളുടെ  കുറ്റപ്പെടുത്തലുകളില്‍  നിന്ന്  രക്ഷ തേടുന്നതിനു  നിരപരാധിയായ  പൌരനെ   കേസില്‍  പ്രതിയായി  ഉള്‍പ്പെടുത്തുമ്പോള്‍  ഒരര്‍ത്ഥത്തില്‍  നിയമം  സംരക്ഷിക്കേണ്ടവര്‍  തന്നെ  നിയമലംഘനം  നടത്തുകയാണെന്ന്  ഓര്‍ക്കുക.  ഇത്  പോലെ  ചെയ്യാത്ത  കുറ്റത്തിനു  പ്രതി  ചേര്‍ക്കപ്പെട്ട്  കോടതിയില്‍  കയറി  ഇറങ്ങുന്ന  രാഷ്ട്രീയ  നേതാക്കന്മാര്‍  നിയമ  നിര്‍മാണ  സഭയിലെത്തുമ്പോഴെങ്കിലും  പോലീസിന്റെ  കണ്ടാലറിയാവുന്ന  ലിസ്റ്റില്‍  നിരപരാധികള്‍  ഉള്‍പ്പെടാതിരിക്കാന്‍   ആവശ്യമായ  മാര്‍ഗ നിര്‍ദ്ദേശങ്ങള്‍  അടങ്ങിയ  നിയമ  നിമാണം  നടത്തിയിരുന്നു  എങ്കില്‍  അത്  സമൂഹത്തിനു  ചെയ്യുന്ന  നന്മയായി  ഭവിച്ചേനെ.  പക്ഷേ  ഉയര്‍ന്ന  സ്ഥാനത്തെത്തുമ്പോള്‍  പഴയത്  മറക്കുന്ന  നമ്മുടെ  രാഷ്ട്രീയ  പ്രവര്‍ത്തകരില്‍  നിന്നും  ഒരു  നന്മയും  പ്രതീക്ഷിക്കേണ്ടെന്ന്  അനുഭവങ്ങള്‍  നമ്മെ  പഠിപ്പിക്കുന്നു.

4 comments:

  1. പഴയ ഗ്രാമപ്പഞ്ചായത്തോ നാട്ടുകൂട്ടമോ ഒക്കെ കേസുകള്‍ തീര്‍പ്പാക്കുന്ന ഒരു പരിപാടിയുണ്ടായിരുന്നല്ലോ തമിഴ് സിനിമയിലൊക്കെ. അതുപോലെ വല്ലതും നടന്നെങ്കില്‍ കുറച്ച് കേസുകളൊക്കെ തീരുമായിരുന്നു

    ReplyDelete
  2. ഇന്നലെ മറ്റൊരു കേസിൽ ഇടപെട്ടതേയുള്ളൂ....
    നമ്മുടെ നിയമ പാലകരിൽ നല്ലൊരു വിഭാഗവും മോശക്കാരല്ല. ഭർത്താവിന്റെ വീട്ടുകാരും ബന്ധുക്കളും തല്ലി അവശയാക്കി ആശുപത്രിയിൽ അഡ്മിറ്റായ സ്ത്രീയുടെ പരാതി സ്വീകരിക്കാനോ മര്യാദയ്ക്ക് അന്വേഷിക്കാനോ പോലീസ് തയ്യാറായില്ല. ഒടുവിൽ ഡിവൈ എസ് പിയുടെ നിർദ്ദേശത്തെത്തുടർന്ന് മൊഴിയെടുക്കാൻ വന്ന പോലീസുകാരനാവട്ടെ വളരെ മോശമായി ആ സ്ത്രീയോടു പെരുമാറുകയും ചെയ്തു. ശല്യം കണ്ടു സഹികെട്ട നാട്ടുകാർ പോലീസുകാരനെ കൈവെക്കുമെന്നായപ്പോൾ അയാൾ രക്ഷപ്പെട്ടു. ആ സ്ത്രീയുടെ കാര്യം ഇപ്പോഴും തഥൈവ. ഞാൻ പറഞ്ഞുവന്നത് നിയമപാലകരും കോടതിയും നന്നാവേണ്ടിയിരിക്കുന്നു എന്നതാണ്.

    ReplyDelete
  3. ...ഇത് പോലെ ചെയ്യാത്ത കുറ്റത്തിനു പ്രതി ചേര്‍ക്കപ്പെട്ട് കോടതിയില്‍ കയറി ഇറങ്ങുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ നിയമ നിര്‍മാണ സഭയിലെത്തുമ്പോഴെങ്കിലും പോലീസിന്റെ കണ്ടാലറിയാവുന്ന ലിസ്റ്റില്‍ നിരപരാധികള്‍ ഉള്‍പ്പെടാതിരിക്കാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിയമ നിമാണം നടത്തിയിരുന്നു എങ്കില്‍ അത് സമൂഹത്തിനു ചെയ്യുന്ന നന്മയായി ഭവിച്ചേനെ......

    കാണൂല്ല കേൾക്കൂല്ല അതുകൊണ്ടുതന്നെ മിണ്ടൂല്ല....

    ReplyDelete
  4. ചെയ്യാത്ത കുറ്റത്തിനു പ്രതി ചേര്‍ക്കപ്പെട്ട് കോടതിയില്‍ കയറി ഇറങ്ങുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ നിയമ നിര്‍മാണ സഭയിലെത്തുമ്പോഴെങ്കിലും പോലീസിന്റെ കണ്ടാലറിയാവുന്ന ലിസ്റ്റില്‍ നിരപരാധികള്‍ ഉള്‍പ്പെടാതിരിക്കാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിയമ നിമാണം നടത്തിയിരുന്നു എങ്കില്‍ അത് സമൂഹത്തിനു ചെയ്യുന്ന നന്മയായി ഭവിച്ചേനെ.

    മാന്യമായി രാഷ്ട്രീയരംഗത്ത് നിൽക്കുന്ന പലരെയും വിഷമിപ്പിക്കുന്ന ഒരു ഏർപ്പാടാണ് ഈ പ്രതിചേർക്കൽ. മിക്കപ്പോഴും പാർട്ടി തീരുമാനിച്ചിട്ടോ നേതാക്കളുടെ അറിവോടെയോ അല്ല പല പ്രവർത്തകരും അനുഭാവികളും വല്ലയിടത്തും ചെന്ന് അക്രമമുണ്ടാക്കുന്നത്. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത കാരണങ്ങളെ ചൊല്ലിയാകും മിക്ക അക്രമങ്ങളും ഉണ്ടാകുന്നത്. ചിലതൊക്കെ വ്യക്തിപരമായ കാര്യങ്ങളെ ചൊല്ലിയുമാകും. പിന്നെ അതിനു രാഷ്ട്രീയമാനം ഉണ്ടാക്കിയെടുക്കുന്നതാണ്. ന്യായമായ സമരത്തിലോ മറ്റോ പങ്കെടുത്ത് അറസ്റ്റ് വരിക്കുന്നതും കേസുകളീൽ പ്രതിയാക്കപ്പെടുന്നതും സ്വാഭാവികമാണ്. പാർട്ടികളുടെ അറിവോ സമ്മതമോ കൂടാതെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് നേതാക്കളുടെ പേരിൽ കേസെടുക്കുന്ന രീതി ശരിയല്ലതന്നെ. നേതാക്കളിൽ ഒരു തരം കുറ്റകൃത്യങ്ങളും ചെയ്യാത്തവരും ഉണ്ടാകും. അവരെ ചെയ്യാത്ത കുറ്റങ്ങളിൽ പ്രതിയാക്കുന്നത് നന്നല്ല്!

    ReplyDelete