"ആരെങ്കിലും ഏതോ അത്യാവശ്യത്തിനു വിളിക്കുകയായിരിക്കാം എന്നാലും ഈ സമയത്തു....."
ഏകാഗ്രത നഷ്ടപെട്ട ദുഃഖത്തോടെ മൊബെയിൽ തുറക്കുന്നു.
"ഹലോ ആരാണു....."
" ഞാൻ ചിത്രൻ നമ്പൂതിരിപ്പാടു .നിങ്ങളുടെ ബിസ്സിനസ്സ്, ഉദ്യോഗം , വിവാഹ ജീവിതം ,ഭാവി കാര്യങ്ങൾ മറ്റു എല്ലാ കാര്യങ്ങളും വിശദമായി സംസാരിക്കാന്‍ എന്നെ ഈ ഫോൺ നമ്പറിൽ വിളിക്കൂ......"മൊബെയിലിലെ പരസ്യമാണു.
ഇരച്ചു കയറി വന്ന കോപം മൊബൈൽ ഓഫാക്കുന്ന ബട്ടണിൽ ശക്തിയായി അമർത്തുന്നതിലുംമേശപ്പുറത്തേക്കു മൊബൈൽ വലിച്ചെറിയുന്നതിലുമായി വ്യാപിപ്പിച്ചു അരിശം തീർത്തു. "അവന്റെ......ഭാവിയും ഭൂതവും.... വിളിക്കാൻ കണ്ട നേരം....."
ഇനി മറ്റൊരു രംഗം.
ധൃതിയിൽ കുളിച്ചെന്നു വരുത്തി തല തുവർത്തുമ്പോഴാണു മൊബൈൽ കൂവുന്നതു കേട്ടതു. ഒരു മിനിട്ടുവൈകിയാൽ ബസ്സ് കടന്നു പോകും.ഇന്നത്തെ എല്ലാ പരിപാടിയും പൊളിയും.ഒട്ടും സമയം കളയാനില്ല. എങ്കിലും ഓടിച്ചെന്നു മൊബൈൽ തുറന്നു."ഇനി നിങ്ങൾക്കു ഗൾഫിലേക്കു ചുരുങ്ങിയ ചിലവിൽ വിളിക്കാം കേൾക്കൂ......"
പരസ്യം തന്നെ.
പൂർണ്ണമായും കേൾക്കാൻ ക്ഷമ ഉണ്ടായില്ല.മൊബൈലിനു കേടു പറ്റിയാലും സാരമില്ല. അതുകട്ടിലിലേക്കു എറിഞ്ഞു."അവൾക്കു വിളിക്കാൻ കണ്ട നേരം........അവളുടെ അമ്മായി അപ്പനെ ഗൾഫിലേക്കു അയക്കട്ടെ....." ആരോടെന്നില്ലാതെ അരിശത്തിൽ പിറുപിറുത്തു.
താഴെ പറയുന്നത് ഒരു മരണ വീട്ടില്‍ നടന്നതാണ്.
മരിച്ച ആളുടെ ഏക മകൻ ഗൾഫിലാണു. മരണ വിവരം അവനെ അറിയിച്ചു. വരുന്ന കാര്യത്തിനുഅവൻ ഉടനെ തിരികെ വിളിക്കും.അവനെ കാത്തിരിക്കണോ?
ശവം ദഹിപ്പിക്കുന്നതിനു മുമ്പു അവനു വരാൻ കഴിയുമോ?
വരുന്നെങ്കിൽ ഏതു ഫ്ലൈറ്റിലയിരിക്കും അവൻ വരിക? നെടുമ്പാശ്ശേരിയിൽ വണ്ടിയുമായി പോകണോ?എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും അവന്റെ ഫോൺ വിളിയിൽ അടങ്ങിയിരിക്കുന്നതിനാൽകുടുംബാംഗങ്ങൾ എല്ലാവരും അവന്റെ ഫോൺ വിളി പ്രതീക്ഷിച്ചു ഫോൺ ബെല്ലിനായികാത്തിരിക്കുകയാണു.
അതാ മൊബൈൽ കരയുന്നു.
ഓടിച്ചെന്നെടുത്തു.
എല്ലാവരുടെയും മുഖങ്ങളിൽ ഉൽക്കണ്ഠ തെളിഞ്ഞു കാണാം.
മൊബൈൽ ബട്ടൺ അമരുന്നു.
"ഈ ഗാനം ചുരുങ്ങിയ ചെലവിൽ കോപ്പി ചെയ്യാൻ സ്റ്റാർ അമർത്തൂ വെറും....രൂപാ മാത്രം......."ഫോൺ അറ്റന്റ് ചെയ്തവന്റെ മുഖത്തെ ഭാവം നിങ്ങൾ ഒന്നു സങ്കൽപ്പിക്കൂ.
സന്ദർഭം തിരിച്ചറിയാതെ വരുന്ന മൊബൈൽ പരസ്യങ്ങൾ! എപ്പോഴും ഏതു നേരവും ആരെയും വിളിച്ചുപരസ്യം കേൾപ്പിക്കാം.ഇതിനു ആരാണു അവർക്കു അനുവാദവും അധികാരവും നൽകിയതു.
എന്റെ മൊബൈലിൽ എന്നെ വിളിക്കുന്ന ആൾ എന്റെ ശത്രു ആയാലും മിത്രം ആയാലും അതു ഞാനുംവിളിക്കുന്ന ആളുമായുള്ള ബന്ധത്താലാണു ആ വിളി ഉണ്ടാകുന്നതു. ഒരു ബന്ധവുമില്ലാതെ മറ്റൊരാളുടെവ്യാപാരവും ധനമോഹവും ലക്ഷ്യം വെച്ചു എനിക്കു അശേഷം താല്പര്യം ഇല്ലാത്ത കാര്യങ്ങൾ എന്നെകേൾപ്പിക്കാൻ ഇവർ എന്റെ ആരാണു?ടി.വി. പരസ്യത്തിനായി ഞാൻ ഇരുന്നു കൊടുക്കേണ്ടി വരുന്നതു ചാനൽകാർ എനിക്കു സൗജന്യസേവനം ചെയ്തു തരുന്നത്കൊണ്ടാണു.എന്നെ ടി.വി. പരിപാടി കാണിക്കുന്നതിനു ചാനൽകാർഎന്നിൽ നിന്നും പ്രതിഫലം കൈപറ്റുന്നില്ലല്ലോ.മാത്രമല്ല നമ്മുടെ സമയവും സൗകര്യവും നമ്മുടെ ഹിതാനുസരണം ഉപയോഗിച്ചാണു നാം ടി.വി. കാണുന്നതു, പത്രങ്ങൾ വായിക്കുന്നത്. അതിനാൽ നാം കേൾക്കാനും കാണാനും വായിക്കാനും ഇഷ്ടപ്പെടാത്ത പരസ്യങ്ങൾ കാണാതിരിക്കാനും വായിക്കതിരിക്കാനും മുൻ കൂട്ടി നമുക്കു തീരുമാനം എടുക്കാൻ കഴിയുന്നു, ഒഴിഞ്ഞു മാറാൻ നമുക്കു സാധിക്കുന്നു. മൊബൈൽ പരസ്യങ്ങൾ അങ്ങിനെയല്ല.ഫോൺ ബെല്ല് അടിക്കുന്നു, ആരോ നമ്മളെ വിളിക്കുന്നു എന്ന ധാരണയോടെ വിശ്വാസത്തോടെ നാം മൊബൈൽ തുറക്കുകയാണു ചെയ്യുന്നതു; അപ്പോൾ നമ്മുടെ വിശ്വാസത്തിനും ധാരണക്കും എതിരെ അനവസരത്തിൽ പരസ്യങ്ങള്‍ കേൾക്കാൻ നമ്മൾ നിർബന്ധിതരാക്കപ്പെടുന്നു, ഇച്ഛാഭംഗത്തിനു ഇരയാക്കപ്പെടുന്നു.
മൊബൈൽ സേവന ദാതാവിന്റെ സിം കാർഡ് ഉപയോഗിച്ചാൽ അവർ പ്രക്ഷേപണം ചെയ്യുന്ന എല്ലാ പരസ്യങ്ങളും കേട്ടേ മതിയാകൂ എന്നാണോ നിങ്ങളുടെ മറുപടി?
അവരുടെ സിം കാർഡോ റീ ചാർജു കൂപ്പണൊ എനിക്കു തരുമ്പോൾ അവർ എന്നിൽ നിന്നും പ്രതിഫലം കൈപറ്റുന്നുണ്ടല്ലോ!; അവർ ആവശ്യപ്പെടുന്ന അളവിൽ ഇന്ത്യൻ കറൻസി ആയി ഞാൻ അവർക്കു റീ ചാർജു കൂപ്പണിനും മറ്റും വില നൽകുന്നുണ്ടു.അവർ സൗജന്യ സേവനമല്ല എനിക്കു ചെയ്തു തരുന്നതു.അതിനാൽ അവരുടെ പരസ്യം എന്നെ കെട്ടി ഏൽപ്പിക്കാൻ അവർക്കു അധികാരമോ അവകാശമോ ഇല്ല.സിംകാർഡോ റീചാർജു കൂപ്പണോ നാം വില കൊടുത്തു വാങ്ങുമ്പോൾ അവരുടെ പരസ്യം കേട്ടു കൊള്ളാമെന്നു ഒരു ഉടമ്പടിയിലും നാം അവരുമായി ഒപ്പിടുന്നുമില്ല .അതിനാൽ അവരുടെ ഈ പ്രവൃത്തി എന്റെ ഇച്ഛക്കു മേൽ അവരുടെ കടന്നു കയറ്റമാണു.
നമ്മുടെ സമ്മതമില്ലാതെ നമുക്കു അഹിതമായി പരസ്യങ്ങൾ അനവസരത്തിൽ നമ്മളെ കേൾപ്പിക്കുന്നതിനു എതിരെ നമ്മൾ ശക്തിയായി പ്രതികരിക്കുക.