“വിരലുകൾ ഇല്ലാത്ത വിദ്വാന്റെ കയ്യിൽ
വീണ എന്തിന് നൽകി“പഴയ ഒരു പാട്ടാണ്.ഇപ്പോൾ ആ വരികൾ കേരളത്തിൽ അർത്ഥ സമ്പൂർണവുമാണ്.
140ൽ നൂറ്റി രണ്ട് നല്ല ഭൂരിപക്ഷമാണ്. എതിർ കക്ഷികൾ പോലും ആ ജനവിധി തലകുനിച്ച് സമ്മതിക്കുന്നു.
അണികളുടെ ഒത്തൊരുമ മുൻ കാലങ്ങളിൽ ഇത് പോലുണ്ടായിട്ടില്ല. ഗ്രൂപിസം മാഞ്ഞിരിക്കുന്നു.ഒരു സദ്ഭരണത്തെ ഏവരും സ്വാഗതം ചെയ്യുന്നു.
പിന്നെന്തേ നേതാക്കളേ! ഇത്രേം വൈകുന്നു ഭരണത്തിലേക്ക് വരാൻ..... കഴുകി ഇട്ടതൊന്നും ഉണങ്ങിയില്ലേ?!
നിങ്ങൾക്കൊന്നും അർഹതപ്പെട്ടതല്ല ഇതൊന്നും.
കാര്യങ്ങളെല്ലാം അതിന്റെ വഴിക്ക് നീങ്ങിയപ്പോൾ ചിലർക്ക് അധികാരക്കൊതി മൂത്തു...അതല്ലേ സത്യം.
മുഖ്യ മന്ത്രി ആയാലും ഒരു വയറിന്റേതല്ലേ ആഹരിക്കാൻ കഴിയൂ...ഒരു ഉടുപ്പ് അല്ലേ ഇടാനൊക്കൂ. ഒരു ജോഡി ചെരുപ്പല്ലേ അണിയാനൊക്കൂ.....ഒന്നിലധികം ഇട്ടാൽ ഭ്രാന്താ എന്ന് ജനം വിളിക്കും.
പിന്നെന്താ കൊയപ്പം...ആങ്...അധികാരം...അതിന്റെ സുഖമൊന്ന് വേറെയാണല്ലോ.... അണികളെ നേർവഴിക്ക് നയിക്കാനോ ഭരണം കുറ്റമില്ലാതെ നടത്താൻ വൈദഗ്ദ്ധ്യം ഇല്ലാത്തവരുടെ കുറവോ ഒന്നുമല്ല.നമുക്ക് കൊടി വെച്ച കാറിൽ ഗമിക്കണം.
അധികാരം!!!
ഒരു പ്രായം കഴിഞ്ഞാൽ പലതും മടുക്കും. ആഹാരം വയറ് നിറഞ്ഞാൽ മതിയാകും. സ്വത്ത് വരെ മടുക്കും...പക്ഷേ ഇതുണ്ടല്ലോ ...അധികാരം... അത് കുഴിയിലേക്ക് കാല് നീട്ടിയിരിക്കുന്ന അവസ്ഥയിലും മടുക്കില്ല എന്ന് പണ്ടെങ്ങാണ്ടോ ആരെല്ലാമോ പറഞ്ഞിട്ടുണ്ട്.
ഒരു കാര്യം ഓർമ്മിച്ചാൽ കൊള്ളാമായിരുന്നു. പണ്ടൊരു അർദ്ധ നഗ്നനായിരുന്ന വൃദ്ധൻ നിങ്ങളുടെ നേതാവായുണ്ടായിരുന്നു...നമ്മുടെ തലക്ക് മുകളിൽ ഭിത്തിയിൽ ചില്ലിട്ട ചിത്രത്തിൽ മോണയും കാട്ടി ചിരിച്ച് കൊണ്ടിരിക്കുന്ന മൂപ്പര്...അദ്ദേഹം ഭാരതത്തിന് സ്വാതന്ത്രിയം കിട്ടിയപ്പോൾ ദില്ലിയിൽ അധികാരത്തിനായില്ലായിരുന്നു...ദൂരെ ദൂരെ എവിടെയോ സമാധാനം സ്ഥാപിക്കാൻ നടക്കുകയായിരുന്നു....അധികാരത്തിന് പുറകേ പോകാതെ...അതൊരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ നാട് നന്നായേനെ....
No comments:
Post a Comment