Sunday, May 31, 2009
കോടതിക്കഥകള്‍..(.ഭാഗം നാല്)
റെയില്‍വേ കോടതിയിലാണ് നാം ഇപ്പോള്‍ . അന്ന് രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ സിറ്റിംഗ് രണ്ടു മണി ആയപ്പോഴാണ് തീര്‍ന്നുകിട്ടിയത്.അവസാന കേസ്സ് വിളിച്ചപ്പോള്‍ ആര്‍.പീ.എഫ്‌കാര്‍ (റെയില്‍വേ സംരക്ഷണ സേന)ഒരു പ്രതിയെ ഹാജരാക്കി.നാല്‍പ്പതു വയസ്സ് കാണും. അമിതമായി മദ്യപിചിരിക്കുന്നു എന്ന് കാഴ്ചയില്‍ തന്നെ വ്യക്തം.ആള്‍ രണ്ടു വശത്തേക്കും ആടുന്നുണ്ട്. കണ്‍ പോളകള്‍ പണിപ്പെട്ടാണ് തുറന്നു കോടതിയെ നോക്കുന്നത്. നമുക്കു ഈ പ്രതിയെ രാമുഎന്നു വിളിക്കാം. മജിസ്ട്രേട്ട് കുറ്റപത്രം വായിച്ചു."പ്രതി ട്രെയിനില്‍ മദ്യപിച്ചു ഉന്മത്തനായി മറ്റു യാത്രക്കാര്‍ക്ക് ശല്യം ഉണ്ടാക്കിയും അറപ്പുംവെറുപ്പും ഉളവാക്കുന്ന രീതിയില്‍ അശ്ലീല വാക്കുകള്‍ പറഞ്ഞും എതിര്‍ ഭാഗം സീറ്റില്‍ ഇരുന്ന സ്ത്രീയുടെ മടിയിലേക്ക് കാല്‍ നീട്ടി വെച്ചു അവരെ ഉപദ്രവിച്ചും അത് എതിര്‍ത്ത അവരെ ചീത്ത പറഞ്ഞും ബഹളം കേട്ടുഎത്തിയ ഡ്യൂട്ടി പോലീസുകാരന്റെ ജോലിക്ക് തടസ്സം ഉണ്ടാക്കിയതിനും റെയില്‍വേ ആക്റ്റ് വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം പ്രതി ചെയ്തിരിക്കുന്നു എന്ന്". കുറ്റപത്രം പ്രതിയെ വായിച്ചു കേള്‍പ്പിച്ചതിന് ശേഷം "കുറ്റം ചെയ്തിട്ടുണ്ടോ " എന്ന് മജിസ്ട്രേട്ട് ആരാഞ്ഞു. "ഹൊ! ഒന്നു കാലെടുത്തു എന്ന് വെച്ചു അവളുടെ ചാരിത്ര്യം അങ്ങ് പോയോ" പ്രതിയുടെ ചോദ്യം കോടതിയോടാണ്. "നിങ്ങളെ വായിച്ചു കേള്‍പ്പിച്ച കുറ്റം നിങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നാണു ചോദിക്കുന്നത്" മജിസ്ട്രേട്ട് കര്‍ശനമായി വീണ്ടും ചോദിച്ചു "വെള്ളം അടിച്ച് അത് കുറ്റമാണോ? സര്‍ക്കാരിന്റെ ബാറില്‍ നിന്നും ഞാന്‍ ജോലി ചെയ്ത പൈസ്സ കൊടുത്തു വാങ്ങി കുടിച്ചു . അത് കുറ്റമാണോ? എന്നാല്‍ ഈ ബാര്‍ എല്ലാം സര്‍ക്കാര്‍ അങ്ങ് പൂട്ടട്ടെ. കാല് ഒന്നു നീട്ടി വെച്ചു. പോലീസ്സ്കാരന്‍ വന്നു കയ്ക്ക് പിടിച്ചു ഞാന്‍ അയാളോട് പച്ച മലയാളത്തില്‍ മറുപടി പറഞ്ഞു. അതൊരു സില്ലീ മാറ്റര്‍. ഞാന്‍ ഒരു വക്കീല്‍ ഗുമസ്തനാണ് സാറേ എനിക്ക് നിയമം അറിയാം".പ്രതിയുടെ മറുപടി ഇങ്ങിനെ ആയിരുന്നു. "ഉച്ചക്ക് രണ്ടു മണി നേരത്ത് കൊണ്ടു വരാന്‍ കണ്ട കേസ്സ്" എന്നഭാവത്തിലായിരുന്നു ആര്‍.പീ.എഫ്. ഭാഗം വക്കീലിനെ മജിസ്ട്രേട്ട് നോക്കിയത്. "നിങ്ങള്‍ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കുറ്റം ചെയ്തിട്ടുണ്ടോ ഉണ്ട് അല്ലങ്കില്‍ ഇല്ലാ ഇതില്‍ ഏതെങ്കിലും മറുപടി പറഞ്ഞാല്‍ മതി" ആര്‍.പീ. എഫ്. വക്കീല്‍ കര്‍ശനമായി പറഞ്ഞു. "ഇല്ലാ" പ്രതിയുടെ മറുപടി. പ്രതി കുറ്റം നിഷേധിചിരിക്കുന്നതിനാല്‍ കേസ്സ് തെളിവിനായി മാറ്റണം. എന്നാല്‍ പ്രതിയെ ജാമ്യക്കാരില്ലാതെ വിട്ടാല്‍ കേസ്സ് വിചാരനെക്കെടുക്കുമ്പോള്‍ പ്രതി മുങ്ങിക്കളയും എന്ന് വാദി വക്കീല്‍. പ്രതിയോട് ജാമ്യക്കാര്‍ ഉണ്ടോ എന്ന് അന്വേഷിച്ചതില്‍ "എനിക്ക് ജാമ്യക്കാരെനെ വേണ്ടാ" എന്നായിരുന്നു പ്രതിയുടെ ധിക്കാരം നിറഞ്ഞ മറുപടി. രണ്ടു പേരുടെ മതിയായ ജാമ്യത്തില്‍ പ്രതിയെ ജാമ്യത്തില്‍ വിടാനും ജാമ്യക്കാര്‍ ഇല്ലാ എങ്കില്‍ ജാമ്യക്കാര്‍ വരുന്നതു വരെ പ്രതിയെ റിമാന്റ് ചെയ്യാനും ലഭ്യമായ വിലാസത്തില്‍ അയാള്‍ ഇപ്പോള്‍ ജയിലില്‍ ആണ് എന്ന് കാണിച്ചു ടെലഗ്രാം അയക്കാനും നിര്‍ദേശിച്ചു കോടതി പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു ബെഞ്ച് പിരിഞ്ഞു. കോടതി പിരിഞ്ഞു മജിസ്ട്രേട്ട് തൊട്ടു അടുത്തുള്ള സ്വന്തം ചേംബറില്‍ എത്തിയതെ ഉള്ളൂ. കോടതി ഹാളില്‍ നിന്നും പ്രതിയുടെ ശബ്ദം ഉയര്‍ന്നുകേട്ടു. "ഏത് പട്ടാളത്തെ കൊണ്ടു വന്നു കാവല്‍ ഇട്ടാലും ശരി എന്നെ റിമാന്റ് ചെയ്ത മജിസ്ട്രേട്ടിനെ ഞാന്‍ ചവിട്ടും...."തുടര്‍ന്ന് ആരോ അയാളുടെ വായ് പൊത്തി പിടിച്ചത് പോലെ ശബ്ദം നിലച്ചു. പ്രതിക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ മജിസ്ട്രേറ്റിന്റെ ഉള്ളില്‍ ഇരുന്നു ആരോ ചുര മാന്തി എങ്കിലും പെട്ടെന്ന് തന്നെ സംയമനം വീണ്ടെടുത്തു. അതോടൊപ്പം മറ്റൊരു കാര്യവും തലയില്‍ വന്നു. പ്രതിയുടെ ഈ ഭീഷണിയും ധിക്കാരവും കണ്ടറിഞ്ഞ പോലീസ്സുകാര്‍ അയാളെ ജെയിലില്‍ എത്തിക്കുന്നതിന് ഇടയില്‍ അയാളെ പൊരിക്കും. അത് തീര്‍ച്ച.മദ്യപിച്ചവനെ തല്ലുന്നതും പട്ടിയെ തല്ലുന്നതും ഒരു പോലെയാണ്. പക്ഷെ പോലീസുകാര്‍ക്ക് കലി ബാധിച്ചു നില്‍ക്കുകയാണ്.മജിസ്ട്രേട്ട് ഉടനെ കാളിംഗ് ബെല്‍ അടിച്ച് പോലീസുകാരെ ചേംബറില്‍ വരുത്തി. പ്രതിയുടെ ഭീഷണി മജിസ്ട്രേട്ട് കേട്ടു കാണുമോ എന്ന പരിഭ്രമം പോലീസ്സുകാരുടെ ഉള്ളില്‍ ഉണ്ടായിരുന്നതിനാലാവം അവര്‍ പറഞ്ഞു"അവന്‍ അഹങ്കാരി ആണ് സാര്‍" "അവന്‍ ആരും ആകട്ടെ പക്ഷെ നിങ്ങള്‍ ആരും അയാളെ ഉപദ്രവിക്കരുത്. ജയില്‍ ജീവനക്കാരോടും ഇതു പറയണം അവരും അയാളെ തൊടരുത്."മജിസ്ട്രേട്ട് കര്‍ശനമായി താക്കീത് ചെയ്തു.പോലീസുകാര്‍ പോയത് നിരാശയോടെ ആണ് എന്നത് തീര്‍ച്ച . പതിനാലു ദിവസത്തിന് ശേഷം പ്രതിയെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി. പ്രതി ശാന്തനാണ്.കയ്യില്‍ ഇരുന്ന അപേക്ഷ ബെഞ്ച് ക്ലാര്‍ക്ക് മുഖേനെ മജിസ്ട്രേറ്റിനു കൊടുത്തു. കഴിഞ്ഞ തവണ കുറ്റപത്രം വായിച്ചപ്പോള്‍ അത് മനസ്സിലായില്ലെന്നും മനസ്സിലാക്കാതെയാണ് ഉത്തരം പറഞ്ഞതെന്നും അതിനാല്‍ ദയവു ചെയ്തു കുറ്റപത്രം വീണ്ടും വായിക്കനമെന്നായിരുന്നു അപേക്ഷ. അപേക്ഷ അനുവദിച്ചു മജിസ്ട്രേട്ട് കുറ്റപത്രം വീണ്ടും വായിച്ചു കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു."ഉണ്ടേ കുറ്റം ചെയ്തിട്ടുണ്ടേ മാപ്പാക്കണേ മേലില്‍ ചെയ്യില്ലേ " എന്നുള്ള പ്രതിയുടെ മറുപടി കേട്ടു കോടതി അമ്പരന്നു. യാതൊരു ധിക്കാരവുമില്ല; വിനയത്തോടും എളിമയോടും കൈ കൂപ്പി തലയും കുനിച്ചു നില്‍പ്പാണ്."സ്വന്തം ഇഷ്ട പ്രകാരമാണോ കുറ്റം സമ്മതിക്കുന്നത് " മജിസ്ട്രേട്ട് വീണ്ടും ചോദിച്ചു. "ആണേ ആരും പ്രേരിപ്പിചില്ലേ" ഇതായിരുന്നു മറുപടി. മജിസ്ട്രേട്ട് പോലീസുകാരെ സൂക്ഷിച്ചു നോക്കി"ഇവര്‍ ഇയാളെ കൈ കാര്യം ചെയ്തോ" ഞങ്ങളൊന്നും ചെയ്തില്ലേ ഇതായിരുന്നു അവരുടെ മുഖത്തെ ഭാവം. ജയില്‍ ഉദ്യോഗസ്ഥര്‍ പ്രതിയെ പൊരിച്ചോ മജിസ്ട്രേറ്റിനു പിന്നെയും സംശയം. ഒരു അന്വേഷണാത്മക സ്വഭാവം മജിസ്ട്രേറ്റിനു ഉള്ളതിനാല്‍ കേസ്സ് പിന്നീട് വിളിക്കാന്‍ മാറ്റിയതിനു ശേഷം കുറച്ചു കഴിഞ്ഞു ബെഞ്ച് പിരിഞ്ഞു. ബന്ധപ്പെട്ട പോലീസ്സ് അധികാരിയെ മജിസ്ട്രേട്ട് ചേംബറില്‍ വിളിപ്പിച്ചു."നിങ്ങള്‍ ആ പ്രതിയെ ഉപദ്രവിച്ചോ അടി കിട്ടാതെ അയാള്‍ ഇത്രയും മര്യാദക്കാരന്‍ ആവില്ല." മജിസ്ട്രേട്ട് ദേഷ്യപ്പെട്ടു. "സത്യമായിട്ടും ഞങ്ങളോ ആര്‍.പീ. എഫ്കാരോ ജയില്‍ അധികാരികളോ അയാളെ ഉപദ്രവിച്ചിട്ടില്ല" ആ മറുപടിയിലെ ഒരു സൂചന മജിസ്ട്രേട്ട് കണ്ടെത്തി. "അപ്പോള്‍ ഈ മൂന്ന് പേരുമല്ലാത്തആരോ അയാളെ ഉപദ്രവിച്ചു അല്ലെ സത്യം പറയുക" മജിസ്ട്രേറ്റിന്റെ കര്‍ശനമായ ചോദ്യത്താല്‍ അയാള്‍ സത്യം പറഞ്ഞു.അത് ഇങ്ങിനെ ആയിരുന്നു. കോടതിയിലെ പ്രതിയുടെ പരാക്രമങ്ങള്‍ പോലീസ് വഴി ജെയിലില്‍ അറിഞ്ഞു. മജിസ്ട്രേറ്റിന്റെ താക്കീത് കാരണം പോലീസോ ആര്‍.പീ.എഫോ ജെയില്‍ അധികാരികളോ പ്രതിയെ തൊട്ടില്ല.പക്ഷെ മറൊന്നു നടന്നു.ജെയില്‍ അങ്കണത്തില്‍ വെച്ചു മൂന്ന് തടിമാടന്മാര്‍ ജയില്‍ പുള്ളികള്‍ നമ്മുടെ പ്രതിയെ സ്വീകരിച്ചു.മൂന്നു പേരും കൈ കൂപ്പി അയാളെ തൊഴുതു."കോടതിയെ ശരിയാക്കും എന്ന് സാര്‍ പറഞ്ഞതായി അറിഞ്ഞു" അവര്‍ വീണ്ടും തൊഴുതു.പ്രതി ഗമയില്‍ ഞെളിഞ്ഞു നിന്നു."കോടതിയെ ചവിട്ടും എന്ന് പറഞ്ഞ കാല്‍ ഒന്നു കാണിച്ചേ"മദ്യ ലഹരിയില്‍ ആയിരുന്ന പ്രതി ഗമയില്‍ ഒരു കാല്‍ പൊക്കി കാണിച്ചു.ഒറ്റക്കാലില്‍ നിന്ന പ്രതിയുടെ മറ്റേ കാലില്‍ ഓര്‍ക്കാപ്പുറത്ത് ഒരു തടിയന്‍ ഒരു തട്ട് കൊടുത്തു. പ്രതി മലര്‍ന്നു വീണു.വീണ്ടും എഴുനേറ്റു നിന്ന പ്രതിയോട് അവര്‍ കാല്‍ കാണിക്കാന്‍ പിന്നെയും ആവശ്യപ്പെട്ടു.തന്ത്രം മനസ്സിലാക്കിയ പ്രതി അനങ്ങിയില്ല. അപ്പോള്‍ ഒരു തടിയന്‍ മുതുകില്‍ നല്ല ഒരു ഇടി പാസ്സാക്കി ആവശ്യപ്പെട്ടു."കാല് കാണിക്കെടാ" നിവര്‍ത്തി ഇല്ലെന്നു വന്നപ്പോള്‍ പ്രതി കാല് പൊക്കി കാണിച്ചതും മറ്റേ കാലില്‍ തട്ട് കിട്ടി അയാള്‍ മറിഞ്ഞു വീണതും ഒപ്പമായിരുന്നു. പ്രതി മറു കടകം എടുത്തു. കിടന്നിടത്ത് നിന്നു എഴുനെല്‍ക്കാനെ മുതിര്‍ന്നില്ല.നിന്നാലല്ലേ വീഴുകയുള്ളൂ.അപ്പോള്‍ മൂന്നാമത്തെ തടിയന്‍ പ്രതിയുടെ കാലുകള്‍ക്ക് ഇടയില്‍ പ്രതിക്ക് പുറം തിരിഞ്ഞു നിന്നു പ്രതിയുടെ കാല് രണ്ടും പൊക്കി പഴയകാലത്ത് മനുഷ്യന്‍ വലിക്കുന്ന റിക്ഷ വണ്ടി പോലെ കാലും വലിച്ചു ഓടി. തറയില്‍ തല തട്ടി പ്രതി വലിച്ചു ഇഴക്കപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ പ്രതി രണ്ടു കാലില്‍ നിവര്‍ന്നു നിന്നാല്‍ അപ്പോള്‍ ഏതെങ്കിലും പുള്ളി ഓടിവന്ന് കാലില്‍ തട്ടി താഴെ ഇടും."ഇപ്രകാരം ഒരു ഒരുക്കല്‍ അവിടെ നടന്നു എന്ന് കൂടെ ഉണ്ടായിരുന്ന റിമാന്റ് പ്രതികളില്‍ നിന്നും അറിഞ്ഞു .സത്യം ആണോ എന്ന് അറിയില്ല" പോലീസ്സുകാരന്‍ ചുരുക്കി. വാര്‍ത്തസത്യം ആണെങ്കില്‍ മജിസ്ട്രേട്ട് പറഞ്ഞതു അവര്‍ അക്ഷരാര്‍ഥത്തില്‍ അനുസരിച്ചു. പോലീസോ മറ്റു ഒരു അധികാരികളുമോ പ്രതിയെ തൊട്ടില്ല.അയാള്‍ക്ക് കൊടുക്കണമെന്ന് അവര്‍ നിച്ചയിച്ചത് അവര്‍ കൊടുപ്പിച്ചു. പ്രതിക്ക് പരാതി ഇല്ലാത്തിടത്ത് മജിസ്ട്രേറ്റിനു എന്ത് ചെയ്യാന്‍ കഴിയും. വീണ്ടും പ്രതിയോട് സ്വന്ത മനസ്സാലെ ആണോ കുറ്റം സമ്മതിക്കുന്നതെന്നും ജയിലില്‍ ആരെങ്കിലും ഉപദ്രവിച്ചോ എന്ന് അന്വേഷിച്ചപ്പോള്‍ സ്വന്തം മനസ്സാലെ ആണ് കുറ്റം സമ്മതിക്കുന്നതെന്നും ജയിലില്‍ തന്നെ ആരും ഉപദ്രവിചിട്ടില്ലാ എന്നുമാണ് മറുപടി തന്നത് .പ്രതിയെ മൂന്ന് സെക്ഷനുകളില്‍ ആയി പതിനാലു ദിവസം വീതം തടവിനു ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നും അതിനാല്‍ ആകെ പതിനാലു ദിവസം മാത്രം ജയിലില്‍ കിടന്നാല്‍ മതിയെന്നും റിമാന്റില്‍ കിടന്ന ദിവസം ശിക്ഷയില്‍ തട്ടികഴിക്കാനും അതുകൊണ്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു അന്ന് തന്നെ ജയിലില്‍ നിന്നു വിടാനും ഉത്തരവ് ചെയ്തു. ശിഷ്ടം:- ജയില്‍ നടപടി പൂര്‍ത്തീകരിച്ചു പ്രതിയെ ജെയിലില്‍ നിന്നും വിടുതല്‍ ചെയ്തപ്പോള്‍ കുട്ടയില്‍ അടച്ചിട്ട പൂച്ച കുട്ട തുറക്കുമ്പോള്‍ പാഞ്ഞു കളയുന്നത് പോലെയാണ് പ്രതി ഓടിയതെന്ന് പിന്നീട് ആരോ പറഞ്ഞു കോടതിയില്‍ അറിഞ്ഞു. ഇനി ജീവിതത്തില്‍ അയാള്‍ ജെയിലിന്റെ പടിവാതില്‍ക്കല്‍ പോലും വരില്ലാ എന്ന് ഉറപ്പു .
Subscribe to:
Post Comments (Atom)
രസിച്ച് തന്നെ വായിച്ചു..
ReplyDeleteതുടരുക.ആശംസകൾ...
ചാത്തനേറ്: അപ്പോള്‍ ജെയിലില്‍ തല്ലിയാല്‍ ചോദിക്കാനും പറയാനുമൊന്നും ആളില്ലേ? ചുമ്മാതല്ല നമ്മടെ കള്ളസാമി എന്നെ ആ ജെയിലില്‍ കൊണ്ടോണ്ട മറ്റേ ജെയിലില്‍ കൊണ്ടോയാ മതി എന്ന് പറഞ്ഞത്.
ReplyDeleteഓടോ:വേഡ് വെരി കളഞ്ഞില്ലേല്‍ ഇനി കമന്റിടൂലാട്ടാ ;)
പ്രിയ കുട്ടിചാത്തന്‍,
ReplyDeleteഉള്ള സത്യം തുറന്നു പറയട്ടെ. കഥ എഴുത്തു തുടങ്ങിയിട്ടു കാലം കുറെ ആയെങ്കിലും ബ്ലൊഗില്‍ കടന്നു കൂടിയിട്ടു ഏതാനും മാസങ്ങളേ ആയുള്ളൂ. കംബ്യൂട്ടെര്‍ തന്നെ പ്രാരംഭം മനസ്സിലാക്കിയതു അടുത്ത കാലത്താണു. ഇപ്പോഴും കംബ്യൂട്ടറില്‍ ഞാന്‍ ശിശു ആണു.കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്റമിക്കുന്നു. സമയം ഇല്ലായ്മ ആണു മുഖ്യ പ്റശ്നം. അതിനാല്‍ ഈ വേഡു വെരിഫിക്കേഷന്‍ എന്നെല്ലാം പറഞാല്‍ എനിക്കും ഒന്നും മനസ്സിലാകുന്നില്ലാ അനിയാ. സംശയ നിവര്‍ത്തി വരുത്താന്‍ പരിചയത്തില്‍ ആരുമില്ല.അറിയാന്‍ പാടില്ലാത്തതു ആരോടായാലും ചോദിച്ചു മനസ്സിലാക്കുന്നതില്‍ ഒരു പന്തികേടും ഇല്ലാ എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. ആകെ അറിയാവുന്നതു ബ്ലോഗില്‍ മംഗ്ലീഷ് ടൈപ്പു ചെയ്യാന്‍ മാത്റം. ഇപ്പോള്‍ ഇതു ടൈപ്പു ചെയ്യുന്നതു യാദ്റിചികമായി തനി മലയാളം സൈറ്റില്‍ കയറി ഒരു ബ്ലോഗ് പോസ്റ്റില്‍ കയറി പറ്റാനുള്ള ശ്റമത്തില്‍ ഇവിടെ അമര്‍ത്തുക എന്നു കണ്‍ടു അതു അമറ്ത്തി "മലയാളം എഴുതാന്‍ ഈ ഉപാധി സ്വീകരിക്കുക " എന്നിടത്തു വന്നു ഈ കമന്റു ഇടുന്നു. പലപ്പോഴും കമണ്ടു ഇങ്ലീഷില്‍ ആകാന്‍ കാരണം അതാണു. ഇത്രയും തുറന്നു പറയുന്നതു ബൂ ലോകത്തു നിന്നു എനിക്കു ഈ പ്റശ്നം പരിഹരിക്കാന്‍ വേണ്ട ഉപദേശം ലഭിക്കും എന്നു കരുതിയാണു.ബ്ലോഗ് ലോകത്തെ ഈ ശിശുവിനെ കൈ പിടിചു നടത്തും എന്നു ആശിക്കുന്നു.
:)പോസ്റ്റ് കൊള്ളാം...
ReplyDeletehttp://indradhanuss.blogspot.com/
http://bloghelpline.blogspot.com/
http://timepassfor.blogspot.com/
ഇവിടെ ഒക്കെ ഒന്ന് പോയാല്‍ ബ്ലോഗിങ്ങ് അടിപൊളിയാക്കാം.. :)
I got the meaning of word verification.Thanks hAnLLaLaTh.
ReplyDelete