ബസ്സിന്റെ ഇരമ്പലിനും മീതെ മൊബൈല്‍ ഫോണ്‍ കരയുന്ന ശബ്ദം കേട്ട അവള്‍ മടിയില്‍വെച്ചിരുന്ന ഹാന്‍ഡ് ബാഗ് തുറന്ന് ഫോണ്‍ കയ്യിലെടുത്ത് പ്രത്യാശയോടെ നമ്പര്‍ നോക്കി.ഫോണ്‍കമ്പനിക്കാരുടെ പരസ്യ നമ്പറാണെന്ന് കണ്ടതോടെ ഉള്ളില്‍ നുരഞ്ഞ് പൊന്തിയ നിരാശയാല്‍ കാള്‍കട്ട് ചെയ്ത് ഫോണ്‍ തിരികെ ബാഗില്‍ വെച്ച് സിബ്ബ് വലിച്ചിടുന്ന നേരത്താണ് ഉറുമ്പിനെ കണ്ടത്. അത് ബാഗില്‍ നിന്നും പുറത്തേക്ക് വരുകയായിരുന്നു.
ഇന്നു ഉച്ച നേരം ആഫീസില്‍ വെച്ച് ടിഫിന്‍ കാരിയര്‍ ഹാന്‍ഡ് ബാഗില്‍ നിന്നും പുറത്തെടുക്കാന്‍ നേരംആ ജനുസ്സില്‍ പെട്ട ഒരു പറ്റം ഉറുമ്പുകള്‍ ബാഗ് ചാരി വെച്ചിരുന്ന ഭിത്തിയില്‍ ചുറ്റിക്കറങ്ങുന്നത് അവള്‍ കണ്ടിരുന്നു. കറുത്ത നിറത്തില്‍ വലിയ ഉറുമ്പുകള്‍. അതിലൊരെണ്ണമാണ് ഇപ്പോള്‍ ബാഗിന്റെ ഉള്ളില്‍നിന്നും പുറത്ത് വന്നതെന്ന് അവള്‍ക്ക് തീര്‍ച്ചയുണ്ട്.
ഉറുമ്പിനെ ബാഗില്‍ നിന്നും തട്ടിമാറ്റാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ പെട്ടന്നൊരു ചിന്ത മനസിലൂടെ കടന്ന് പോയി . 17കിലോമീറ്ററുകള്‍ക്കപ്പുറം അവളുടെ ജോലി സ്ഥലത്ത് വെച്ച് മറ്റ് ഉറുമ്പുകളുടെകൂട്ടത്തിലാണ് ഇവനെ താന്‍ കണ്ടത്. (പുരുഷ ഉറുമ്പാണ് അതെന്ന് അവള്‍ തീര്‍ച്ചയാക്കികഴിഞ്ഞിരുന്നുവല്ലോ) ഇവന്റെ ഭാര്യയും കുഞ്ഞുങ്ങളും മറ്റു കുടുംബാംഗങ്ങളുമായിരിക്കാം അവിടെ മേശപ്പുറത്ത് അപ്പോള്‍ കാണപ്പെട്ടത്. തലയെടുപ്പിലും വലിപ്പത്തിലും കെങ്കേമനായ ഇവനായിരിക്കാം കുടുംബ നായകന്‍ എന്നും അവള്‍ ഉറപ്പിച്ചു.
പക്ഷേ ഈ നേതാവിനെ ആ കുടുംബത്തിനു ഇനി ഒരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്ന് ചിന്തിച്ചപ്പോള്‍ അവള്‍ക്ക് അതിയായ സങ്കടം തോന്നി. താന്‍ ബാഗില്‍ നിന്നും തട്ടി നിലത്തിട്ടാല്‍ ബസ്സ് ചെന്ന് നില്‍ക്കുന്ന സ്ഥലത്ത് അവന്‍ എത്തിച്ചേര്‍ന്നേക്കാം. അവിടെ ഏകനായി ഇനി ഒരിക്കലും തന്റെ ഇണകളെ കാണാനാവാതെ അലഞ്ഞ് തിരിഞ്ഞ് അവന്റെ ജീവിതം അവസാനിക്കും.
വീണ്ടും മൊബൈല്‍ ഫോണ്‍ കരഞ്ഞപ്പോള്‍ എന്നത്തേതും പോലെ പൊട്ടിവിരിയുന്ന പ്രത്യാശയോടെ അവള്‍ ഫോണ്‍ കയ്യിലെടുത്ത് നമ്പര്‍ നോക്കി.ഗള്‍ഫിലെ കോഡ് നമ്പര്‍ ആണോ കാണപ്പെടുന്നത്.
തന്റെ പ്രാണപ്രിയനെ പറ്റി എന്തെങ്കിലും വിവരം?
നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നെങ്കിലും ആ ശബ്ദം...മിനിക്കുട്ടീ...എന്ന് നീട്ടി വിളിക്കുന്ന ആ മധുര സ്വരം....
"നമ്മുടെ മോന്‍ വലുതായോടോ എന്ന സുഖാന്വേഷണം"?
"അഛനും അമ്മക്കും അസുഖമൊന്നുമില്ലല്ലോ" എന്ന ആകാംക്ഷ നിറഞ്ഞ് നില്‍ക്കുന്ന ചോദ്യം?
ഫോണ്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ഇതെല്ലാമാണല്ലോ അവളുടെ മനസില്‍ നിറയുന്ന പ്രത്യാശകള്‍.
ഇപ്പോള്‍ വിളിച്ച നമ്പര്‍ കൂട്ടുകാരിയുടേതാണെന്ന് കണ്ടതോടെ നിസ്സംഗതയോടെ അവള്‍ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കുറച്ച് കാലമായി നിരാശ തനിക്ക് പരിചിതമായി എന്നും മനസ്സ് ശൂന്യാവസ്ഥയിലേക്ക് മാറ്റപ്പെട്ടു എന്നും അവള്‍ തിരിച്ചറിഞ്ഞു.
ഫോണ്‍ സംഭാഷണം കഴിഞ്ഞ് വീണ്ടും ഉറുമ്പിനെ നോക്കി. അവന്‍ ബാഗിന്റെ മടക്കുകളില്‍ അലയുകയാണ്. തന്റെ പ്രാണപ്രേയസിയെയും കുഞ്ഞുങ്ങളെയും കണ്ടെത്താന്‍ 17കിലോമീറ്റര്‍ നടന്ന് പോകാന്‍ അവനാവില്ലല്ലോ.മറ്റൊരു ബസ്സ് കൈ കാണിച്ച് നിര്‍ത്തി അതില്‍ കയറി തിരികെ പോകാനും അവനു കഴിയില്ല എന്ന് ചിന്തിച്ചപ്പോള്‍ ഉള്ളില്‍ വിങ്ങല്‍ അനുഭവപ്പെട്ടു.
ഇതേ പോലെ തന്റെ പ്രിയന്‍ മരുഭൂമിയിലെവിടെയോ....? എവിടെ ആയിരിക്കും?ബെന്യാമിന്റെ നോവലില്‍ വായിച്ചത് പോലെ ആടു ജീവിതം നയിക്കുകയായിരിക്കുമോ? അതോ അന്തമില്ലാത്ത മരുക്കാട്ടില്‍ വെള്ളം കിട്ടാതെ അവശനായി അലഞ്ഞു തിരിയുകയാണോ?...അതോ ഇനി ഒരിക്കലും തിരിച്ച് വരാനാവാതെ മണ്ണിനടിയില്‍ ....
കണ്ണില്‍ വെള്ളം നിറഞ്ഞത് മറ്റുള്ളവര്‍ കാണാതെ തുടക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ സിബ്ബിനിടയിലൂടെ ഉറുമ്പ് ബാഗിനകത്തേക്ക് കയറി പോകുന്നത് അവള്‍ കണ്ടു.
ബസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഇടയിലൂടെ തിക്കി തിരക്കി കണ്ടക്റ്ററുടെ സമീപം ചെന്ന് തനിക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ “ഈ സ്ഥലത്ത് ഇറങ്ങുന്നതെന്തേ?“ എന്ന ചോദ്യം പരിചിതനായ കണ്ടക്റ്ററുടെ മുഖത്ത് കണ്ടത് അവഗണിച്ച് അവള്‍ ബസ്സില്‍ നിന്നും ചാടി ഇറങ്ങി.
17കിലോമീറ്റര്‍ തിരികെ പോയി ഉറുമ്പിനെ താന്‍ പകല്‍ കണ്ട സ്ഥലത്ത് കൊണ്ട് വിടണമെന്നുള്ള അതിയായ അഗ്രഹത്താലാണല്ലോ അവള്‍ റോഡില്‍ ബസ്സ് കാത്ത് നിന്നത്.
തന്റെയും കുഞ്ഞിന്റെയും സമീപം തിരികെ എത്താന്‍ ആരെങ്കിലും ഇത് പോലെ തന്റെ പ്രിയനെയും സഹായിക്കേണമേ എന്ന പ്രര്‍ത്ഥനയായിരുന്നു അവളുടെ മനസ്സില്‍.
പിന്‍ കുറി.
(കൊല്ലം കോടതിയില്‍ പോകാനായി ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ കുണ്ടറ എത്തിയപ്പോള്‍ കഴുത്തില്‍ എന്തോ ഇഴയുന്നത് പോലെ തോന്നി. പരിശോധനയില്‍ ഒരു ഉറുമ്പിനെ കണ്ടെത്തി, അതിനെ എടുത്ത് താഴെ കളഞ്ഞു. അപ്പോള്‍ മനസില്‍ ഉണ്ടായ ഒരു ചിന്തയില്‍ നിന്നാണ് ഈ കഥ ജനിച്ചത്. കൊട്ടാരക്കരയില്‍ എന്റെ വീട്ടില്‍ ഞാന്‍ ഷര്‍ട്ട് ധരിക്കുമ്പോള്‍ ഈ ഉറുമ്പ് അതില്‍ കയറി പറ്റിയതാകാം. ഇനി അതിനു ഒരിക്കല്‍ പോലും കൊട്ടാരക്കര കാണാന്‍ കഴിയില്ല എന്നുറപ്പ്. അപ്പോള്‍ അതിന്റെ ഇണയെയോ കൂട്ടരെയോ അതിന്റെ ജീവിതത്തില്‍ കണ്ട് മുട്ടാന്‍ ഇടവരില്ല. മനുഷ്യരെ പോലെ ഉറുമ്പിനും മറ്റ് ജീവികള്‍ക്കും വിരഹ വേദനയും മറ്റും ഉണ്ടാകുമോ എന്ന ചിന്ത മനസിനെ അലട്ടിയപ്പോഴാണ് ഈ കഥ കുറിച്ചിടാന്‍ തോന്നിയത്. പിന്നീട് കഥയായി കഴിഞ്ഞതിനു ശേഷം രണ്ട് വാരാന്ത്യ പതിപ്പുകളില്‍ അയച്ച് കൊടുത്തു എങ്കിലും അവര്‍ അത് പ്രസിദ്ധീകരിച്ചതായി കാണപ്പെട്ടില്ല. എന്റെ ബ്ലോഗ് ഉള്ളപ്പോള്‍ പിന്നെന്തിനു ഞാന്‍ പത്രക്കാരുടെ പിമ്പേ നടക്കണം. അങ്ങിനെ ഈ കഥ ബൂലോഗത്തെ എന്റെ ചങ്ങാതിമാര്‍ക്കായി സമര്‍പ്പിക്കുന്നു.)
മനസ്സില്‍ നന്മയുള്ളവര്‍ക്കേ ഇങ്ങിനെ ചിന്തിക്കാനാവൂ. എല്ലാ സഹജീവികളേയും
ReplyDeleteസമന്മാരായി കാണാന്‍ കഴിയുന്നത് വലിയ കാര്യമാണ്. മരുഭൂമിയില്‍ എവിടേയോ
ഉള്ള ഭര്‍ത്താവിന്റെ വിളിക്കായി കാത്തിരിക്കുന്ന പെണ്‍കുട്ടിക്ക് ഉറുമ്പിന്‍റെ വിരഹ
വേദന മനസ്സിലാക്കാനാവും. കഥ ഇഷ്ടപ്പെട്ടു.
ഷെരീഫിക്ക.... ഒരു ഉറുമ്പിന്റെ കഥയിലൂടെ പ്രവാസികളുടെ കുടുംബത്തിലെ വിരഹവേദന ഇക്ക ഭംഗിയായി അവതരിപ്പിച്ചു.. വാരാന്ത്യപ്പതിപ്പുകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും സാധാരണക്കാരായ ബ്ലോഗ് വായനക്കാർക്ക് ഈ കഥ ഇഷ്ടപ്പെടുമെന്ന് തീർച്ച..
ReplyDeleteമനുഷ്യരെ പോലെ ഉറുമ്പിനും മറ്റ് ജീവികള്‍ക്കും വിരഹവേദനയും, വികാരങ്ങളും ഉണ്ടെന്ന് വിശ്വസിയ്ക്കുവാനാണ് എനിയ്ക്കിഷ്ടം..അപ്പോൾ നമുക്ക് ആവയെ കൂടുതൽ സ്നേഹിയ്ക്കുവാനും, മനസ്സിലാക്കുവാനും കഴിയും... എല്ലാ ആശംസകളും നേരുന്നു..
സ്നേഹപൂർവ്വം ഷിബു തോവാള.
എനിക്ക് വളരെ ഏറെ ഇഷ്ട്ടപ്പെട്ടു ഈ കഥ. മനസ്സിൽ നിറയെ നന്മയുള്ളവർക്കെ ഇത്തരം കഥകൾ എഴുതാൻ കഴിയൂ. ആശംസകൾ..........
ReplyDeleteനല്ല ഒരു തീം ആണ് ഈ കഥയുടെത്.
ReplyDeleteപറഞ്ഞ രീതി കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ സംഭവം സൂപ്പര്‍ ആയേനെ
സ്വന്തം എന്ന് മാത്രം ചിന്തിക്കുന്ന ഈ ലോകത്ത് അന്യന്റെ അത് ഒരു ഉറുമ്പിന്റെ ആയാലും തന്നെക്കാള്‍ കൂടുതലെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് തന്നെ വലിയ കാര്യമാണ്. നല്ല ചിന്തകള്‍ പങ്കുവെച്ച കഥ.
ReplyDeleteശേരീഫിക്കാ, നന്നായി. പിന്നെ ബ്ലോഗ് നമുക്ക് സ്വന്തമായിട്ടുള്ളപ്പോള്‍ വെറുതെ മാഗസിനുകളുടെ എഡിറ്റര്‍മാരുടെ പുറകെ പോകേണ്ട.
ReplyDeleteവളരെ നന്നായി പറഞ്ഞു.ഉറുമ്പിനെ പ്രതീകമാക്കിയ മനുഷ്യ ജീവിതചിത്രം മനോഹരമായി.
ReplyDeletenjanum ethupole oru pravasiude bharyayanu. bharyayeum makalem kudumbathinem upeshichu matoru penninte kude thamasikkunna manyanaya oru pravasiude bharya.natil manamuruki parathichu ayalemathram kathirunna,ayalkku vendi mathram jevicha nalukal, ennal kudumbathinte kaneeroo snehamoo onnum manasilakathe swantham sugam mathram thedipokunna alukalum undu namukidayil,venidam vishnu lokam akkunavar.kathanayikayepole njanum orupadu agrahichirunnu, ennum agrahikkunnu oru phone call... entem makaludem ellam sugam anweshichu.... kathiripinu oru avasanam undavumooo....
ReplyDeleteഉറുമ്പിന്റെ വേദനയില്‍കൂടി പറഞ്ഞ ഈ കൊച്ചുകഥ ഇഷ്ടപ്പെട്ടു.
ReplyDeleteഎന്റെ ഈ കഥ വായിക്കാന്‍ ഇവിടെ വന്ന എന്റെ ചങ്ങാതിമാര്‍ക്ക് നന്ദി. കഥ പറയാനും കഥ കേള്‍ക്കാനും സമൂഹം നിലവില്‍ വന്നത് മുതല്‍ മനുഷ്യനു കൊതിയാണ്, എനിക്കും കഥ കേള്‍ക്കാനും അനുഭവങ്ങളില്‍ നിന്നുമുള്ള കഥ കേള്‍പ്പിക്കാനും താല്‍പ്പര്യമുള്ളതിനാലാണു ഈ കുത്തിക്കുറിക്കലുകള്‍.
ReplyDeleteഇവിടെ അനോണിയായി വന്ന എന്റെ പ്രിയ സഹോദരീ, നിങ്ങളുടെ അനുഭവം വായിച്ചപ്പോള്‍ അതിയായി വേദന അനുഭവപ്പെട്ടു. നീണ്ട കാത്തിരിപ്പിനു ശേഷം സ്വന്തം കൂട്ടുകാരന്‍ നിങ്ങളെ മറന്ന് മറ്റൊരുത്തിയുടെ പക്കല്‍ പോയെന്നു അറിഞ്ഞപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന പ്രയാസം, അത് ഈ കുറിപ്പുകളില്‍ കൂടി നിങ്ങള്‍ എത്ര ചുരുക്കിയാണ് വിവരിച്ചത്. അയാള്‍ ആരായാലും നിങ്ങളുടെ കണ്ണു നീര്‍ അയാള്‍ക്ക് നേരെ തീയായി ചെന്ന് പതിക്കും.
നിങ്ങളുടെ കാത്തിരിപ്പിനു ഗുണകരമായ അവസാനം ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
നല്ല കഥ തന്നെ. ഇത്രയും ചെറിയ സംഭവത്തിൽ നിന്നു പോലും ഇങ്ങനെ ഒരു കഥകണ്ടെത്തിയതിനെ അനുമോദിക്കുന്നു. ഒരു ഉറുമ്പിനെകാണമ്പോൾ ഇത്രയെല്ലാം ചിന്തിക്കുന്നല്ലൊ അഭിനന്ദനങ്ങൾ. നമ്മുടെ ജീവിതത്തിലെ പല സന്ദർഭങ്ങൾക്കും ദൈവം എന്ന വലിയ കഥാകാരൻ എന്തെങ്കിലും കാരണം കണ്ടുവെച്ചിരിക്കുമത്രെ. അദ്ദേഹത്തിന്റെ അറിവില്ലാതെ ഒന്നും സഭവിക്കില്ല എന്ന് ദൈവവിശ്വാസികൾ കരുതുന്നു. അതുപോലെ താങ്കളെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നതിലും എന്തെങ്കിലും കാര്യം കണ്ടേക്കാം. ഇതു പറയാൻ കാരണം ഈ കഥവായിച്ചപ്പോൾ മനസ്സിൽ വന്ന ഒരു പുരാണകഥയാണ്. ഹിന്ദു വിശ്വാസം അനുസരിച്ച് മരണത്തിന്റെ ദേവൻ യമധർമ്മൻ ആണ്. സംരക്ഷണം മഹാവിഷ്ണുവിന്റെ ചുമതലയും. ഒരിക്കൽ യമൻ മഹാവിഷ്ണുവിനെക്കാണാൻ വൈകുണ്ഠത്തിൽ എത്തുന്നു. അവിടെ വെച്ച് യമൻ ഒരു ചെറിയ പക്ഷിയെ കാണുന്നു. ആഹാ ഇതിവിടെ ഇരിപ്പാണോ എന്നു പറഞ്ഞ് യമൻ വിഷ്ണുവിന്റെ അരികിലേയ്ക്ക് പോയി. യമൻ പറയുന്നത് വിഷ്ണുവാഹനമായ ഗരുഢൻ കേട്ടിരുന്നു. അദ്ദേഹം കരുതി ഈ പക്ഷിയുടെ സമയം എത്തി. അതിനെ അൻവേഷിച്ചാണ് യമൻ നടന്നിരുന്നത്. അതിനെ കാണാതെ വിഷമിച്ചതിനാലാവണം യമൻ ഇങ്ങനെ പറഞ്ഞത്. ഈ പക്ഷിയെ രക്ഷിച്ചിട്ടുതന്നെ കാര്യം. ഗരുഢൻ ആ പക്ഷിയെ അങ്ങ് ദൂരെ ഒരു വനത്തിൽ കൊണ്ടിരുത്തി തിരികെ വൈകുണ്ഠത്തിൽ എത്തി. ആ സമയം യമൻ മഹാവിഷ്ണുവിനെക്കണ്ട് പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു. ഗരുഢൻ അദ്ദേഹത്തോട് ചോദിച്ചു "അങ്ങ് അകത്തുപോകുമ്പോൾ ഇവിടെ ഇരുന്ന ഒരു പക്ഷിയെക്കണ്ട് ഇവിടെ ഇരുപ്പാണോ എന്ന് പറഞ്ഞല്ലൊ എന്താണ് അതിനു കാരണം." യമൻ പറഞ്ഞു "ഏതാനും സമയത്തിനകം ആ പക്ഷി അങ്ങ് ദൂരെ ഒരു വനത്തിൽ ഒരു പാമ്പിന്റെ ഭക്ഷണമായി മാറണം എന്നതായിരുന്നു വിധി. അത് ഇവിടെ ഇരിക്കുന്നത് കണ്ട് അൽഭുതം തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്. എന്നാൽ ഇപ്പോൾ അങ്ങു തന്നെ ആ പക്ഷിയെ പാമ്പിന്റെ അടുത്ത് മനഃപൂർവ്വം അല്ലെങ്കിലും എത്തിച്ചിരിക്കുന്നു." പറഞ്ഞുവന്നത് എല്ലാം ദൈവഹിതം അത്രമാത്രം.
ReplyDeleteപ്രിയ മണികണ്ഠന്‍ , സന്ദര്‍ശനത്തിനു നന്ദി.താങ്കള്‍ പറഞ്ഞ പുരാണ കഥ ചിന്തിക്കേണ്ട വിഷയം തന്നെയാണു. ആ കഥ പറഞ്ഞ് തന്നതില്‍ ഏറെ നന്ദി സുഹൃത്തേ!
ReplyDeleteനല്ല കഥ.... ഇഷ്ട്ടായി...
ReplyDeleteഷെരീഫ് ഭായ്, കഥ വായിച്ചു. മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും വിരഹ വേദനയുണ്‌ടോ എന്ന് ചോദിച്ചാല്‍ ഉണ്‌ട് എന്നത് തന്നെയാണതിന്‌റെ ഉത്തരം. കൂട്ടം തെറ്റി മേയുന്ന മൃഗങ്ങള്‍ അല്‍പം കുറുമ്പ് കാണിക്കുന്നതും എന്നാല്‍ അവര്‍ കൂട്ടത്തിലാവുമ്പോള്‍ വളരെ ശാന്തരായി കാണുന്നതെല്ലാം അതുകൊണ്‌ടാണ്. കഥയിലെ സന്ദേശവും പറയാന്‍ ഉദ്ദേശിച്ചവയും വായനക്കാരിലേക്കെത്തിയെന്ന് കരുതാം.
ReplyDeleteകഥ നന്നായി,
ReplyDeleteമനുഷ്യന് ഏറ്റവും വേണ്ടുന്ന ഒരു മനോഭാവമാണ് സഹാനുഭൂതി. അത് ഇല്ലാത്തതാണ് ഈ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം.ആശംസകള്‍.
മനസ്സില്‍ നന്മയുള്ളവർക്ക് ചിന്തിക്കാന്‍ പറ്റുന്ന കഥ ..എനിക്ക് നല്ല ഇഷ്ടായി ...
ReplyDeleteകഥ ഇഷ്ടായി. ഒരുറുമ്പിനെ തീയില്‍ പെടാതെ രക്ഷിച്ചതിനും സ്വര്‍ഗം പ്രതിഫലം എന്ന് നമ്മള്‍ പഠിച്ചിട്ടുണ്ടല്ലോ..
ReplyDeleteനൌഷു, മൊഹിയുദ്ദീന്‍ എം.പി., അബ്ദുല്‍ നിസ്സാര്‍, കൊച്ചുമോള്‍, മുല്ല,
ReplyDeleteപ്രിയപ്പെട്ടവരേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി .
നന്നായിട്ടുണ്ട് ഷെരീഫിക്കാ. മനുഷ്യരായ നമ്മളൊക്കെ അനുഭവിക്കുന്ന അതേ ചിന്തകളും ആകുലതകളും ഇതര ജീവികൾക്കും ഉണ്ടെന്ന തോന്നലാണ് ഈ കഥയ്ക്കാധാരം എന്നല്ലേ പറയുന്നത്. ആ ഒരു ചിന്തയ്ക്ക് നമസ്ക്കാരം. അങ്ങനേയുള്ള ചിന്ത വളരെ അപൂർവ്വം പേരിലേ വരൂ, വന്നതും പോരാഞ്ഞ് അതൊരു കഥയാക്കി എഴുതിയ ഇക്കയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആശംസകൾ.
ReplyDeleteഇവിടെ വന്നതിലും നല്ലത് പറഞ്ഞതിലും സന്തോഷമുണ്ട് പ്രിയ മണ്ടൂസന്‍ .
ReplyDelete