Sunday, June 21, 2009

ഇതു കോടതിക്കഥകള്‍ (ഭാഗം ഏഴ്)

ഒരു സെപ്റ്റംംബര്‍ മാസം.ഓണം അടുത്തു വരുന്നു .ഒരു പോക്കറ്റടി പ്രതിയെ മൂന്നു മാസം തടവിനും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു കഴിഞ്ഞു കോടതി പിരിഞ്ഞു മജിസ്റ്റ്റേട്ടു ചേംബറില്‍ മടങ്ങി എത്തി.ഉച്ച നേരം;ഉണ്ണാന്‍ ഇനിയും സമയം ബാക്കി ഉണ്ടു. ശിക്ഷിക്കപ്പെട്ട പ്രതിയുടെ ജെയില്‍ വാറന്റില്‍ ഒപ്പിടണം. ബെഞ്ചുക്ലാര്‍ക്ക് വാറന്റു തയാറാക്കുന്നതേ ഉള്ളു . അപ്പോള്‍ പ്യൂണ്‍ വന്നു പറഞ്ഞു.പ്രതിക്കു മജിസ്റ്റ്റേട്ടിനെ ഒന്നു കാണണമെന്നു. വിധി കഴിഞ്ഞു. ഇനി പ്രതിയുമായി കോടതിക്കു ബന്ധം ഒന്നുമില്ല. പിന്നെന്തിനാണു ഇപ്പോള്‍ ഈ കൂടിക്കാഴ്ച്?!. ശിക്ഷ കുറച്ചു തരാന്‍ പറയാന്‍ ആണെങ്കില്‍ അതു നടക്കാത്ത കാര്യം. അസുഖം ഉണ്ടെന്നും ചികില്‍സ ആവശ്യമാണെന്നും പറയാനാണോ ?. ഏതായാലും വരാന്‍ പറഞ്ഞു.പ്രതി പോലീസ്സുകാരാല്‍ അനുഗതനായി കൊണ്ടുവരപ്പെട്ടു. "ഊം?" മജിസ്റ്റ്റേട്ടു മൂളലിലൂടെ കാര്യം തിരക്കി.പ്രതി പോലീസ്സുകാരെ നോക്കി. പോലീസ്സുകാരോടു പുറത്തു ഇറങ്ങി നിള്‍ക്കാന്‍ മജിസ്റ്റ്റേട്ടു ആവശ്യപ്പെട്ടു. പ്റതിയും മജിസ്റ്റ്റേട്ടും ചേംബറില്‍ തനിച്ചായി."യജമാന്നെ എന്റെ ശിക്ഷ ഒന്നു വര്‍ദ്ധിപ്പിച്ചു തരാമൊ?" മജിസ്റ്റ്റേട്ടു അന്തം വിട്ടു.ശിക്ഷ വര്‍ദ്ധിപ്പിച്ചു തരാന്‍ പ്രതി ആവശ്യപ്പെടുന്നതു ആദ്യത്തെ സംഭവമാണു."അതു നടക്കാത്ത കാര്യം" എന്നു പറഞ്ഞു പ്രതിയെ തിരിച്ചയക്കാം;പക്ഷെ കൗതുകത്താല്‍ മജിസ്റ്റ്റേട്ടു ചോദിച്ചു."എന്തൊടോ കാര്യം?" "അകത്തു പോകുക പുറത്തു വരുക പിന്നെയും അകത്തു പോകുക അതൊരു പോക്കണം കെട്ട ഏര്‍പ്പാടു ഒരുമിച്ചു കുറെ കാലത്താണെങ്കില്‍ ഒരു സുഖം ആയേനെ, പിന്നെ ഈ മൂന്നു മാസം എന്നൊക്കെ പറയുന്നതു ഒരു കൊറച്ചിലാ;ജില്ലാ ജെയിലിലെ കൊണ്ടു പോകൂ, ആറു മാസത്തില്‍ കൂടുതലാണെങ്കില്‍ സെന്റ്റല്‍ ജെയിലില്‍ കൊണ്ടു പോയേനെ അവിടെ ആകുംബോ പരിചയം ഉള്ള ആള്‍ക്കാരുണ്ടു. പിന്നെ നമ്മുടെ സൊന്തം സാറന്മാരുണ്ടു, ഉള്ള കാലം ഖുഷി ആയി കഴിയാം ഈ തുഛം മൂന്നു മാസം ആയപ്പോള്‍ ജില്ല ജയിലിലെ തുക്കടാ കക്ഷികളുമായി കഴിയണം അതൊരു കുറച്ചിലാ...." അയാള്‍ കയ്യും തലയും അനക്കി ഭംഗിയായി കാര്യം അവതരിപ്പിച്ചു. ഈ അവതരണം മജിസ്റ്റ്റേട്ടിനു "ക്ഷ" ബോധിച്ചു ; "അതിനു വകുപ്പില്ലല്ലോടൊ" എന്നു മറുപടിയും പറഞ്ഞു. "ഉണ്ടു യജമാന്നെ വഴി എന്നെ മൂന്നു സെക്ഷനിലായി മൂന്നു മാസം വീതമല്ലെ ശിക്ഷിച്ചതു.എന്നിട്ടു ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതി എന്ന ഒരു ബോണസ്സും, അപ്പൊ ആകെ മൂന്നു മാസം കിടന്നാ മതി. ആ ഒരുമിച്ചു അനുഭവിക്കല്‍ മാറ്റി ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണം എന്നു ആക്കിയാല്‍ എനിക്കു ഒന്‍പതു മാസവും കിട്ടും.പിഴ ഒടുക്കാതിരുന്നാല്‍ പതിനഞ്ചു ദിവസം കൂടി;അങ്ങിനെ ആകെ ഒന്‍പതര മാസം സുഖമായി കഴിയാം...എന്നെ ഒന്നു സഹായിക്കു ". മജിസ്റ്റ്റേട്ടു അവന്റെ കേസ്സിനെ പറ്റി ഓര്‍മ്മിച്ചു. മൂന്നു പേര്‍ ചേര്‍ന്ന ഒരു ഗ്യാംഗ്. ട്രെയിന്‍ വന്നു നിന്നു യാത്രക്കാര്‍ കയറുന്ന സമയം നോക്കി ഗ്യാംഗിലെ രണ്ട് പേര്‍ തിക്കു തിരക്കും ഉണ്ടാക്കും. മൂന്നാമന്‍ ബഹളത്തിനിടയില്‍ പോക്കറ്റടിക്കും. പല തവണ പോലീസ്സുകാര്‍ കെണി വെച്ചിട്ടും കിട്ടിയില്ല.ഈ ഓണ തിരക്കില്‍ ഒരു യാത്രക്കാന്റ്റെ പോക്കറ്റില്‍ വിരല്‍ താഴ്ത്തിയ സമയം യാത്രക്കാരന്‍ കയ്യില്‍ പിടുത്തമിട്ടു ബഹളം വെച്ചു. കൂട്ടുകാര്‍ രണ്ടും ഓടി. ഇയാളെ യാത്രക്കാര്‍ പിടിച്ചു പോലീസ്സില്‍ ഏള്‍പ്പിച്ചു. പോക്കറ്റടിയെ സംബന്ധിച്ചു യാത്രക്കാരനു ഈ കേസ്സില്‍ പങ്കാളി ആകാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ (സാക്ഷി ആകാനും കോടതിയില്‍ കയറാനും നമ്മുടെ ആള്‍ക്കാരുടെ വൈമനസ്യം പ്രസിദ്ധമാണല്ലോ) മോഷണം ഒഴിവാക്കി ,തിക്കും തിരക്കും ഉണ്ടാക്കിയതിനും യാത്രക്കാരെ ശല്യപ്പെടുത്തിയതിനും ചീത്ത വിളിച്ചതിനും കേസ്സു ചാര്‍ജു ചെയ്തു കോടതിയില്‍ കൊണ്ടു വന്നു.പ്രതി കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ വേണ്ടി വന്നില്ല. മൂന്നു സെക്ഷനുകളിലായി മൂന്നു മാസ്സം വീതം തടവു. ആയിരം രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം പതിനഞ്ചു ദിവസം തടവു കൂടി അനുഭവിക്കണം. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതി. ഈ ഒരുമിച്ചു അനുഭവിക്കല്‍ ആണു പ്രത്യേകം പ്രത്യേകം അനുഭവിക്കല്‍ ആയി മാറ്റണമെന്നു പ്രതി ഇപ്പോള്‍ ആവശ്യപ്പെടുന്നതു.മജിസ്റ്റ്റേട്ടു പ്രതിയെ സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു."നല്ല ആരോഗ്യം ഉണ്ടല്ലോ പോയി ജോലി ചെയ്തു ജീവിച്ചു കൂടെ." ഓ, എന്തു ജോലി ഇതും ഒരു ജോലിയല്ലെ..? ഈ ജോലിക്കു ഒരു ത്രില്ലും ഉണ്ടു. രണ്ടു മിനിട്ടു നേരത്തെ ഓപ്പറേഷന്‍! പറ്റിയാല്‍ പറ്റി ..കുറച്ചു ദിവസത്തേക്കു ഖുശാല്‍...വേറെ ജോലി ആണെങ്കിലോ..എട്ടു മണിക്കൂര്‍ പണിയണം..മുതലാളിയുടെ ആട്ടും തുപ്പും സഹിക്കണം..ഇതെല്ലാം തുഛമായ ഒരു കൂലിയും....ഥ്പൂ ആരു പോകും മിനക്കെട്ട ജോലിക്കു.." വീണ്ടും ആംഗ്യവും തലവെട്ടിക്കലും ഭാവാഭിനയവും. "ഒരു മാസം എത്ര സംബാദിക്കും" മജിസ്റ്റ്റേട്ടു വീണ്ടും തിരക്കി. "അതു ഭാഗ്യം പോലെ ഏമാന്നെ.. ചില നല്ല കോളാണെങ്കില്‍ കൂട്ടുകാരുടെ ഷെയര്‍ കൊടുത്താലും കുറച്ചു നാളത്തേക്കു അടിപൊളി ആയി കഴിയാം...നല്ല ഹോട്ടലില്‍ റൂം എടുത്തു പൈസ്സാ തീരുന്നതു വരെ അവിടെ കഴിയും..ചെലപ്പോ ചില തെണ്ടികളുടെ ക്കീശയിലാ വിരല്‍ താഴ്ത്തുന്നതു...ദാരിദ്ര്യ വാസ്സികളു...കിട്ടുന്നതു പതിമൂന്നേമുക്കാ രൂപാ മുപ്പതു പൈസ്സ.! ഥ് പൂ ..അവന്റെ കീശേന്നു എടുത്തതും എന്റെ വക ഒരു നൂറും കൂടി തിരിച്ചു ആ പോക്കറ്റില്‍ വെക്കാന്‍ എനിക്കു തോന്നിയിട്ടുണ്ടു..." "ട്റെയിനില്‍ മാത്രമേ ഉള്ളോ ഓപ്പെറേഷന്‍ " മജിസ്ട്റേട്ടു അന്വേഷിച്ചു. "ഓ ബസ് സ്റ്റാന്റ്റ്റിലും പോകും .. കൂടുതലും ട്റേയിനിലാ..ഓണക്കാലമായിട്ടു ഇരുപതിനായിരമാ ബട്ജറ്റിട്ടേ...മറ്റവന്മാര്‍ക്കു രണ്ടെണ്ണത്തിനും അയ്യായിരം വീതം കൊടുത്താലും ബാക്കി പതിനായിരം കൊണ്ടു ഓണം കഴിച്ചു കൂട്ടാമായിരുന്നു....എന്തോ ചെയ്യാനാ നാട്ടുകാരൊക്കെ തെണ്ടികളായി പോയി, മെനഞ്ഞാന്നു വരെ നാലായിരത്തി അഞ്ഞൂറു രൂപായാ കിട്ടിയേ ...തിരക്കു ഉള്ളപ്പോഴാ ട്റെയിനിലെ സീസണ്‍... ദാ ഇന്നു പിടിയും വീണു. ഇനി ഓണം ജെയിലില്‍...ജെയിലിലെ ഓണം അടിപൊളിയാണേ...!!! പ്രതി ആവേശം കൊള്ളുന്നതു മജിസ്ട്റേട്ടു നോക്കി ഇരുന്നു. അപ്പോഴേക്കും ബെഞ്ചുക്ലാര്‍ക്കു ജെയില്‍ വാറന്റു ഒപ്പിടാനായി കൊണ്ടു വന്നു.പ്രതി അപേക്ഷാ ഭാവത്തില്‍ നോക്കി. ബെഞ്ചുക്ലാര്‍ക്കിനോടു മജിസ്ട്റേട്ടു തിരക്കി" ഏതെല്ലാം ഇനത്തില്‍ നിങ്ങള്‍ സര്‍ക്കാരിനു കരം ഒടുക്കുന്നു?" ബെഞ്ചുക്ലാര്‍ക്കു ഒന്നും മനസ്സിലാകാതെ കണ്ണു മിഴിച്ചു. ചേംബറിന്റെ വാതില്‍ക്കല്‍ പോലീസ്സുകാരുടെ തല കാണാനായി( പ്രതിയെ ജെയിലില്‍ കൊണ്ടു പോയി ഏള്‍പ്പിച്ചതിനു ശേഷമേ അവര്‍ക്കു ഉണ്ണാന്‍ പോകാന്‍ കഴിയൂ)കയറിവരാന്‍ മജിസ്ട്റേട്ടു ആംഗ്യം കാണിച്ചപ്പോള്‍ അവര്‍ അകത്തേക്കു വന്നു.ബെഞ്ചുക്ലാര്‍ക്കിനോടു ചോദിച്ച ചോദ്യം മജിസ്ട്റേട്ടു അവരോടും ചോദിച്ചു. :സര്‍, കെട്ടിടനികുതി, ഭൂനികുതി , റോഡ് റ്റാക്സ്, സെയില്‍റ്റാക്സ്, വാഹനനികുതി, ശംബളം കൂടുതല്‍ ഉണ്ടെങ്കില്‍ ഇങ്കംറ്റാക്സ്, അങ്ങിനെ ഒരു പാടു നികുതികളുണ്ടു.."പോലീസ്സുകാര്‍ മണി മണി പോലെ ഉത്തരം തന്നു.മജിസ്ട്റേട്ടു പ്രതിയോടു ചോദിച്ചു "കേട്ടോ, ഇതെല്ലാം എട്ടു മണിക്കൂര്‍ കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന ഇവര്‍ സര്‍ക്കാരിലേക്കു അടക്കുന്ന നികുതികളാണു ഈ പറഞ്ഞതൊക്കെ...ഈ നികുതിയില്‍ നിന്നാണു സര്‍ക്കാര്‍ ജെയില്‍ പുള്ളീകള്‍ക്കു ആഴ്ച്ചയില്‍ ഒരു ദിവസം ആട്ടിറച്ചിയും മറ്റു ദിവസങ്ങളില്‍ മീനും കൂട്ടി ചോറും പിന്നെ അടിപൊളി ഓണവും ഒക്കെ തരുന്നതു.നിങ്ങള്‍ക്കു തൊഴില്‍ നികുതി അടക്കേണ്ടാ.. ഞങ്ങള്‍ക്കു അടക്കണം.. ഞങ്ങള്‍ കൊടുക്കുന്ന നികുതി പണം ഉപയോഗിച്ചു കൂടുതല്‍ കാലം ജെയിലില്‍ സുഖിച്ചു കഴിയേണ്ട....കടന്നു പോ പുറത്തു.." പോലീസ്സുകാര്‍ പ്രതിയേയും കൊണ്ടു പോയപ്പോള്‍ അയാളുടെ മുഖത്തെ ഭാവം എന്തായിരിക്കുമെന്നു നോക്കാതെ തന്നെ മജിസ്ട്റേട്ടിനു അറിയാമായിരുന്നു. (കോടതിക്കഥകള്‍ തുടരുന്നു....)

2 comments:

  1. ഈ കഥയുടെ ചുരുക്കം പത്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തു വന്നിട്ടുള്ളതാണു .

    ReplyDelete