Wednesday, September 2, 2009

മോഷണ സാധനം

"കണ്ടവന്റെ പറമ്പീന്നു മോട്ടിക്കണ മാങ്ങാക്കാണു രുശി: അഞ്ചു റുപ്പിക കൊടുത്താ അങ്ങാടീന്നു മൂന്നു പുളി മാങ്ങാ കിട്ടും, എന്നാലും എറിഞ്ഞിടണ മാങ്ങേടെ രസം"
ഇതു ഞങ്ങളുടെ നാട്ടിലെ മോനു കാക്കായുടെ അഭിപ്രായമാണു. മോനു കാക്ക ആ അഭിപ്രായം ജീവിതത്തിൽ പകർത്തി കാട്ടുന്ന മാന്യ ദേഹവും കൂടി ആണു.
സ്ഥാവരവും ജംഗമവുമായി മൂന്നു തലമുറക്കു തിന്നാനുള്ള സ്വത്തു മൂപ്പർക്കുണ്ടെങ്കിലും മോഷണ സാധനങ്ങൾ, കടത്തിക്കൊണ്ടു വരുന്നവ, തുടങ്ങിയവയോടു മൂപ്പർക്കുള്ള കമ്പം പ്രസിദ്ധമാണു.
ഇല്ലത്തെ കാര്യസ്ഥൻ രാവുണ്ണി നായർ തന്റെ സ്വന്തം വക ക്ലാവു പിടിച്ച ഓട്ടുമൊന്ത തുണിയിൽ പൊതിഞ്ഞു നാലുപാടും പരിഭ്രമത്തോടെ പരതി നോക്കി മോനു കാക്കായുടെ സമീപമെത്തുന്നു. ടിയാന്റെ പരിഭ്രമവും തുണിപ്പൊതിയും കണ്ടപ്പോൾ മോനുകാക്കായുടെ രോമങ്ങൾ എഴുന്നേറ്റു നിൽക്കുകയും മുഖത്തേക്കു രക്തം ഇരച്ചു കയറുകയും ചെയ്തു.
"എന്താ രാവുണ്യാരേ, പൊതി"?
"ഇല്ലത്തൂന്നു അടിച്ചെടുത്ത താണേ"
"പതുക്കെ പറേടോ ബലാലേ"
മോഷണ സാധനങ്ങളെപ്പറ്റി അടക്കം പറയുകയാണു വേണ്ടതു; അല്ലാതെ സാധരണ കാര്യം പറയുന്നതു പോലെ തട്ടി വിടുന്നതിൽ എന്തു രസം.
"നമ്പൂരി തന്ത ഉറങ്ങ്വാരുന്നോ?"
"തീർച്ചേല്യാ, മൂപ്പരു മൂക്കു മുട്ടെ ശാപ്പാടും തട്ടി കോസടീ മലർന്നു കിടക്വാ, കണ്ണടചോണ്ടു"
"ബെക്കം പറ പൊന്നു മോനേ, ,ഹെന്നിട്ടു ഇങ്ങളു പതുക്കെ ....പതുക്കെ...പമ്മി ചെന്നിട്ടു....
മോനു കാക്കാ രംഗം ഭാവനയിൽ കാണുന്നു.
കണ്ണടച്ചു കിടക്കുന്ന തിരുമേനി...കാര്യസ്തൻ പമ്മി ചെന്നു മൊന്ത എടുത്തു തിരുമേനി ഇപ്പോൾ കണ്ണു തുറക്കും എന്ന ഭയത്തോടെ തിരിഞ്ഞു നോക്കി ...തിരിഞ്ഞു നോക്കി.. അടിവെച്ചടിവെച്ചു ....പടിപ്പുരയിലേക്കു നടക്കുന്നു...ഹായ്‌ എന്തൊരു രസം...!
രാവുണ്ണി നായർ അടക്കിയ സ്വരത്തിൽ വീര സാഹസിക ചരിത്രം കഥിക്കുന്നു.
മോനു കാക്കാ കഥനത്തിന്റെ സുഖത്തിൽ പാതി അടഞ്ഞ കണ്ണുകൾ അവസാനം തുറന്നു തുണിപ്പൊതിയിൽ നോക്കുന്നു.
"ഞമ്മളൊന്നു കാണട്ടെ സാദനം"
ക്ലാവു പിടിച്ച മൊന്ത പ്രത്യക്ഷപ്പെടുന്നു.
"ഹെന്റെ പൊന്നു മുത്തേ" മോനു കാക്കാ വാൽസല്യത്തോടെ മൊന്തയെ തലോടി.
"ഇതിന്റെ മഹറെത്ര നായരേ"
തുക കേട്ടപ്പോൾ മോനു കാക്കായുടെ മുഖത്തു ഉണ്ടായ അമ്പരപ്പ്‌ മാറ്റാനായി രാവുണ്ണി നായർ കൂട്ടി ചേർത്തു.
"തിരുമേനി അറിഞ്ഞിരുന്നെങ്കിൽ എന്നെ വെട്ടി നുറുക്യേനെ"
"ഹദും ശരിയാ"ഒട്ടും മടി കൂടാതെ കാക്കാ മടിയിൽ നിന്നും നല്ല പടപടപ്പൻ നോട്ടുകൾ എണ്ണി കൊടുത്തു.
രണ്ടു ആഴ്ച മുമ്പു കാക്കായോടു താൻ ഒരു ചെറിയ തുക വായ്പ ചോദിച്ചതും " അന്റെ പാടു നോക്കി പോ ബലാലേ" എന്നു പറഞ്ഞു ആട്ടി ഓടിച്ചതും രാവുണ്ണി നായർ മറന്നിട്ടില്ല.
"എടോ തന്ത മാപ്ലേ, നിന്നെ ഇതല്ലാ ഇതിനപ്പുറം പറ്റിച്ചാലും ദൈവം പൊറുക്കും" എന്നായിരിക്കും രാ​‍ൂണ്ണി നായർ മനസ്സിൽ പറഞ്ഞതു.
**************** ****************** ****************** ***********
കുറഞ്ഞതു പത്തു ലക്ഷം രൂപ സ്ത്രീധനം പ്രതീക്ഷിക്കുന്ന അരുമ മകൻ പാവപ്പെട്ട ഒരു പെണ്ണുമായി പ്രേമത്തിൽ അകപ്പെട്ടതും ആ പെണ്ണിനെ നിക്കാഹു ചെയ്യാൻ വെന്തുരുകി നടക്കുകയുമാണെന്ന വിവരം മോനുകാക്കാ അറിഞ്ഞിരുന്നില്ല.
ആ പെണ്ണുമായി വിവാഹത്തിലേർപ്പെടാൻ ബാപ്പയോടു അനുവാദം ആവശ്യപ്പെട്ടാൽ ആ നിമിഷം ഒരു മയ്യത്തു വീട്ടു മിറ്റത്തു വീഴുമെന്നും മകനു അറിയാം. പക്ഷേ പ്രേമത്തിനു കണ്ണില്ലല്ലോ.
"ബാപ്പാ"
"എന്താടാ ഹമുക്കേ"
"എനിക്കൊരു രഹസ്യം പറയാനുണ്ടു"
"പൈസാ ചോതിക്കാനാണെങ്കീ അന്റെ ബേല കയ്യീ ബെയ്‌ "
"അതല്ലാന്നു,നിസ്ക്കാര പള്ളീന്റെ പുറകിലെ പറമ്പിലെ....."
"ജ്ജ്‌ മയ്യത്തായാ അബിടെ കുയിച്ചിടണാ..."
"അതല്ലാനു, അ പറമ്പിലെ അലിയാരിനെ അറിയ്യ്‌വോ"
"ആ ഹമുക്ക്‌ ഞമ്മക്കു നൂറു രൂപ തരാനുണ്ടു ഇനി എങ്ങനാ ഓൻ മരം വീണു മയ്യത്തായീലേ"
"ആ കുടീലു ഞമ്മളു ഒരു മോഷണം നടത്താൻ പോണു."
"ങ്‌ ഏ"...കാക്കായുടെ രോമങ്ങൾ എഴുന്നേൽക്കുകയും രക്തം മുഖത്തേക്കു ഇരച്ചു കയറുകയും ചെയ്തു.
""എന്തൂട്ടാടാ ഹമുക്കേ നീ മോട്ടിക്കണത്‌ അബിടെ,അലിയാരിന്റെ ഉപ്പാടെ കനക കട്ടീ കുയിച്ച്ചിട്ടിട്ടുണ്ടോ?"
"ശ്ശോ, ഒന്നു പതുക്കെ പറയീൻ ബാപ്പാ"
മകൻ സം സാരം അടക്കം പറച്ചിലാക്കി
ബാപ്പാ കാതു കൂർപ്പിച്ചു.
" അലിയാരുടെ ബീടരു ആമിനുമ്മാ പറേണു അവരുടെ പുന്നാര മോളു ആയിഷായെ കട്ടോണ്ടു പോകാൻ ചൊണയുള്ളവരു ഈ ദുനിയാവിൽ ആരുമില്ലെന്നു ഞമ്മളു അതൊന്നു നോക്കട്ടു സാദിക്കുമോന്നു"
"അനക്കതിനു ഉശിരു ണ്ടാടാ.മോനേ..?
"ഒണ്ടു"
"എന്നാ പോയി കട്ടോണ്ടു വാ അനക്കു നിക്കാഹു ചെയ്തു തരണ കാര്യം ഞമ്മളേറ്റു ഞമ്മടെ മോൻ ഒരു ബീരനാണാനു നോക്കട്ട്‌, കട്ടോണ്ടു ബന്നില്ലെങ്കിലു പിന്നെ നീ ഞമ്മടെ മുമ്പിലു ബരരുതു"
മകൻ ഉള്ളിൽ നിറഞ്ഞ ചിരിയോടെ പടിയിറങ്ങുമ്പോൾ ബാപ്പയോടു പറഞ്ഞു "എറിഞ്ഞിടണ മാങ്ങേടെ ഒരു രുശി"!!!

8 comments:

  1. വളരെ കാലം മുമ്പു എഴുതിയതു. അന്നു എവിടെയോ അയച്ചു തിരികെ വന്നു ഫയലി ഇരുനു ഉറങ്ങി. ഇപ്പോൾ കണ്ടെത്തി പോസ്റ്റ്‌ ചെയ്യുന്നു. ഇതിലെ കഥാ നായകനും ഇപ്പോൾ രംഗത്തില്ല. പിന്നെ ധൈര്യമായി പോസ്റ്റാമല്ലോ.

    ReplyDelete
  2. അതു കലക്കി.. ഹ ഹ ഹ..
    നല്ല പോസ്റ്റ്.

    ReplyDelete
  3. ഹാഹാ.. സുന്ദരൻ കഥ.
    പള്ളിക്കഥയിൽ ഒരു കമന്റിട്ടതു നന്നായി.
    അല്ലെന്കിൽ ഒരു പക്ഷേ ഇതു വായിക്കാനാവുമായിരുന്നില്ല.
    ആസ്വദിച്ചു. ആ തീം ഉണ്ടല്ലോ .. ഉഗ്രൻ!

    ReplyDelete
  4. കാപ്പിലാൻ,കുമാരൻ, അരീകോട്‌ മാഷ്‌, ജമാൽ, പള്ളിക്കുളം കമന്റിനു നന്ദി.

    ReplyDelete
  5. ഷെരീഫ്ക്കാ,
    "എറിഞ്ഞിടണ മാങ്ങേടെ ഒരു രുശി"!!!
    ഹഹ
    കലക്കന്‍ പോസ്റ്റ്ട്ടാ

    ReplyDelete
  6. മോഷണ സാധനങ്ങള്‍ ഒരിക്കിലും നമ്മക്ക് ഉപയോഗിക്കുവാന്‍ പറ്റില്ല. അത് നിലനില്കില്ല. പിന്നെ മാങ്ങയുടെ കാര്യം അത് എറിഞ്ഞിട്ടു തിന്നുന്ന രുചി ഒരിക്കിലും കടയില്‍ നിന്നു വാങ്ങിക്കുന്ന മാങ്ങയുക്ക് കിട്ടില്ല.

    ReplyDelete