Tuesday, June 23, 2009

ദുഷ്ടന്‍

വാഗ്ദാനം ചെയ്ത തുക പെണ്ണിനെ കണ്ടതിനു ശേഷം മാത്രമെ തരുകയുള്ളൂവെന്നും ഒരു രൂപാ പോലും മുന്‍ കൂറായി തരികയില്ലെന്നുംകര്‍ക്കശസ്വരത്തില്‍ ദുഷ്ടന്‍ ആവര്‍ത്തിച്ചു.മാത്രമല്ല തന്നെ കബളിപ്പിച്ചാല്‍ ഭവിഷ്യത്തു ഭയങ്കരമായിരിക്കുമെന്നും ആവശ്യാനുസരണം ദാദാമാര്‍ തന്റെ പക്കല്‍ ഉണ്ടെന്നും പിമ്പിനെ ഭീഷണിപ്പെടുത്താനും അയാള്‍ മറന്നില്ല. വിലകൂടിയ സ്കോച്ചു വാങ്ങി കൊട്ടാര സദ്രുശമായ വീട്ടിലിരുന്നു കുടിക്കുവാന്‍ കഴിയുമെങ്കിലും ദുര്‍ഗന്ധം നിറഞ്ഞ ചാരായ ഷാപ്പില്‍ ഇരുന്നു കാറിയും തുപ്പിയും ഉച്ചത്തില്‍ നാലു തെറി വിളിച്ചും ചാരായം കുടിക്കുന്നതിലാണു ദുഷ്ടന്‍ സുഖം കണ്ടെത്തിയിരുന്നതു. ബോളീവുഡിലെ കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളാരുടെ പുറകേ പോകാതെ ഈ ഇരുട്ടത്തു റെയില്‍ വേ ട്റാക്കിലൂടെ പിമ്പിന്റെ പിറകേ തട്ടിയും തടഞ്ഞും ഏതോ ചെറ്റപ്പുരയിലേക്കു പോകുന്നതുമയാളുടെ ഈ പ്രത്യേക സ്വഭാവത്താലാണല്ലോ! ദുഷ്ടനു സുഖിക്കണം .സുഖം ദുഷ്ടതയിലൂടെ തന്നെ വേണം. എന്നിട്ടു അലറണം.ഉച്ചത്തില്‍ അലറണം. സ്ത്രീ ജീവനക്കാരെ സ്വന്തം ആഗ്രഹ നിവര്‍ത്തിക്കു അയാള്‍ നിര്‍ബന്ധിക്കും.വഴങ്ങാന്‍ തയാറായാല്‍ തെറി വിളിച്ചു പുറത്തു ചാടിക്കും;വഴങ്ങാന്‍ തയാറായില്ലെങ്കില്‍ ഏതെങ്കിലും ചതി പ്രയോഗത്താല്‍ കമ്പനിക്കു പുറത്തു ഓടിക്കും.അവര്‍ എവിടെയെങ്കിലും പോയി തുലയട്ടെ,എന്നാലും ദുഷ്ടനു ദുഷ്ടതയിലൂടെ സുഖിക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പു നല്ലവനായ ഒരുചെറുപ്പക്കാരന്റെ കാമുകിയെ അവനു ഈ ലോകത്തിനുചേര്‍ന്ന വിധം വക്ര ബുദ്ധിയും കച്ചവട മനസ്ഥിതിയും ഇല്ലെന്ന കാരണത്താല്‍ പൊതു മരാമത്തു ഉടമ്പടിക്കാരനായ അവളുടെ അച്ചന്‍ മറ്റൊരാള്‍ക്കു വിവാഹം ചെയ്തു കൊടുത്തു.ചായയും കാപ്പിയും കുടിക്കാത്ത ചെറു ബീഡിപോലും വലിക്കാത്ത ഈ പാവത്താനു കൊടുത്താല്‍ അവളുടെ കാര്യം പോക്കാണെന്നു അവളുടെ അച്ചന്‍ കരുതിയിരുന്നു. നെറ്റിയിലേക്കു വീണിരുന്ന മുടിച്ചുരുളുകള്‍ മാടിയൊതുക്കി അവന്റെ നേരെ പാല്‍ പുഞ്ചിരി പൊഴിക്കാറുള്ള ആ നാട്ടുമ്പുറത്തുകാരിപ്പെണ്ണു ഒരു കുടവയറന്റെ കൂടെ ഇറങ്ങിപ്പോകുന്നതു കണ്ടു കയറെടുക്കാനോ പറങ്കിമാവില്‍ കയറാനോ ഒരുമ്പെടാതെ അവന്‍ ആദ്യമായി ചാറ്മിനാര്‍ സിഗററ്റു വലിച്ചു പുക ശ്ക്തിയായി പുറത്തേക്കു ഊതി പരിശീലിക്കുകയും പിറ്റേദിവസം കള്ളവണ്ടി കയറി ബോംബെയില്‍ എത്തുകയും പിന്നീടു എങ്ങിനെയോ നാലഞ്ചു കമ്പനികളുടെ ഉടമസ്ഥനായി തീരുകയും ചെയ്തു.അതോടെ ഒരു ദുഷ്ടന്‍ ഭൂമിയില്‍ ജന്മമെടുത്തു. റെയില്‍ വേ ട്രാക്കിനു സമീപത്തുള്ള കരിങ്കല്‍ കൂന ഇരുട്ടത്തു കാണാന്‍ കഴിയാതിരുന്നതിനാലും വയറ്റിലെ ചാരായം സമനില തെറ്റിച്ചതിനാലും മറിഞ്ഞുവീണപ്പോള്‍ അയാള്‍ക്കു ദേഷ്യം വന്നില്ല എങ്കിലും തന്നെ പിടിച്ചു എഴുന്നേല്പ്പിക്കാന്‍ മുമ്പേ പോകുന്നവന്‍ ശ്രമിച്ചപ്പോള്‍ കോപം ആളി കത്തുകയും അവിടെ കിടന്നു കൊണ്ടു പിമ്പിന്റെ മൂന്നു തലമുറകളെ തെറി വിളിക്കുകയും ചെയ്തു. "ഇനി എത്ര ദൂരമുണ്ടെടാ കഴുവര്‍ടാമോനേ" ദുഷ്ടന്‍ അലറി. "ഇതാ എത്തിപ്പോയി സാബ്" "നിന്റെ ഒടുക്കത്തെ എത്തല്‍" ദുഷ്ടന്‍ പിരാകി. പബ്ലിക്കു മൂത്റപ്പുരയുടെ സമീപമുള്ള ഒരു കലുങ്കു. സമീപം കത്തുന്ന തെരുവു വിളക്കിന്റെ മങ്ങിയ വെളിച്ചം അവിടെ പരന്നിട്ടുണ്ടു.കൊതുകുകള്‍ ചെവിക്കരികിലൂടെ മൂളിപ്പായുന്നു.എയര്‍കണ്ടീഷന്‍ മുറിയില്‍ ഉറങ്ങുന്ന ദുഷ്ടനു കൊതുകിന്റെ മൂളല്‍ വളരെ ഇഷ്ട്ടപ്പെട്ടു. നിരനിരയായി തകരഷീറ്റുകള്‍ മേഞ്ഞ കുടിലുകളൊന്നിന്റെ മുമ്പില്‍ ചെന്നു നിന്ന പിമ്പിന്റെ ചിലമ്പിച്ച അടയാള സ്വരം കേട്ടു അകത്തു നിന്നു കൊക്കികൊക്കി ചുമയ്ക്കിടയിലൂടെ മറുപടി"മോളേ ആളു വന്നെന്നു നീ ഒരുങ്ങ്" " മലയാളിയോ ദുഷ്ടന്‍ അതിശയിച്ചു. ആരായാലെന്താ തേങ്ങാക്കുല. അകത്തു നിന്നും വീണ്ടും ശബ്ദങ്ങള്‍."കുഞ്ഞിനു തീരെ വയ്യ ഞാന്‍ അടുത്തു നിന്നു മാറിയാല്‍...." "എന്നു പറഞ്ഞാല്‍ ഒക്കുമോ നട്ടിലെത്തെണ്ടേ കുഞ്ഞിനെ ആശുപത്രിയില്‍ കാട്ടണ്ടെ, ഇവിടെ ആരു നമ്മളെ സഹായിക്കാനാ...."ബാക്കി ചുമയില്‍ കുരുങ്ങിപ്പോയി. ദുഷ്ടനു പരമസുഖം തോന്നി."ബഹൂത്ത് ജോര്‍..ബഹൂത്ത് ഖുഷി" തന്റെ മുഖത്തെ സന്തോഷം കണ്ടതു കൊണ്ടാവാം പിമ്പിനും ത്രിപ്തി ആയെന്നു തോന്നി.അവന്‍ ചിരിക്കുന്നു."ചിരിക്കണ്ടെടാ കഴുവര്‍ടാമോനേ ഇവിടെ എവിടീങ്കിലും മാറി നിന്നോ, തിരികേ പോകുമ്പോഴേ നിന്റെ പൈസ്സ തരൂ . മുങ്കൂര്‍ പൈസ്സായും വാങ്ങി അങ്ങിനെ നീ കടന്നു കളയേണ്ടാ" ദുഷ്ടന്‍ ചീറിയപ്പോള്‍ പിമ്പു മൂത്രപ്പുരയുടെ ഇരുണ്ട ഭാഗത്തേക്കു ഓടി മാറി. അയാള്‍ അകത്തേക്കു എത്തി നോക്കി. തെരുവു വിളക്കിന്റെ വെളിച്ചം തകര ഷീറ്റുകള്‍ക്കിടയിലൂടെ അകത്തെ ഇരുള്‍ വകഞ്ഞു മാറ്റിയിരുന്നു. ചെമ്മീന്‍ പോലെ വളഞ്ഞ ഒരു കിളവന്‍. ഇരുപത്തിരണ്ടു വയസ്സു തോന്നിക്കുന്ന കാണാന്‍ തരക്കേടില്ലാത്ത ഒരു പെണ്ണ്. ഒരു ചെറിയ കുട്ടി അവളുടെ തോളില്‍ മയങ്ങി കിടക്കുന്നു. ദുഷ്ടന്‍ അകത്തേക്കു കടന്നപ്പോള്‍ പെണ്ണൂ കുഞ്ഞിനെ കിളവന്റെ കയ്യില്‍ കൊടുത്തു.പുറത്തേക്കു പോകുമ്പോല്‍ കിഴവന്‍ ചുമക്കുകയും തോളീല്‍ മയങ്ങിയിരുന്ന കുഞ്ഞു ഉണര്‍ന്നു കരയുകയും ചെയ്തു."നാശം" ദുഷ്ടന്‍ പിറുപിറുത്തു. ചാക്കു കൊണ്ടു മറച്ച ഒരു മൂലയില്‍ നിരത്തിയിട്ടിരുന്ന വീഞ്ഞ പെട്ടികളില്‍ അവള്‍ കയറി കിടന്നു. വെളിച്ചത്തിന്റെ ഒരു കീറു അവളുടെ കവിളിലെ നനവു ദുഷ്ടനു കാട്ടി കൊടുത്തപ്പോള്‍ ധാരാവിയിലെ വാറ്റുചാരായം കുടിച്ച സുഖം അയാള്‍ക്കു അനുഭവപ്പെട്ടു. അടുത്തേക്കു ചെല്ലാതെ നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു തുറിച്ചു നോക്കിയതു കൊണ്ടാവാം അവള്‍ ചോദിച്ചു. "ക്യാ"... "നെന്റെ ക്യാ....എഴുന്നേരെടീ കൂത്തിച്ചീ അവിടന്നു" ദുഷ്ടന്‍ അലറി."എവിടെയാടീ നിന്റെ വീടു.നാട്ടീന്നു കുറ്റീം പറിച്ചു ഇറങ്ങിയിരിക്കുവാ ഇവിടെ വന്നു ഇറച്ചി കച്ചവടം നടത്താന്‍ "ദുഷ്ടന്‍ കിതച്ചു.അവള്‍ അമ്പരക്കുകയും തുടര്‍ന്നു വിതുമ്പാന്‍ ആരംഭിക്കുകയും ചെയ്തു."നെയ്യാറ്റിങ്കരയാണു സാര്‍ വീടു, കുഞ്ഞിന്റെ അച്ചനു ഫുട്ട്പാത്തില്‍ കച്ചോടമായിരുന്നു,ഹര്‍ത്താല്‍ ദിവസം കച്ചോടം ചെയ്തപ്പോ സേനക്കാരു കുത്തിക്കൊന്നു.ഇവിടെന്നു ഉടനേ സ്ഥ്ലം വിട്ടോളാനും പറ്ഞ്ഞു. നാട്ടീ പോണം, കുഞ്ഞിനെ ആശുപത്രീ കാട്ടണം വേറെ വഴിയില്ലാഞ്ഞിട്ടാ സാറേ...."ഇത്രയും പറയുവാന്‍ വിങ്ങലിനിടയില്‍ അവള്‍ സമയം ഏറെ എടുത്തു.അയാള്‍ അവളെ അടിമുടി നോക്കി. തരക്കേടില്ലാത്ത ഒരു പെണ്ണൂ.ഇന്നു രത്രി കുശാല്‍...പക്ഷേ അയാള്‍ അവിടെ തന്നെ നിന്നു. ഏതോ ട്രെയിനിന്റെ ചൂളം വിളി കുടില്‍ മേഞ്ഞിരുന്ന തകര ഷീറ്റിനെ വിറപ്പിച്ചു. ട്റെയിന്‍ കടന്നു പോയിട്ടും വീണ്ടും തകരം വിറക്കുന്നതു അവളുടെ ഏങ്ങലടി കൊണ്ടാണെന്നു അയാള്‍ക്കു തോന്നി."നിറുത്തെടീ നിന്റെ രാഗ വിസ്താരം." ദുഷ്ടന്‍ അലറുകയും പോക്കറ്റില്‍ നിന്നും നോട്ടു കെട്ടുകള്‍ വലിച്ചെടുക്കുകയും ചെയ്തു. അകത്തെ അലര്‍ച്ചയും കരച്ചിലും കേട്ടതു കൊണ്ടാവാംകിളവനും കരയുന്ന കുഞ്ഞും കുടിലിന്റെ ഉള്ളീല്‍ പ്രത്യക്ഷപ്പെട്ടു.നോട്ടുകെട്ടുകള്‍ കിളവന്റെ മുകത്തേക്കു വലിച്ചെറിഞ്ഞിട്ടു ദുഷ്ടന്‍ ചീറി"കാര്‍ന്നോരേ നാളെ രാവിലത്തെ വണ്ടിക്കു തന്റെ മോളും കുഞ്ഞുമായി നാട്ടീ പൊക്കോണം, ഇനി ഇവിടെങ്ങാനും കണ്ടാല്‍ എല്ലാറ്റിനേം ഞാന്‍ കൊന്നു കുഴിച്ചു മൂടും.." പകച്ചു നില്‍ക്കുന്ന കിഴവനേയോ ഇടവപ്പാതി മഴയില്‍ പെട്ടെന്നുദിച്ച വെയില്‍ മുഖത്തു അണിഞ്ഞു നിന്ന പെണ്ണിനെയോ കരയുന്ന കുഞ്ഞിനേയോ ശ്റദ്ധിക്കാതെ കുടിലിനു വെള്യിലേക്കു അയാള്‍ നടന്നു പോയപ്പോള്‍ ഇരുളില്‍ നിന്നു ചോദ്യം"പെട്ടെന്നു കഴിഞ്ഞോ?" പിമ്പു ഓടിവന്നു ദുഷ്ടന്റെ നേരെ കൈ നീട്ടി."കമ്മീഷന്‍...."അവന്റെ കരണത്തു മാറിമാറി പൊട്ടിച്ചതെന്തിനെന്നോ ഓടിപ്പോയ അവനെ ശ്രദ്ധിക്കാതെ പ്രകാശം പരത്തുന്ന വിളക്കിന്റെ മറുഭാഗം നിഴലില്‍ നിന്നു ഏങ്ങലടിച്ച് കരഞ്ഞെതെന്തിനെന്നോഅയാള്‍ക്കറിയില്ലായിരുന്നു;കാരണം അപ്പോള്‍ അവിടെ നിന്നു കരഞ്ഞതു ചെറു ബീഡി പോലും വലിക്കാനിഷ്ടപ്പെടാത്ത ആ പഴയ ചെറ്പ്പക്കാരനായിരുന്നല്ലോ!(ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ എഴുതിയ ഈ കഥ പ്രസിദ്ധീകരിക്കാനായി നീതിന്യായ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഞാന്‍ നിയമ പ്രകാരം അനുവാദത്തിനു അപേക്ഷിച്ചിരുന്നു എങ്കിലും ബഹു:ഹൈക്കോടതി അനുവാദം നിഷേധിച്ചു. കാരണം എന്താണെന്നു അറിയില്ലാ. അടിയന്തിരാവസ്ഥക്കാലവും..പിന്നെ ഇതു എവിടെയോ മാറ്റി ഇട്ടു. കുറച്ചു കാലം മുമ്പു എറ്ണാകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന "സിറ്റീ ലൈറ്റ്" എന്ന ഒരു മാസികയില്‍ ഒരു സ്നേഹിതന്‍ ആവശ്യപ്പെട്ടപ്പോള്‍ പഴയ ഫയല്‍ പരതി ഇതു കണ്ടപ്പോള്‍ എടുത്തു കൊടുത്തു. അവര്‍ പ്രസിദ്ധീകരിച്ചു . അപ്പോഴേക്കും സര്‍ക്കാര്‍ ലാവണം കഴിഞ്ഞിരുന്നു. ബ്ലോഗില്‍ കയറിയപ്പോല്‍ ഈ കഥയാണു ആദ്യം പോസ്റ്റ് ചെയ്തതു. പക്ഷേ പ്രായോഗിക പരിചയക്കുറവിനാല്‍ കഷണം കഷണമായാണു പോസ്റ്റ് ചെയ്തതു. ഇപ്പോള്‍ ഇതു ഒരുമിച്ചു പുനപ്രസിദ്ധീകരിക്കുന്നു.)

5 comments:

  1. ആദ്യ തേങ്ങ പിന്നെ വായിച്ചിട്ട്‌ അഭിപ്രായം രേഖപ്പെടുത്താം ട്ടോ... (((((((((((((((((((((((ഠേ))))))))))))))))))))))))))))))))))))))))))))

    ReplyDelete
  2. നല്ല കഥ നല്ല വായനാസുഖം ഇനിയും എഴുതുക

    ReplyDelete
  3. പിന്തുടരുന്ന കഥ............വളരെ ഇഷ്ടപ്പെട്ടു.........

    ReplyDelete