കായലിനക്കരെ പോകാനെനിക്കൊരു
കളി വള്ളമുണ്ടായിരുന്നു പണ്ടൊരു കളി വള്ളമുണ്ടായിരുന്നു
ഒത്തിരി ദൂരം തുഴഞ്ഞ് തരാനൊരു മുത്തശ്ശി ഉണ്ടായിരുന്നു
നല്ലൊരു മുത്തശ്ശി ഉണ്ടായിരുന്നു.
“ വിശറിക്ക് കാറ്റ് വേണ്ട“ എന്ന നാടകത്തിൽ(1958) വയലാർ രചിച്ച് എൽ.പി.ആർ.വർമ്മ സംഗീതം നിർവഹിച്ച ഈ ഗാനം ബാല്യത്തിൽ എനിക്കേറെ ഇഷ്ടമായിരുന്നു.
മൂടിക്കെട്ടി നിൽക്കുന്ന ഈ ഇടവപ്പാതി സന്ധ്യയിൽ ഈ പാട്ട് കേൾക്കുമ്പോൾ ആലപ്പുഴയിലെ കിഴക്കൻ അതിർത്തിയിലെ കായലും അക്കരെ ഇക്കരെ തുഴഞ്ഞ് പോകുന്ന കൊച്ച് വള്ളങ്ങളും മനസ്സിലേക്ക് നീന്തി നീന്തി എത്തുകയാണല്ലോ.
വയലാർ ആ ഗാനത്തിലൂടെ പണ്ടെങ്ങോ ആ കായലിന്റെ ആഴത്തിൽ സംഭവിച്ച ഒരു ദുരന്തത്തിന്റെ ഓർമ്മ നമ്മുടെ ഉള്ളിലേക്ക് കടത്തി വിടുന്നു. പാട്ടിനോടൊപ്പം ആ സംഭവവും നമ്മുടെ ഉള്ളിലേക്കോടിയെത്തും അതും ഇത് പോലുള്ള ഇടവപ്പാതി സന്ധ്യയിൽ മൂകമായ ഈ അന്തരീക്ഷത്തിൽ വിങ്ങി വിങ്ങി നിൽക്കുന്ന സന്ധ്യാ രാഗത്തിൽ പാട്ടിനോടൊപ്പം പഴയകാല ഓർമ്മകളും ഓടിയെത്തുമ്പോൾ ആരുടെ മനസാണ് തരളിതമാകാത്തത്.
പ്രഭാതം ദിവസത്തിന്റെ ജനനമാണ്. അത് കൊണ്ട് തന്നെ സന്തോഷ പ്രദവും.
സന്ധ്യ ദിവസത്തിന്റെ മരണമാണ് അത്കൊണ്ട് തന്നെ ദു:ഖകരവും.
No comments:
Post a Comment