Friday, June 25, 2010

അശ്ലീല സൈറ്റും പെൺകുട്ടിയും

ദാമ്പത്യ ബന്ധ പ്രശ്ന കേസ്സുകള്‍ പരിഹരിക്കാന്‍ നിരന്തരം ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നമദ്ധ്യസ്ഥതാ ശ്രമങ്ങളുടെ വിജയ ഗീത മാത്രം ഉദ്ഘോഷിച്ചു പോസ്റ്റ് ചെയ്യുന്നതു ആത്മ പ്രശംസ ആയിചിത്രീകരിക്കപെട്ടേക്കാം എന്നുള്ളതിനാലും സത്യ സന്ധമായ ഒരു റിപ്പോര്‍ട്ടിംഗ് രീതിഅവലംബിക്കേണ്ടതിനാലും വക ശ്രമങ്ങളില്‍ പരാജയപ്പെട്ട കേസ്സുകളും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ബാദ്ധ്യസ്തനാണു. എന്തു കൊണ്ടു ശ്രമങ്ങള്‍ പരാജയപ്പെടുകയും ദാമ്പത്യ ബന്ധങ്ങള്‍ തകരുകയുംചെയ്യുന്നു എന്നു ഇന്നത്തെ തലമുറ അറിഞ്ഞിരിക്കുന്നതും ഗുണകരമെന്നു ഞാന്‍ കരുതുന്നു.
അപ്രകാരം പരാജയപ്പെട്ട കേസ്സുകളില്‍ എന്തു കൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണു ഇവിടെരേഖപ്പെടുത്തുന്നതു
ഭാര്യാ ഭര്‍ത്താക്കന്മാര്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരാണു.ഭര്‍ത്താവിനു ഇരുപത്തെട്ടു വയസ്സും ഭാര്യക്കുഇരുപത്തി രണ്ടു വയസ്സും പ്രായം ഉണ്ടു. ഇരുവരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നു.
രണ്ടു വര്‍ഷം ഗള്‍ഫിലായിരുന്ന യുവാവു നാലു മാസം അവധിയില്‍ നാട്ടിലെത്തിയപ്പോഴാണുയാഥാസ്തിക കുടുംബത്തില്‍ പെട്ട അഭ്യസ്ഥ വിദ്യയും സുന്ദരിയുമായ പെണ്‍കുട്ടിയെ വിവാഹംകഴിച്ചതു.
അവരുടെ ദാമ്പത്യ ജീവിതം കഷ്ടിച്ചു മുപ്പതു ദിവസം നീണ്ടു നിന്നു. അതിനു ശേഷം പെണ്‍കുട്ടി സ്വന്തംവീട്ടിലേക്കു തിരിച്ചു പോയി.
ഭര്‍ത്താവും ബന്ധുക്കളും പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നു വിളിച്ചിട്ടും ഭര്‍ത്താവിനോടൊപ്പംപോകാന്‍ പെണ്‍കുട്ടി തയാറായില്ലെന്നു മാത്രമല്ല ഭര്‍ത്താവിനെ കാണാന്‍ പോലും ഭാര്യ കൂട്ടാക്കിയുമില്ല.
പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും അവളെ ഭര്‍ത്താവിനോടൊപ്പം പോകാന്‍നിര്‍ബന്ധിച്ചെങ്കിലും അവള്‍ അനുസരിച്ചില്ല. മാത്രമല്ലഇനി എന്നെ നിര്‍ബന്ധിച്ചാല്‍ എന്നെജീവനോടെ കാണില്ലാ‍എന്നു ഭീഷണി മുഴക്കുകയും ചെയ്തു.
തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവു അവളുടെ കൂട്ടു കാരികളെയും അടുത്ത ബന്ധത്തില്‍ പെട്ടസ്ത്രീകളെയും ഉപയോഗിച്ചു പെണ്‍കുട്ടിയോടു നയത്തില്‍ പെരുമാറി അവളുടെ അന്തര്‍ഗതം അറിയാന്‍ശ്രമം നടത്തി.
അതിന്റെ ഫലം കണ്ടതു കൊണ്ടാണോ എന്തോ പിറ്റേ ദിവസം മരുമകന്‍ വീട്ടില്‍ കയറി വന്നപ്പോള്‍ഭാര്യാ പിതാവു ഏറെ കുപിതനായിഇറങ്ങി പോ വൃത്തികെട്ട

നായീന്റെ മോനേ, ഇവിടെന്നു , ഇനി അവളെ കാണാന്‍ വന്നാല്‍ നിന്റെ കഴുത്തു ഞാന്‍ വെട്ടുംഎന്ന്അയാളുടെ നേരെ അലറി. ചെറുപ്പക്കാരന്‍ ഭാര്യാ പിതാവിന്റെ രോഷ പ്രകടനം കണ്ടു വിരണ്ടു അവിടെനിന്നും പമ്പ കടന്നു. പിന്നീടു അവിടെ പോയതുമില്ല.
അയാളുടെ അവധി അവസാനിക്കാറായി. ബന്ധത്തിന്റെ തുടര്‍ച്ച അറിയാതെ യുവാവുഗള്‍ഫിലേക്കു പോയാല്‍ അതു ശരിയാകില്ലാ എന്നുള്ളതിനാലും പെണ്‍കുട്ടിയെ യുവാവു ഉടന്‍ തന്നെവിവാഹ മോചനം നടത്തണം എന്നു ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ പിതാവു സ്ഥലം മഹല്ലുകമ്മിറ്റിയില്‍ അപേക്ഷ നല്‍കിയതിനാലും പ്രശ്ന പരിഹാരത്തിനായി യുവാവിന്റെ ബന്ധുക്കള്‍ എന്നെസമീപിച്ചു.
ഇത്രയുമാണ് ഫ്ലാഷ് ബാക്ക്
ഞാന്‍ യുവാവുമായി അയാളുടെ വൈവാഹിക ജീവിതത്തെ പറ്റി വിശദമായി സംസാരിച്ചു. അതിലൊന്നുംഒരു തകരാറും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.. തൃപ്തികരമായ വിധത്തിലായിരുന്നു ശാരീരികബന്ധങ്ങളെന്നും അയാള്‍ പറഞ്ഞു .ഏതായാലും പെണ്‍കുട്ടിയുടെ ഭാഗം കൂടി കേട്ട് എന്താണ്ചെയ്യേണ്ടതെന്ന് തീരുമാനിക്കാം എന്ന കരുതി ഞാന്‍ പെണ്‍കുട്ടിയുടെ പിതാവുമായി മഹല്ല് കമ്മിറ്റിമുഖേനെ ബന്ധപ്പെട്ടു.
മദ്ധ്യസ്തതക്ക് വിസമ്മതിച്ച പിതാവ് അയാളുടെ മകള്‍ക്ക് വിവാഹ മോചനംആണ് ആവശ്യമെന്നും മരുമകന്‍ ത്വലാക്ക് ചൊല്ലി കുറി അയച്ചാല്‍ മാത്രം മതിയെന്നും എന്നെഅറിയിച്ചെങ്കിലും മരുമകന്‍ ത്വലാക് ചൊല്ലില്ലാ എന്നും പെണ്‍കുട്ടി വിവാഹമോചനംആഗ്രഹിക്കുന്നതിനാല്‍ (ഫസഖിനു) നിയമ പ്രകാരം കോടതിയെസമീപിക്കേണ്ടി വരുമെന്നും സമയനഷ്ടവും പണചെലവും കോടതി
ക്ലേശങ്ങളും ഒഴിവാക്കാന്‍ മദ്ധ്യസ്തത ശ്രമം നടത്തുന്നതാണ് നല്ലതെന്നുമുള്ള എന്റെ ഉപദേശം അവസാനം പെണ്‍കുട്ടിയുടെ പിതാവ് സ്വീകരിച്ചു.
അങ്ങിനെയാണ് രണ്ടു കൂട്ടരും എന്റെ മുമ്പില്‍ എത്തി ചേര്‍ന്നത്‌.
യുവാവ് ഭാര്യയെ ദയനീയമായി നോക്കി.അവള്‍ മുഖം തിരിച്ചു കളഞ്ഞു.അവളുടെ കണ്ണില്‍അവജ്ഞയാണോ കോപമാണോ കൂടുതലായി പ്രകടമായിരുന്നത് എന്ന് എനിക്ക് തീര്‍ച്ച ആക്കാന്‍കഴിഞ്ഞില്ല.പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ മരുമകനെ വെട്ടി കൊല്ലും എന്ന മട്ടില്‍ പുലിയെപോലെ ചീറി നില്‍ക്കുകയാണ്.
യുവാവിന്റെ പിതാവ് മരുമകളോടു സംസാരിക്കാന്‍ തുനിഞ്ഞെങ്കിലും
" വാപ്പാ എനിക്ക് നിങ്ങളോട് സ്നേഹവും ബഹുമാനവും ഇപ്പോഴും ഉണ്ട്. നിങ്ങളും വീടുകാരും എന്നോടുസ്നേഹമേ കാണിച്ചിട്ടുള്ളൂ...പക്ഷെ.. ദയവു ചെയ്തു മകനുമായി ജീവിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്
എന്ന് പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ നിരാശനായി അദ്ദേഹം പുറകോട്ടു മാറി.
ദാമ്പത്യ ജീവിതം നിസാര കാരണത്താല്‍ വേര്‍പിരിയരുത്എന്നും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരംഉണ്ടെന്നും ഇരു കൂട്ടരും സംയമനം പാലിച്ചു സഹകരിക്കണമെന്നും ഞാന്‍ എല്ലാവരോടും ആമുഖമായിപറഞ്ഞിട്ട് പെണ്‍കുട്ടിയോട് എന്താണ് പിണക്കത്തിന്റെ കാരണമെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.

അപ്പോള്‍ പെൺകുട്ടിയുടെ പിതാവ് എന്നോടു താഴ്‌ന്ന ശബ്ദത്തിൽ ഇങ്ങിനെ പറഞ്ഞു.
"സാർ, മോൾക്കു ചില കാര്യങ്ങൾ തുറന്നു പറയാൻ പ്രയാസമുണ്ടു; അതു കൊണ്ടു ഞങ്ങളുടെബന്ധത്തിൽപ്പെട്ട -അവളിൽ നിന്നും കാര്യങ്ങൾ കേട്ടറിഞ്ഞ- ഒരു സ്ത്രീ ഇവിടെ വന്നിട്ടുണ്ടു. സാർഅവരോടു വിവരങ്ങൾ തിരക്കുക."
പെൺകുട്ടിയോടൊപ്പം വന്ന എനിക്കു മുൻപരിചയമുള്ള സ്ത്രീയെ ഞാൻ വിളിപ്പിക്കുകയുംമറ്റുള്ളവരെ മുറിയിൽ നിന്നും പുറത്തിറക്കി നിർത്തുകയും ചെയ്തു.
സ്ത്രീ പറഞ്ഞതിന്റെ ചുരുക്കം ഇപ്രകാരമായിരുന്നു:-
"വളരെ ഏറെ നിർബന്ധിച്ചതിനു ശേഷമാണു പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞതു.വിവാഹത്തിനുശേഷം ആദ്യത്തെ ആഴ്ച കുഴപ്പമൊന്നും ഇല്ലാതെ പോയി. അച്ചടക്കത്തോടെ വളര്‍ന്നപെണ്‍കുട്ടിഭര്‍ത്താവു പറയുന്നതു എല്ലാം അനുസരിച്ചു പെരുമാറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാര്യങ്ങള്‍ക്കുമാറ്റങ്ങള്‍ വരാന്‍ തുടങ്ങി. രാത്രികളില്‍ ലാപ് ട്ടോപ് തുറന്നു വെച്ചു അശ്ലീല സൈറ്റുകളില്‍ അഭിരമിച്ചഭര്‍ത്താവു ഭാര്യയെയും അതില്‍ കാണുന്ന കേളികള്‍ അനുകരിക്കാന്‍ ക്ഷണിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിആദ്യം അനുസരിച്ചില്ലെങ്കിലും നിര്‍ബന്ധം കൂടിയപ്പോള്‍ മടിയോടെ ഭാഗികമായി പങ്കെടുത്തു എങ്കിലും പേ കൂത്തുകളുടെ അവസാന രംഗം അനുകരിക്കാനും ഭര്‍ത്താവു പറയുന്നതു പോലെഅനുസരിക്കാനും അവള്‍ വിസമ്മതിച്ചു.“( അവസാ‍ന രംഗം എന്താണെന്നു എന്നോടു പറയാന്‍ പെണ്‍കുട്ടി പറഞ്ഞത് കേട്ട സ്ത്രീയും മടി കാണിച്ചു. അതു കൊണ്ടു തന്നെ എനിക്കും അതെന്തെന്നു പിടി കിട്ടിയില്ല)
സ്ത്രീ തുടര്‍ന്നു:-
പെണ്‍കുട്ടിയുടെ രാത്രികള്‍ സംഘര്‍ഷം നിറഞ്ഞതായി മാറി. ഭര്‍ത്താവു ആവശ്യപ്പെട്ടതുചെയ്യാത്തതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ അയാള്‍ പെണ്‍കുട്ടിയെ കിടക്ക പങ്കിടാന്‍ അനുവദിക്കാതെപിണങ്ങി മാറി. എന്നിട്ടും അവള്‍ പലതവണ വലിഞ്ഞു കയറി അയാളുടെ സമീപം ശയിക്കാന്‍ശ്രമിച്ചു.പക്ഷേ അയാള്‍ അവളുടെ നേരെ വിരക്തി കാട്ടി. അയാളുടെ തണുത്ത പ്രതികരണം അവളുടെഅത്മാഭിമാനത്തെയാണു മുറിവേല്പിച്ചതു. മാത്രമല്ല പലതവണ അയാള്‍ അവള്‍ വെറും കണ്ട്റിആണെന്നും ഒട്ടും പരിഷ്കാരം ഇല്ലെന്നും ആക്ഷേപിക്കുകയും ചെയ്തു. വക കാരണങ്ങളാല്‍അവള്‍ അയാളുടെ വീട്ടില്‍ നിന്നും ഇറങ്ങി പോയി. അവള്‍ ആദ്യം ആരോടും ഒന്നും പറഞ്ഞില്ലെങ്കിലുംവീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ തന്റെ കൂട്ടുകാരികളോടും ബന്ധുവായ സ്ത്രീയോടും വിവരങ്ങള്‍പറഞ്ഞു.അവരില്‍ നിന്നും പെണ്‍കുട്ടിയുടെ മാതാവും തുടര്‍ന്നു മാതാവില്‍ നിന്നും പിതാവും അറിഞ്ഞു. വിവരം അറിഞ്ഞതിനു ശേഷമാണു മരുമകനെ കണ്ടപ്പോള്‍ പിതാവിനു കലി കയറിയതുംമരുമകനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടതും.“
സ്ത്രീ എന്നോടു വിവരങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ചതു ഇങ്ങിനെയാണു:-
കാര്യങ്ങള്‍ പറയുമ്പോള്‍ പെണ്‍കുട്ടിയുടെ മുഖം അറപ്പും വെറുപ്പും നിറഞ്ഞിരുന്നു.അവള്‍കോപത്താല്‍ ജ്വലിക്കുകയായിരുന്നു.”
ഞാന്‍ ഭാര്യയെയും ഭര്‍ത്താവിനെയും വീണ്ടും വിളിപ്പിച്ചു.ഒരു മണിക്കൂറോളം പെണ്‍കുട്ടിയോടു ദാമ്പത്യബന്ധത്തിന്റെ പവിത്രതയും അതു വേര്‍പെടുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളും അതിനെ തുടര്‍ന്നുഅവരെ സംബന്ധിച്ചു സമൂഹത്തില്‍ ഉണ്ടാകുന്ന കാഴ്ചപ്പാടുകളും മാതാപിതാക്കളുടെ മനപ്രയാസങ്ങളുംവിശദമായി സംസാരിച്ചു.
അയാള്‍ തലകുനിച്ചു നിന്നു. ഞാന്‍ അയാളോടു പറഞ്ഞു.
കാര്യങ്ങള്‍ എല്ലാം ഞാന്‍ അറിഞ്ഞു.വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ പരസ്പരം അടുത്തുമനസിലാകുന്നതിനു മുമ്പു തന്നെ....”
അബദ്ധം പറ്റി പോയി സര്‍, മേലില്‍ ഇങ്ങിനെ ചെയ്യില്ല...” അയാള്‍ ഇടയില്‍ കയറി പറഞ്ഞു.
ഞാന്‍ ഭാര്യയോടു പറഞ്ഞു:-
അയാള്‍ മേലില്‍ ഇപ്രകാരം പെരുമാറില്ല; ഗള്‍ഫില്‍ ഒറ്റപ്പെട്ടു കഴിയുന്ന യുവാക്കളില്‍ ചിലര്‍ നേരംപോക്കിനു ഇപ്രകാരം സൈറ്റുകള്‍ കാണാറുണ്ടു. ഒരു തവണ അയാള്‍ക്കു മാപ്പു കൊടുത്തു കൂടേ?“
ഞാന്‍ സമയമെടുത്തു ഏറെ ഉപദേശിച്ചതിനാലും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയതിനാലുംഭര്‍ത്താവു മേലില്‍ അപ്രകാരം പെരുമാറില്ല എന്നു ഉറപ്പു പറഞ്ഞതിനാലും പെണ്‍കുട്ടിയില്‍ നിന്നുംഅനുകൂല പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയാലാണു അവളോടു ഞാന്‍ അങ്ങിനെ ചോദിച്ചതു.
പക്ഷേ എന്റെ പ്രതീക്ഷയെ തകിടം മറിക്കുന്ന വിധത്തിലായിരുനു അവളുടെ പ്രതികരണം.
ഇല്ല സാര്‍....” അവളുടെ സ്വരത്തില്‍ ഗൌരവം മുറ്റി നിന്നു. അവള്‍ തല ഉയര്‍ത്തി പിടിച്ചു പറഞ്ഞു:-
ഞാന്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവളാണു; ആലോചിക്കാനുള്ള കഴിവുമുണ്ടു. അതു കൊണ്ടു തന്നെആള്‍ക്കാരെ തിരിച്ചറിയുകയും ചെയ്യാം.സാറ് ഇപ്പോള്‍ പറഞ്ഞല്ലോവിവാഹജീവിതംപവിത്രമാണെന്നുഅതു തന്നെ ആണു എന്റെയും അഭിപ്രായം. പക്ഷേ മനുഷ്യനു അതുഅറിയില്ല.ഭാര്യ എന്നു പറയുന്നതു വെറും അടിമ ആണെന്നു കരുതരുതു.സ്ത്രീയും പുരുഷനും ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണു അവരില്‍ പരസ്പര സ്നേഹംഉടലെടുക്കുന്നതു.അതിനു ഇണയുടെ താല്പര്യം കൂടി നോക്കണം. അതല്ലാതെ തന്റെ താല്പര്യം മറ്റൊരാളില്‍അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതു.....എന്നിട്ടും എന്റെ ഉള്ളിലെ സ്നേഹം കാരണം അയാളിലേക്കു ഞാന്‍വലിഞ്ഞു കയറി ചെന്നു , ഒന്നല്ല പലതവണ....അയാള്‍ നിഷ്കരണം പുറം തിരിഞ്ഞു കിടന്നു.അയാള്‍ആവശ്യപ്പെട്ട വൃത്തികെട്ട
അറപ്പു ഉണ്ടാക്കുന്ന പ്രവര്‍ത്തി ഞാന്‍ ചെയ്യാതിരുന്ന കാരണത്താല്‍....എന്റെ സ്ത്രീത്വത്തിനുനേരെയാണു അയാള്‍ പുറം തിരിഞ്ഞു കിടന്നതു...അയാള്‍ക്കു വൃത്തികേടുകൾ ചെയ്താലേ തൃപ്തിവരൂ,ഞരമ്പു രോഗി...അയാള്‍ മാറില്ല... ഇപ്പോള്‍ ഞാന്‍ ഗര്‍ഭിണി അല്ല. സാര്‍ പറഞ്ഞതിന്‍ പ്രകാരംഒരു ചാന്‍സ് പരീക്ഷിക്കാന്‍ പോയിട്ടു പിന്നെ അതും കൂടി ആകുമ്പോള്‍ ..വേണ്ടാ സാര്‍. പ്ലീസ്.... എന്നെനിര്‍ബന്ധിക്കരുതു...”
പക്വത വന്ന ഒരു മുതിര്‍ന്ന സ്ത്രീയുടെ വാക്കുകളായിരുന്നു പെണ്‍കുട്ടിയില്‍ നിന്നും വന്നതു.
ഞാന്‍ തരിച്ചിരുന്നു.ഞാന്‍ കേട്ടതു ഒരു ഉറച്ച തീരുമാനത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു.അവിടെഒരു ഉപദേശവും ഗുണദോഷവും ചിലവാകില്ല. ഇനി എത്ര മണിക്കൂര്‍ ഉപദേശിച്ചാലും പെണ്‍കുട്ടിയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല എന്നു നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു.
ഞാന്‍ കൈ ഉയര്‍ത്തി അവളോടു പൊയ്ക്കൊള്ളാന്‍ പറഞ്ഞു.
യുവാവു മൂകനായി നിന്നു.
അവളുമായി ബന്ധം തുടരാന്‍ കഴിയുമെന്നു തോന്നുന്നില്ല. നിങ്ങള്‍ക്കു യുക്തമായതു ചെയ്യാം.”
ഞാന്‍ അയാളോടു പറഞ്ഞു.
പക്ഷേഞാന്‍ തുടര്‍ന്നു....
നിങ്ങള്‍ അവളെ ത്വലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുകയും പിന്നീടു വേറൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവളോടു കാണിച്ച ചെറ്റത്തരം പുതുതായി വരുന്നഭാര്യയോടും കാണിക്കരുതു. കാരണം കാലം മാറിയിരിക്കുന്നു, സ്വയം തീരുമാനം എടുക്കാനുള്ള കഴിവുഇപ്പോള്‍ സ്ത്രീകള്‍ക്കു ഉണ്ടു. അതു ഓര്‍മയില്‍ സൂക്ഷിക്കുക...അത്ര മാത്രം.
അയാള്‍ തലയും കുനിച്ചു ഇറങ്ങി പോയി.
അയാള്‍ ഭാര്യയെ ത്വലാക്ക് ചൊല്ലിയതായും തുടര്‍ന്നു വിവാഹം കഴിക്കാതെ ഗള്‍ഫിലേക്കു പോയതായുംപിന്നീടു ഞാന്‍ അറിഞ്ഞു. പെണ്‍കുട്ടി പുനര്‍ വിവാഹത്തില്‍ ഏര്‍പ്പെട്ടോ എന്നു അറിയന്‍ കഴിഞ്ഞില്ല.
ഏതായാലും അവരുടെ ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിച്ചു യോജിപ്പില്‍
എത്തിക്കാനുള്ള എന്റെ ശ്രമംപരാജയപെട്ടു എന്നുള്ളതിനാല്‍ ഒരു പരാജയപ്പെട്ട ദൌത്യമായി കേസ്സ് കൂട്ടാവുന്നതാണു.

Thursday, June 17, 2010

ഞാൻ ഒരു നീർ ചാൽ

നഗരത്തിന്റെ കടന്നു കയറ്റത്തില്‍ ഇനിയും നശിക്കപ്പെടാത്ത ഒരു കൈ തോടു.
ഗ്രാമത്തിന്റെ വിശുദ്ധി മുഴുവന്‍ ആവാഹിച്ചു കളകളാരവം ആലപിച്ചു ഇനിയൊരു വലിയ നീര്‍ ചാലിനെ പുല്‍കാന്‍ ഓടി പോകുന്ന എന്നെ എന്നാണാവോ മണ്ണിട്ടു മൂടി മണി മാളിക പണിയുന്നതു.

Wednesday, June 16, 2010

പണ്ടു എലി മൂത്രമൊഴിച്ചില്ലേ?

എന്റെ വീടു നിൽക്കുന്ന വാർഡിലെ രണ്ടു പ്രാധാന ഡോക്റ്ററന്മാരുടെ വസതികൾക്കു മുമ്പിലൂടെയാണു എന്നും രാവിലെ ഞാൻ നടക്കാൻ പോകുന്നതു.
രണ്ടു ഭിശഗ്വരന്മാരിൽ ഒരാൾ ശിശു രോഗ ചികിൽസകനും അപരൻ ജനറൽ മെഡിസിൻ എന്ന വിഭാഗത്തിലുമാണു പേരെടുത്തിരിക്കുന്നതു.ഇപ്പോൾ ടി യാന്മാരുടെ വീടുകൾക്കു മുമ്പിൽ അസാധാരണമായ ആള്‍ക്കൂട്ടമാണു കാണപെടുന്നതു. ശിശു രോഗ വിദഗ്ദന്റെ വസതിക്കു മുമ്പിൽ തോളിൽ തലചായ്ച്ചു കരയുന്നതും കരയാത്തതുമായ കുഞ്ഞുങ്ങളെ ചുമക്കുന്ന അമ്മമാരും ജനറൽ മെഡിസിന്റെ വീടിനു മുമ്പിൽ പകർച്ച പനിയാൽ തളർന്ന് അവശരായ എല്ലാ വിഭാഗക്കാരും കാണപ്പെട്ടു.
വേനൽ മാറി മഴ ആരംഭിച്ചപ്പോഴേക്കും എല്ലാതരത്തിലുള്ള പകർച്ച പനികളും നാട്ടിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്ഥലത്തെ എല്ലാ ഡോക്റ്ററന്മാരുടെയും വസതികൾക്കു മുമ്പിൽ നടേപറഞ്ഞ വിധത്തിൽ രോഗികൾ പകർച്ചപനി ചികിൽസക്കായി കാത്തു നിൽക്കുന്നു.
സർക്കാർ ആശുപത്രികളിൽ പനിക്കാരുടെ ഘോഷയാത്ര നടക്കുമ്പോൾ സ്വകാര്യ ചികിൽസാലയങ്ങളിലെ കണക്കു പുറത്തു വരുന്നില്ല.സ്വകാര്യ ചികിൽസാലയങ്ങളിൽ പനിയുമായി ചെല്ലുന്നവന്റെ മൂത്രം മുതൽ ശരീരത്തിലെ എല്ലാ സ്രവങ്ങളും അവരുടെ സ്വന്തം ലാബിൽ പരിശോധനക്കു വിധേയമാക്കി രോഗികളെ കൊള്ളയടിക്കുന്നുമുണ്ടു.
എന്റെ അയൽപക്ക ഡോക്റ്ററന്മാരുടെ വസതികൾക്കു മുമ്പിലെ ആൾത്തിരക്കു മാനദണ്ഡമായെടുത്താണു നാട്ടിൽ പനിയുടെ ഏറ്റക്കുറച്ചിൽ ഞാൻ തിരിച്ചറിയുന്നതു. വാർഡിലും സ്ഥലത്തെ എല്ലാ വാർഡുകളിലും കേരളത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോൾ ഇതാണു സ്ഥിതി. കേരളം പനിച്ചു തുള്ളുകയാണു.ഇപ്പോൾ പ്രത്യക്ഷപ്പെട്ട പകർച്ച പനി ബാധിതരുടെ എണ്ണം സർക്കാർ കണക്കും പ്രകാരം തന്നെ പതിനായിരം കഴിഞ്ഞിരിക്കുന്നു. മരണം ധാരാളം. സ്വകാര്യ ആശുപത്രികളുടെ കണക്കുകൾ ലഭ്യമല്ല.
രണ്ടു മാസമോ അതിൽ കുറവോ ഇടവേള നൽകി പകർച്ച പനികൾ എല്ലാ കാലാവസ്ഥയിലും പല പേരുകളിൽ പ്രത്യക്ഷപെട്ടു കൊണ്ടേ ഇരിക്കുന്നു.ഡങ്കി, പക്ഷി, പന്നി, എലി, ജപ്പാൻ, ചിക്കൻ ഗുനിയാ, തുടങ്ങിയ പേരുകളിലും പേരു ഒന്നും ലഭിക്കുന്നില്ലെങ്കിൽ വൈറൽ ഫീവർ എന്നും അറിയപ്പെടുന്ന പലതരം പനികളെ കേരളീയർ അഭിമുഖീകരിച്ചു കഴിഞ്ഞിരിക്കുന്നു.
പണ്ടു ടൈഫോയിഡ്‌, ന്യൂമോണിയാ, ഇൻഫ്ലൂവൻസാ, തുടങ്ങിയവ ആയിരുന്നു പൊതുവേ കാണപ്പെട്ടിരുന്ന പകർച്ച പനികൾ. അതും അപൂർവ്വമായി മാത്രം.വല്ലപ്പോഴും കോളറാ, വസൂരി, പ്ലേഗു, തുടങ്ങിയവ പകർച്ച വ്യാധികളായും വന്നിരുന്നു.അതു നൂറ്റാണ്ടുകളായി മനുഷ്യ രാശിയെ മുഴുവനും ഭയപ്പെടുത്തുന്ന വ്യാധികളുമായിരുന്നു.എന്റെ നന്നേ ചെറുപ്പ കാലത്തു വസൂരി രോഗം ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി ഓർക്കുന്നു.
ഇപ്പോൾ രോഗങ്ങളെല്ലാം സ്ഥലം വിട്ടു.പകരം ഡെങ്കിയും, പന്നിയും, ചിക്കൻ ഗുനിയായും എലിപ്പനിയും മറ്റുമാണു പകർച്ച പനികളയി രംഗത്തുള്ളതു.(പന്നി പനി പേരു ആംഗലീകരിച്ചു എച്‌1 എൻ1 എന്നാക്കി മാറ്റിയിട്ടുണ്ടു. പന്നി ഇറച്ചി വ്യാപാരത്തെ രക്ഷിക്കാനായിരിക്കാം)സ്ഥിരം രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗങ്ങൾ, കിഡ്നി രോഗങ്ങൾ തുടങ്ങിയവ വേറെയും.
പുതിയ പകർച്ച പനികള്‍ എങ്ങിനെ എവിടെ നിന്നും വന്നു.? അവ എങ്ങിനെ കേരളത്തെ ഒരു പനി ബാധിത കേന്ദ്രമാക്കി തീർത്തു.
നാം ആഴത്തിൽ ചിന്തിക്കേണ്ട ഒരു വിഷയമാണു ഇതു.
ഓരോ വർഷവും കഴിയുമ്പോൾ മേൽ പറഞ്ഞ രോഗങ്ങൾക്കു ഹേതുവായ അണുക്കൾ ഔഷധങ്ങൾക്കു വഴങ്ങാതെ ശക്തി ആർജിച്ചു വരുന്നതായി നിരീക്ഷിക്കപ്പെടുന്നു. പണ്ടു മുതൽക്കേ അണുക്കൾ കേരളത്തിൽ ഉണ്ടായിരുന്നോ? അതോ അടുത്തകാലത്തു രംഗപ്രവേശനം നടത്തിയവരാണോ? അവർ ഇപ്പോൾ കേരളത്തിൽ പരക്കെ വ്യാപിക്കാൻ തക്കവിധം അനുകൂലമായ ഘടകങ്ങൾ എന്തെല്ലാമാണു. വസൂരിയുടെ രോഗാണുക്കളെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റിയെന്നു നെഞ്ചിൽ തട്ടി വീമ്പു പറയുന്നവർ ഇപ്പോൾ രംഗത്തു വന്ന അണുകളുടെ മുമ്പിൽ പരാജയപ്പെട്ടോ?
അണുക്കളെപ്പറ്റി നിരീക്ഷണ പരീക്ഷണങ്ങളിൽ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കാലക്രമത്തിൽ അതു കണ്ടെത്തുമെന്ന ഉത്തരം അതേ പടി വിഴുങ്ങാൻ പ്രയാസം ഉണ്ടാകത്തക്ക വിധം രോഗ ഭീഷണി അനുദിനം വർദ്ധിച്ചു വരുകയാണെന്നതു പരമാർത്ഥം തന്നെ അല്ലേ?
25 വാർഷങ്ങൾക്കു മുമ്പു വക പകർച്ച പനികളെ പറ്റി കേട്ടു കേൾവി പോലുമില്ലായിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു ഇപ്രകാരം പരക്കെ പകർച്ച പനി ഉണ്ടാകുന്നതു അപൂർവ്വവുമായിരുന്നു.(പണ്ടു ഫ്ലൂ എന്ന ഓമനപ്പേരിൽ ഒരു പകർച്ച പനി വന്നിരുന്നതും കിരിയാത്തു, തുളസി ഇല തുടങ്ങിയ നാട്ടു മരുന്നുകൾ ചേർത്ത കഷായം മുത്തശ്ശിമാർ തയാറാക്കി കുട്ടികൾക്കു തന്നു ഭേദപ്പെടുത്തിയതും മറന്നു കൊണ്ടല്ല ഇതു പറയുന്നതു. പക്ഷേ ഒരു തവണ മാത്രമേ അതു പ്രത്യക്ഷപ്പെട്ടുള്ളൂ.ഇപ്പോഴത്തെ പനി പോലെ ആവർത്തന സ്വഭാവം ഉണ്ടായിരുന്നില്ല)
പുതിയ പുതിയ മരുന്നുകൾ കണ്ടുപിടിച്ചു രോഗികളെ വീണ്ടും വീണ്ടും രോഗികളാക്കി മാറ്റുകയും ആഗോള ഔഷധ കമ്പനികളുടെ കമ്പോളമായി കേരളത്തെ മാറ്റുകയും ചെയ്യുന്നതിനു പകരം പുതിയ പകർച്ച പനികളുടെ ആവിർഭാവത്തെ പറ്റി എല്ലാ വശങ്ങളും ഉൾക്കൊള്ളിച്ചു വിശദമായ പര്യവേഷണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.രോഗ കാരണങ്ങളായി ഇപ്പോൾ പറയപ്പെടുന്ന കാരണങ്ങളും പുനർ ചിന്തനത്തിനു വിധേയമാക്കേണ്ടതാണു.
എലിയുടെ മൂത്രത്തിൽ നിന്നുമാണു എലിപ്പനിക്കു ഹേതുവായ അണുക്കൾ മനുഷ്യരിലേക്കു പകരുന്നതു എന്നു കണ്ടെത്തിയതായി നമുക്കറിയാം.എലിമൂത്രം കലർന്ന വയലിലെ ചെളി വെള്ളത്തിലും മറ്റു അഴുക്കു വെള്ളത്തിലും ജോലി ചെയുന്നവരുടെ കാലുകളിലേയോ മറ്റു ശരീര ഭാഗങ്ങളിലേയോ മുറിവുകളിൽ കൂടി എലി മൂത്രത്തിൽ കാണപ്പെടുന്ന അണുക്കൾ പ്രവേശിക്കുമ്പോഴും വീടുകളിലെ എലി സാന്നിദ്ധ്യത്തെ തുടർന്നുള്ള എലി മൂത്ര വിസർജനത്തിൽ നിന്നും അണുക്കൾ മനുഷ്യ ശരീരത്തിലേക്കു പകരുന്നതിനാലുമാണു എലിപ്പനി ഉണ്ടാകുന്നതു എന്നു പറയുമ്പോൾ തന്നെ സ്വാഭാവികമായ ഒരു ചോദ്യം ഉയർന്നു വരുന്നു.
എലി പണ്ടു മൂത്രം ഒഴിച്ചിരുന്നില്ലേ?
പണ്ടു കർഷക തൊഴിലാളികൾ പകലന്തിയോളം വയലിലെ ചെളി വെള്ളത്തിലായിരുന്നു ജോലി ചെയ്തിരുന്നതു. അവരുടെ കാലുകളിൽ പല കാരണങ്ങളാൽ മുറിവുകൾ കാണാൻ സാദ്ധ്യതയും ഉണ്ടായിരുന്നു. അന്നും ഇന്നത്തെപ്പോലെ എലി മൂത്രം ഒഴിച്ചിരുന്നു.പക്ഷേ അന്നു എലിപ്പനി എന്നൊന്നു കേട്ടു കേൾവി പോലുമില്ലായിരുന്നു.
അന്നു ശാസ്ത്രം ഇന്നത്തെ പോലെ പുരോഗമിച്ചിരുന്നില്ലെന്നും നിരീക്ഷണ പരീക്ഷണങ്ങൾ ഇന്നത്തേതു പോലെ വിപുലമായിരുന്നില്ലെന്നും അതിനാലാണു എലിപ്പനി തിരിച്ചറിയപ്പെടാതെ പോയതെന്നും വാദത്തിനു വേണ്ടി സമ്മതിച്ചാലും രോഗ ലക്ഷണങ്ങളുമായി എലിപ്പനി പടർന്നു പിടിക്കപ്പെട്ടിരുന്നു എങ്കിൽ അങ്ങിനെ ഒരു രോഗത്തെപ്പറ്റി ഏതെങ്കിലും തരത്തിൽ രേഖപ്പെടുത്തപ്പെടുമായിരുന്നു എന്നതു നിസ്തർക്കമായ വസ്തുത ആണു.50 വർഷങ്ങൾക്കു മുമ്പും സർക്കാർ രേഖകളും മെഡിക്കൽ ജേർണ്ണലുകളും ശാസ്ത്ര നിരീക്ഷണങ്ങളും ഉണ്ടായിരുന്നു.
പണ്ടു എലി മൂത്രം ഒഴിച്ചിരുന്നെങ്കിലും എലിപ്പനി പരക്കെ ഉണ്ടായിരുന്നില്ല എന്ന വസ്തുത അതിനാൽ സമ്മതിക്കേണ്ടി വരുന്നു.
അതേ പോലെ പന്നിയും പക്ഷിയും പണ്ടും ഉണ്ടായിരുന്നു.അവയെ ആദ്യം ബാധിച്ചു പിന്നീട് മനുഷ്യരിലേക്കു പകരുന്നതും ഇപ്പോൾ കാണപ്പെടുന്നതുമായ പകർച്ച പനികൾ ജീവികളുമായി മനുഷ്യൻ പണ്ടു ഇടപഴകി ജീവിച്ചിട്ടും മനുഷ്യനെ ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ ഇല്ല.
കൊതുകുകൾ പരത്തുന്ന ഡെങ്കി പനി, ചിക്കൻ ഗുനിയാ, ജപ്പാൻ ജ്വരം തുടങ്ങിയവ ബാധിക്കുന്നതിനു കാരണങ്ങളായി പറയപ്പെടുന്ന വസ്തുതകളെ നിരീക്ഷിച്ചാലും രസകരമായ ചില സം ശയങ്ങൾ ഉയർന്നു വരുന്നതായി കാണാം.
പണ്ടത്തേതിലും കൊതുകു വർദ്ധന ഉണ്ടായിട്ടുണ്ടു എന്നതു പരമാർത്ഥം തന്നെയാണു.പക്ഷേ പുതിയ രോഗങ്ങൾക്കുകാരണം കൊതുകിന്റെ വർദ്ധനയാണു എന്നു പറഞ്ഞു ഒഴിയാനാവില്ല.
ആലപ്പുഴ , ചേർത്തല, പൊന്നാനി, തുടങ്ങിയ സ്ഥലങ്ങൾ പണ്ടു കൊതുകു വളർത്തു കേന്ദ്രങ്ങൾ എന്നറിയപ്പെട്ടിരുന്നു. എന്നാൽ മന്തും മലമ്പനിയും അല്ലതെ ഡെങ്കി, ചിക്കൻ ഗുനിയാ തുടങ്ങിയ രോഗങ്ങളെപ്പറ്റി അവിടെങ്ങും 25 വർഷങ്ങൾക്കു മുമ്പു കേട്ടു കേൾവി പോലുമില്ലായിരുന്നു.അന്നത്തെ കൊതുകുകൾക്കു വക രോഗങ്ങൾ വരത്തക്ക വിധം കടിക്കാൻ അറിയില്ലായിരുന്നു അതു ഇന്നത്തെ കൊതുകുകൾക്കു മാത്രം അറിയാവുന്ന വിദ്യ ആണെന്നു വരുമോ?
ചേർത്തലയിൽ ചികൻ ഗുനിയാ പടർന്നു പിടിച്ചതും അനേകം പേർ മരിച്ചതും അടുത്ത കാലത്തു നടന്ന സംഭവങ്ങളാണു.ചേർത്തല പ്രദേശത്തെ വെള്ളക്കെട്ടും പരിസര മലിനീകരണവും തദ്ഫലമായുണ്ടായ കൊതുകു ശല്യവുമായിരുന്നു രോഗ ഹേതുക്കളായി ശാസ്ത്ര വിശാരദന്മാർ പറഞ്ഞു വെച്ചതു.
ഇതിലും
അധികം വെള്ളക്കെട്ടുകൾ ഉള്ളതും ഇതിനേക്കാളും പരിസര മലിനീകരണം രൂക്ഷമായിരുന്നതും ചേർത്തലക്കു തൊട്ടടുത്തു സ്ഥിതി ചെയ്തിരുന്നതുമായ കൊച്ചി, എറുണാകുളം എന്നിവിടങ്ങളിൽ എന്തു കൊണ്ടു അന്നു ചിക്കൻ ഗുനിയ പടർന്നു പിടിച്ചില്ല എന്നതു ആരാലും ശൃദ്ധിക്കപ്പെടാതെ പോയി.
തൊട്ടടുത്ത വർഷം ടി രോഗം പ്രത്യക്ഷപ്പെട്ടതും വ്യാപകമായി ബധിച്ചതും കോട്ടയം ജില്ലയിലായിരുന്നു.അവിടെ റബർ തോട്ടങ്ങളിലെ ചിരട്ടകളിലെ വെള്ളം കൊതുകു വർദ്ധനക്കു കാരണമായി പറയപ്പെട്ടു.എല്ലാ ചിരട്ടയും അധികാരികൾ കമഴ്ത്തി വൈപ്പിച്ചു. പക്ഷേ റബർ തോട്ടങ്ങൾ ഉള്ളതും കോട്ടയം ജില്ലക്കു സമീപം സ്ഥിതി ചെയ്യുന്നതുമായ പ്രദേശങ്ങളിൽ ചിരട്ട മലർന്നു തന്നെ ഇരുന്നു ;കൊതുകു മുട്ടയും ഇട്ടും വന്നു. പക്ഷേ അവിടെ ചിക്കൻ ഗുനിയ എത്തി നോക്കിയില്ല. തവണ പനി ബാധിത കണക്കുകൾ ജില്ല തിരിച്ചു സർക്കാർ പ്രസിദ്ധപ്പെടുത്തിയതിൽ റബർ തോട്ടങ്ങൾ ധാരാളമുള്ള ഇടുക്കി ജില്ലയിൽ രോഗം വന്നവർ മറ്റു ജില്ലകളെ അപേക്ഷിച്ചു വളരെ കുറവു.
പകർച്ചപ്പനി പടർന്നു പിടിക്കുന്നതിനു കാരണങ്ങളായി കണ്ടെത്തുന്ന വസ്തുതകളൊന്നുമല്ല യഥാർത്ഥ വില്ലനെന്നു മേൽപറഞ്ഞ നിരീക്ഷണങ്ങളിൽ നിന്നും വ്യക്തമാകുന്നു. വക കാരണങ്ങൾ പല കാരണങ്ങളിൽ ഒന്നായിരിക്കാം എന്നു സമ്മതിച്ചാൽ തന്നെയും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത മറ്റെന്തോ പ്രതിഭാസം പകർച്ച പനികൾക്കു പുറകിൽ ഇല്ലേ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ആയതു കണ്ടെത്തിയാൽ മാത്രമേ ശാശ്വത പരിഹാരം സാധിതമാകൂ.
കേരളത്തിലേക്കാളും പരിസര മലിനീകരണവും ജനസാന്ദ്രതയുമുള്ള മുംബൈ ധാരാവി, ചെന്നയിലെ ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പകർച്ച പനികൾ എന്തു കൊണ്ടു ഇവിടത്തേതു പോലെ പടർന്നു പിടിക്കുന്നില്ല എന്നതും നിരീക്ഷിക്കപ്പെടേണ്ട വസ്തുതയാണു.
വിഷയത്തിൽ ആഴത്തിലേക്കു ചെല്ലുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുത മലയാളി സമൂഹത്തിന്റെ ജീവിത ശൈലിക്കു വന്ന മാറ്റവും തുടർന്നു ശരീരത്തിനു നഷ്ടപ്പെട്ട പ്രതിരോധ ശക്തിയുമാണു.
അപ്രകാരമുള്ള ജീവിത ശൈലി മാറ്റങ്ങളെന്തൊക്കെയാണെന്നു പഠന വിഷയമാക്കി പരിഹാര മാർഗങ്ങൾ കണ്ടെത്തുവാൻ സമൂഹം തന്നെ മുൻ കയ്യെടുക്കേണ്ടിയിരിക്കുന്നു.
നാം ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നതും പണ്ടു നാം കഴിച്ചിരുന്നതുമായ ആഹാര സാധനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ നിരീക്ഷിക്കപെടണം.
നമുക്കു ചുറ്റുമുള്ള കാലാവസ്ഥയിൽ നമ്മുടെ ശരീരത്തിനു ആവശ്യമായ ആഹാര സാധനങ്ങൾ ഏതെന്നു നിശ്ചയമുള്ള പ്രകൃതി വക ആഹാരങ്ങൾക്കു ആവശ്യമുള്ളവ നമുക്കു ചുറ്റും വിളയിക്കുന്നു. നമ്മുടെ ശരീരവും ഭക്ഷണ ശീലവുമായി സമരസപ്പെട്ടു പോകുമ്പോൾ തക്കതായ കാരണങ്ങളാലല്ലാതെ നാം രോഗബാധിതരാകുന്നില്ല. അവസ്ഥാ വിശേഷം ഭൂമിയിൽ എല്ലായിടത്തും നില നിൽക്കുന്നു.കേരളത്തിലെ കാലാവസ്ഥയിൽ മലയാളിയുടെ ശരീരത്തോടു ചോറും കഞ്ഞിയും കപ്പയും മത്തനും പയറും ചക്കപുഴുക്കും മാങ്ങാ പുളിശ്ശേരിയും സമരസപ്പെട്ടു പോകുമ്പോൾ അറേബ്യൻ കാലാവസ്ഥയിൽ ഒരു അറബിയുടെ ശരീരവുമായി ആഹാരം സമരസപ്പെടില്ല. അയാൾ ജീവിക്കുന്ന കാലാവസ്ഥയിൽ കാരക്കയും ഖുബ്ബൂസ്സുമാണു അയാൾക്കു ഹിതകരം.മലയാള നാട്ടിലെ കാലാവസ്ഥക്കു കാരക്കയും ഖുബ്ബൂസും മലയാളിക്കു അഹിതവും.
ഓരോ വർഗത്തിന്റെ ആഹാര രീതിയും അവരുടെ ആവാസ പരിസ്ഥിതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
കുറഞ്ഞതു സത്യമെങ്കിലും മനസ്സിലാക്കിയിരുന്നു എങ്കിൽ നാം ബേക്കറിയിലേക്കുള്ള ഓട്ടം നിയന്ത്രണ വിധേയമാക്കുമായിരുന്നു, ഫാസ്റ്റ്‌ ഫുഡ്ഡിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും ചെയ്യുമായിരുന്നു.
ഔഷധ പ്രയോഗമാണു വിശകലനം ചെയ്യപ്പെടേണ്ട മറ്റൊരു കാരണം.
മെഡിക്കൽ സ്റ്റോറുകൾ എണ്ണത്തിൽ ഇത്രയും വർദ്ധനവു കാണിക്കുന്ന ഗ്രാമങ്ങൾ ഇന്ത്യയിൽ മറ്റൊരു സംസ്ഥനത്തും കാണില്ല.ഒരു ജലദോഷം വന്നാൽ അടുത്ത മെഡിക്കൽ സ്റ്റോറിലേക്കു പാഞ്ഞു രണ്ടു ഗുളിക വാങ്ങി വിഴുങ്ങിയില്ലെങ്കിൽ മലയാളിക്കു ഉറക്കം വരില്ല.
നൂറ്റാണ്ടുകളായി തലമുറകളിലൂടെ ലഭ്യമായ അനുഭവജ്ഞാനങ്ങളിലെ നാട്ടു മരുന്നു പ്രയോഗം എന്നേ നമുക്കു നഷ്ടമായി.പ്രകൃതി നമ്മുടെ ശരീര ഘടനക്കു അനുയോജ്യമാകും വിധം നമ്മുടെ നാലു ചുറ്റും വളർത്തി എടുത്തതും നമ്മുടെ ശരീരവുമായി സമരസപ്പെട്ടതുമായ ഔഷധ സസ്യങ്ങളേയും നാം ഉപേക്ഷിച്ചു കഴിഞ്ഞു.തുളസി ഇല കഷായവും കിരിയാത്തു പ്രയോഗവും മുരിങ്ങ ഇലക്കിഴിയും ഇന്നു ഓർമകൾ മാത്രം.
ഒരു
ചെറിയ പനി അയൽപക്കത്തുകൂടി കടന്നു പോയാൽ നാം "മോളെ" അന്വേഷിച്ചു ഇറങ്ങുന്നു.പാ രേസാറ്റാമോൾ , ഗുളിക ആയും സിറപ്പായും വാരി വിഴുങ്ങുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന അനുരണനങ്ങൾ എന്തൊക്കെയാണെന്നു നാം ചിന്തിക്കുന്നില്ല.തുടർച്ച ആയും അനവസരത്തിലും ഉള്ള ഔഷധ പ്രയോഗങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശക്തി നഷ്ടപെടുത്തുന്നു എന്നുള്ളതു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട പരമാർത്ഥമാണു.
ഔഷധങ്ങളുടെ കാര്യം പരാമർശിക്കപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വസ്തുത ഇപ്പോള്‍ നിലവിലുണ്ടു.പകർച്ചപ്പനി മൂലമുണ്ടാകുന്ന മരണങ്ങൾ ഉത്തരവാദിത്വപ്പെട്ട അധികാരികൾ കർശനമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുന്നില്ല എന്ന പരമാർത്ഥം.
രോഗ കാഠിന്യത്താൽ രോഗി മരിച്ചു എന്നു വിധി എഴുതുമ്പോൾ ആ രോഗി കഴിച്ചിരുന്ന ഔഷധങ്ങൾ രോഗിയുടെ ശരീരത്തിൽ എങ്ങിനെ പ്രതി പ്രവർത്തനങ്ങൾ നടത്തി എന്നു ആരും തല പുകക്കാറില്ല. മരിച്ച രോഗിയേക്കാളും രോഗ കാഠിന്യം ഉണ്ടായിട്ടും അതേ ലക്ഷണങ്ങൾ ഉള്ള അതേ രോഗം ബാധിച്ചിരിന്നിട്ടും എന്നാൽ മരണപ്പെട്ട രോഗി കഴിച്ചിരുന്ന ഔഷധങ്ങൾ കഴിക്കാത്തവനുമായ മറ്റൊരു രോഗി മരണപ്പെടുന്നുമില്ല എന്നു കാണുമ്പോൾ ഈ വസ്തുത നിശിത നിരീക്ഷണത്തിനു വിധേയമാക്കേണ്ടതാണെന്നു വന്നു ചേരുനു. ചിലപ്പോൾ ഒരേ രോഗം ബാധിച്ച ഒരേ രോഗ കാഠിന്യാവസ്ഥ നിലനിൽക്കുന്ന ഒരേ ഔഷധം കഴിച്ച രണ്ടു പേരിൽ ഒരാൽ മരണപ്പെട്ടെന്നു വരാം. ഇവർ തമ്മിലുള്ള ശരീരിക വ്യത്യാസം രക്ത ഗ്രൂപ്പുകൾ, അവരിൽ മുമ്പു ബാധിച്ചിരുന്ന രോഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുകയും വസ്തുതകൾ കണ്ടെത്തുകയും ചെയ്തിരുന്നു എങ്കിൽ പ്രത്യേക ശാരീരികാവസ്ഥ ഉള്ളവർക്കു ചില ഔഷധം പ്രയോഗിക്കരുതു,ചില രോഗം മുമ്പു ഉണ്ടായിരുന്നവർക്കു ചില മരുന്നുകൾ കൊടുക്കരുതു, ചില പ്രായത്തിൽ ചില മരുന്നുകൾ അപായകരമാണു എന്ന മുന്നറിയിപ്പുകൾ ഭിഷഗ്വരന്മാരിൽ ഉണ്ടാകുമായിരുന്നു.വഴിപാടായി ചില മുന്നറിയിപ്പുകൾ ഇപ്പോൾ ഉണ്ടെങ്കിലും ആരും കർശനമായി അതു പ്രാവർത്തികമാക്കുന്നില്ല.
കുറച്ചു കാലം മുമ്പു ചേർത്തലയിൽ ചിക്കൻ ഗുനിയ പടർന്നു പിടിച്ചു മരണങ്ങൾ ധരാളമായപ്പോൾ നിരീക്ഷണ കൗതുകത്താൽ മരിച്ചവരുടെ ബയോ ഡേറ്റായും അവർ കഴിച്ചിരുന്ന ഔഷധങ്ങളും ഈ കുറിപ്പുകാരൻ ശേഖരിക്കുകയുണ്ടായി. അതിശയകരമായ ചില സാമ്യങ്ങൾ ഞാൻ അന്നു കണ്ടെത്തി

(1) അവർ സുമാർ ഒരേ പ്രായക്കാർ ആയിരുന്നു
(2) മുമ്പു അവരെ ബാധിച്ചിരുന്ന രോഗങ്ങൾ ഏകദേശം സമാനമായിരുന്നു.
(3) അവർ കഴിച്ചിരുന്ന മരുന്നുകൾ ഒരേ തരത്തില്‍ പെട്ടതായിരുന്നു.
(4) ഇവരില്‍ ഭൂരി ഭാഗത്തിനും മറ്റു രോഗങ്ങള്‍ ഉളളവരും അവര്‍ ആ രോഗങ്ങളുടെ ചികിത്സക്കായി ഔഷധങ്ങള്‍ക്കു വിധേയരുമായിരുന്നു
രോഗി മരിച്ചു എന്നിടത്തു ഇപ്പോൾ എല്ലാ നിരീക്ഷണങ്ങളും അവസാനിക്കുന്നുഎന്നതു നിര്‍ഭാഗ്യകരമാണു.ഭാവി തലമുറയെ കരുതി എങ്കിലും രോഗ ബാധയും തുടർന്നുള്ള അവസ്ഥകളും നിശിതമായ നിരീക്ഷണ പരീക്ഷണങ്ങൾക്കു വിധേയമാക്കാൻ സർക്കാർ തന്നെ മുൻ കയ്യെടുക്കേണ്ടതാണു.
നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി നശിക്കുന്നതിനു താഴെ പറയുന്നവ കാരണമാകുന്നുണ്ടോ എന്നും നിരീക്ഷിക്കേണ്ടതുണ്ടു.
(1) ജീവിത ശൈലീ മാറ്റം.
(2) ഭക്ഷണ രീതി.
(3) മുമ്പില്ലാത്ത വിധം വീടുകളിൽ ഉണ്ടാകുന്ന വൈദ്യുതി കാന്ത തരംഗങ്ങൾ
(4) ഒരു തത്വദീക്ഷയുമില്ലാതെ യാതൊന്നും പരിഗണിക്കാതെ ജനസാന്ദ്രത ഉള്ള പ്രദേശങ്ങളിൽ പോലും ഉയർന്നു വരുന്നതും അനുവദനീയമായതിലും കൂടുതൽ വികിരണങ്ങൾ പുറത്തു തള്ളുന്നതുമായ മൊബെയിൽ ടവറുകൾ
(5) ടി.വി., കമ്പ്യൂട്ടർ തുടങ്ങിയവയിൽ നിന്നും ബഹിർഗമിക്കുന്നതും(ചെറിയ തോതിലാണെങ്കിൽ പോലും)വീടിനുള്ളിൽ വ്യാപിക്കുന്നതുമായ റേഡിയേഷൻ.
(6) അന്തരീക്ഷത്തെ മലിനീകരണത്തിൽ നിന്നും രക്ഷപെടുത്തിയിരുന്ന കാവുകൾ, വൃക്ഷങ്ങഎന്നിവയുടെ നശീകരണം ഉൾപ്പടെ പരിസ്ഥിതീ വ്യതിയാനം.
പനി പിടിച്ചു മനുഷ്യൻ പിടഞ്ഞു മരിക്കുമ്പോൾ പനി ഇല്ലാ എന്നു ഒരു കൂട്ടരും തങ്ങൾ ഭരിച്ചിരുന്ന കാലത്തും ഇപ്രകാരം പകർച്ചപനി വ്യാപിച്ചിരുന്നു എന്നതു മറന്നു ഇപ്പോഴുണ്ടായ പനിയെ മറ്റു ലക്ഷ്യങ്ങൾ ഉന്നം വെച്ചു പൊക്കി കാണിക്കുന്ന മറു കൂട്ടരും അവരുടെ വാഗ്വാ വിലാസങ്ങൾ മാറ്റി വെച്ചു പൊതു ജന നന്മയെ കരുതി എല്ലാ വസ്തുതകളും നിശിതമായി പരിശോധിച്ചു പരിഹാരങ്ങൾ അന്വേഷിച്ചു കണ്ടെത്താന്‍ നടപടി എടുത്തിരുന്നു എങ്കില്‍ അതെത്ര മാത്രം പ്രയോജനപ്രദമായിരുന്നു.
അതോടൊപ്പം ഉപ്പും ഉമിക്കരിയും ചേർത്ത പല്ലു തേപ്പിൽ നിന്നും ടൂത്തു പേസ്റ്റിലേക്കു മാറിയ നമ്മൾ എയർ കണ്ടീഷൻ റൂമിലോ വേഗതയിൽ കറങ്ങുന്ന ഫാനിനു കീഴിലോ ഇരുന്നു കഴിക്കുന്ന ഷാർജാ ജ്യൂസ്‌, കൊക്കൊകോളാ മുതലായവയുടെ പുറകെ പോകാതെ നാലുചുറ്റും കാണുന്ന നാട്ടു മാങ്ങയും പാളയം തോടൻ പഴവും ഇളനീരും ഫ്രിഡ്ജിൽ വെക്കാതെ അതിന്റെ തനതു അവസ്ഥയിൽ ഉപയോഗിക്കുന്നവരായി മാറിയെങ്കിൽ പ്രകൃതിയും നമ്മുടെ നേരെ ദയാ വായ്പോടെ പ്രതികരിക്കുമായിരുന്നു.
പകർച്ച പനിയാൽ കേരളം വിറക്കുമ്പോൾ ശാശ്വത പരിഹാരത്തിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിക്കാൻ ബ്ലോഗ്‌ സമൂഹവും പ്രതികരിക്കേണ്ടതല്ലേ?