Wednesday, June 10, 2009

ഇതു കോടതിക്കഥകള്‍ --(ഭാഗം ആറു )

റെയില്‍ വെ കോടതിയുടെ എര്‍ണാകുളം സിറ്റിംഗിലേക്ക് നമുക്കു പോകാം.കോടതി നടക്കുന്ന ഹാളിന്റെ മുന്‍ഭാഗം വരാന്തയില്‍ നിന്നു തുടങ്ങുന്ന ജനക്കൂട്ടം താഴെ നിലയിലേക്കുള്ള ചവിട്ടു പടികള്‍ വരെ വ്യാപിച്ചിരിക്കുന്നു.കൂടുതലും പെറ്റി കേസ്സുകള്‍. കേസ്സു വിളിക്കാന്‍ ആരംഭിച്ചപ്പോളീ ജനക്കൂട്ടത്തില്‍ ഞെങ്ങി ഞെരുങ്ങി നില്‍ക്കുന്ന കുറച്ചു പെണ്‍കുട്ടികളെ കണ്ട മജിസ്റ്റ്റേട്ട് പ്രോസിക്യൂട്ടറോടു വിവരം തിരക്കി. അവര്‍ കേസ്സിലെ കക്ഷികള്‍ അല്ലെന്നും പക്ഷേ ഒരു കേസിലെ വിചാരണ കാണാനും ആവശ്യമെങ്കില്‍ പ്രോസിക്യൂഷനെ സഹായിക്കാനും തയാറായി വന്നതാണെന്നും അറിഞ്ഞു.ആ പെണ്‍കുട്ടികള്‍ തിരക്കിനിടയില്‍ കഷ്ടപ്പെടുന്നതു കണ്ട പ്രൊസിക്യൂട്ടര്‍ ആ കേസ്സു ഉടനെ വിളിക്കാന്‍ അപേക്ഷിച്ചു.കയ്യില്‍ കിട്ടിയ കേസ്സു വായിച്ചു നോക്കിയപ്പോള്‍ ആ പെണ്‍കുട്ടികള്‍ ഇത്ര കഷ്ടപ്പെട്ടു അവിടെ നില്‍ക്കുന്നതിന്റെ കാര്യം മജിസ്റ്റ്റേട്ടിനു പിടികിട്ടി. അവര്‍ സര്‍ക്കാര്‍ ആഫീസ്സുകളിലും ഇതര ആഫീസ്സുകളിലും ജോലി ചെയ്യുന്നവരും പല കോളേജുകളിലെ വിദ്യാര്‍ത്ഥിനികളുമാണു. അവരുടെ ഒരു കൂട്ട ഹര്‍ജി കേസ്സിനോടൊപ്പമുണ്ടു. പരാതിയുടെ ചുരുക്കം ഇതാണു.പരാതിക്കാര്‍ ആലപ്പുഴ വഴിയുള്ള ട്രെയിനിലെ സ്ഥിരം യാത്രക്കാരാണു.ട്രെയിന്‍ എര്‍ണാകുളം ജംക്ഷനില്‍ വന്നു കിടക്കുമ്പോള്‍ അവര്‍ ഇരിക്കുന്ന ലേഡീസ് കമ്പാര്‍റ്റുമെന്റിനു എതിര്‍ വശത്തു പ്ലാറ്റുഫോമില്‍ വന്നു നിന്നു ആളൊഴിഞ്ഞ നേരം നോക്കി പ്രതി തന്റെ ഉടുവസ്ത്രം പൊക്കി കാണിക്കും.പെണ്‍കുട്ടികള്‍ക്കു പുറത്തേക്കു നോക്കാന്‍ കഴിയില്ല.നോക്കി പോയാല്‍ ഇതാണു സഥിതി.ഇനി അഥവാ അയാളെ നേരിടാന്‍ ധൈര്യമായി ആരെങ്കിലും ട്രെയിനില്‍ നിന്നും ഇറങ്ങുന്നതു കണ്ടാല്‍ അപ്പോള്‍ അയാള്‍മായ പോലെ മാഞ്ഞു പോകും. പരിപാടി ഇന്നു എറ്ണാകുളം ജംക്ഷനില്‍ ആണെങ്കില്‍ നാളെ നോര്‍ത്തില്‍ , മറ്റന്നാള്‍ കുംബളം സ്റ്റേഷനില്‍ .സഹി കെട്ട പെണ്‍കുട്ടികള്‍ എല്ലാം കൂടി റെയില്‍ വെ പ്റൊട്ടക്ഷന്‍ ഫോഴ്സ്സിനെ സമീപിച്ചു പരാതി നല്‍കി. അവര്‍ പല ദിവസങ്ങള്‍ ശ്രമിച്ചു. ഒരു വനിതാ കോണ്‍സ്റ്റിബിളിനെ സിവില്‍ വേഷത്തില്‍ ഒളിപ്പിച്ചു നിര്‍ത്തി എറ്ണാകുളം ജംക്ഷനില്‍ വെച്ചു തന്നെ പ്രതിയെ കയ്യോടെ പിടികൂടി. പലവകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ജു ചെയ്തു പ്രതിയെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടു. മജിസ്റ്റ്റേട്ടു പ്രതിയെ സൂക്ഷിച്ചു നോക്കി.മുപ്പതു വയസ്സു പ്രായം,നല്ല ആരോഗ്യം.മുണ്ടും ഷര്‍ട്ടും വേഷം.പ്രതി കിടുകിടാ വിറക്കുകയാണു.കോടതിയുടെ നേരെ കൂപ്പിയ കൈകള്‍ നല്ലവണ്ണം വിറക്കുന്നു. ശരീരം ആസകലം വിറക്കുന്നു. മുഖം ഇപ്പോള്‍ കരയുന്ന മട്ടിലാണു.മജിസ്ട്റേട്ടു കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചു. പ്രതി ഒറ്റ നിലവിളി! തുടര്‍ന്നു മറുപടിയും" കുറ്റം ചെയ്തിട്ടുണ്ടു; മേലാല്‍ ആവര്‍ത്തിക്കില്ല, മാപ്പാക്കണം"മജിസ്ട്റേറ്റു ഉത്തരം രേഖപ്പെടുത്തിയതിനു ശേഷംകുറ്റം സമ്മതിച്ചതിനാല്‍ നടപടിക്രമ പ്രകാരം"ജെയിലില്‍ അയക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ "എന്നു ആരാഞ്ഞു ." ഭാര്യയും ഒരു കുഞ്ഞും ഉണ്ടു, ഞാന്‍ ജെയിലില്‍ പോയാല്‍ അവര്‍ പട്ടിണി ആകും" എന്ന മറുപടി രോദനമായി പുറത്തു വന്നു. ഒരു ഭീരുവിന്റെ എല്ലാ ലക്ഷണങ്ങളും അയാളുടെ മുഖത്തു ഉണ്ടായിരുന്നു."ഭാര്യയും കുട്ടിയുമുള്ള നിങ്ങള്‍ ഈ പ്രവര്‍ത്തി എന്തിനാണു ചെയ്യുന്നതു,നിങ്ങളുടെ ഭാര്യയോടു ആരെങ്കിലും ഇങ്ങിനെ കാണിച്ചാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും" എന്നു മജിസ്റ്റ്രേട്ട് പ്രതിയോടു ചോദിച്ചു." വേണമെന്നു വെച്ചിട്ടു ചെയ്യുന്നതു അല്ല, അങ്ങിനെ ആയി പോണതാസാറേ" എന്നായിരുന്നു അയാളുടെ മറുപടി. പ്രതി ആദ്യ കുറ്റക്കരന്‍ എന്നതു കണക്കിലെടുത്തു പരമാവധി പിഴയും കോടതി പിരിയുന്നതു വരെ തടവിനും ശിക്ഷിച്ചു .പ്രതിയെ മാറ്റി നിര്‍ത്തിയതിനു ശേഷം മജിസ്റ്റ്റേട്ടു പ്രതിയെ പിടിച്ച വനിതാ കോണ്‍സ്റ്റിബിളിനെ വിളിച്ചു പതുക്കെ പറഞ്ഞു."ആ പെണ്‍കുട്ടികളോടു പറയുക, ഇനിയും അയാള്‍ അതു കാണിക്കും. അതു തടയാന്‍ ഒരു മാര്‍ഗമേ ഉള്ളൂ.ഇവരുടെ കയ്യില്‍ ഫോട്ടൊ എടുക്കുന്ന മൊബൈല്‍ ഫോണ്‍ കാണുമല്ലോ;ഒന്നു രണ്ടുപേര്‍ മൊബൈലുമായി തുനിഞ്ഞിറങ്ങുക. ഇനി അയാള്‍ പരിപാടി തുടങ്ങുക ആണെങ്കില്‍ ആരംഭത്തില്‍ തന്നെ ഫോട്ടോ എടുക്കുന്നതു പോലെ കാണിക്കുക, അയാള്‍ ഭീരുവാണു,അപ്പോള്‍ തന്നെ സ്ഥലം വിടും." വനിതാ കോണ്‍സ്റ്റിബിള്‍ പെണ്‍കുട്ടികള്‍ക്കു വേണ്ട ഉപദേശം കൊടുത്തു.അടുത്ത എര്‍ണാകുളം സിറ്റിംഗില്‍ കിട്ടിയ വിവരം ഇപ്രകാരമായിരുന്നു. മജിസ്ട്റേട്ടിന്റെ പ്രവചനം പോലെ ഒരു ദിവസം കുംബളം സ്റ്റേഷനില്‍ വെച്ചു പ്രതി പരിപാടി ആരംഭിക്കാന്‍ തുടങ്ങി. ഒരു കോളേജു വിദ്യാര്‍ത്ഥിനിയും ആരോഗ്യ വകുപ്പിലേ ജീവനക്കാരിയും കൂടി ട്റെയിനിന്റെ വാതിക്കല്‍ നിന്നു പരിപാടി മൊബൈലില്‍ ചിത്രീകരിക്കുന്നതായി ഭാവിച്ചു. ആ നിമിഷം പ്രതി മുങ്ങി. പിന്നെ ഇതുവരെ അയാളുടെ ശല്യം ഉണ്ടായിട്ടില്ല. ആ വനിതാ കോണ്‍സ്റ്റിബിള്‍ ഈ ഒറ്റമൂലി എല്ലാ സ്റ്റേഷനിലും അറിയിച്ചതിനെ തുടര്‍ന്നു കുറച്ചുസ്ത്രീകള്‍ചേര്‍ന്നു തിരുവനന്തപുരം സ്റ്റേഷനില്‍ ഇതു നടപ്പിലാക്കിയെന്നു പിന്നെ അറിയാന്‍ കഴിഞ്ഞു. അവിടെ പാലക്കാട്ടുകാരന്‍ ഒരു ഉപദേശി ആയിരുന്നു വില്ലന്‍. ലേഡീസ് കംബാര്‍ട്ടുമെന്റില്‍ കയറുക, ലഘുലേഖകള്‍ കൊടുക്കുക. ഇത്രയും ചെയ്തതിനു ശേഷം ഒഴിഞ്ഞിരിക്കുന്ന പെണ്‍കുട്ടികളുടെ വളരെ അടുത്തു ചെന്നു അവരുടെ അവയവത്തിന്റെ പേരു പച്ച മലയാളത്തില്‍ പറഞ്ഞേച്ചു ഓടിപ്പോകുക. ഈ രോഗം അനുഭവിച്ച സ്ത്രീകള്‍ ആര്‍.പി.എഫിനോടു പരാതി പറഞ്ഞു. ആര്‍.പി.എഫ് . എറ്ണാകുളം ഒറ്റമൂലി ഉപയോഗിക്കാന്‍ അവരെ ഉപദേശിച്ചു. അടുത്ത തവണ ഉപദേശി സുവിശേഷത്തിനായി അടുത്തു വന്നപ്പോള്‍ ഒരു പെണ്‍കുട്ടി മൊബൈല്‍ നീട്ടി "സുവിശേഷം ഇതില്‍ റിക്കര്‍ഡു ചെയ്തോളൂ " എന്നു പറഞ്ഞതും പിന്നെ ഉപദേശിയുടെ പൊടി അവിടെ കണ്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞതു. പിന്‍ കുറി:- അപ്പോള്‍ മൊബൈല്‍ കൊണ്ടു ഇങ്ങിനെയും ഒരു ഉപയോഗം ഉണ്ടു.

3 comments:

  1. ചാത്തനേറ്: മജിസ്ട്രേറ്റ് ആളു കൊള്ളാലോ, ഒരു അക്‌ബര്‍ -ബീര്‍ബല്‍ കഥയോ തെന്നാലി രാമന്‍ കഥയോ വായിച്ച ഇഫക്റ്റ്.

    ReplyDelete
  2. മൊബൈലുകൊണ്ടുള്ള അപ്പരിപാടി കലക്കി...

    ReplyDelete
  3. അതു കൊള്ളാം . എന്നാലും ഉപദേശിക്കു വരെ ഈ രോഗം ഉണ്ടല്ലോ എന്നറിയുമ്പോൾ സമൂഹം എത്ര താഴ്ന്നിരിക്കുന്നു എന്നു ലജ്ജിച്ചു പോകുന്നു.

    ReplyDelete