Monday, June 8, 2009
കോടതിക്കഥകള്‍ ഭാഗം അഞ്ചു
വേനലും മഞ്ഞും മഴയും എത്രയോ കടന്നു പോയി. ഈ കഥയിലെ കഥാപാത്രങ്ങള്‍ പലരും ഇന്നില്ല.ഇതു വായിക്കുന്നവരില്‍ പലരും അന്നൊരു സിവില്‍ കേസ്സു നടത്തുന്നതിന്റെ ബുദ്ധിമുട്ടു അറിയുന്നവരുമല്ല.നിശ്ശബ്ദമായ ഒരു അലര്‍ച്ചയുടെ കഥയാണിതു.ദിഗന്തം വിറപ്പിക്കുന്ന ഒരു അലര്‍ച്ച ! പക്ഷേ അതു ആരും കേട്ടില്ല. എല്ലാവരും കണ്ടു. ഇത്രയും വായിച്ചപ്പോള്‍ ഏതോ ഒരു വമ്പന്‍ കേസ്സിന്റെ കഥയാണെന്നു ധരിക്കരുതു.ഒരു സാധാരണ സിവില്‍ കേസ്സു.പക്ഷേ അതിന്റെ പ്രത്യേകതയാല്‍ ഇവിടെ തിരഞ്ഞെടുത്തുവെന്നേ ഉള്ളൂ. പതിവു പോലെ കഥാപാത്രങ്ങള്‍ക്കു നമുക്കു വ്യാജ നാമങ്ങള്‍ കൊടുക്കാം.തോമാച്ചന്‍ മറിയാമ്മയെ കല്യാണം കഴിച്ചു.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറിയാമ്മ പ്രസവിക്കാത്തതിനാല്‍ ടി യാന്‍ ചിന്നമ്മയുമായിപള്ളിയും പട്ടക്കാരും അറിയാതെ ബന്ധത്തില്‍ ഏര്‍പ്പെട്ടു.തോമാച്ചന്റെ അദ്ധ്വാനത്താല്‍ ചിന്നമ്മക്കു ഒരു പുരയിടവും വീടുംസ്വന്തമായി.ചിന്നമ്മയുടെയും തോമ്മാച്ചന്റെയും കൂട്ടായ പേരിലായിരുന്നു ടി പുരയിടത്തിന്റെ വില ആധാരം. ചിന്നമ്മയുമായ തോമാച്ചന്റെ ബന്ധം അറിഞ്ഞ മറിയാമ്മ തോമാച്ചനെ പുറത്താക്കി.ചിന്നമ്മയില്‍ തോമാച്ചനു സന്തതികള്‍ ഉണ്ടായി. കാലം കടന്നു പോയപ്പോള്‍ചിന്നമ്മ വേലി ചാടുന്നു എന്നു തോമാച്ചനു സംശയം തോന്നി തുടങ്ങി. സംഘര്‍ഷവും സംഘട്ടനവും ഉണ്ടായി.അവസാനം ചിന്നമ്മ തോമാച്ചനെ പടി കടത്തി വിട്ടു.എന്നെന്നേക്കുമായി വാതിലും കൊട്ടി അടച്ചു. കലി അടങ്ങിയപ്പോല്‍ തോമാച്ചന്‍ വീടിന്റെ നാലു ചുറ്റും നടന്നു പ്രവേശനത്തിനു ശ്രമിച്ചെങ്കിലും ചിന്നമ്മ അതു കണക്കിലെടുത്തതേയില്ല.പല മദ്ധ്യസ്തന്മാരും ഇടപെട്ടു.തോമാച്ചനാണല്ലോ വീടും പുരയിടവും വാങ്ങി തന്നതെന്നു സമരി പറഞ്ഞെങ്കിലും തന്റെ അപ്പന്‍ തന്ന സ്ത്രീധനം കൊടുത്താണു അതു വാങ്ങിയതെന്നും ഒരു ചന്തത്തിനാണു തോമാച്ചന്റെ പേരു ആധാരത്തില്‍ കാണിച്ചതെന്നുമായിരുന്നു ചിന്നമ്മയുടെ മറുപടി.തന്നെ ബലമായി ഇറക്കി വിട്ടതിനു പുറമെ ചിന്നമ്മ തന്റെ നേരെ കാണിക്കുന്ന അവഗണനയും തന്റെ കട്ടിലില്‍ ആരോ കിടക്കുന്നു എന്ന സംശയവുംതോമാച്ചന്‍റ്റെ നില തെറ്റിച്ചു. അവസാനം അയാള്‍ ആദ്യ ഭാര്യയെ അഭയം പ്രാപിച്ചു.കൂട്ടത്തില്‍ ഏതോ കരപ്രമാണിമാരും ഉണ്ടായിരുന്നു.തോമാച്ചനെ തന്റെ വീട്ടില്‍ താമസിക്കാന്‍ മറിയാമ്മ അനുവദിച്ചില്ല. പക്ഷേ കൂടെ വന്നവരുടെ അപേക്ഷ മാനിച്ചു അയാളുടെ ഒരു ആവശ്യം അംഗീകരിക്കാന്‍ അവര്‍ തയാറായി.ചിന്നമ്മെക്കെതിരായി ഒരു സിവില്‍ കേസ്സു ഫയല്‍ ചെയ്യാന്‍ ഭാഗികമായി അവര്‍ സഹകരിക്കാം.കേസിനെ പറ്റി തോമാച്ചന്‍ പറഞ്ഞതിങ്ങിനെ:-കേസ്സില്‍ മറിയാമ്മ വാദി. തോമാച്ചന്‍ ഒന്നാം പ്രതി ചിന്നമ്മ രണ്ടാം പ്രതി.നിയമാനുസരണ ഭാര്യ ആയ മറിയാമ്മയുടെ സ്ത്രീധനം ഉപയോഗിച്ചു തോമാച്ചന്‍ തന്റെയും നിയമാനുസരണമല്ലാതെ അയാളുടെ കൂടെ കഴിയുന്ന ചിന്നമ്മ എന്ന അന്യ സ്ത്രീയുടെയും പേരില്‍ വീടും പുരയിടവും വാങ്ങി.തോമാച്ചന്റെയും മറിയാമ്മയുടെയും പെരിലായിരുന്നു അതു വാങ്ങിയതെന്നാണുതോമഅച്ചന്‍ മറിയാമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നതു. ഇപ്പോഴാണു മറിയാമ്മ സത്യം അറിയുന്നതു. അതിനാല്‍ തനിക്കു വരാനുള്ള തുകയും പലിശയും ടി വീടും പുരയിടത്തിലും സ്ഥാപിച്ചു ഈടാക്കി തരണം. ഇതാണു ഫയല്‍ ചെയ്യാന്‍ പോകുന്ന കേസിന്റെ ചുരുക്കം.കേസില്‍ ആദ്യമേ തന്നെ ഒന്നാം പ്രതി തോമാച്ചന്‍ എക്സ് പാര്‍ട്ടി ആകും(കേസില്‍ എക്സ് പാര്‍ട്ടി ആകുന്ന ആള്‍ക്കു കേസിനെ പറ്റി ഒരു തര്‍ക്കവും ഇല്ല എന്നു വ്യംഗം. അതൊരു സിവില്‍ കേസ് തന്ത്രമാണു)വക്കാലത്തും അന്യായവും ഒപ്പിട്ടു തരേണ്ട ചുമതല മാത്രം മറിയാമ്മയ്ക്കു,കോടതിയില്‍ വരേണ്ട, വക്കീലിനെ കാണേണ്ട,പണം ചിലവഴിക്കേണ്ട കേസു കാര്യങ്ങള്‍ തോമാച്ചന്‍ ചെയ്തു കൊള്ളും. കെസ്സു ജയിച്ചു ചിന്നമ്മയെ വീടും പുരയിടത്തില്‍ നിന്നും പുറത്താക്കണം.അത്ര മാത്രം.വീടും പുരയിടവും മറിയാമ്മക്കു എടുക്കാം. കാരണം അതു അവരുടെ ഭര്‍ത്താവായ തോമാച്ചന്‍ സമ്പാദിച്ചതാണു.ഇത്രയും ആയപ്പോല്‍ മറിയാമ്മ പറഞ്ഞു" ഇതിയാന്റെ വീടും കോപ്പും ഒന്നും എനിക്കു വേണ്ടാ, കേസു ജയിച്ചാല്‍ അതു ഇതിയാനു തന്നെ തന്നേക്കാം കേസു നടത്താനോ കോടതിയില്‍ വരാനോ എന്നെ കിട്ടില്ല.വക്കാലത്തോ അന്യായമോ എന്തു വേണമെങ്കിലും ഞാന്‍ ഒപ്പിട്ടു തന്നേക്കാം അല്ലാതെ ഒന്നിനും എന്നെ നോക്കേണ്ട" അങ്ങിനെ മറിയാമ്മ വാദി ആയും തോമാച്ചനും ചിന്നമ്മയും ഒന്നും രണ്ടും പ്രതികളുമായി കോടതിയില്‍ കേസു ഫയല്‍ ചെയ്തു. ആദ്യ അവധിക്കു തന്നെ തോമാച്ചന്‍ കേസില്‍ എക്സ് പാര്‍ട്ടി ആയി. പിന്നീടു വാദി മറിയാമ്മയും രണ്ടാം പ്രതി ചിന്നമ്മയുമായി കേസു തുടര്‍ന്നു. വാദി മറിയാമ്മ ആയിരുന്നു എങ്കിലും ഒരിക്കല്‍ പോലും അവര്‍ കോടതിയില്‍ വരുകയോ വക്കീലുമായി ബന്ധപ്പെടുകയോ ചെയ്തില്ല.തോമാച്ചനാണു കേസു നടത്തിയതു. ഈ കേസിന്റെ ഐഡിയ തോമാച്ചനു പറഞ്ഞു കൊടുത്ത വക്കീലിനെ തന്നെയാണു തോമാച്ചന്‍ കേസിന്റെ ചുമതല ഏള്‍പ്പിച്ചിരുന്നതും.അങ്ങിനെയാണു തോമാച്ചന്‍ കോടതി വരാന്തയിലെ സ്ഥിര സാന്നിദ്ധ്യമായതു.കേസു വിസ്താരം നടക്കുമ്പോല്‍ തോമാച്ചന്‍ വരാന്തയില്‍ നിന്നു സശ്രദ്ധം വീക്ഷിക്കും.ഭാവങ്ങള്‍ അയാളുടെ മുഖത്തു മാറി മാറി വരും.വാദി ഭാഗം വക്കീല്‍ വാദിക്കുമ്പോള്‍ അയാളുടെ മുഖത്തു"കേറി അടിയെടൊ വക്കീലേ" എന്ന ഭാവവും പ്രതി ഭാഗം വക്കീല്‍ വാദിക്കുമ്പോള്‍ "പിന്നേയ്..ഇയ്യാളു ഉലുത്തും" എന്ന ഭാവവുമാണു വരുന്നതു. ഇതെല്ലാമാണെങ്കിലും ചിന്നമ്മയുടെ നിഴല്‍ കോടതി വരാന്തയില്‍ എവിടെ എങ്കിലും കണ്ടാല്‍ അപ്പോള്‍ തോമാച്ചന്‍ സ്ഥലം വിടും.ചിന്നമ്മ പോയി കഴിഞ്ഞേ പിന്നെ ആശാന്‍ രംഗപ്രവേശനം ചെയ്യൂ.മറിയാമ്മ സുഖം ഇല്ലാതെ കിടക്കുകയാണെന്നും പകരം അവരുടെ ബന്ധുവിനെ തെളിവു തരാന്‍ അനുവദിപ്പിക്കണമെന്നു വാദി ഭാഗം കൊടുത്ത ഹര്‍ജി അനുവദിച്ചതിനാല്‍ മറിയാമ്മക്കു പകരം മറ്റൊരാളെ വാടകക്കു വെച്ചു തോമാച്ചന്‍ കിളി പോലെ മൊഴി കൊടുപ്പിച്ചു. കേസു ജില്ലാ കോടതി ഹൈക്കോടതി പിന്നെയും കീഴ്ക്കോടതി ഇങ്ങിനെ വര്‍ഷങ്ങള്‍ നീണ്ടു. തോമാച്ചന്റെ കയ്യിലെ പൈസായെല്ലാം തീര്‍ന്നു; അയാള്‍ വയസ്സനുമായി.എന്നിട്ടും വാശി മൂത്ത അയാള്‍ തളര്‍ന്നില്ല.പകല്‍ കൂലിക്കു ബീഡി തെറുത്തു പൈസ്സാ ഉണ്ടാക്കി വക്കീലിനു കൊടുത്തു. രാത്രി കോടതിക്കു സമീപമുള്ള ഹോട്ടലില്‍ എച്ചില്‍ പാത്രങ്ങല്‍ കഴുകി രാത്രിയിലെയും രാവിലത്തെയും ആഹാരം കണ്ടെത്തി.ഉറക്കം ഹോട്ടലിന്റെ തിണ്ണയില്‍.ഉച്ചക്കു പട്ടിണി.പക്ഷേ വിട്ടു വീഴ്ച്ചയില്ലാത്ത വാശി അയാളെ മുമ്പോട്ടു നയിച്ചു.ഒറ്റ ലക്ഷ്യം;ചിന്നമ്മയോടു പകരം വീട്ടുക.ഇതിനിടയില്‍ അയാള്‍ക്കു ചിന്നമ്മയോടു പക കൂടാന്‍ മറ്റൊരു കാരണവും ഉണ്ടായി. അപ്പോഴേക്കും ചിന്നമ്മയുടെ മക്കള്‍ വലുതായി.അയാളെ കണ്ടാല്‍ അവരും അയാളുടെ നേരെ കയര്‍ക്കാന്‍ തുടങ്ങി. ചിന്നമ്മയുടെ പ്രേരണയാലാണതു എന്നാണു തോമാച്ചന്റെ നിഗമനം. എല്ല കോടതികളിലും വിധി മറിയാമ്മക്കു അനുകൂലമായിരുന്നു. തോമാച്ചന്‍ ആഹ്ലാദം കൊണ്ടു തുള്ളി ചാടി. എത്രയോ വര്‍ഷങ്ങളിലെ പ്രയത്നം. പട്ടിണി കിടന്നു തളര്‍ന്നു കേസു നടത്തി അവസാനം തന്റെ പ്രതികാരം നിറവേറാന്‍ പോകുന്നു.മറിയാമ്മക്കു അനുകൂലമായ വിധി നടപ്പിലാക്കി ചിന്നമ്മയെ വീടിലും പുരയിടത്തിലും നിന്ന് കോടതിയിലെ ആമീന്‍ മുഖേനെ ഒഴിപ്പിച്ചുവീടും പുരയിടവും മറിയാമ്മക്കു കൊടുപ്പിക്കാന്‍ പോകുന്ന ദിവസമാണു അന്നു. വിധിയിലൂടെ മറിയാമ്മ വീടിനും സ്ഥലത്തിനും അവകാശി ആയി തീര്‍ന്നു എങ്കിലും വിധി നടത്തി എടുപ്പിക്കുക എന്ന ചടങ്ങു മാത്രം. രാവിലെ തന്നെ തോമാച്ചന്‍ കോടതി വരാന്തയിലെത്തി.പ്രസന്നമായ മുഖം.മറിയാമ്മക്കു പകരം സ്ഥലത്തു ആമീനുമായി പോയി വീടും സ്ഥലവും നിയമാനുസരണം ഏറ്റെടുക്കുവാന്‍ ഒരു ആളെയും സംഘടിപ്പിച്ചിട്ടുണ്ടു.(ഇത്രയും വര്‍ഷത്തെ കേസു നടത്തിപ്പു മൂലം തോമാച്ചന്‍ അര വക്കീലായി തീര്‍ന്നിരുന്നു.) കേസു വിളിച്ചു.തോമാച്ചന്‍ കോടതി വാതില്‍ക്കല്‍ വിജയ ഗീഷുവായി നില്‍ക്കുന്നു. ആമീനെ നിയമിക്കാന്‍ വാദി വക്കീല്‍ അപേക്ഷിച്ചു.എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി പ്രതി വക്കീലിനോടു ഒരു ചടങ്ങു എന്ന മട്ടില്‍ ചോദിച്ചു. തോമാച്ചന്റെ മുഖത്തു പുഛ ഭാവം. "യുവര്‍ ഓണര്‍ ആമീനെ നിയമിക്കേണ്ട ആവശ്യമില്ല. കോടതി വിധി മുഖേനെ വീട്ടിലും സ്ഥലത്തിലും തനിക്കു കിട്ടിയ അവകാശം വാദി മറിയാമ്മ രണ്ടാം പ്രതി ചിന്നമ്മക്കും മക്കള്‍ക്കും പ്രതിഫലം കൈ പറ്റി വിലക്കു കൊടുത്തു.വിലയാധാരം ഞാന്‍ ഇതാ ഹാജരാക്കുന്നു. വാദി മറിയാമ്മയും രണ്ടാം പ്രതി ചിന്നമ്മയും തമ്മിലുള്ള കേസു അവര്‍ തമ്മില്‍ ഇപ്റകാരം രാജി ആയി. ഒന്നാം പ്രതി തോമാച്ചന്‍ ഈ കേസില്‍ ആദ്യം മുതലേ എക്സ് പാര്‍ട്ടിയാണു." "ഹയ്യോഓഓ...." എന്ന ഒരു അലര്‍ച്ച ആണു തോമാച്ചനില്‍ നിന്നും ഉണ്ടായതെന്നു കണ്ടു നിന്നവര്‍ക്കു തോന്നി. പക്ഷേ ആ അലര്‍ച്ചയുടെ ശബ്ദം പുറത്തുവന്നില്ല. വാദി വക്കീലും അന്തം വിട്ടു നിന്നു.കാരണം മറിയാമ്മയുമായി അയാള്‍ക്കു ഒരു ബന്ധവും ഇല്ലായിരുന്നല്ലോ,എല്ലാം തോമാച്ചനാണല്ലോ നടത്തിയിരുന്നതു. കോടതിയിലെ വിധി തോമാച്ചന്‍ താന്‍ ഉദ്ദേശിച്ച പോലെ കൊണ്ടു വന്നു. പക്ഷേ ആകാശത്തു ഇരുന്നവന്റെ വിധി മറ്റൊന്നായിരുന്നു. ഇങ്ങിനെ ഒരു അടി തോമാച്ചന്‍ പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ നിലത്തു കുഴഞ്ഞു വീണു. പക്ഷേ ബോധം നശിച്ചിരുന്നില്ല. ആ അലര്‍ച്ച അപ്പോഴും അയാളുടെ തൊണ്ടയില്‍ തടഞ്ഞിരിക്കുന്നുവെന്നു കണ്ടു നില്‍ക്കുന്നവര്‍ക്കു തോന്നി. അരെല്ലാമോ ചേര്‍ന്നു അയാളെ പൊക്കി എടുത്തു മാറ്റി കിടത്തി വീശി കൊടുത്തു. വര്‍ഷങ്ങള്‍ എടുത്തു താന്‍ കഷ്ടപ്പെട്ടു പണിതുയര്‍ത്തിയ വീടു വാസ്തു ബലിയുടെ അന്നു ഇടിഞ്ഞു തന്റെ തലയില്‍ വീണവനെപ്പോലെ ആയി അയാള്‍. തോമാച്ചനെ പിന്നെ കോടതിക്കാര്‍ കണ്ടിട്ടില്ല. കേസു തോറ്റു താനും മക്കളും വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നു ഉറപ്പായ ചിന്നമ്മ സ്ഥലത്തെ പുരോഹിതനെയും കൂട്ടി മക്കളുമായി മറിയാമ്മയെ പോയി കണ്ടു കരഞ്ഞു കാലു പിടിച്ചു. നഷ്ടപ്പെടാന്‍ തനിക്കു ഒന്നും ഇല്ലാ എന്നു കണ്ടതിനാലും പുരോഹിതന്റെ ഉപദേശത്താലും ചെറിയ ഒരു തുക പ്രതിഫലം പറ്റി മറിയാമ്മ ചിന്നമ്മയുടെയും മക്കളുടെയും പേരില്‍ തന്റെ അവകാശംആധാര പ്രകാരം ഒഴിഞ്ഞു കൊടുത്തുവെന്നും അതിനാല്‍ ചിന്നമ്മ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നില്ലാ എന്നുമാണു അറിയാന്‍ കഴിഞ്ഞതു. കോടതി തിണ്ണയില്‍ കഴിഞ്ഞിരുന്ന തോമാച്ചന്‍ ഇതെങ്ങിനെ അറിയാന്‍. തോമാച്ചന്‍ തന്നോടു ചെയ്തിരുന്ന വഞ്ചനയാല്‍ മറിയാമ്മയുടെ ഉള്ളില്‍ ഉണ്ടായിരുന്ന തീ അണഞ്ഞിരുന്നില്ലാ എന്നു വ്യക്തം. അവസാനം വരെ വാശിയിലും വൈരാഗ്യത്തിലും കേസു നടത്തി വിജയിച്ചിട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും പരാജയം ഏറ്റു വാങ്ങിയ ആ മനുഷ്യന്റെ മുഖത്തു ആ ദിവസം കണ്ട ഭാവം! അതു എഴുതിയോ വരച്ചോ കാണിക്കാന്‍ കഴിയില്ല. (കോടതിക്കഥകള്‍ തുടരുന്നു)
Subscribe to:
Post Comments (Atom)
പെണ്ണൊരുമ്പെട്ടാൽ...!
ReplyDeleteചാത്തനേറ്: പാവം, എന്നാലും ചവിട്ടി വിട്ട മൂര്‍ഖനെക്കൊണ്ട് രാജവെമ്പാലയെ കൊത്തിക്കാന്‍ ശ്രമിച്ച കഥ കൊള്ളാം, ഇതേ നിലവാരത്തില്‍ പോവുകയാണേല്‍ കോടതിക്കഥകള്‍ ഒരു പുസ്തകമായേക്കും....
ReplyDelete..പാവം അച്ചായനെ പെണ്ണുങ്ങള്‍ രണ്ടും പറ്റിച്ചു കളഞ്ഞുവല്ലേ..?!
ReplyDeleteസമൂഹത്തിന്റെ {പച്ചയായ} ക്രോസ് സെക്ഷൻ കാണണമെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ ചെന്നാൽ മതി എന്ന് ഒരു സീനിയർ വക്കീൽ പറയുമായിരുന്നു. മേക്കപ്പിടാത്ത വേഷങ്ങൾ!!
ReplyDeleteഈ സിവിൽ കേസിലും കാണാം മേക്കപ്പിടാത്ത ചില വേഷങ്ങൾ.
ആദ്യമായാണ് കോടതിക്കഥകൾ വായിക്കുന്നത്. ഒരു ദിവസം ഇരുന്ന് മുഴുവൻ കവർ ചെയ്യുന്നുണ്ട് :)