ഒരു ഓണം കൂടി കടന്ന് പോകുന്നു.
വെളിയിൽ മഴ തകർത്ത് പെയുകയാണ്. ഈ മഴ ഓണത്തിന്റെ എല്ലാ പകിട്ടും ഇല്ലാതാക്കി.
പട്ടിണിയുടെ ഇന്നലെകളിൽ വയറു നിറച്ച് ഒരു ദിവസമൊന്ന് ഉണ്ണുവാൻ കാത്തിരുന്ന മലയാളി കാണം വിറ്റും ഓണം ഉണ്ണേണ്ട ഗതികേടിൽ നിന്നും കര കയറിയെങ്കിലും മറ്റ് പല കാരണങ്ങളാലുംചിങ്ങ മാസത്തെ കാത്തിരുന്നു.
പത്തായം നിറഞ്ഞപ്പോഴുള്ള ആലസ്യത്തിന് ഒരു ഉത്തേജനം പോലെ വിളവെടുപ്പ് കഴിഞ്ഞ് ചിങ്ങ മാസത്തിലെ തിരുവോണ നാളിനെയും മറ്റും ആഘോഷ ദിനങ്ങളായി മലയാളി കണ്ടിരുന്നു. ഇടവപ്പാതിക്കും തുലാക്കോളിനും മധ്യേയുള്ള കുറച്ച് ദിനങ്ങളിലെ കാലാവസ്ഥയുടെ പ്രസന്നത എന്തെന്നില്ലാത്ത ഹർഷോന്മാദം ഉളവാക്കിയപ്പോൾ ആ ദിനങ്ങൾ ഉൽസവ ലഹരിയായി മാറി. പുതിയ ഉടുപ്പ് വാങ്ങാനും ബന്ധു വീട് സന്ദർശനത്തിനും കേളികളിൽ അഭിരമിക്കാനും ഈ ദിവസങ്ങൾ ഉപയോഗപ്പെടുത്തി.
പതിവ് തെറ്റിയുള്ള മഴ എല്ലാ ആഘോഷങ്ങളും തകരാറിലാക്കി.
എല്ലാ പതിവുകളെയും തെറ്റിക്കുന്നത് മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കടന്ന് കയറ്റം തന്നെയാണ്. അപ്പോൾ ഇടവത്തിൽ മീനത്തിലെ ചൂട് അനുഭവപ്പെടും ചിങ്ങത്തിൽ തോരാത്ത മഴ പെയ്യും. അങ്ങിനെ പലതും പലതും സംഭവിക്കും.
സർവം സഹയാണ് ഭൂമിയെങ്കിലും സഹിക്കുന്നതിനുമുണ്ടല്ലോ ഒരു അതിര്. ആ അതിരു ഭേദിച്ചിരിക്കുന്നു നമ്മൾ.
അതിന്റെ ഫലമാണ് ഓണത്തിന് നിർത്താതെ പെയ്യുന്ന മഴ.
No comments:
Post a Comment