Saturday, March 31, 2012

ബൂലോഗത്തിലെ മൂന്നുവര്‍ഷം

ബൂലോഗത്തില്‍ എനിക്ക് മൂന്ന് വയസ്സ് മാര്‍ച്ച് മാസത്തില്‍ കഴിഞ്ഞിരിക്കുന്നു. 254പോസ്റ്റും എന്റെ വകയായി ജന്മമെടുത്തു. തിരിഞ്ഞ് നോക്കുമ്പോള്‍ സന്തോഷത്തിനു വക ധാരാളം ഉണ്ട്. മനസിലെ മൂശയില്‍ നിന്നും രൂപം പ്രാപിച്ച് പുറത്ത് വരുന്ന കഥകള്‍ , അച്ചടി മഷി പുരണ്ട് കാണുവാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. കഥ കേള്‍ക്കുവാന്‍ ആളുണ്ടാകുന്നത് കഥ പറയുന്നവനു പ്രചോദനമാകുകയും വീണ്ടും വീണ്ടും കഥാ രചനക്ക് അവനെ പ്രേരിതനാക്കുകയും ചെയ്യും. പക്ഷേ കഥ കേള്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നില്ലെങ്കിലോ?

എഡിറ്ററെന്ന ഭീകരന്‍ തിരസ്കരിച്ച കഥ പോസ്റ്റ്മാന്‍ തിരികെ കൊണ്ട് തന്നപ്പോള്‍ മനസില്‍ നിറയുന്ന നിരാശയോടെ ആരോടെല്ലാമോ അരിശം തീര്‍ക്കാനെന്നവണ്ണം അതുവരെ എഴുതിയ കഥകളെല്ലാം കത്തിച്ച് കളഞ്ഞ ഒരു കഥാകൃത്തിന്റെ കഥ പണ്ട് ഞാനെഴുതിയിരുന്നു. വളരെ ചെറുപ്പത്തില്‍ എഴുതി തുടങ്ങിയ, പതിനഞ്ചാം വയസില്‍ അന്നത്തെ പ്രധാനപ്പെട്ട ഒരു മലയാള പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ആദ്യ കഥ പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞ എന്റെ കഥകളില്‍ പലതും അച്ചടി മഷി പുരളാതെ പിന്നീട് മടങ്ങി വന്നപ്പോള്‍ ഞാന്‍ എഴുതിയ ഒരു കഥ ആയിരുന്നു നടേ പറഞ്ഞത്. ഞാന്‍ അവഗണിച്ച എന്റെ കഥകളില്‍ ചിലത് പലപ്പോഴും ആനുകാലികങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും മനസില്‍ തൊട്ട് എഴുതിയ ചില കഥകള്‍ തിരസ്കരിക്കപ്പെട്ട് മടങ്ങി വരുകയും ചെയ്തപ്പോള്‍ എഡിറ്ററന്മാരുടെ മാനദണ്ഡങ്ങള്‍ പിടികിട്ടാതെ ഈയുള്ളവന്‍ അതിശയത്തിലായി. ആശയത്തില്‍ അലിഞ്ഞ് ചേര്‍ന്നു എഴുതിയ പല കഥകളും പത്രക്കാര്‍ തിരികെ അയച്ചതിനാല്‍ നിരാശ പൂണ്ട് സാഹിത്യ രചനകളില്‍ ഏര്‍പ്പെടാതെയുള്ള വര്‍ഷങ്ങളും ജീവിതത്തില്‍ കടന്നു പോയി. പക്ഷേ മനസില്‍ അനുഭവങ്ങള്‍ ചുരമാന്തുമ്പോള്‍ എങ്ങിനെ എഴുതാതിരിക്കും. എഴുതി . വീണ്ടും പഴയതിന്റെ തനി ആവര്‍ത്തനം ഉണ്ടായി. ചിലത് പ്രസിദ്ധീകരിക്കും ചിലത് മടങ്ങി വരും.

പ്രസിദ്ധീകരണ ശാലകളുടെ കെട്ടും മട്ടും മാറി, എഡിറ്ററന്മാരുടെ രുചികളും വ്യത്യസ്തമായി. കഞ്ചാവ് കഥകള്‍ക്ക് പ്രാധാന്യമേറി. അതായത് മനുഷ്യനു മനസിലാകുന്ന ഭാഷയിലുള്ള കഥയെഴുത്ത് പോയി. പഴയ ശൈലി തീര്‍ത്തും അപ്രത്യക്ഷമായി. പക്ഷേ അന്നും പ്രശസ്തരുടെ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ തടസം ഉണ്ടായില്ല. അപ്രശസ്തരായ എന്നെ പോലുള്ളവര്‍ ശൈലീ മാറ്റത്തിനു സാധിക്കാതെ എഡിറ്ററന്മാരുടെ അഭീഷ്ടത്തിനു വഴങ്ങാതെ സ്വാഭീഷ്ട പ്രകാരം തന്നെ രചനയില്‍ മുഴുകുകയും തിരസ്കരിക്കപ്പെട്ട രചനകളെ നോക്കി നെടുവീര്‍പ്പിടുകയും ചെയ്തു. അപ്പോഴാണ് മലയാളം ബ്ലോഗ് ജന്മമെടുത്തത്.ഇഷ്ട പ്രകാരം കഥയെഴുതാം ആരുടെയും ഔദാര്യത്തിനു കാത്ത് നില്‍ക്കാതെപ്രസിദ്ധപ്പെടുത്താം, ആശയങ്ങള്‍ക്ക് ഒരു കത്തി വെപ്പും കൂടാതെ പൂര്‍ണമായ രൂപത്തില്‍ പുറത്ത്കൊണ്ട് വരാം അങ്ങിനെ എന്തെല്ലമെന്തെല്ലാം സൌകര്യങ്ങള്‍. അല്‍പ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനംആവശ്യം; ബാക്കി എല്ലാം അതിന്റെ വഴികളിലൂടെ സ്വയം ചലിച്ചു കൊള്ളും. സന്തോഷം കൊണ്ട്തുള്ളിച്ചാടിയത് വെറുതെയല്ല. കഥകളില്‍ അച്ചടി മഷി പുരട്ടി അവാര്‍ഡ് വാങ്ങണമെന്ന ദുസ്വപ്നമൊന്നും ഒരിക്കലുംകാണാറില്ലാത്ത എനിക്ക് കഥ കേള്‍ക്കാന്‍ കൈ വിരലുകളാല്‍ എണ്ണാന്‍ കഴിയുന്ന കേള്‍വിക്കാരായാലും മതിയായിരുന്നല്ലോ. അനന്തമായ സാദ്ധ്യതകള്‍ ഞാന്‍ ബ്ലോഗിലൂടെ കണ്ടു. ബൂലോഗത്തില്‍ കടന്നു വന്നതോടെ വീണ്ടും ഞാന്‍ അല്‍ഭുതപ്പെടാന്‍ തുടങ്ങി. ഇതു വരെ ഞാന്‍കാണാത്തവര്‍ എന്റെ കഥകള്‍ വായിക്കുന്നു, അപ്പോള്‍ തന്നെ അവര്‍ അവരുടെ അഭിപ്രായങ്ങള്‍പറയുന്നത് കേള്‍ക്കാന്‍ സാധിക്കുന്നു, ഇതിനെല്ലാമുപരിയായി വിശാലമായ ഒരു സൌഹൃദവലയത്തില്‍ഞാന്‍ അംഗമാകുകയും ചെയ്തു. ബൂലോഗത്തെ പലരും എന്റെ ചങ്ങാതിമാരായി തീര്‍ന്നിരിക്കുന്നു, മറ്റ്പലര്‍ക്കും ഞാന്‍ ചങ്ങാതിമാരായി. പലരുടെയും സ്വകാര്യ ദു:ഖങ്ങള്‍ എന്നോടും എന്റെ ചിലസങ്കടങ്ങള്‍ വേരെ ചിലരോടും പങ്ക് വെക്കാന്‍ കഴിയുന്ന വിധത്തിലുള്ള സൌഹൃദവലയത്തിനുള്ളിലാണു ഞാനിന്ന്. തമ്മില്‍ തമ്മില്‍ കുശുമ്പ് കാണിക്കുകയും മാറി നിന്ന്കൊഞ്ഞനം കുത്തുകയും ചെയ്യുന്ന അച്ചടി ലോകത്തെ കൊഞ്ഞാണന്‍മാരേക്കാളും മനസിനു ശുദ്ധിയുള്ള ആള്‍ക്കാര്‍ ബൂലോഗത്തിലാണുള്ളത് എന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നു. മാത്രമല്ല കുടുംബാംഗങ്ങള്‍ വിശേഷദിവസങ്ങളില്‍ ഒന്നിച്ച് കൂടുന്നത് പോലെ ഓരോ ബ്ലോഗറന്മാരും ബ്ലോഗ്മീറ്റുകളിലൂടെ പരസ്പരം കണ്ടുമുട്ടി സ്നേഹം പങ്ക് വെക്കുകയും വേദനയോടെ യാത്രപറയുകയും ചെയ്യുന്ന കാഴ്ച്ചകള്‍ എന്നെ കോള്‍മയിര്‍ക്കൊള്ളിച്ചു. ഇതിനെല്ലാമുപരി ബൂലോഗത്തില്‍ കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശങ്ങള്‍ എത്രയോ ഉണ്ടായി. ഓരോന്നും ഞാന്‍ വിവരിക്കുന്നില്ല, എങ്കിലും മറ്റേത് മേഖലയിലും ഉള്ളതിനേക്കാളും ബൂലോഗം കാരുണ്യത്തിന്റെ കാര്യത്തില്‍ മുമ്പിട്ട്നിന്നു.

ഇന്നു ബൂലോഗത്തില്‍ പല പുരോഗതിയും വന്നിരിക്കുന്നു. വ്യവസ്ഥാപിത രീതിയില്‍ നടക്കുന്നപലസ്ഥാപനങ്ങളും ഇവിടെ ഇപ്പോള്‍ ജന്മംകൊണ്ട് പരിലസിക്കുന്നു. ബൂലോഗം ഓണ്‍ലൈന്‍ , ഇരിപ്പിടം വാരിക ആ വാരികയിലെ അവലോകനം തുടങ്ങി പല സംരംഭങ്ങളും നല്ലരീതിയില്‍അടുക്കും ചിട്ടയോടെ പ്രവര്‍ത്തിക്കുന്നു. ബൂലോഗം മാറിയിരിക്കുന്നു. മൂന്നു വര്‍ഷത്തിനു മുമ്പ് ഞാന്‍കടന്ന് വരുമ്പോഴുള്ള ബൂലോഗമല്ല ഇപ്പോള്‍ നിലവിലുള്ളത് എന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും.

എങ്കിലും അല്‍പ്പം ചില ദു:ഖങ്ങളും ഇല്ലാതില്ല. അന്ന് ഞാന്‍ വരുമ്പോള്‍ ഉണ്ടായിരുന്ന പല പ്രഗല്‍ഭ ബ്ലോഗറന്മാരെയും ഇന്ന് കാണുന്നില്ല. അന്നു ഇല്ലാതിരുന്ന ഇന്നത്തെ പല ബ്ലോഗേര്‍സും ബൂലോഗത്തില്‍ ഇന്ന് സ്ഥിരമായി നില്‍ക്കുന്നുമില്ല.

എങ്കിലും എന്റെ പ്രിയ ബൂലോഗമേ! ചുരുങ്ങിയ കാലത്തിനുള്ളില്‍ നിന്നില്‍ വന്ന് ചേര്‍ന്ന മാറ്റങ്ങള്‍എന്നെ പുളകം കൊള്ളിക്കുന്നു. എന്നും കൂട്ടായ്മ നിലനില്‍ക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

എന്നെ കാലമത്രയും സഹിച്ച എന്റെ സഹ ബ്ലോഗറന്മാര്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞആശംസകള്‍ . എല്ലാവര്‍ക്കും നല്ലത് വരട്ടെ.

Thursday, March 22, 2012

ഉറുമ്പും ആട് ജീവിതവും

ബസ്സിന്റെ ഇരമ്പലിനും മീതെ മൊബൈല്‍ ഫോണ്‍ കരയുന്ന ശബ്ദം കേട്ട അവള്‍ മടിയില്‍വെച്ചിരുന്ന ഹാന്‍ഡ് ബാഗ് തുറന്ന് ഫോണ്‍ കയ്യിലെടുത്ത് പ്രത്യാശയോടെ നമ്പര്‍ നോക്കി.ഫോണ്‍കമ്പനിക്കാരുടെ പരസ്യ നമ്പറാണെന്ന് കണ്ടതോടെ ഉള്ളില്‍ നുരഞ്ഞ് പൊന്തിയ നിരാശയാല്‍ കാള്‍കട്ട് ചെയ്ത് ഫോണ്‍ തിരികെ ബാഗില്‍ വെച്ച് സിബ്ബ് വലിച്ചിടുന്ന നേരത്താണ് ഉറുമ്പിനെ കണ്ടത്. അത് ബാഗില്‍ നിന്നും പുറത്തേക്ക് വരുകയായിരുന്നു.

ഇന്നു ഉച്ച നേരം ആഫീസില്‍ വെച്ച് ടിഫിന്‍ കാരിയര്‍ ഹാന്‍ഡ് ബാഗില്‍ നിന്നും പുറത്തെടുക്കാന്‍ നേരംആ ജനുസ്സില്‍ പെട്ട ഒരു പറ്റം ഉറുമ്പുകള്‍ ബാഗ് ചാരി വെച്ചിരുന്ന ഭിത്തിയില്‍ ചുറ്റിക്കറങ്ങുന്നത് അവള്‍ കണ്ടിരുന്നു. കറുത്ത നിറത്തില്‍ വലിയ ഉറുമ്പുകള്‍. അതിലൊരെണ്ണമാണ് ഇപ്പോള്‍ ബാഗിന്റെ ഉള്ളില്‍നിന്നും പുറത്ത് വന്നതെന്ന് അവള്‍ക്ക് തീര്‍ച്ചയുണ്ട്.

ഉറുമ്പിനെ ബാഗില്‍ നിന്നും തട്ടിമാറ്റാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ പെട്ടന്നൊരു ചിന്ത
മനസിലൂടെ കടന്ന് പോയി . 17കിലോമീറ്ററുകള്‍ക്കപ്പുറം അവളുടെ ജോലി സ്ഥലത്ത് വെച്ച് മറ്റ് ഉറുമ്പുകളുടെകൂട്ടത്തിലാണ് ഇവനെ താന്‍ കണ്ടത്. (പുരുഷ ഉറുമ്പാണ് അതെന്ന് അവള്‍ തീര്‍ച്ചയാക്കികഴിഞ്ഞിരുന്നുവല്ലോ) ഇവന്റെ ഭാര്യയും കുഞ്ഞുങ്ങളും മറ്റു കുടുംബാംഗങ്ങളുമായിരിക്കാം അവിടെ മേശപ്പുറത്ത് അപ്പോള്‍ കാണപ്പെട്ടത്. തലയെടുപ്പിലും വലിപ്പത്തിലും കെങ്കേമനായ ഇവനായിരിക്കാം കുടുംബ നായകന്‍ എന്നും അവള്‍ ഉറപ്പിച്ചു.

പക്ഷേ ഈ നേതാവിനെ ആ കുടുംബത്തിനു ഇനി ഒരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്ന് ചിന്തിച്ചപ്പോള്‍ അവള്‍ക്ക് അതിയായ സങ്കടം തോന്നി. താന്‍ ബാഗില്‍ നിന്നും തട്ടി നിലത്തിട്ടാല്‍ ബസ്സ് ചെന്ന് നില്‍ക്കുന്ന സ്ഥലത്ത് അവന്‍ എത്തിച്ചേര്‍ന്നേക്കാം. അവിടെ ഏകനായി ഇനി ഒരിക്കലും തന്റെ ഇണകളെ കാണാനാവാതെ അലഞ്ഞ് തിരിഞ്ഞ് അവന്റെ ജീവിതം അവസാനിക്കും.

വീണ്ടും മൊബൈല്‍ ഫോണ്‍ കരഞ്ഞപ്പോള്‍ എന്നത്തേതും പോലെ പൊട്ടിവിരിയുന്ന പ്രത്യാശയോടെ അവള്‍ ഫോണ്‍ കയ്യിലെടുത്ത് നമ്പര്‍ നോക്കി.ഗള്‍ഫിലെ കോഡ് നമ്പര്‍ ആണോ കാണപ്പെടുന്നത്.

തന്റെ പ്രാണപ്രിയനെ പറ്റി എന്തെങ്കിലും വിവരം?

നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നെങ്കിലും ആ ശബ്ദം...മിനിക്കുട്ടീ...എന്ന് നീട്ടി വിളിക്കുന്ന ആ മധുര സ്വരം....

"നമ്മുടെ മോന്‍ വലുതായോടോ എന്ന സുഖാന്വേഷണം"?

"അഛനും അമ്മക്കും അസുഖമൊന്നുമില്ലല്ലോ" എന്ന ആകാംക്ഷ നിറഞ്ഞ് നില്‍ക്കുന്ന ചോദ്യം?

ഫോണ്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ഇതെല്ലാമാണല്ലോ അവളുടെ മനസില്‍ നിറയുന്ന പ്രത്യാശകള്‍.

ഇപ്പോള്‍ വിളിച്ച നമ്പര്‍ കൂട്ടുകാരിയുടേതാണെന്ന് കണ്ടതോടെ നിസ്സംഗതയോടെ അവള്‍ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കുറച്ച് കാലമായി നിരാശ തനിക്ക് പരിചിതമായി എന്നും മനസ്സ് ശൂന്യാവസ്ഥയിലേക്ക് മാറ്റപ്പെട്ടു എന്നും അവള്‍ തിരിച്ചറിഞ്ഞു.

ഫോണ്‍ സംഭാഷണം കഴിഞ്ഞ് വീണ്ടും ഉറുമ്പിനെ നോക്കി. അവന്‍ ബാഗിന്റെ മടക്കുകളില്‍ അലയുകയാണ്. തന്റെ പ്രാണപ്രേയസിയെയും കുഞ്ഞുങ്ങളെയും കണ്ടെത്താന്‍ 17കിലോമീറ്റര്‍ നടന്ന് പോകാന്‍ അവനാവില്ലല്ലോ.മറ്റൊരു ബസ്സ് കൈ കാണിച്ച് നിര്‍ത്തി അതില്‍ കയറി തിരികെ പോകാനും അവനു കഴിയില്ല എന്ന് ചിന്തിച്ചപ്പോള്‍ ഉള്ളില്‍ വിങ്ങല്‍ അനുഭവപ്പെട്ടു.

ഇതേ പോലെ തന്റെ പ്രിയന്‍ മരുഭൂമിയിലെവിടെയോ....? എവിടെ ആയിരിക്കും?ബെന്യാമിന്റെ നോവലില്‍ വായിച്ചത് പോലെ ആടു ജീവിതം നയിക്കുകയായിരിക്കുമോ? അതോ അന്തമില്ലാത്ത മരുക്കാട്ടില്‍ വെള്ളം കിട്ടാതെ അവശനാ‍യി അലഞ്ഞു തിരിയുകയാണോ?...അതോ ഇനി ഒരിക്കലും തിരിച്ച് വരാനാവാതെ മണ്ണിനടിയില്‍ ....

കണ്ണില്‍ വെള്ളം നിറഞ്ഞത് മറ്റുള്ളവര്‍ കാണാതെ തുടക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ സിബ്ബിനിടയിലൂടെ ഉറുമ്പ് ബാഗിനകത്തേക്ക് കയറി പോകുന്നത് അവള്‍ കണ്ടു.

ബസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഇടയിലൂടെ തിക്കി തിരക്കി കണ്ടക്റ്ററുടെ സമീപം ചെന്ന് തനിക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ “ഈ സ്ഥലത്ത് ഇറങ്ങുന്നതെന്തേ?“ എന്ന ചോദ്യം പരിചിതനായ കണ്ടക്റ്ററുടെ മുഖത്ത് കണ്ടത് അവഗണിച്ച് അവള്‍ ബസ്സില്‍ നിന്നും ചാടി ഇറങ്ങി.

17കിലോമീറ്റര്‍ തിരികെ പോയി ഉറുമ്പിനെ താന്‍ പകല്‍ കണ്ട സ്ഥലത്ത് കൊണ്ട് വിടണമെന്നുള്ള അതിയായ അഗ്രഹത്താലാണല്ലോ അവള്‍ റോഡില്‍ ബസ്സ് കാത്ത് നിന്നത്.

തന്റെയും കുഞ്ഞിന്റെയും സമീപം തിരികെ എത്താന്‍ ആരെങ്കിലും ഇത് പോലെ തന്റെ പ്രിയനെയും സഹായിക്കേണമേ എന്ന പ്രര്‍ത്ഥനയായിരുന്നു അവളുടെ മനസ്സില്‍.

പിന്‍ കുറി.

(കൊല്ലം കോടതിയില്‍ പോകാനായി ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ കുണ്ടറ എത്തിയപ്പോള്‍ കഴുത്തില്‍ എന്തോ ഇഴയുന്നത് പോലെ തോന്നി. പരിശോധനയില്‍ ഒരു ഉറുമ്പിനെ കണ്ടെത്തി, അതിനെ എടുത്ത് താഴെ കളഞ്ഞു. അപ്പോള്‍ മനസില്‍ ഉണ്ടായ ഒരു ചിന്തയില്‍ നിന്നാണ് ഈ കഥ ജനിച്ചത്. കൊട്ടാരക്കരയില്‍ എന്റെ വീട്ടില്‍ ഞാന്‍ ഷര്‍ട്ട് ധരിക്കുമ്പോള്‍ ഈ ഉറുമ്പ് അതില്‍ കയറി പറ്റിയതാകാം. ഇനി അതിനു ഒരിക്കല്‍ പോലും കൊട്ടാരക്കര കാണാന്‍ കഴിയില്ല എന്നുറപ്പ്. അപ്പോള്‍ അതിന്റെ ഇണയെയോ കൂട്ടരെയോ അതിന്റെ ജീവിതത്തില്‍ കണ്ട് മുട്ടാന്‍ ഇടവരില്ല. മനുഷ്യരെ പോലെ ഉറുമ്പിനും മറ്റ് ജീവികള്‍ക്കും വിരഹ വേദനയും മറ്റും ഉണ്ടാകുമോ എന്ന ചിന്ത മനസിനെ അലട്ടിയപ്പോഴാണ് ഈ കഥ കുറിച്ചിടാന്‍ തോന്നിയത്. പിന്നീട് കഥയായി കഴിഞ്ഞതിനു ശേഷം രണ്ട് വാരാന്ത്യ പതിപ്പുകളില്‍ അയച്ച് കൊടുത്തു എങ്കിലും അവര്‍ അത് പ്രസിദ്ധീകരിച്ചതായി കാണപ്പെട്ടില്ല. എന്റെ ബ്ലോഗ് ഉള്ളപ്പോള്‍ പിന്നെന്തിനു ഞാന്‍ പത്രക്കാരുടെ പിമ്പേ നടക്കണം. അങ്ങിനെ ഈ കഥ ബൂലോഗത്തെ എന്റെ ചങ്ങാതിമാര്‍ക്കായി സമര്‍പ്പിക്കുന്നു.)


Tuesday, March 20, 2012

വാഴക്കോടനും മറ്റും വേണ്ടി

എന്റെ ആത്മസ്നേഹിതന്‍ വാഴക്കോടന്‍ അബ്ദുല്‍ മജീദിന്റെ സാന്നിദ്ധ്യം ബൂലോഗത്തില്‍ കാണപ്പെടുന്നില്ല. അവസാനമായി അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് എന്റെ ശ്രദ്ധയില്‍ വന്നത് 2011ജൂണ്‍26തീയതിയിലാണ്. കുഞ്ഞിവീയുടെ പ്രതികരണങ്ങള്‍ എന്നാണ് ആ പോസ്റ്റിന്റെ പേരു. ബൂലോഗത്തെ ചിരിപ്പിച്ച് മണ്ണ് കപ്പിക്കുന്ന വാഴക്കോടന്‍ ഒരു പക്ഷേ ജീവിത തിരക്കിലായിരിക്കാം. ജോലി സംബന്ധമായി തിരക്കിലായിരിക്കാം. ഏതായാലും ബൂലോഗത്തെ നിറ സാന്നിദ്ധ്യമായ അദ്ദേഹത്തിന്റെ അഭാവം ശരിക്കും ഇപ്പോള്‍ അനുഭവപ്പെടുന്നു. ഇനി എന്റെ സൂക്ഷ്മക്കുറവ് മൂലം ഞാന്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കാണാതെ പോയതാണോ എന്നുമറിയില്ല. എന്തായാലും എന്റെ മാന്യ സഹ ബ്ലോഗറന്മാര്‍ തീര്‍ച്ചയായും ഈ കാര്യത്തില്‍ വിവരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല അറിയാവുന്നവര്‍ അല്ലെങ്കില്‍ താമസ സ്ഥലം അറിയാവുന്നവര്‍ തീര്‍ച്ചയായും അദ്ദേഹവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അദ്ദേഹത്തെ മറക്കുകയില്ലാ എന്നും അദ്ദേഹത്തിന്റെ തിരിച്ച് വരവ് പ്രതീക്ഷിച്ചിരിക്കുന്നു എന്നും അറിയിച്ചാല്‍ നന്നായിരുന്നു.

അതേ പോലെ മറ്റൊരു ബ്ലോഗര്‍ തോന്ന്യാസിയുടെ അഭാവവും നിരീക്ഷിക്കുന്നു. തുഞ്ചന്‍ പറമ്പ് മീറ്റിന്റെ തലേ ദിവസം ടിയാനെ ഞാന്‍ നേരില്‍ കണ്ടതാണ്. പിന്നെ അദ്ദേഹത്തിനെ പറ്റി വിവരമില്ല.

മാന്യ സ്നേഹിതന്മാരേ! നമ്മള്‍ ഒരു കുടുംബമല്ലേ. നമുക്ക് നമ്മുടെ കുടുംബത്തെ വിട്ട് നില്‍ക്കാന്‍ കഴിയുമോ? അത്കൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ ഈ കുടുംബത്തിലേക്ക് തിരികെ വരുക. ഇതില്‍ പേരു സൂചിപ്പിച്ചവര്‍ മാത്രമല്ല, ബൂലോഗത്തില്‍ സജീവമായിരുന്ന് ഇപ്പോള്‍ രംഗത്ത് നിന്നും അപ്രത്യക്ഷമായ എല്ലാവര്‍ക്ക് വേണ്ടിയും കൂടിയാണ് ഈ പോസ്റ്റ് എന്നറിയിക്കുന്നു.

സ്നേഹമല്ലേ കൂട്ടരേ! ഈ ലോകത്തില്‍ ഏറ്റവും വലുത്.

Friday, March 16, 2012

മീനം തുടങ്ങി ...


ഇപ്പോള്‍ രാവിലെ ഒരു ചുവപ്പും തണുപ്പുമെല്ലാം എനിക്കുണ്ട്. മീന മാസത്തില്‍ കുറച്ച് നേരംകഴിയട്ടെ, അപ്പോള്‍ കാണാം ഞാന്‍ ആരാ മോനെന്ന്.....

Sunday, March 4, 2012

കുറ്റാരോപിതന്റെ ഭാഗവും കേള്‍ക്കണം

നീതി ന്യായം നടപ്പില്‍ വന്ന കാലം മുതല്‍ ലോകമാസകലം നിലവില്‍ വന്ന നടപടി ക്രമമാണ് എതിര്‍ഭാഗത്തിനു അഥവാ കുറ്റം ആരോപിക്കപ്പെടുന്നവനു എന്ത് പറയാനുണ്ടെന്ന് കേള്‍ക്കാനുള്ള സന്നദ്ധത. ദൃക്‌ സാക്ഷികളുള്ള കേസുകളില്‍ പോലും സ്വാര്‍ത്ഥ ലാഭത്തിനായി നേരില്‍ കണ്ടവനെന്ന വ്യാജേനെകൂട്ടില്‍ കയറി കള്ളം തട്ടി വിടുന്ന കാലത്ത് കുറ്റം ആരോപിക്കപ്പെടുന്നവനു എന്ത് പറയാനുണ്ടെന്ന്കേള്‍ക്കേണ്ടത് നീതി ന്യായ വ്യവസ്തയുടെ ഭാഗം തന്നെയാണ്.

അടുത്ത കാലത്തായി അതായത് ചാനലുകളുടെ അതിപ്രസരം നിലവില്‍ വന്നത് മുതല്‍ നീതിന്യായകോടതികളില്‍ കുറ്റം ആരോപിക്കപെടുന്നവന്‍ ഹാജരാക്കപ്പെട്ട് വിചാരണ തുടങ്ങുന്നതിനു മുമ്പ് തന്നെമറ്റൊരു വിചാരണ അതേ കുറ്റത്തിനു കോടതിക്ക് പുറത്ത്, കുറ്റം ആരോപിക്കപ്പെടുന്നവനെതിരെ നടന്ന്വരുന്നു. “ഞാന്‍ മുന്നില്‍ ഞാന്‍ മുന്നില്‍എന്ന തിടുക്കത്തോട് കൂടി ചാനലുകള്‍ വഴിയും അച്ചടിമാധ്യമങ്ങള്‍ വഴിയും സമൂഹത്തിലെ ബുദ്ധി ജീവികളും സംഘടനകളും പാര്‍ട്ടികളും തരത്തില്‍ ഒരുവിചാരണ ഇപ്പോള്‍ നടത്തി വരുകയാണ്. അവനെ ക്രൂശിക്കുക എന്ന് പറഞ്ഞില്ലെങ്കില്‍ തങ്ങളുടെസംഘടനക്ക് അല്ലെങ്കില്‍ പാര്‍ട്ടിക്ക് എന്തോ സംഭവിച്ചു പോകും എന്ന മട്ടിലാണ് ഇവരുടെപ്രതികരണം. ഒന്നു തുറിച്ച് നോക്കി എന്ന് ആരോപിക്കപ്പെട്ട കുറ്റത്തിനു പോലും തൂക്ക് ദണ്ഡന ഇവര്‍വിധിച്ച് കഴിയും. പത്രക്കാരുടെ വാഗ്വിലാസം കസറിക്കയറുമ്പോള്‍ കോടതിയില്‍ ആ കേസ് കൈകാര്യം ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല, കുറ്റാരോപിതനെ ഇപ്പോള്‍ തന്നെ തൂക്കി കൊല്ലാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ . കുറ്റം കണ്ടാല്‍ പ്രതികരിക്കരുത് എന്ന് അഭിപ്രായമില്ല.സമാനമായ കേസുകളില്‍പ്രതി കുറ്റം ചെയ്തിരിക്കാം. അത് കൊണ്ട് അതേ പോലുള്ള കേസുകളില്‍ കുറ്റാരോപിതന്‍ കുറ്റംചെയ്തിട്ടുണ്ട് എന്ന് മുന്‍പിനാലേ സമൂഹം വിധിക്കുകയാണെങ്കില്‍ പിന്നെ നീതി ന്യായ വ്യവസ്ഥയുടെആവശ്യം തന്നെ ഇല്ലാതാകുന്നു. പക്ഷേ അവന്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് വെറുതെ എങ്കിലും ഒന്ന് അന്വേഷിച്ചതിനു ശേഷമാണ് പ്രതികരണങ്ങളെങ്കില്‍ അത്ന്യായീകരിക്കാമായിരുന്നു.അവിടെയാണ് കുറ്റം ആരോപീക്കപ്പെടുന്നവനു എന്താണ് കാര്യത്തില്‍പറയാനുള്ളതെന്നുള്ള നിരീക്ഷണം അവശ്യം ആവശ്യമായി വരുന്നത്. പത്രങ്ങളിലും ചാനലുകളിലുംതങ്ങള്‍ പറയുന്നത് പ്രസിദ്ധീകരിച്ച്/പ്രക്ഷേപണം ചെയ്ത് വരുമെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെപ്രതിഷേധങ്ങളുടെ പെരുമഴയായിരിക്കും ഉണ്ടാകുന്നത്. മഹാ മാരിയുടെ സാന്നിദ്ധ്യത്തില്‍ കുറ്റംആരോപിക്കപ്പെടുന്നവനു എന്ത് പറയാനുണ്ടെന്ന് കേള്‍ക്കാന്‍ ആര്‍ക്കുണ്ട് സമയം. ഇര സ്ത്രീആണെങ്കില്‍ കാര്യം കുശാലായി.

സമൂഹ വിചാരണയും തുടര്‍ന്നുള്ള വിധിയും പത്രങ്ങളിലൂടെയും ചാനലുകളില്‍ കൂടിയും വന്ന് കഴിഞ്ഞ്കോടതിയില്‍ വിചാരണക്കെത്തുന്ന ഭൂരിഭാഗം കേസുകളിലും വിധി പത്രക്കാര്‍ മുന്‍പിനാലെ വിധിച്ചതിനു എതിരാകാന്‍ തരമില്ല. അതിനു കാരണം നീതിന്യായ വ്യവസ്ഥയെയും നിയമങ്ങളെയുംബഹുമാനിക്കുന്ന ഈയുള്ളവനു വെളിപ്പെടുത്തുവാന്‍ തടസ്സങ്ങളുണ്ട്. പ്രതി ചിലപ്പോള്‍ അപ്പീലില്‍രക്ഷപെട്ടാലായി. അങ്ങിനെ അപ്പീലില്‍ ചില പ്രതികളെ വിട്ട് അയച്ച ഒരു കേസില്‍ ഉയര്‍ന്നകോടതിയിലെ ബഹുമാന്യനും സത്യസന്ധനുമായ ഒരു ന്യായാധിപനെ പോലും വിമര്‍ശിക്കാന്‍ ധൈര്യംകാട്ടി ഇവിടെ ചില സ്ത്രീ സംഘടനകള്‍. സംഘടനകള്‍ തീരുമാനിക്കുന്നു എന്താണ് വിധിയെന്ന്. അത് കോടതി ചെയ്തു കൊള്ളണം. സമൂഹ വിധിക്കെതിരാണ് കോടതി വിധിയെങ്കില്‍ ന്യായാധിപനെ സംശയത്തിന്റെ മുനയിലാണ് ബൂജികള്‍ കാണുക. പ്രവണത മാറണമെങ്കില്‍ കുറ്റത്തിനു ഇരയാക്കപ്പെടുന്നവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ മാധ്യമങ്ങളില്‍ ലഭിക്കുന്നതിനു സമാനമായ അവസരം കുറ്റം ആരോപിക്കപ്പെടുന്നവനും നല്‍കണം. അവനു പറയാനുള്ളത് എന്തെന്നും ജനം കേള്‍ക്കട്ടെ. ഇരു ഭാഗവും കേട്ടിട്ട് അഭിപ്രായങ്ങള്‍ പറയട്ടെ. അതല്ലേ ശരി .
ഒരു കാര്യം ഓര്‍മ്മിക്കുക. കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നത് വരെ വ്യക്തി കുറ്റംആരോപിക്കപ്പെടുന്നവന്‍ മാത്രമാണ്. പക്ഷേ പത്രങ്ങളും ചാനലുകളും അയാളെ കുറ്റക്കാരന്‍ എന്നനിലയില്‍ മാത്രമാണ് അവതരിപ്പിക്കുന്നത്.

പത്രങ്ങളില്‍ വരുന്ന ഇപ്രകാരമുള്ള വാര്‍ത്തകള്‍ നിരീക്ഷിക്കുക. "പോലീസിന്റെ ഭാഷ്യം ഇങ്ങിനെയാണെന്നോ" അല്ലെങ്കില്‍ ഇന്നയാള്‍ ആ "കുറ്റം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നു" എന്നോ നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയില്ല. പകരം അയാള്‍ ആ കുറ്റം ചെയ്തു എന്ന് ഉറപ്പിച്ച് തന്നെയുള്ള വാര്‍ത്തകളായിരിക്കും നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുക.
കെട്ടിച്ചമച്ചതും വ്യാജ തെളിവുകളാല്‍ സമ്പുഷ്ടമാക്കപ്പെട്ടതുമായ കേസുകളാല്‍ നിരപരാധികള്‍കുരുക്കില്‍ പെടുന്ന കാലത്ത് നമ്മുടെ നിയമ പാലകരില്‍ ഒരു ചെറിയ ഭാഗം, കള്ളകേസുകളില്‍നിരപരാധികളെ ഉള്‍പ്പെടുത്തുന്നത് അപൂര്‍വമല്ലല്ലോ. ആയിരം അപരാധികള്‍ വിട്ടയക്കപ്പെട്ടാലും ഒരുനിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ലാ എന്നതാണ് നമ്മുടെ ആപ്ത വാക്യം എന്ന് നിരീക്ഷിക്കുക. കുറ്റംചെയ്തവനെ തീര്‍ച്ചയായും ശിക്ഷിക്കണം. പക്ഷേ അതിനു മുമ്പ് മറ്റൊരു വിചാരണയും വിധിയുംസമൂഹം നടത്തുകയും അത് കൊട്ടി ഘോഷിച്ച് പരസ്യപ്പെടുത്തുകയും ചെയ്താല്‍ അതിലെന്ത് നീതി.

അല്‍പ്പം ദിവസങ്ങള്‍ക്ക് മുമ്പ് പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രസിദ്ധി ലഭിച്ച ട്രെയിനിലെടിക്കറ്റ് പരിശോധകരുടെ കേസ് നമുക്ക് ഉദാഹരണത്തിനു എടുക്കാം.അതില്‍ യാത്രക്കാരിക്ക്പറയാനുള്ളത് ചാനലുകളും പത്രങ്ങളും (അതില്‍ എഡിറ്റോറിയല്‍ വരെ എഴുതിയവരുണ്ട്) പ്രസിദ്ധപ്പെടുത്തിയെങ്കിലും കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് കാര്യത്തില്‍ എന്ത് പറയാനുണ്ടെന്ന്എവിടെയും വായിച്ചില്ല. യാത്രക്കാരിയുടെ ഭാഗം വാദിച്ച് വാദിച്ച് അവസാനമെത്തിയപ്പോള്‍ആരോപിക്കപ്പെട്ട കുറ്റം പോലും നിറം മാറി വന്നു. സീസണ്‍ ടിക്കറ്റ്കാര്‍ക്ക് സൂപ്പര്‍ എക്സ്പ്രസ്സ് ട്രൈനില്‍ യാത്ര ചെയ്യാന്‍ അവകാശമുണ്ടോ എന്ന് ടിക്കറ്റ് പരിശോധകരും യാത്രക്കാരിയും തമ്മിലുള്ള വാക് പയറ്റ് ഏതോ ഗുരുതരമായ ഭീകരമായ പീഡനം നടന്നു എന്ന മട്ടിലാണ് പിന്നീട് വാര്‍ത്തകള്‍ പുറത്ത് വന്നത്. സൌമ്യ കേസുമായി താരതമ്യപ്പെടുത്തി കേസിനെബൂജികളും മഹിളാ സംഘടനകളും അവതരിപ്പിച്ചതും പത്രങ്ങളില്‍ അച്ചടിച്ചു വന്നു. വെറുതെ ഇരുന്നഒരു പെണ്‍കുട്ടിയെ കശ്മലന്മാരായ ടിക്കറ്റ് പരിശോധകര്‍ ഉപദ്രവിച്ചു എന്ന വിധത്തിലാണ് ആരോപണങ്ങള്‍ വളര്‍ന്നു വന്നത് എന്നാണ് പിന്നീടുള്ള ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത് . യാത്രക്കാരുടെ ധാര്‍ഷ്ട്യതയും റെയില്‍ വേ നിയമങ്ങളുടെ കര്‍ക്കശതയും അത് നടപ്പില്‍ വരുത്തുന്ന ഉദ്യോഗസ്ഥന്മാരുടെ മനോഭാവവും കാരണത്താല്‍ പ്രതിദിനം സമാനമായ പത്ത് കേസെങ്കിലും ഉണ്ടാകുന്ന കേരളത്തിലെ റെയില്‍ വേ ഡിവിഷനുകളില്‍ കേസ്ഇത്രത്തോളം എലൈറ്റ് ചെയ്തത് യാത്രക്കാരി റിസര്‍ച്ച് ഓഫീസറും എഴുത്തുകാരിയും മഹിളാ സംഘടന പ്രവര്‍ത്തകയും മറ്റുമായതിനാലാണ്. സാധാരണക്കാരനും സെക്കന്റ് ക്ലാസ് യാത്രക്കാരനുമാണ് ഇരയെങ്കില്‍ ഇത് പുറം ലോകം അറിയുകയേ ഇല്ല.

വക സംഭവങ്ങളില്‍ യാത്രക്കാരും ടിക്കറ്റ്പരിശോധകരും എപ്പോഴും കീരിയും പാമ്പും സ്തിതിയിലാണെന്നുള്ളത് നിരീക്ഷിക്കുക. സീസണ്‍ടിക്കറ്റ്കാരായ യാത്രക്കാരും ടി.ടി. മാരുമായി പലപ്പോഴും കലഹം പതിവുമാണ്. വല്ലപ്പോഴും യാത്രചെയ്യുന്നവന്‍ കഴിയുന്നതും വഴക്കുകളില്‍ നിന്നും മാറി നില്‍ക്കും. സീസണ്‍ ടിക്കറ്റ്കാര്‍ ദിനേനെ യാത്രചെയ്യുന്നതിനാല്‍ പലവിധ ബുദ്ധിമുട്ടുകളാല്‍ എപ്പോഴും കലുഷിത മനസുമായാണ് യാത്ര. അവര്‍ ടി.ടി.മാരുമായി കൊമ്പു കോര്‍ക്കാന്‍ തല്‍പ്പരാകുമ്പോള്‍ ടി.ടി. മാരില്‍ പലരും വഴക്ക് വിലക്ക് വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. സീസണ്‍ യാത്രക്കാരും ടിക്കറ്റ് പരിശോധകരുമായി എറുണാകുളത്ത് വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവ് യുദ്ധം പോലും നടന്നിട്ടുണ്ട്. സീസണ്‍കാര്‍ ട്രെയിനില്‍ നിന്നും ടിക്കറ്റ്പരിശോധകരെ തുരത്തി . അവര്‍ റെയില്‍ വേ സ്റ്റേഷനിലെ ആഫീസില്‍ അഭയം തേടി. വിവരമറിഞ്ഞെത്തിയ റെയില്‍ വേ സംരക്ഷണ സേന യുദ്ധം കണ്ട് നിന്ന നിരപരാധികളെപ്രതിയാക്കി കേസുമെടുത്തു എന്നത് ബാക്കി പത്രം. റിസര്‍വ് കമ്പാര്‍ട്ട്മെന്റില്‍ കയറുന്നതും സൂപ്പര്‍എക്സ്പ്രസില്‍ സീസണ്‍ യാത്രക്കാര്‍ കയറുന്നതുമാണ് പലപ്പോഴും കലഹം ഉണ്ടാക്കുന്നത്. അതില്‍ തന്നെ ഫസ്റ്റ് ക്ലാസ്സ് സീസണ്‍കാരില്‍ പലരും അവര്‍ “ഫസ്റ്റ് ക്ലാസ്സുകരാണെന്നും” അതിനാല്‍ ആരെയും വക വെക്കേണ്ടവരല്ല എന്ന മനോഭാവക്കാരുമായിരിക്കും. ചില ടിക്കറ്റ് പരിശോധകര്‍ നിയമ വിരുദ്ധം കണ്ടില്ലാ എന്ന് നടിക്കും. ചിലര്‍ക്ക് യാതൊരു ദാക്ഷണ്യവും കാണില്ല. ചിലര്‍സഹായികളെയും കൂട്ടി വന്ന് വിരട്ടും.

സാന്ദര്‍ഭികമായി ഉദാഹരിച്ച മേല്‍പ്പറഞ്ഞ കേസില്‍ സത്യസന്ധമായി എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ കുറ്റാരോപിതരുടെ പ്രസ്താവനഉണ്ടാകണം. അത് ഉണ്ടായില്ല. ഒരു പത്രക്കാരനും അത് തിരക്കിയുമില്ല. ഇന്ത്യന്‍ റെയില്‍ വേയുടെജീവനക്കാരോടുള്ള കര്‍ശനത അറിയാവുന്നവര്‍ക്ക് ജീവനക്കാരന്റെ സസ്പന്‍ഷന്‍ രണ്ട്ദിവസത്തിനുള്ളില്‍ പിന്‍ വലിക്കാന്‍ ഹേതുവാക്കത്തക്ക വിധത്തില്‍ മേലധികാരികള്‍ക്ക് തൃപ്തികരമായവിധം സമാധാനം ജീവനക്കാരില്‍ നിന്നും ലഭിച്ചു എന്ന് അനുമാനിക്കാനേ തരമുള്ളൂ. കാരണംസൌമ്യാ കേസിന്റെ തീക്ഷണത അല്‍പ്പം പോലും കെട്ടടങ്ങാത്ത അവസ്ഥയില്‍ ഒരു റെയില്‍ വേ ജീവനക്കാരനു റെയില്‍ വേ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദയാ ദാക്ഷണ്യം ലഭിച്ചു എങ്കില്‍ അതിലെന്തോ കാമ്പ് ഉണ്ടെന്ന് തന്നെ കരുതേണ്ടി വരുന്നു. യൂണിയന്‍ ഇടപെട്ടതിനാലാണ് എന്നാണ് മറുപടിയെങ്കില്‍ ഈ ആണ്ടിലെ ഏറ്റവും വലിയ തമാശ എന്നായിരിക്കും റെയില്‍ വേ ജീവനക്കാരുടെ കേസുകളും യൂണിയന്‍ ഇടപെട്ടാല്‍ തന്നെയും അതില്‍ ഡിപ്പാര്‍ട്ട്മെന്റ് മനോഭാവവും അറിയാവുന്നവര്‍ കരുതുക. നടപടി എടുക്കുക എന്നതില്‍ ഒരു ദാക്ഷണ്യവും ഇല്ലാത്തവരാണ് റെയില്‍ വേ അധികാരികളെന്ന് നിരീക്ഷിക്കുക. ഈ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവരുടെ വിശദീകരണം യാത്രക്കാരിയുടെ പ്രസ്താവനക്ക് തുല്യമായ നിലയില്‍ തന്നെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കണമായിരുന്നു. എങ്കില്‍ മാത്രമല്ലേ സമൂഹ നീതി നടപ്പില്‍ വരൂ.

ദിനം പ്രതി ഇങ്ങിനെ എത്രയോ വിചാരണകള്‍ ഏകപക്ഷീയമായി ചാനല്‍--പത്രങ്ങള്‍ മുഖേനെ നടത്തപ്പെടുന്നു. അവര്‍ വിചാരണ ചെയ്യുന്നു. അവര്‍ വിധിക്കുന്നു. സ്ത്രീ വിഷയമാണെങ്കില്‍ കുറ്റം ആരോപിക്കപ്പെടുന്നവന്റെ ഗതി അധോഗതി തന്നെ. കുറ്റം ചെയ്യാത്തവനായാലും അവന്റെയും അവന്റെ കുടുംബത്തിന്റെയും ഗതി പോക്ക് കേസാണെന്നുള്ളതില്‍ ഒരു സംശയവും വേണ്ട.സ്ത്രീയെ പീഡിപ്പിച്ചു എന്ന വാര്‍ത്തകള്‍ അല്ലാതെ ഒരു പുരുഷനെ പീഡിപ്പിച്ചു എന്ന വാര്‍ത്ത എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. ഭാര്യയുടെ ക്രൂരമായ പീഡനത്താല്‍ മാനസികമായി തളര്‍ന്ന എത്രയോ ഭര്‍ത്താക്കന്മാര്‍ ഈ നാട്ടിലുണ്ട്. എന്നിട്ടും ആ ഭര്‍ത്താക്കന്മാരെ കുരുക്കില്‍ വീഴ്ത്താന്‍ വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് കേസ് ഫയല്‍ ചെയ്തു തുടര്‍ന്ന് പത്രത്തില്‍ വാര്‍ത്തകളും കൊടുക്കുമ്പോള്‍ ആ പാവം ഭര്‍ത്താവിനു എന്താണ് പറയാനുണ്ടെന്ന് പത്രക്കാര്‍ അന്വേഷിക്കാതിരിക്കുന്നത് നീതി വിരുദ്ധമല്ലേ?! ഒരു കാലഘട്ടത്തില്‍ സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് സമൂഹം ആ ഉപദ്രവത്തില്‍ നിന്നും അവളെ രക്ഷിക്കാന്‍ ഉണ്ടാക്കിയ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കുറ്റക്കാരനായ പുരുഷനെ മാത്രമല്ല നിരപരാധികളായ പുരുഷനെയും ഉപദ്രവിക്കാന്‍ ഉപയോഗിച്ചു വരുന്നതിനെ സംബന്ധിച്ച് സ്ത്രീ പക്ഷത്ത് നിന്നു തന്നെ നിരീക്ഷണങ്ങള്‍ വന്നതും മുന്‍പറഞ്ഞ വസ്തുതകളെ ന്യായീകരിക്കുന്നു.

ഈ അവസ്ഥയില്‍ കുറ്റാരോപിതനും പറയാനുള്ളത് സമൂഹം കേള്‍ക്കേണ്ടത് സാമാന്യ മര്യാദ മാത്രമാണ്.