Wednesday, December 18, 2024

ഒരു സ്ട്രീകിംഗിന്റെ ഓർമ്മക്ക്

 ഒരു നഗ്ന ഓട്ടത്തിന്റെ (സ്ട്രീക്കിംഗ്) ഓർമ്മക്ക്..

    ആലപ്പുഴ അന്നും ഇന്നും നാല് ചുറ്റും വെള്ളവും എന്നാൽ കുടിക്കാൻ ഒരു തുള്ളി വെള്ളവുമില്ലാത്ത നാടാണ് . പണ്ട്   കുടി വെള്ളത്തിന് ആകെ ആശ്രയം  മുനിസിപ്പാലിറ്റി വക  പൈപ്പ് വെള്ളം മാത്രം.   പൈപ്പ് നിരത്തിന് സമീപം പ്രധാനപ്പെട്ട ഇടങ്ങളിലാണ് ഉണ്ടായിരുന്നത്. ആ പൈപ്പിന് സമീപത്ത് നിന്ന് പന്ത്രണ്ട് വയസ്സ്കാരനായ ഞാൻ  തുണി ഇല്ലാതെ ഓടിയത് ഇന്ന് ടൈൽസ് പാകിയ കുളി മുറിയിൽ വിശാലമായി കുളിക്കുമ്പോൽ ഇടക്കിടെ ഓർമ്മിക്കാറുണ്ട്.

   മുനിസിപ്പാലിറ്റി ടാപ്പിന് കീഴിൽ മൺ കുടങ്ങളും അലൂമിനിയം കുടങ്ങളും സ്ഥാപിച്ച് ഉടമസ്തർ കൂടുതലും സ്ത്രീകൾ നാട്ട് വർത്തമാനങ്ങളിൽ ഏർപ്പെടുമായിരുന്നു. പല പ്രണയങ്ങളും മൊട്ടിട്ടിരുന്നതും  ടാപ്പിന് ചുവട്ടിൽ നിന്നുമായിരുന്നുവല്ലോ. കമിതാക്കൾ പരസ്പരം കാണുന്നതും സന്ദേശങ്ങൾ കൈമാറുന്നതും ടാപ്പിൻ സമീപത്ത് നിന്നുമാണ്. അന്ന് പ്രണയത്തിന്റെ അസംസ്ക്രത പേര് “ലപ്പടിക്കുക“ എന്നായിരുന്നു.  അവനും അവളും ലപ്പാണ് എന്ന് പറഞ്ഞാൽ അവർ പ്രണയത്തിലാണ് എന്നാണർത്ഥം. മുതിർന്ന  സ്ത്രീകളും പുരുഷന്മാരും അവർക്ക്  ലപ്പടി സാധിക്കാത്ത കാരണത്താൽ ലപ്പടിക്കുന്ന ചെറുപ്പക്കാരെ അസൂയയോടെ നോക്കുകയും  കമിതാക്കളുടെ വീടുകളിൽ പ്രണയ വാർത്ത കൃത്യമായി എത്തിക്കുകയും ചെയ്തിരുന്നു.

വേനൽക്കാലങ്ങളിൽ കുളങ്ങളിൽ  വെള്ളം വറ്റുമ്പോൾ കുളിക്കുന്നതിനും പൊതു നിരത്തിലുള്ള ടാപ്പുകൾ സമീപം താമസിക്കുന്നവർ ഉപയോഗിക്കും. ആലപ്പുഴ വട്ടപ്പള്ളിയിലെ  ഞങ്ങളുടെ വീടിന് കുറച്ചകലെയുണ്ടായിരുന്ന ടാപ്പിൽ നിന്നായിരുന്നു ഞങ്ങൾ വെള്ളം എടുത്തിരുന്നത്.  .. ആ കാലങ്ങളിൽ ഞങ്ങൾ പോലീസിനേക്കാളും ഭയപ്പെട്ടിരുന്നത് മുനിസിപ്പാലിറ്റി ജീവനക്കാരെ ആയിരുന്നു.  മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ പൊതുജനങ്ങൾ  ടാപ്പിന് സമീപം കുളിക്കുകയോ വെള്ളം ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്നത് കണ്ടാൽ അപ്പോൾ തന്നെ പിടിച്ച് കൊണ്ട് പോയി ഫൈൻ അടിക്കും. ഭായി എന്നറിയപ്പെട്ടിരുന്ന ഒരു ജീവനക്കാരനായിരുന്നു വട്ടപ്പള്ളീ ഭാഗത്തെ ഡ്യൂട്ടിക്കാരൻ. ഭായി എല്ലാവർക്കും പേടി സ്വപ്നമായിരുന്നു.


അന്നൊരു വേനൽക്കാലത്ത് കുളത്തിൽ വെള്ളമില്ലാത്തതിനാൽ ഞാൻ അടുത്തുള്ള ടാപ്പിനെ ആശ്രയിച്ചു.  കുടങ്ങളിലെ വെള്ളമെടുപ്പ് അവസാനിക്കുമ്പോഴാണ് ഞങ്ങൾ കുളിക്കാൻ ടാപ്പിന് കീഴിൽ കയറുന്നത്. എന്നാലും ആ സമയം തന്നെ ലക്ഷ്യമിട്ട്  ചിലപെൺപിള്ളാര് വന്ന് ഞങ്ങൾ ആൺകുട്ടികൾ കുളിക്കുന്നത് ഏറ് കണ്ണിട്ട് നോക്കും.  അത് കൊണ്ട് തന്നെ ഞങ്ങൾ കുളി ദീർഘിപ്പിക്കും.അന്ന് പള്ളീക്കൂടത്തിൽ പോകാനുള്ള  ധൃതിയിൽ ഒരു തോർത്തുമുടുത്ത് പന്ത്രണ്ട് വയസ്സുകാരനായ ഞാൻ ടാപിന് കീഴിൽ ഇരുന്നു കുളിക്കാൻ തുടങ്ങി. മുഖത്ത് സോപ്പിട്ട് കഴിഞ്ഞ് ടാപ്പ് തിരിക്കുമ്പോൾ അടുത്ത് നിന്ന പെണ്ണ് വിളിച്ച് കൂവി. “ഭായി  വരുന്നേയ്........“സോപ്പ് പത കണ്ണിലുണ്ടാക്കിയ നീറ്റൽ വക വെക്കാതെ ഞാൻ റോഡിലേക്ക് നോക്കിയപ്പോൾ ദാ...വരുന്നെടാ...യമകാലൻ...ദജ്ജാൽ...ഭായി...സൈക്കിളിൽ ഞാൻ അവിടെ നിന്നും പറ പറന്നു. ഭായി പുറകിൽ നിന്നും അലറുന്നു...എടാ....പന്നീ.....“ഞാൻ ജീവനും കൊണ്ട് എച്.ബി.യുടെ വീടിന് സമീപമുള്ള പറമ്പിൽ കൂടി ഓടി. അപ്പോഴാണ് അരയിൽ ചുറ്റിയ എന്റെ തോർത്ത് അഴിഞ്ഞ് പോയത്. തോർത്ത് എടുത്തുടുക്കാതെ ഞാൻ വാച്ച്കാരി പാത്തുമായിത്തായുടെ വീടിന് സമീപത്ത് കൂടി പറപറന്നു എന്റെ വീട്ടിലെത്തിയിട്ടേ ഓട്ടം നിന്നുള്ളൂ. ഓടുന്ന വേളയിൽ ഞാൻ അലമുറയിട്ടിരുന്നു, ഭായി....ഭായി...ഭായി. അത് കൊണ്ട് കണ്ട് നിന്നിരുന്ന വീടുകളിലെ പെണ്ണുങ്ങൾക്ക് കാര്യം മനസ്സിലായി. ചിലർ പൊട്ടി ചിരിച്ചു, ചിലർ മൂക്കത്ത് വിരൽ വെച്ചു..ചില പിള്ളാർ..“വെള്ള കുണ്ടി ഓടുന്നേയ് എന്ന് കളിയാക്കി ആർത്തു വിളിച്ചു. ഉമ്മാ ഉടനെ  നിക്കർ എടുത്ത് തരുകയും ഞാൻ നാണം മറച്ച് കഴിഞ്ഞ് തല തുവർത്തുകയും ചെയ്തു. എങ്കിലും എന്റെ വിറയൽ മാറിയിരുന്നില്ല.


കാലം കഴിഞ്ഞ് പോയി. ഇന്ന് ആലപ്പുഴയിൽ പൊതു ടാപ്പ് അപൂർവമാണ്. ദാരിദ്രിയം മാറിയപ്പോൾ എല്ലാവരും പൈപ്പ് കണക്ഷൻ എടുത്ത് അവരവരുടെ വീടകങ്ങളിൽ വെള്ളം എത്തിച്ചു. എങ്കിലും  വട്ടപ്പള്ളിയിൽ പോകുമ്പോൾ ഞാൻ ആ ടാപ്പുകൾ നിന്നിരുന്ന സ്ഥലം നോക്കി നിൽക്കും ആ പന്ത്രണ്ട് വയസ്സുകാരന്റെ സ്ട്രീക്കിംഗ് ഓർമ്മയിൽ വരുമ്പോൾ അറിയാതെ ചിരിച്ച് പോകും. 

ഭായി ഇപ്പോൾ സ്വർഗത്തിലെ ടാപ്പുകൾ പരിശോധിക്കുകയായിരിക്കും. വിശാലമായ കുളി മുറികളിൽ ഷവർ ബാത്തിന് കീഴെ നിന്ന് കുളിക്കുന്ന ഇന്നത്തെ ആലപ്പുഴക്കാർ പണ്ടത്തെ ഈ ടാപ്പുകളെ ഓർമ്മിക്കുന്നുണ്ടോ ആവോ?

ഷരീഫ് കൊട്ടാരക്കര.

No comments:

Post a Comment