Monday, June 29, 2009
Tuesday, June 23, 2009
ദുഷ്ടന്‍
വാഗ്ദാനം ചെയ്ത തുക പെണ്ണിനെ കണ്ടതിനു ശേഷം മാത്രമെ തരുകയുള്ളൂവെന്നും ഒരു രൂപാ പോലും മുന്‍ കൂറായി തരികയില്ലെന്നുംകര്‍ക്കശസ്വരത്തില്‍ ദുഷ്ടന്‍ ആവര്‍ത്തിച്ചു.മാത്രമല്ല തന്നെ കബളിപ്പിച്ചാല്‍ ഭവിഷ്യത്തു ഭയങ്കരമായിരിക്കുമെന്നും ആവശ്യാനുസരണം ദാദാമാര്‍ തന്റെ പക്കല്‍ ഉണ്ടെന്നും പിമ്പിനെ ഭീഷണിപ്പെടുത്താനും അയാള്‍ മറന്നില്ല. വിലകൂടിയ സ്കോച്ചു വാങ്ങി കൊട്ടാര സദ്രുശമായ വീട്ടിലിരുന്നു കുടിക്കുവാന്‍ കഴിയുമെങ്കിലും ദുര്‍ഗന്ധം നിറഞ്ഞ ചാരായ ഷാപ്പില്‍ ഇരുന്നു കാറിയും തുപ്പിയും ഉച്ചത്തില്‍ നാലു തെറി വിളിച്ചും ചാരായം കുടിക്കുന്നതിലാണു ദുഷ്ടന്‍ സുഖം കണ്ടെത്തിയിരുന്നതു. ബോളീവുഡിലെ കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളാരുടെ പുറകേ പോകാതെ ഈ ഇരുട്ടത്തു റെയില്‍ വേ ട്റാക്കിലൂടെ പിമ്പിന്റെ പിറകേ തട്ടിയും തടഞ്ഞും ഏതോ ചെറ്റപ്പുരയിലേക്കു പോകുന്നതുമയാളുടെ ഈ പ്രത്യേക സ്വഭാവത്താലാണല്ലോ! ദുഷ്ടനു സുഖിക്കണം .സുഖം ദുഷ്ടതയിലൂടെ തന്നെ വേണം. എന്നിട്ടു അലറണം.ഉച്ചത്തില്‍ അലറണം. സ്ത്രീ ജീവനക്കാരെ സ്വന്തം ആഗ്രഹ നിവര്‍ത്തിക്കു അയാള്‍ നിര്‍ബന്ധിക്കും.വഴങ്ങാന്‍ തയാറായാല്‍ തെറി വിളിച്ചു പുറത്തു ചാടിക്കും;വഴങ്ങാന്‍ തയാറായില്ലെങ്കില്‍ ഏതെങ്കിലും ചതി പ്രയോഗത്താല്‍ കമ്പനിക്കു പുറത്തു ഓടിക്കും.അവര്‍ എവിടെയെങ്കിലും പോയി തുലയട്ടെ,എന്നാലും ദുഷ്ടനു ദുഷ്ടതയിലൂടെ സുഖിക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പു നല്ലവനായ ഒരുചെറുപ്പക്കാരന്റെ കാമുകിയെ അവനു ഈ ലോകത്തിനുചേര്‍ന്ന വിധം വക്ര ബുദ്ധിയും കച്ചവട മനസ്ഥിതിയും ഇല്ലെന്ന കാരണത്താല്‍ പൊതു മരാമത്തു ഉടമ്പടിക്കാരനായ അവളുടെ അച്ചന്‍ മറ്റൊരാള്‍ക്കു വിവാഹം ചെയ്തു കൊടുത്തു.ചായയും കാപ്പിയും കുടിക്കാത്ത ചെറു ബീഡിപോലും വലിക്കാത്ത ഈ പാവത്താനു കൊടുത്താല്‍ അവളുടെ കാര്യം പോക്കാണെന്നു അവളുടെ അച്ചന്‍ കരുതിയിരുന്നു. നെറ്റിയിലേക്കു വീണിരുന്ന മുടിച്ചുരുളുകള്‍ മാടിയൊതുക്കി അവന്റെ നേരെ പാല്‍ പുഞ്ചിരി പൊഴിക്കാറുള്ള ആ നാട്ടുമ്പുറത്തുകാരിപ്പെണ്ണു ഒരു കുടവയറന്റെ കൂടെ ഇറങ്ങിപ്പോകുന്നതു കണ്ടു കയറെടുക്കാനോ പറങ്കിമാവില്‍ കയറാനോ ഒരുമ്പെടാതെ അവന്‍ ആദ്യമായി ചാറ്മിനാര്‍ സിഗററ്റു വലിച്ചു പുക ശ്ക്തിയായി പുറത്തേക്കു ഊതി പരിശീലിക്കുകയും പിറ്റേദിവസം കള്ളവണ്ടി കയറി ബോംബെയില്‍ എത്തുകയും പിന്നീടു എങ്ങിനെയോ നാലഞ്ചു കമ്പനികളുടെ ഉടമസ്ഥനായി തീരുകയും ചെയ്തു.അതോടെ ഒരു ദുഷ്ടന്‍ ഭൂമിയില്‍ ജന്മമെടുത്തു. റെയില്‍ വേ ട്രാക്കിനു സമീപത്തുള്ള കരിങ്കല്‍ കൂന ഇരുട്ടത്തു കാണാന്‍ കഴിയാതിരുന്നതിനാലും വയറ്റിലെ ചാരായം സമനില തെറ്റിച്ചതിനാലും മറിഞ്ഞുവീണപ്പോള്‍ അയാള്‍ക്കു ദേഷ്യം വന്നില്ല എങ്കിലും തന്നെ പിടിച്ചു എഴുന്നേല്പ്പിക്കാന്‍ മുമ്പേ പോകുന്നവന്‍ ശ്രമിച്ചപ്പോള്‍ കോപം ആളി കത്തുകയും അവിടെ കിടന്നു കൊണ്ടു പിമ്പിന്റെ മൂന്നു തലമുറകളെ തെറി വിളിക്കുകയും ചെയ്തു. "ഇനി എത്ര ദൂരമുണ്ടെടാ കഴുവര്‍ടാമോനേ" ദുഷ്ടന്‍ അലറി. "ഇതാ എത്തിപ്പോയി സാബ്" "നിന്റെ ഒടുക്കത്തെ എത്തല്‍" ദുഷ്ടന്‍ പിരാകി. പബ്ലിക്കു മൂത്റപ്പുരയുടെ സമീപമുള്ള ഒരു കലുങ്കു. സമീപം കത്തുന്ന തെരുവു വിളക്കിന്റെ മങ്ങിയ വെളിച്ചം അവിടെ പരന്നിട്ടുണ്ടു.കൊതുകുകള്‍ ചെവിക്കരികിലൂടെ മൂളിപ്പായുന്നു.എയര്‍കണ്ടീഷന്‍ മുറിയില്‍ ഉറങ്ങുന്ന ദുഷ്ടനു കൊതുകിന്റെ മൂളല്‍ വളരെ ഇഷ്ട്ടപ്പെട്ടു. നിരനിരയായി തകരഷീറ്റുകള്‍ മേഞ്ഞ കുടിലുകളൊന്നിന്റെ മുമ്പില്‍ ചെന്നു നിന്ന പിമ്പിന്റെ ചിലമ്പിച്ച അടയാള സ്വരം കേട്ടു അകത്തു നിന്നു കൊക്കികൊക്കി ചുമയ്ക്കിടയിലൂടെ മറുപടി"മോളേ ആളു വന്നെന്നു നീ ഒരുങ്ങ്" " മലയാളിയോ ദുഷ്ടന്‍ അതിശയിച്ചു. ആരായാലെന്താ തേങ്ങാക്കുല. അകത്തു നിന്നും വീണ്ടും ശബ്ദങ്ങള്‍."കുഞ്ഞിനു തീരെ വയ്യ ഞാന്‍ അടുത്തു നിന്നു മാറിയാല്‍...." "എന്നു പറഞ്ഞാല്‍ ഒക്കുമോ നട്ടിലെത്തെണ്ടേ കുഞ്ഞിനെ ആശുപത്രിയില്‍ കാട്ടണ്ടെ, ഇവിടെ ആരു നമ്മളെ സഹായിക്കാനാ...."ബാക്കി ചുമയില്‍ കുരുങ്ങിപ്പോയി. ദുഷ്ടനു പരമസുഖം തോന്നി."ബഹൂത്ത് ജോര്‍..ബഹൂത്ത് ഖുഷി" തന്റെ മുഖത്തെ സന്തോഷം കണ്ടതു കൊണ്ടാവാം പിമ്പിനും ത്രിപ്തി ആയെന്നു തോന്നി.അവന്‍ ചിരിക്കുന്നു."ചിരിക്കണ്ടെടാ കഴുവര്‍ടാമോനേ ഇവിടെ എവിടീങ്കിലും മാറി നിന്നോ, തിരികേ പോകുമ്പോഴേ നിന്റെ പൈസ്സ തരൂ . മുങ്കൂര്‍ പൈസ്സായും വാങ്ങി അങ്ങിനെ നീ കടന്നു കളയേണ്ടാ" ദുഷ്ടന്‍ ചീറിയപ്പോള്‍ പിമ്പു മൂത്രപ്പുരയുടെ ഇരുണ്ട ഭാഗത്തേക്കു ഓടി മാറി. അയാള്‍ അകത്തേക്കു എത്തി നോക്കി. തെരുവു വിളക്കിന്റെ വെളിച്ചം തകര ഷീറ്റുകള്‍ക്കിടയിലൂടെ അകത്തെ ഇരുള്‍ വകഞ്ഞു മാറ്റിയിരുന്നു. ചെമ്മീന്‍ പോലെ വളഞ്ഞ ഒരു കിളവന്‍. ഇരുപത്തിരണ്ടു വയസ്സു തോന്നിക്കുന്ന കാണാന്‍ തരക്കേടില്ലാത്ത ഒരു പെണ്ണ്. ഒരു ചെറിയ കുട്ടി അവളുടെ തോളില്‍ മയങ്ങി കിടക്കുന്നു. ദുഷ്ടന്‍ അകത്തേക്കു കടന്നപ്പോള്‍ പെണ്ണൂ കുഞ്ഞിനെ കിളവന്റെ കയ്യില്‍ കൊടുത്തു.പുറത്തേക്കു പോകുമ്പോല്‍ കിഴവന്‍ ചുമക്കുകയും തോളീല്‍ മയങ്ങിയിരുന്ന കുഞ്ഞു ഉണര്‍ന്നു കരയുകയും ചെയ്തു."നാശം" ദുഷ്ടന്‍ പിറുപിറുത്തു. ചാക്കു കൊണ്ടു മറച്ച ഒരു മൂലയില്‍ നിരത്തിയിട്ടിരുന്ന വീഞ്ഞ പെട്ടികളില്‍ അവള്‍ കയറി കിടന്നു. വെളിച്ചത്തിന്റെ ഒരു കീറു അവളുടെ കവിളിലെ നനവു ദുഷ്ടനു കാട്ടി കൊടുത്തപ്പോള്‍ ധാരാവിയിലെ വാറ്റുചാരായം കുടിച്ച സുഖം അയാള്‍ക്കു അനുഭവപ്പെട്ടു. അടുത്തേക്കു ചെല്ലാതെ നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു തുറിച്ചു നോക്കിയതു കൊണ്ടാവാം അവള്‍ ചോദിച്ചു. "ക്യാ"... "നെന്റെ ക്യാ....എഴുന്നേരെടീ കൂത്തിച്ചീ അവിടന്നു" ദുഷ്ടന്‍ അലറി."എവിടെയാടീ നിന്റെ വീടു.നാട്ടീന്നു കുറ്റീം പറിച്ചു ഇറങ്ങിയിരിക്കുവാ ഇവിടെ വന്നു ഇറച്ചി കച്ചവടം നടത്താന്‍ "ദുഷ്ടന്‍ കിതച്ചു.അവള്‍ അമ്പരക്കുകയും തുടര്‍ന്നു വിതുമ്പാന്‍ ആരംഭിക്കുകയും ചെയ്തു."നെയ്യാറ്റിങ്കരയാണു സാര്‍ വീടു, കുഞ്ഞിന്റെ അച്ചനു ഫുട്ട്പാത്തില്‍ കച്ചോടമായിരുന്നു,ഹര്‍ത്താല്‍ ദിവസം കച്ചോടം ചെയ്തപ്പോ സേനക്കാരു കുത്തിക്കൊന്നു.ഇവിടെന്നു ഉടനേ സ്ഥ്ലം വിട്ടോളാനും പറ്ഞ്ഞു. നാട്ടീ പോണം, കുഞ്ഞിനെ ആശുപത്രീ കാട്ടണം വേറെ വഴിയില്ലാഞ്ഞിട്ടാ സാറേ...."ഇത്രയും പറയുവാന്‍ വിങ്ങലിനിടയില്‍ അവള്‍ സമയം ഏറെ എടുത്തു.അയാള്‍ അവളെ അടിമുടി നോക്കി. തരക്കേടില്ലാത്ത ഒരു പെണ്ണൂ.ഇന്നു രത്രി കുശാല്‍...പക്ഷേ അയാള്‍ അവിടെ തന്നെ നിന്നു. ഏതോ ട്രെയിനിന്റെ ചൂളം വിളി കുടില്‍ മേഞ്ഞിരുന്ന തകര ഷീറ്റിനെ വിറപ്പിച്ചു. ട്റെയിന്‍ കടന്നു പോയിട്ടും വീണ്ടും തകരം വിറക്കുന്നതു അവളുടെ ഏങ്ങലടി കൊണ്ടാണെന്നു അയാള്‍ക്കു തോന്നി."നിറുത്തെടീ നിന്റെ രാഗ വിസ്താരം." ദുഷ്ടന്‍ അലറുകയും പോക്കറ്റില്‍ നിന്നും നോട്ടു കെട്ടുകള്‍ വലിച്ചെടുക്കുകയും ചെയ്തു. അകത്തെ അലര്‍ച്ചയും കരച്ചിലും കേട്ടതു കൊണ്ടാവാംകിളവനും കരയുന്ന കുഞ്ഞും കുടിലിന്റെ ഉള്ളീല്‍ പ്രത്യക്ഷപ്പെട്ടു.നോട്ടുകെട്ടുകള്‍ കിളവന്റെ മുകത്തേക്കു വലിച്ചെറിഞ്ഞിട്ടു ദുഷ്ടന്‍ ചീറി"കാര്‍ന്നോരേ നാളെ രാവിലത്തെ വണ്ടിക്കു തന്റെ മോളും കുഞ്ഞുമായി നാട്ടീ പൊക്കോണം, ഇനി ഇവിടെങ്ങാനും കണ്ടാല്‍ എല്ലാറ്റിനേം ഞാന്‍ കൊന്നു കുഴിച്ചു മൂടും.." പകച്ചു നില്‍ക്കുന്ന കിഴവനേയോ ഇടവപ്പാതി മഴയില്‍ പെട്ടെന്നുദിച്ച വെയില്‍ മുഖത്തു അണിഞ്ഞു നിന്ന പെണ്ണിനെയോ കരയുന്ന കുഞ്ഞിനേയോ ശ്റദ്ധിക്കാതെ കുടിലിനു വെള്യിലേക്കു അയാള്‍ നടന്നു പോയപ്പോള്‍ ഇരുളില്‍ നിന്നു ചോദ്യം"പെട്ടെന്നു കഴിഞ്ഞോ?" പിമ്പു ഓടിവന്നു ദുഷ്ടന്റെ നേരെ കൈ നീട്ടി."കമ്മീഷന്‍...."അവന്റെ കരണത്തു മാറിമാറി പൊട്ടിച്ചതെന്തിനെന്നോ ഓടിപ്പോയ അവനെ ശ്രദ്ധിക്കാതെ പ്രകാശം പരത്തുന്ന വിളക്കിന്റെ മറുഭാഗം നിഴലില്‍ നിന്നു ഏങ്ങലടിച്ച് കരഞ്ഞെതെന്തിനെന്നോഅയാള്‍ക്കറിയില്ലായിരുന്നു;കാരണം അപ്പോള്‍ അവിടെ നിന്നു കരഞ്ഞതു ചെറു ബീഡി പോലും വലിക്കാനിഷ്ടപ്പെടാത്ത ആ പഴയ ചെറ്പ്പക്കാരനായിരുന്നല്ലോ!(ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ എഴുതിയ ഈ കഥ പ്രസിദ്ധീകരിക്കാനായി നീതിന്യായ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഞാന്‍ നിയമ പ്രകാരം അനുവാദത്തിനു അപേക്ഷിച്ചിരുന്നു എങ്കിലും ബഹു:ഹൈക്കോടതി അനുവാദം നിഷേധിച്ചു. കാരണം എന്താണെന്നു അറിയില്ലാ. അടിയന്തിരാവസ്ഥക്കാലവും..പിന്നെ ഇതു എവിടെയോ മാറ്റി ഇട്ടു. കുറച്ചു കാലം മുമ്പു എറ്ണാകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന "സിറ്റീ ലൈറ്റ്" എന്ന ഒരു മാസികയില്‍ ഒരു സ്നേഹിതന്‍ ആവശ്യപ്പെട്ടപ്പോള്‍ പഴയ ഫയല്‍ പരതി ഇതു കണ്ടപ്പോള്‍ എടുത്തു കൊടുത്തു. അവര്‍ പ്രസിദ്ധീകരിച്ചു . അപ്പോഴേക്കും സര്‍ക്കാര്‍ ലാവണം കഴിഞ്ഞിരുന്നു. ബ്ലോഗില്‍ കയറിയപ്പോല്‍ ഈ കഥയാണു ആദ്യം പോസ്റ്റ് ചെയ്തതു. പക്ഷേ പ്രായോഗിക പരിചയക്കുറവിനാല്‍ കഷണം കഷണമായാണു പോസ്റ്റ് ചെയ്തതു. ഇപ്പോള്‍ ഇതു ഒരുമിച്ചു പുനപ്രസിദ്ധീകരിക്കുന്നു.)
Sunday, June 21, 2009
ഇതു കോടതിക്കഥകള്‍ (ഭാഗം ഏഴ്)
ഒരു സെപ്റ്റംംബര്‍ മാസം.ഓണം അടുത്തു വരുന്നു .ഒരു പോക്കറ്റടി പ്രതിയെ മൂന്നു മാസം തടവിനും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു കഴിഞ്ഞു കോടതി പിരിഞ്ഞു മജിസ്റ്റ്റേട്ടു ചേംബറില്‍ മടങ്ങി എത്തി.ഉച്ച നേരം;ഉണ്ണാന്‍ ഇനിയും സമയം ബാക്കി ഉണ്ടു. ശിക്ഷിക്കപ്പെട്ട പ്രതിയുടെ ജെയില്‍ വാറന്റില്‍ ഒപ്പിടണം. ബെഞ്ചുക്ലാര്‍ക്ക് വാറന്റു തയാറാക്കുന്നതേ ഉള്ളു . അപ്പോള്‍ പ്യൂണ്‍ വന്നു പറഞ്ഞു.പ്രതിക്കു മജിസ്റ്റ്റേട്ടിനെ ഒന്നു കാണണമെന്നു. വിധി കഴിഞ്ഞു. ഇനി പ്രതിയുമായി കോടതിക്കു ബന്ധം ഒന്നുമില്ല. പിന്നെന്തിനാണു ഇപ്പോള്‍ ഈ കൂടിക്കാഴ്ച്?!. ശിക്ഷ കുറച്ചു തരാന്‍ പറയാന്‍ ആണെങ്കില്‍ അതു നടക്കാത്ത കാര്യം. അസുഖം ഉണ്ടെന്നും ചികില്‍സ ആവശ്യമാണെന്നും പറയാനാണോ ?. ഏതായാലും വരാന്‍ പറഞ്ഞു.പ്രതി പോലീസ്സുകാരാല്‍ അനുഗതനായി കൊണ്ടുവരപ്പെട്ടു. "ഊം?" മജിസ്റ്റ്റേട്ടു മൂളലിലൂടെ കാര്യം തിരക്കി.പ്രതി പോലീസ്സുകാരെ നോക്കി. പോലീസ്സുകാരോടു പുറത്തു ഇറങ്ങി നിള്‍ക്കാന്‍ മജിസ്റ്റ്റേട്ടു ആവശ്യപ്പെട്ടു. പ്റതിയും മജിസ്റ്റ്റേട്ടും ചേംബറില്‍ തനിച്ചായി."യജമാന്നെ എന്റെ ശിക്ഷ ഒന്നു വര്‍ദ്ധിപ്പിച്ചു തരാമൊ?" മജിസ്റ്റ്റേട്ടു അന്തം വിട്ടു.ശിക്ഷ വര്‍ദ്ധിപ്പിച്ചു തരാന്‍ പ്രതി ആവശ്യപ്പെടുന്നതു ആദ്യത്തെ സംഭവമാണു."അതു നടക്കാത്ത കാര്യം" എന്നു പറഞ്ഞു പ്രതിയെ തിരിച്ചയക്കാം;പക്ഷെ കൗതുകത്താല്‍ മജിസ്റ്റ്റേട്ടു ചോദിച്ചു."എന്തൊടോ കാര്യം?" "അകത്തു പോകുക പുറത്തു വരുക പിന്നെയും അകത്തു പോകുക അതൊരു പോക്കണം കെട്ട ഏര്‍പ്പാടു ഒരുമിച്ചു കുറെ കാലത്താണെങ്കില്‍ ഒരു സുഖം ആയേനെ, പിന്നെ ഈ മൂന്നു മാസം എന്നൊക്കെ പറയുന്നതു ഒരു കൊറച്ചിലാ;ജില്ലാ ജെയിലിലെ കൊണ്ടു പോകൂ, ആറു മാസത്തില്‍ കൂടുതലാണെങ്കില്‍ സെന്റ്റല്‍ ജെയിലില്‍ കൊണ്ടു പോയേനെ അവിടെ ആകുംബോ പരിചയം ഉള്ള ആള്‍ക്കാരുണ്ടു. പിന്നെ നമ്മുടെ സൊന്തം സാറന്മാരുണ്ടു, ഉള്ള കാലം ഖുഷി ആയി കഴിയാം ഈ തുഛം മൂന്നു മാസം ആയപ്പോള്‍ ജില്ല ജയിലിലെ തുക്കടാ കക്ഷികളുമായി കഴിയണം അതൊരു കുറച്ചിലാ...." അയാള്‍ കയ്യും തലയും അനക്കി ഭംഗിയായി കാര്യം അവതരിപ്പിച്ചു. ഈ അവതരണം മജിസ്റ്റ്റേട്ടിനു "ക്ഷ" ബോധിച്ചു ; "അതിനു വകുപ്പില്ലല്ലോടൊ" എന്നു മറുപടിയും പറഞ്ഞു. "ഉണ്ടു യജമാന്നെ വഴി എന്നെ മൂന്നു സെക്ഷനിലായി മൂന്നു മാസം വീതമല്ലെ ശിക്ഷിച്ചതു.എന്നിട്ടു ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതി എന്ന ഒരു ബോണസ്സും, അപ്പൊ ആകെ മൂന്നു മാസം കിടന്നാ മതി. ആ ഒരുമിച്ചു അനുഭവിക്കല്‍ മാറ്റി ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണം എന്നു ആക്കിയാല്‍ എനിക്കു ഒന്‍പതു മാസവും കിട്ടും.പിഴ ഒടുക്കാതിരുന്നാല്‍ പതിനഞ്ചു ദിവസം കൂടി;അങ്ങിനെ ആകെ ഒന്‍പതര മാസം സുഖമായി കഴിയാം...എന്നെ ഒന്നു സഹായിക്കു ". മജിസ്റ്റ്റേട്ടു അവന്റെ കേസ്സിനെ പറ്റി ഓര്‍മ്മിച്ചു. മൂന്നു പേര്‍ ചേര്‍ന്ന ഒരു ഗ്യാംഗ്. ട്രെയിന്‍ വന്നു നിന്നു യാത്രക്കാര്‍ കയറുന്ന സമയം നോക്കി ഗ്യാംഗിലെ രണ്ട് പേര്‍ തിക്കു തിരക്കും ഉണ്ടാക്കും. മൂന്നാമന്‍ ബഹളത്തിനിടയില്‍ പോക്കറ്റടിക്കും. പല തവണ പോലീസ്സുകാര്‍ കെണി വെച്ചിട്ടും കിട്ടിയില്ല.ഈ ഓണ തിരക്കില്‍ ഒരു യാത്രക്കാന്റ്റെ പോക്കറ്റില്‍ വിരല്‍ താഴ്ത്തിയ സമയം യാത്രക്കാരന്‍ കയ്യില്‍ പിടുത്തമിട്ടു ബഹളം വെച്ചു. കൂട്ടുകാര്‍ രണ്ടും ഓടി. ഇയാളെ യാത്രക്കാര്‍ പിടിച്ചു പോലീസ്സില്‍ ഏള്‍പ്പിച്ചു. പോക്കറ്റടിയെ സംബന്ധിച്ചു യാത്രക്കാരനു ഈ കേസ്സില്‍ പങ്കാളി ആകാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ (സാക്ഷി ആകാനും കോടതിയില്‍ കയറാനും നമ്മുടെ ആള്‍ക്കാരുടെ വൈമനസ്യം പ്രസിദ്ധമാണല്ലോ) മോഷണം ഒഴിവാക്കി ,തിക്കും തിരക്കും ഉണ്ടാക്കിയതിനും യാത്രക്കാരെ ശല്യപ്പെടുത്തിയതിനും ചീത്ത വിളിച്ചതിനും കേസ്സു ചാര്‍ജു ചെയ്തു കോടതിയില്‍ കൊണ്ടു വന്നു.പ്രതി കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ വേണ്ടി വന്നില്ല. മൂന്നു സെക്ഷനുകളിലായി മൂന്നു മാസ്സം വീതം തടവു. ആയിരം രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം പതിനഞ്ചു ദിവസം തടവു കൂടി അനുഭവിക്കണം. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതി. ഈ ഒരുമിച്ചു അനുഭവിക്കല്‍ ആണു പ്രത്യേകം പ്രത്യേകം അനുഭവിക്കല്‍ ആയി മാറ്റണമെന്നു പ്രതി ഇപ്പോള്‍ ആവശ്യപ്പെടുന്നതു.മജിസ്റ്റ്റേട്ടു പ്രതിയെ സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു."നല്ല ആരോഗ്യം ഉണ്ടല്ലോ പോയി ജോലി ചെയ്തു ജീവിച്ചു കൂടെ." ഓ, എന്തു ജോലി ഇതും ഒരു ജോലിയല്ലെ..? ഈ ജോലിക്കു ഒരു ത്രില്ലും ഉണ്ടു. രണ്ടു മിനിട്ടു നേരത്തെ ഓപ്പറേഷന്‍! പറ്റിയാല്‍ പറ്റി ..കുറച്ചു ദിവസത്തേക്കു ഖുശാല്‍...വേറെ ജോലി ആണെങ്കിലോ..എട്ടു മണിക്കൂര്‍ പണിയണം..മുതലാളിയുടെ ആട്ടും തുപ്പും സഹിക്കണം..ഇതെല്ലാം തുഛമായ ഒരു കൂലിയും....ഥ്പൂ ആരു പോകും മിനക്കെട്ട ജോലിക്കു.." വീണ്ടും ആംഗ്യവും തലവെട്ടിക്കലും ഭാവാഭിനയവും. "ഒരു മാസം എത്ര സംബാദിക്കും" മജിസ്റ്റ്റേട്ടു വീണ്ടും തിരക്കി. "അതു ഭാഗ്യം പോലെ ഏമാന്നെ.. ചില നല്ല കോളാണെങ്കില്‍ കൂട്ടുകാരുടെ ഷെയര്‍ കൊടുത്താലും കുറച്ചു നാളത്തേക്കു അടിപൊളി ആയി കഴിയാം...നല്ല ഹോട്ടലില്‍ റൂം എടുത്തു പൈസ്സാ തീരുന്നതു വരെ അവിടെ കഴിയും..ചെലപ്പോ ചില തെണ്ടികളുടെ ക്കീശയിലാ വിരല്‍ താഴ്ത്തുന്നതു...ദാരിദ്ര്യ വാസ്സികളു...കിട്ടുന്നതു പതിമൂന്നേമുക്കാ രൂപാ മുപ്പതു പൈസ്സ.! ഥ് പൂ ..അവന്റെ കീശേന്നു എടുത്തതും എന്റെ വക ഒരു നൂറും കൂടി തിരിച്ചു ആ പോക്കറ്റില്‍ വെക്കാന്‍ എനിക്കു തോന്നിയിട്ടുണ്ടു..." "ട്റെയിനില്‍ മാത്രമേ ഉള്ളോ ഓപ്പെറേഷന്‍ " മജിസ്ട്റേട്ടു അന്വേഷിച്ചു. "ഓ ബസ് സ്റ്റാന്റ്റ്റിലും പോകും .. കൂടുതലും ട്റേയിനിലാ..ഓണക്കാലമായിട്ടു ഇരുപതിനായിരമാ ബട്ജറ്റിട്ടേ...മറ്റവന്മാര്‍ക്കു രണ്ടെണ്ണത്തിനും അയ്യായിരം വീതം കൊടുത്താലും ബാക്കി പതിനായിരം കൊണ്ടു ഓണം കഴിച്ചു കൂട്ടാമായിരുന്നു....എന്തോ ചെയ്യാനാ നാട്ടുകാരൊക്കെ തെണ്ടികളായി പോയി, മെനഞ്ഞാന്നു വരെ നാലായിരത്തി അഞ്ഞൂറു രൂപായാ കിട്ടിയേ ...തിരക്കു ഉള്ളപ്പോഴാ ട്റെയിനിലെ സീസണ്‍... ദാ ഇന്നു പിടിയും വീണു. ഇനി ഓണം ജെയിലില്‍...ജെയിലിലെ ഓണം അടിപൊളിയാണേ...!!! പ്രതി ആവേശം കൊള്ളുന്നതു മജിസ്ട്റേട്ടു നോക്കി ഇരുന്നു. അപ്പോഴേക്കും ബെഞ്ചുക്ലാര്‍ക്കു ജെയില്‍ വാറന്റു ഒപ്പിടാനായി കൊണ്ടു വന്നു.പ്രതി അപേക്ഷാ ഭാവത്തില്‍ നോക്കി. ബെഞ്ചുക്ലാര്‍ക്കിനോടു മജിസ്ട്റേട്ടു തിരക്കി" ഏതെല്ലാം ഇനത്തില്‍ നിങ്ങള്‍ സര്‍ക്കാരിനു കരം ഒടുക്കുന്നു?" ബെഞ്ചുക്ലാര്‍ക്കു ഒന്നും മനസ്സിലാകാതെ കണ്ണു മിഴിച്ചു. ചേംബറിന്റെ വാതില്‍ക്കല്‍ പോലീസ്സുകാരുടെ തല കാണാനായി( പ്രതിയെ ജെയിലില്‍ കൊണ്ടു പോയി ഏള്‍പ്പിച്ചതിനു ശേഷമേ അവര്‍ക്കു ഉണ്ണാന്‍ പോകാന്‍ കഴിയൂ)കയറിവരാന്‍ മജിസ്ട്റേട്ടു ആംഗ്യം കാണിച്ചപ്പോള്‍ അവര്‍ അകത്തേക്കു വന്നു.ബെഞ്ചുക്ലാര്‍ക്കിനോടു ചോദിച്ച ചോദ്യം മജിസ്ട്റേട്ടു അവരോടും ചോദിച്ചു. :സര്‍, കെട്ടിടനികുതി, ഭൂനികുതി , റോഡ് റ്റാക്സ്, സെയില്‍റ്റാക്സ്, വാഹനനികുതി, ശംബളം കൂടുതല്‍ ഉണ്ടെങ്കില്‍ ഇങ്കംറ്റാക്സ്, അങ്ങിനെ ഒരു പാടു നികുതികളുണ്ടു.."പോലീസ്സുകാര്‍ മണി മണി പോലെ ഉത്തരം തന്നു.മജിസ്ട്റേട്ടു പ്രതിയോടു ചോദിച്ചു "കേട്ടോ, ഇതെല്ലാം എട്ടു മണിക്കൂര്‍ കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന ഇവര്‍ സര്‍ക്കാരിലേക്കു അടക്കുന്ന നികുതികളാണു ഈ പറഞ്ഞതൊക്കെ...ഈ നികുതിയില്‍ നിന്നാണു സര്‍ക്കാര്‍ ജെയില്‍ പുള്ളീകള്‍ക്കു ആഴ്ച്ചയില്‍ ഒരു ദിവസം ആട്ടിറച്ചിയും മറ്റു ദിവസങ്ങളില്‍ മീനും കൂട്ടി ചോറും പിന്നെ അടിപൊളി ഓണവും ഒക്കെ തരുന്നതു.നിങ്ങള്‍ക്കു തൊഴില്‍ നികുതി അടക്കേണ്ടാ.. ഞങ്ങള്‍ക്കു അടക്കണം.. ഞങ്ങള്‍ കൊടുക്കുന്ന നികുതി പണം ഉപയോഗിച്ചു കൂടുതല്‍ കാലം ജെയിലില്‍ സുഖിച്ചു കഴിയേണ്ട....കടന്നു പോ പുറത്തു.." പോലീസ്സുകാര്‍ പ്രതിയേയും കൊണ്ടു പോയപ്പോള്‍ അയാളുടെ മുഖത്തെ ഭാവം എന്തായിരിക്കുമെന്നു നോക്കാതെ തന്നെ മജിസ്ട്റേട്ടിനു അറിയാമായിരുന്നു. (കോടതിക്കഥകള്‍ തുടരുന്നു....)
Wednesday, June 10, 2009
ഇതു കോടതിക്കഥകള്‍ --(ഭാഗം ആറു )
റെയില്‍ വെ കോടതിയുടെ എര്‍ണാകുളം സിറ്റിംഗിലേക്ക് നമുക്കു പോകാം.കോടതി നടക്കുന്ന ഹാളിന്റെ മുന്‍ഭാഗം വരാന്തയില്‍ നിന്നു തുടങ്ങുന്ന ജനക്കൂട്ടം താഴെ നിലയിലേക്കുള്ള ചവിട്ടു പടികള്‍ വരെ വ്യാപിച്ചിരിക്കുന്നു.കൂടുതലും പെറ്റി കേസ്സുകള്‍. കേസ്സു വിളിക്കാന്‍ ആരംഭിച്ചപ്പോളീ ജനക്കൂട്ടത്തില്‍ ഞെങ്ങി ഞെരുങ്ങി നില്‍ക്കുന്ന കുറച്ചു പെണ്‍കുട്ടികളെ കണ്ട മജിസ്റ്റ്റേട്ട് പ്രോസിക്യൂട്ടറോടു വിവരം തിരക്കി. അവര്‍ കേസ്സിലെ കക്ഷികള്‍ അല്ലെന്നും പക്ഷേ ഒരു കേസിലെ വിചാരണ കാണാനും ആവശ്യമെങ്കില്‍ പ്രോസിക്യൂഷനെ സഹായിക്കാനും തയാറായി വന്നതാണെന്നും അറിഞ്ഞു.ആ പെണ്‍കുട്ടികള്‍ തിരക്കിനിടയില്‍ കഷ്ടപ്പെടുന്നതു കണ്ട പ്രൊസിക്യൂട്ടര്‍ ആ കേസ്സു ഉടനെ വിളിക്കാന്‍ അപേക്ഷിച്ചു.കയ്യില്‍ കിട്ടിയ കേസ്സു വായിച്ചു നോക്കിയപ്പോള്‍ ആ പെണ്‍കുട്ടികള്‍ ഇത്ര കഷ്ടപ്പെട്ടു അവിടെ നില്‍ക്കുന്നതിന്റെ കാര്യം മജിസ്റ്റ്റേട്ടിനു പിടികിട്ടി. അവര്‍ സര്‍ക്കാര്‍ ആഫീസ്സുകളിലും ഇതര ആഫീസ്സുകളിലും ജോലി ചെയ്യുന്നവരും പല കോളേജുകളിലെ വിദ്യാര്‍ത്ഥിനികളുമാണു. അവരുടെ ഒരു കൂട്ട ഹര്‍ജി കേസ്സിനോടൊപ്പമുണ്ടു. പരാതിയുടെ ചുരുക്കം ഇതാണു.പരാതിക്കാര്‍ ആലപ്പുഴ വഴിയുള്ള ട്രെയിനിലെ സ്ഥിരം യാത്രക്കാരാണു.ട്രെയിന്‍ എര്‍ണാകുളം ജംക്ഷനില്‍ വന്നു കിടക്കുമ്പോള്‍ അവര്‍ ഇരിക്കുന്ന ലേഡീസ് കമ്പാര്‍റ്റുമെന്റിനു എതിര്‍ വശത്തു പ്ലാറ്റുഫോമില്‍ വന്നു നിന്നു ആളൊഴിഞ്ഞ നേരം നോക്കി പ്രതി തന്റെ ഉടുവസ്ത്രം പൊക്കി കാണിക്കും.പെണ്‍കുട്ടികള്‍ക്കു പുറത്തേക്കു നോക്കാന്‍ കഴിയില്ല.നോക്കി പോയാല്‍ ഇതാണു സഥിതി.ഇനി അഥവാ അയാളെ നേരിടാന്‍ ധൈര്യമായി ആരെങ്കിലും ട്രെയിനില്‍ നിന്നും ഇറങ്ങുന്നതു കണ്ടാല്‍ അപ്പോള്‍ അയാള്‍മായ പോലെ മാഞ്ഞു പോകും. പരിപാടി ഇന്നു എറ്ണാകുളം ജംക്ഷനില്‍ ആണെങ്കില്‍ നാളെ നോര്‍ത്തില്‍ , മറ്റന്നാള്‍ കുംബളം സ്റ്റേഷനില്‍ .സഹി കെട്ട പെണ്‍കുട്ടികള്‍ എല്ലാം കൂടി റെയില്‍ വെ പ്റൊട്ടക്ഷന്‍ ഫോഴ്സ്സിനെ സമീപിച്ചു പരാതി നല്‍കി. അവര്‍ പല ദിവസങ്ങള്‍ ശ്രമിച്ചു. ഒരു വനിതാ കോണ്‍സ്റ്റിബിളിനെ സിവില്‍ വേഷത്തില്‍ ഒളിപ്പിച്ചു നിര്‍ത്തി എറ്ണാകുളം ജംക്ഷനില്‍ വെച്ചു തന്നെ പ്രതിയെ കയ്യോടെ പിടികൂടി. പലവകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ജു ചെയ്തു പ്രതിയെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടു. മജിസ്റ്റ്റേട്ടു പ്രതിയെ സൂക്ഷിച്ചു നോക്കി.മുപ്പതു വയസ്സു പ്രായം,നല്ല ആരോഗ്യം.മുണ്ടും ഷര്‍ട്ടും വേഷം.പ്രതി കിടുകിടാ വിറക്കുകയാണു.കോടതിയുടെ നേരെ കൂപ്പിയ കൈകള്‍ നല്ലവണ്ണം വിറക്കുന്നു. ശരീരം ആസകലം വിറക്കുന്നു. മുഖം ഇപ്പോള്‍ കരയുന്ന മട്ടിലാണു.മജിസ്ട്റേട്ടു കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചു. പ്രതി ഒറ്റ നിലവിളി! തുടര്‍ന്നു മറുപടിയും" കുറ്റം ചെയ്തിട്ടുണ്ടു; മേലാല്‍ ആവര്‍ത്തിക്കില്ല, മാപ്പാക്കണം"മജിസ്ട്റേറ്റു ഉത്തരം രേഖപ്പെടുത്തിയതിനു ശേഷംകുറ്റം സമ്മതിച്ചതിനാല്‍ നടപടിക്രമ പ്രകാരം"ജെയിലില്‍ അയക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ "എന്നു ആരാഞ്ഞു ." ഭാര്യയും ഒരു കുഞ്ഞും ഉണ്ടു, ഞാന്‍ ജെയിലില്‍ പോയാല്‍ അവര്‍ പട്ടിണി ആകും" എന്ന മറുപടി രോദനമായി പുറത്തു വന്നു. ഒരു ഭീരുവിന്റെ എല്ലാ ലക്ഷണങ്ങളും അയാളുടെ മുഖത്തു ഉണ്ടായിരുന്നു."ഭാര്യയും കുട്ടിയുമുള്ള നിങ്ങള്‍ ഈ പ്രവര്‍ത്തി എന്തിനാണു ചെയ്യുന്നതു,നിങ്ങളുടെ ഭാര്യയോടു ആരെങ്കിലും ഇങ്ങിനെ കാണിച്ചാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും" എന്നു മജിസ്റ്റ്രേട്ട് പ്രതിയോടു ചോദിച്ചു." വേണമെന്നു വെച്ചിട്ടു ചെയ്യുന്നതു അല്ല, അങ്ങിനെ ആയി പോണതാസാറേ" എന്നായിരുന്നു അയാളുടെ മറുപടി. പ്രതി ആദ്യ കുറ്റക്കരന്‍ എന്നതു കണക്കിലെടുത്തു പരമാവധി പിഴയും കോടതി പിരിയുന്നതു വരെ തടവിനും ശിക്ഷിച്ചു .പ്രതിയെ മാറ്റി നിര്‍ത്തിയതിനു ശേഷം മജിസ്റ്റ്റേട്ടു പ്രതിയെ പിടിച്ച വനിതാ കോണ്‍സ്റ്റിബിളിനെ വിളിച്ചു പതുക്കെ പറഞ്ഞു."ആ പെണ്‍കുട്ടികളോടു പറയുക, ഇനിയും അയാള്‍ അതു കാണിക്കും. അതു തടയാന്‍ ഒരു മാര്‍ഗമേ ഉള്ളൂ.ഇവരുടെ കയ്യില്‍ ഫോട്ടൊ എടുക്കുന്ന മൊബൈല്‍ ഫോണ്‍ കാണുമല്ലോ;ഒന്നു രണ്ടുപേര്‍ മൊബൈലുമായി തുനിഞ്ഞിറങ്ങുക. ഇനി അയാള്‍ പരിപാടി തുടങ്ങുക ആണെങ്കില്‍ ആരംഭത്തില്‍ തന്നെ ഫോട്ടോ എടുക്കുന്നതു പോലെ കാണിക്കുക, അയാള്‍ ഭീരുവാണു,അപ്പോള്‍ തന്നെ സ്ഥലം വിടും." വനിതാ കോണ്‍സ്റ്റിബിള്‍ പെണ്‍കുട്ടികള്‍ക്കു വേണ്ട ഉപദേശം കൊടുത്തു.അടുത്ത എര്‍ണാകുളം സിറ്റിംഗില്‍ കിട്ടിയ വിവരം ഇപ്രകാരമായിരുന്നു. മജിസ്ട്റേട്ടിന്റെ പ്രവചനം പോലെ ഒരു ദിവസം കുംബളം സ്റ്റേഷനില്‍ വെച്ചു പ്രതി പരിപാടി ആരംഭിക്കാന്‍ തുടങ്ങി. ഒരു കോളേജു വിദ്യാര്‍ത്ഥിനിയും ആരോഗ്യ വകുപ്പിലേ ജീവനക്കാരിയും കൂടി ട്റെയിനിന്റെ വാതിക്കല്‍ നിന്നു പരിപാടി മൊബൈലില്‍ ചിത്രീകരിക്കുന്നതായി ഭാവിച്ചു. ആ നിമിഷം പ്രതി മുങ്ങി. പിന്നെ ഇതുവരെ അയാളുടെ ശല്യം ഉണ്ടായിട്ടില്ല. ആ വനിതാ കോണ്‍സ്റ്റിബിള്‍ ഈ ഒറ്റമൂലി എല്ലാ സ്റ്റേഷനിലും അറിയിച്ചതിനെ തുടര്‍ന്നു കുറച്ചുസ്ത്രീകള്‍ചേര്‍ന്നു തിരുവനന്തപുരം സ്റ്റേഷനില്‍ ഇതു നടപ്പിലാക്കിയെന്നു പിന്നെ അറിയാന്‍ കഴിഞ്ഞു. അവിടെ പാലക്കാട്ടുകാരന്‍ ഒരു ഉപദേശി ആയിരുന്നു വില്ലന്‍. ലേഡീസ് കംബാര്‍ട്ടുമെന്റില്‍ കയറുക, ലഘുലേഖകള്‍ കൊടുക്കുക. ഇത്രയും ചെയ്തതിനു ശേഷം ഒഴിഞ്ഞിരിക്കുന്ന പെണ്‍കുട്ടികളുടെ വളരെ അടുത്തു ചെന്നു അവരുടെ അവയവത്തിന്റെ പേരു പച്ച മലയാളത്തില്‍ പറഞ്ഞേച്ചു ഓടിപ്പോകുക. ഈ രോഗം അനുഭവിച്ച സ്ത്രീകള്‍ ആര്‍.പി.എഫിനോടു പരാതി പറഞ്ഞു. ആര്‍.പി.എഫ് . എറ്ണാകുളം ഒറ്റമൂലി ഉപയോഗിക്കാന്‍ അവരെ ഉപദേശിച്ചു. അടുത്ത തവണ ഉപദേശി സുവിശേഷത്തിനായി അടുത്തു വന്നപ്പോള്‍ ഒരു പെണ്‍കുട്ടി മൊബൈല്‍ നീട്ടി "സുവിശേഷം ഇതില്‍ റിക്കര്‍ഡു ചെയ്തോളൂ " എന്നു പറഞ്ഞതും പിന്നെ ഉപദേശിയുടെ പൊടി അവിടെ കണ്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞതു. പിന്‍ കുറി:- അപ്പോള്‍ മൊബൈല്‍ കൊണ്ടു ഇങ്ങിനെയും ഒരു ഉപയോഗം ഉണ്ടു.
Monday, June 8, 2009
കോടതിക്കഥകള്‍ ഭാഗം അഞ്ചു
വേനലും മഞ്ഞും മഴയും എത്രയോ കടന്നു പോയി. ഈ കഥയിലെ കഥാപാത്രങ്ങള്‍ പലരും ഇന്നില്ല.ഇതു വായിക്കുന്നവരില്‍ പലരും അന്നൊരു സിവില്‍ കേസ്സു നടത്തുന്നതിന്റെ ബുദ്ധിമുട്ടു അറിയുന്നവരുമല്ല.നിശ്ശബ്ദമായ ഒരു അലര്‍ച്ചയുടെ കഥയാണിതു.ദിഗന്തം വിറപ്പിക്കുന്ന ഒരു അലര്‍ച്ച ! പക്ഷേ അതു ആരും കേട്ടില്ല. എല്ലാവരും കണ്ടു. ഇത്രയും വായിച്ചപ്പോള്‍ ഏതോ ഒരു വമ്പന്‍ കേസ്സിന്റെ കഥയാണെന്നു ധരിക്കരുതു.ഒരു സാധാരണ സിവില്‍ കേസ്സു.പക്ഷേ അതിന്റെ പ്രത്യേകതയാല്‍ ഇവിടെ തിരഞ്ഞെടുത്തുവെന്നേ ഉള്ളൂ. പതിവു പോലെ കഥാപാത്രങ്ങള്‍ക്കു നമുക്കു വ്യാജ നാമങ്ങള്‍ കൊടുക്കാം.തോമാച്ചന്‍ മറിയാമ്മയെ കല്യാണം കഴിച്ചു.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറിയാമ്മ പ്രസവിക്കാത്തതിനാല്‍ ടി യാന്‍ ചിന്നമ്മയുമായിപള്ളിയും പട്ടക്കാരും അറിയാതെ ബന്ധത്തില്‍ ഏര്‍പ്പെട്ടു.തോമാച്ചന്റെ അദ്ധ്വാനത്താല്‍ ചിന്നമ്മക്കു ഒരു പുരയിടവും വീടുംസ്വന്തമായി.ചിന്നമ്മയുടെയും തോമ്മാച്ചന്റെയും കൂട്ടായ പേരിലായിരുന്നു ടി പുരയിടത്തിന്റെ വില ആധാരം. ചിന്നമ്മയുമായ തോമാച്ചന്റെ ബന്ധം അറിഞ്ഞ മറിയാമ്മ തോമാച്ചനെ പുറത്താക്കി.ചിന്നമ്മയില്‍ തോമാച്ചനു സന്തതികള്‍ ഉണ്ടായി. കാലം കടന്നു പോയപ്പോള്‍ചിന്നമ്മ വേലി ചാടുന്നു എന്നു തോമാച്ചനു സംശയം തോന്നി തുടങ്ങി. സംഘര്‍ഷവും സംഘട്ടനവും ഉണ്ടായി.അവസാനം ചിന്നമ്മ തോമാച്ചനെ പടി കടത്തി വിട്ടു.എന്നെന്നേക്കുമായി വാതിലും കൊട്ടി അടച്ചു. കലി അടങ്ങിയപ്പോല്‍ തോമാച്ചന്‍ വീടിന്റെ നാലു ചുറ്റും നടന്നു പ്രവേശനത്തിനു ശ്രമിച്ചെങ്കിലും ചിന്നമ്മ അതു കണക്കിലെടുത്തതേയില്ല.പല മദ്ധ്യസ്തന്മാരും ഇടപെട്ടു.തോമാച്ചനാണല്ലോ വീടും പുരയിടവും വാങ്ങി തന്നതെന്നു സമരി പറഞ്ഞെങ്കിലും തന്റെ അപ്പന്‍ തന്ന സ്ത്രീധനം കൊടുത്താണു അതു വാങ്ങിയതെന്നും ഒരു ചന്തത്തിനാണു തോമാച്ചന്റെ പേരു ആധാരത്തില്‍ കാണിച്ചതെന്നുമായിരുന്നു ചിന്നമ്മയുടെ മറുപടി.തന്നെ ബലമായി ഇറക്കി വിട്ടതിനു പുറമെ ചിന്നമ്മ തന്റെ നേരെ കാണിക്കുന്ന അവഗണനയും തന്റെ കട്ടിലില്‍ ആരോ കിടക്കുന്നു എന്ന സംശയവുംതോമാച്ചന്‍റ്റെ നില തെറ്റിച്ചു. അവസാനം അയാള്‍ ആദ്യ ഭാര്യയെ അഭയം പ്രാപിച്ചു.കൂട്ടത്തില്‍ ഏതോ കരപ്രമാണിമാരും ഉണ്ടായിരുന്നു.തോമാച്ചനെ തന്റെ വീട്ടില്‍ താമസിക്കാന്‍ മറിയാമ്മ അനുവദിച്ചില്ല. പക്ഷേ കൂടെ വന്നവരുടെ അപേക്ഷ മാനിച്ചു അയാളുടെ ഒരു ആവശ്യം അംഗീകരിക്കാന്‍ അവര്‍ തയാറായി.ചിന്നമ്മെക്കെതിരായി ഒരു സിവില്‍ കേസ്സു ഫയല്‍ ചെയ്യാന്‍ ഭാഗികമായി അവര്‍ സഹകരിക്കാം.കേസിനെ പറ്റി തോമാച്ചന്‍ പറഞ്ഞതിങ്ങിനെ:-കേസ്സില്‍ മറിയാമ്മ വാദി. തോമാച്ചന്‍ ഒന്നാം പ്രതി ചിന്നമ്മ രണ്ടാം പ്രതി.നിയമാനുസരണ ഭാര്യ ആയ മറിയാമ്മയുടെ സ്ത്രീധനം ഉപയോഗിച്ചു തോമാച്ചന്‍ തന്റെയും നിയമാനുസരണമല്ലാതെ അയാളുടെ കൂടെ കഴിയുന്ന ചിന്നമ്മ എന്ന അന്യ സ്ത്രീയുടെയും പേരില്‍ വീടും പുരയിടവും വാങ്ങി.തോമാച്ചന്റെയും മറിയാമ്മയുടെയും പെരിലായിരുന്നു അതു വാങ്ങിയതെന്നാണുതോമഅച്ചന്‍ മറിയാമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നതു. ഇപ്പോഴാണു മറിയാമ്മ സത്യം അറിയുന്നതു. അതിനാല്‍ തനിക്കു വരാനുള്ള തുകയും പലിശയും ടി വീടും പുരയിടത്തിലും സ്ഥാപിച്ചു ഈടാക്കി തരണം. ഇതാണു ഫയല്‍ ചെയ്യാന്‍ പോകുന്ന കേസിന്റെ ചുരുക്കം.കേസില്‍ ആദ്യമേ തന്നെ ഒന്നാം പ്രതി തോമാച്ചന്‍ എക്സ് പാര്‍ട്ടി ആകും(കേസില്‍ എക്സ് പാര്‍ട്ടി ആകുന്ന ആള്‍ക്കു കേസിനെ പറ്റി ഒരു തര്‍ക്കവും ഇല്ല എന്നു വ്യംഗം. അതൊരു സിവില്‍ കേസ് തന്ത്രമാണു)വക്കാലത്തും അന്യായവും ഒപ്പിട്ടു തരേണ്ട ചുമതല മാത്രം മറിയാമ്മയ്ക്കു,കോടതിയില്‍ വരേണ്ട, വക്കീലിനെ കാണേണ്ട,പണം ചിലവഴിക്കേണ്ട കേസു കാര്യങ്ങള്‍ തോമാച്ചന്‍ ചെയ്തു കൊള്ളും. കെസ്സു ജയിച്ചു ചിന്നമ്മയെ വീടും പുരയിടത്തില്‍ നിന്നും പുറത്താക്കണം.അത്ര മാത്രം.വീടും പുരയിടവും മറിയാമ്മക്കു എടുക്കാം. കാരണം അതു അവരുടെ ഭര്‍ത്താവായ തോമാച്ചന്‍ സമ്പാദിച്ചതാണു.ഇത്രയും ആയപ്പോല്‍ മറിയാമ്മ പറഞ്ഞു" ഇതിയാന്റെ വീടും കോപ്പും ഒന്നും എനിക്കു വേണ്ടാ, കേസു ജയിച്ചാല്‍ അതു ഇതിയാനു തന്നെ തന്നേക്കാം കേസു നടത്താനോ കോടതിയില്‍ വരാനോ എന്നെ കിട്ടില്ല.വക്കാലത്തോ അന്യായമോ എന്തു വേണമെങ്കിലും ഞാന്‍ ഒപ്പിട്ടു തന്നേക്കാം അല്ലാതെ ഒന്നിനും എന്നെ നോക്കേണ്ട" അങ്ങിനെ മറിയാമ്മ വാദി ആയും തോമാച്ചനും ചിന്നമ്മയും ഒന്നും രണ്ടും പ്രതികളുമായി കോടതിയില്‍ കേസു ഫയല്‍ ചെയ്തു. ആദ്യ അവധിക്കു തന്നെ തോമാച്ചന്‍ കേസില്‍ എക്സ് പാര്‍ട്ടി ആയി. പിന്നീടു വാദി മറിയാമ്മയും രണ്ടാം പ്രതി ചിന്നമ്മയുമായി കേസു തുടര്‍ന്നു. വാദി മറിയാമ്മ ആയിരുന്നു എങ്കിലും ഒരിക്കല്‍ പോലും അവര്‍ കോടതിയില്‍ വരുകയോ വക്കീലുമായി ബന്ധപ്പെടുകയോ ചെയ്തില്ല.തോമാച്ചനാണു കേസു നടത്തിയതു. ഈ കേസിന്റെ ഐഡിയ തോമാച്ചനു പറഞ്ഞു കൊടുത്ത വക്കീലിനെ തന്നെയാണു തോമാച്ചന്‍ കേസിന്റെ ചുമതല ഏള്‍പ്പിച്ചിരുന്നതും.അങ്ങിനെയാണു തോമാച്ചന്‍ കോടതി വരാന്തയിലെ സ്ഥിര സാന്നിദ്ധ്യമായതു.കേസു വിസ്താരം നടക്കുമ്പോല്‍ തോമാച്ചന്‍ വരാന്തയില്‍ നിന്നു സശ്രദ്ധം വീക്ഷിക്കും.ഭാവങ്ങള്‍ അയാളുടെ മുഖത്തു മാറി മാറി വരും.വാദി ഭാഗം വക്കീല്‍ വാദിക്കുമ്പോള്‍ അയാളുടെ മുഖത്തു"കേറി അടിയെടൊ വക്കീലേ" എന്ന ഭാവവും പ്രതി ഭാഗം വക്കീല്‍ വാദിക്കുമ്പോള്‍ "പിന്നേയ്..ഇയ്യാളു ഉലുത്തും" എന്ന ഭാവവുമാണു വരുന്നതു. ഇതെല്ലാമാണെങ്കിലും ചിന്നമ്മയുടെ നിഴല്‍ കോടതി വരാന്തയില്‍ എവിടെ എങ്കിലും കണ്ടാല്‍ അപ്പോള്‍ തോമാച്ചന്‍ സ്ഥലം വിടും.ചിന്നമ്മ പോയി കഴിഞ്ഞേ പിന്നെ ആശാന്‍ രംഗപ്രവേശനം ചെയ്യൂ.മറിയാമ്മ സുഖം ഇല്ലാതെ കിടക്കുകയാണെന്നും പകരം അവരുടെ ബന്ധുവിനെ തെളിവു തരാന്‍ അനുവദിപ്പിക്കണമെന്നു വാദി ഭാഗം കൊടുത്ത ഹര്‍ജി അനുവദിച്ചതിനാല്‍ മറിയാമ്മക്കു പകരം മറ്റൊരാളെ വാടകക്കു വെച്ചു തോമാച്ചന്‍ കിളി പോലെ മൊഴി കൊടുപ്പിച്ചു. കേസു ജില്ലാ കോടതി ഹൈക്കോടതി പിന്നെയും കീഴ്ക്കോടതി ഇങ്ങിനെ വര്‍ഷങ്ങള്‍ നീണ്ടു. തോമാച്ചന്റെ കയ്യിലെ പൈസായെല്ലാം തീര്‍ന്നു; അയാള്‍ വയസ്സനുമായി.എന്നിട്ടും വാശി മൂത്ത അയാള്‍ തളര്‍ന്നില്ല.പകല്‍ കൂലിക്കു ബീഡി തെറുത്തു പൈസ്സാ ഉണ്ടാക്കി വക്കീലിനു കൊടുത്തു. രാത്രി കോടതിക്കു സമീപമുള്ള ഹോട്ടലില്‍ എച്ചില്‍ പാത്രങ്ങല്‍ കഴുകി രാത്രിയിലെയും രാവിലത്തെയും ആഹാരം കണ്ടെത്തി.ഉറക്കം ഹോട്ടലിന്റെ തിണ്ണയില്‍.ഉച്ചക്കു പട്ടിണി.പക്ഷേ വിട്ടു വീഴ്ച്ചയില്ലാത്ത വാശി അയാളെ മുമ്പോട്ടു നയിച്ചു.ഒറ്റ ലക്ഷ്യം;ചിന്നമ്മയോടു പകരം വീട്ടുക.ഇതിനിടയില്‍ അയാള്‍ക്കു ചിന്നമ്മയോടു പക കൂടാന്‍ മറ്റൊരു കാരണവും ഉണ്ടായി. അപ്പോഴേക്കും ചിന്നമ്മയുടെ മക്കള്‍ വലുതായി.അയാളെ കണ്ടാല്‍ അവരും അയാളുടെ നേരെ കയര്‍ക്കാന്‍ തുടങ്ങി. ചിന്നമ്മയുടെ പ്രേരണയാലാണതു എന്നാണു തോമാച്ചന്റെ നിഗമനം. എല്ല കോടതികളിലും വിധി മറിയാമ്മക്കു അനുകൂലമായിരുന്നു. തോമാച്ചന്‍ ആഹ്ലാദം കൊണ്ടു തുള്ളി ചാടി. എത്രയോ വര്‍ഷങ്ങളിലെ പ്രയത്നം. പട്ടിണി കിടന്നു തളര്‍ന്നു കേസു നടത്തി അവസാനം തന്റെ പ്രതികാരം നിറവേറാന്‍ പോകുന്നു.മറിയാമ്മക്കു അനുകൂലമായ വിധി നടപ്പിലാക്കി ചിന്നമ്മയെ വീടിലും പുരയിടത്തിലും നിന്ന് കോടതിയിലെ ആമീന്‍ മുഖേനെ ഒഴിപ്പിച്ചുവീടും പുരയിടവും മറിയാമ്മക്കു കൊടുപ്പിക്കാന്‍ പോകുന്ന ദിവസമാണു അന്നു. വിധിയിലൂടെ മറിയാമ്മ വീടിനും സ്ഥലത്തിനും അവകാശി ആയി തീര്‍ന്നു എങ്കിലും വിധി നടത്തി എടുപ്പിക്കുക എന്ന ചടങ്ങു മാത്രം. രാവിലെ തന്നെ തോമാച്ചന്‍ കോടതി വരാന്തയിലെത്തി.പ്രസന്നമായ മുഖം.മറിയാമ്മക്കു പകരം സ്ഥലത്തു ആമീനുമായി പോയി വീടും സ്ഥലവും നിയമാനുസരണം ഏറ്റെടുക്കുവാന്‍ ഒരു ആളെയും സംഘടിപ്പിച്ചിട്ടുണ്ടു.(ഇത്രയും വര്‍ഷത്തെ കേസു നടത്തിപ്പു മൂലം തോമാച്ചന്‍ അര വക്കീലായി തീര്‍ന്നിരുന്നു.) കേസു വിളിച്ചു.തോമാച്ചന്‍ കോടതി വാതില്‍ക്കല്‍ വിജയ ഗീഷുവായി നില്‍ക്കുന്നു. ആമീനെ നിയമിക്കാന്‍ വാദി വക്കീല്‍ അപേക്ഷിച്ചു.എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി പ്രതി വക്കീലിനോടു ഒരു ചടങ്ങു എന്ന മട്ടില്‍ ചോദിച്ചു. തോമാച്ചന്റെ മുഖത്തു പുഛ ഭാവം. "യുവര്‍ ഓണര്‍ ആമീനെ നിയമിക്കേണ്ട ആവശ്യമില്ല. കോടതി വിധി മുഖേനെ വീട്ടിലും സ്ഥലത്തിലും തനിക്കു കിട്ടിയ അവകാശം വാദി മറിയാമ്മ രണ്ടാം പ്രതി ചിന്നമ്മക്കും മക്കള്‍ക്കും പ്രതിഫലം കൈ പറ്റി വിലക്കു കൊടുത്തു.വിലയാധാരം ഞാന്‍ ഇതാ ഹാജരാക്കുന്നു. വാദി മറിയാമ്മയും രണ്ടാം പ്രതി ചിന്നമ്മയും തമ്മിലുള്ള കേസു അവര്‍ തമ്മില്‍ ഇപ്റകാരം രാജി ആയി. ഒന്നാം പ്രതി തോമാച്ചന്‍ ഈ കേസില്‍ ആദ്യം മുതലേ എക്സ് പാര്‍ട്ടിയാണു." "ഹയ്യോഓഓ...." എന്ന ഒരു അലര്‍ച്ച ആണു തോമാച്ചനില്‍ നിന്നും ഉണ്ടായതെന്നു കണ്ടു നിന്നവര്‍ക്കു തോന്നി. പക്ഷേ ആ അലര്‍ച്ചയുടെ ശബ്ദം പുറത്തുവന്നില്ല. വാദി വക്കീലും അന്തം വിട്ടു നിന്നു.കാരണം മറിയാമ്മയുമായി അയാള്‍ക്കു ഒരു ബന്ധവും ഇല്ലായിരുന്നല്ലോ,എല്ലാം തോമാച്ചനാണല്ലോ നടത്തിയിരുന്നതു. കോടതിയിലെ വിധി തോമാച്ചന്‍ താന്‍ ഉദ്ദേശിച്ച പോലെ കൊണ്ടു വന്നു. പക്ഷേ ആകാശത്തു ഇരുന്നവന്റെ വിധി മറ്റൊന്നായിരുന്നു. ഇങ്ങിനെ ഒരു അടി തോമാച്ചന്‍ പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ നിലത്തു കുഴഞ്ഞു വീണു. പക്ഷേ ബോധം നശിച്ചിരുന്നില്ല. ആ അലര്‍ച്ച അപ്പോഴും അയാളുടെ തൊണ്ടയില്‍ തടഞ്ഞിരിക്കുന്നുവെന്നു കണ്ടു നില്‍ക്കുന്നവര്‍ക്കു തോന്നി. അരെല്ലാമോ ചേര്‍ന്നു അയാളെ പൊക്കി എടുത്തു മാറ്റി കിടത്തി വീശി കൊടുത്തു. വര്‍ഷങ്ങള്‍ എടുത്തു താന്‍ കഷ്ടപ്പെട്ടു പണിതുയര്‍ത്തിയ വീടു വാസ്തു ബലിയുടെ അന്നു ഇടിഞ്ഞു തന്റെ തലയില്‍ വീണവനെപ്പോലെ ആയി അയാള്‍. തോമാച്ചനെ പിന്നെ കോടതിക്കാര്‍ കണ്ടിട്ടില്ല. കേസു തോറ്റു താനും മക്കളും വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നു ഉറപ്പായ ചിന്നമ്മ സ്ഥലത്തെ പുരോഹിതനെയും കൂട്ടി മക്കളുമായി മറിയാമ്മയെ പോയി കണ്ടു കരഞ്ഞു കാലു പിടിച്ചു. നഷ്ടപ്പെടാന്‍ തനിക്കു ഒന്നും ഇല്ലാ എന്നു കണ്ടതിനാലും പുരോഹിതന്റെ ഉപദേശത്താലും ചെറിയ ഒരു തുക പ്രതിഫലം പറ്റി മറിയാമ്മ ചിന്നമ്മയുടെയും മക്കളുടെയും പേരില്‍ തന്റെ അവകാശംആധാര പ്രകാരം ഒഴിഞ്ഞു കൊടുത്തുവെന്നും അതിനാല്‍ ചിന്നമ്മ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നില്ലാ എന്നുമാണു അറിയാന്‍ കഴിഞ്ഞതു. കോടതി തിണ്ണയില്‍ കഴിഞ്ഞിരുന്ന തോമാച്ചന്‍ ഇതെങ്ങിനെ അറിയാന്‍. തോമാച്ചന്‍ തന്നോടു ചെയ്തിരുന്ന വഞ്ചനയാല്‍ മറിയാമ്മയുടെ ഉള്ളില്‍ ഉണ്ടായിരുന്ന തീ അണഞ്ഞിരുന്നില്ലാ എന്നു വ്യക്തം. അവസാനം വരെ വാശിയിലും വൈരാഗ്യത്തിലും കേസു നടത്തി വിജയിച്ചിട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും പരാജയം ഏറ്റു വാങ്ങിയ ആ മനുഷ്യന്റെ മുഖത്തു ആ ദിവസം കണ്ട ഭാവം! അതു എഴുതിയോ വരച്ചോ കാണിക്കാന്‍ കഴിയില്ല. (കോടതിക്കഥകള്‍ തുടരുന്നു)
Subscribe to:
Posts (Atom)