സൈക്കിൾ സഞ്ചാരം ഞങ്ങളുടെ തലമുറയുടെ ബാല്യകാലത്തിൽ ഒരു സ്വപ്നം തന്നെയായിരുന്നു. ഇന്നത്തെ തലമുറ ബൈക്ക് സ്വപ്നം കാണുന്നത് പോലെ.
ബഹു ഭൂരിപക്ഷത്തിനും അന്ന് സൈക്കിൾ സ്വന്തമായില്ലാത്തതിനാൽ വാടകക്കെടുത്താണ് സൈക്കിൾ ഓടിക്കാൻ പഠിക്കുന്നത്. വട്ടത്തിൽ കറങ്ങുമ്പോൾ നീളത്തിൽ പോകുന്ന സൈക്കിളിൽ കയറ്റവും അത് പഠിക്കലും അന്നത്തെ രക്ഷിതാക്കൾക്ക് എന്ത് കൊണ്ടോ അരോചകമായിരുന്നുവല്ലോ. സ്കൂളീൽ പോകാതെ സൈക്കിൾ പഠനവുമായി കുട്ടികൾ കഴിയുന്നതിനാലാവാം സൈക്കിൾ പഠനം കാണുന്ന സ്പോട്ടിൽ വെച്ച് തന്നെ രക്ഷിതാക്കൾ കുട്ടികളെ തല്ലിയിരുന്നത്.അങ്ങിനെയിരിക്കവേ ഞാൻ സൈക്കിൾ പഠനം പൂർത്തിയാക്കി കുറേ ദൂരത്തുള്ള കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകാൻ തുടങ്ങി. സൈക്കിളിൽ പുറകിൽ ആളെ ഇരുത്തി ഡബിൾ ആയി പോവുക, രാത്രിയിൽ ലൈറ്റ് ഇല്ലാതെ സൈക്കിൾ ഓടിക്കുക തുടങ്ങിയവ അന്ന് പോലീസിന്റെ കാഴ്ചപ്പാടിൽ ഭയങ്കര കുറ്റകൃത്യങ്ങളായിരുന്നു.
ആ വർഷത്തെ ധനുമാസത്തിലും ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിൽ ഉൽസവം തുടങ്ങി.
കാസിം എന്റെ അടുത്ത സ്നേഹിതനാണ്. അവന് കാലിന് സ്വാധീനം കുറവാണ്. ചട്ട്കാലനായതിനാൽ നടക്കണമെങ്കിൽ മറ്റൊരാളുടെ സഹായം വേണം താനും. എങ്കിലും കാസിമിന് ഉള്ളിൽന്റെ ഉള്ളിൽ ഒരു മോഹം മുല്ലക്കൽ ഉൽസവം കാണണം. അതെന്നോട് പറഞ്ഞു. ഞങ്ങൾ താമസിക്കുന്ന വട്ടപ്പള്ളിയിൽ നിന്നും മുല്ലക്കൽ റോഡിലേക്ക് മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട്. അവിടം വരെ നടക്കാൻ കാസിമിന് സാധ്യമല്ലാത്തതിനാൽ ഞാൻ ഒരു സൈക്കിൾ വാടകക്കെടുത്ത് കാസിമിനെ പുറകിൽ ഇരുത്തി കെട്ടി മുറുക്കി മുല്ലക്കലേക്കുള്ള പ്രയാണം ആരംഭിച്ചു. ആലപ്പുഴ ഇരുമ്പ് പാലം വരെ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. ഇരുമ്പ് പാലത്തിന്റെ ഇറക്കം ഇറങ്ങി വരുമ്പോൾ അതാ എതിർവശത്ത് നിന്നും കപ്പടാ മീശക്കാരനായ ഒരു പോലീസ്കാരൻ സൈക്കിളിൽ കയറ്റം കയറി വരുന്നു. ഞങ്ങളുടെ യാത്ര സൈക്കിളിൽ ഡബിൾ അടിച്ചുള്ളത് ആയിരുന്നതിനാൽ പോലീസ് കൈ കാണിച്ചു. സരസനായ കാസിം (അവന്റെ കാലിനാണ് തളർച്ച ഉള്ളത്, നാക്കിന് ഒരു കുറവുമില്ല) വിളിച്ച് പറഞ്ഞു “അള്ളാണെ പോലീസിക്കാ, ഇനി ഇതിനകത്ത് സീറ്റില്ല, ഇക്കാ വേറെ സൈക്കിൾ നോക്ക്...“ പോലീസിനെ കണ്ട വെപ്രാളത്തിൽ ഹാൻഡിൽ വെട്ടി എന്റെ സൈക്കിൾ പാളി, ഞാനും സൈക്കിളും പുറകിലിരുന്ന ചട്ട്കാലനും കൂടി തത്തക്കാ പൊത്തക്കാ എന്ന മട്ടിൽ റോഡിലേക്ക് മറിഞ്ഞു. റോഡിൽ കിടന്ന ചട്ട്കാലനായ കാസിമിന്റെ കാൽ വളഞ്ഞ് പുളഞ്ഞ പരുവത്തിൽ കണ്ടപ്പോൾ സൈക്കിൽ മറിഞ്ഞ് പരുക്ക് പറ്റിയതാകാം എന്ന ധാരണയിൽ പോലീസ് കാരൻ എന്നോട് അലറി “ അവനെ ഒടിച്ച് നാശമാക്കിയല്ലോടാ...ഇനി കുട്ടയിൽ വാരി വെച്ച് കൊണ്ട് പോടാ....നിന്റെയെല്ലാം പാട് പോലെ നോക്ക്..എനിക്ക് വേറെ ജോലിയുണ്ട് എന്നും പറഞ്ഞ് പോലീസിക്കാ സൈക്കിളിൽ കയറി ഓടിച്ച് പോയി. ആ പോക്ക് കണ്ട കാസിം കിടന്ന കിടപ്പിൽ പറഞ്ഞു “ഹോ് ആ മൈരന്റെ പോക്ക് കണ്ടാ..തൂറാൻ മുട്ടിയത് പോലാ അവന്റെ ഓട്ടം .അവനും ഒരു പോലീസ്.....“ ഞാൻ അവന്റെ വാ പൊത്തിപ്പിടിച്ച് പറഞ്ഞു മിണ്ടാതിരിയെടാ പന്നീ...അയാൾ തിരിച്ച് വന്നാലോ.....“ കാസിമിനെ സൈക്കിളിന്റെ പുറകിൽ വീണ്ടും കെട്ടി വെച്ച് കൊണ്ട് പോയി മുല്ലക്കൽ ഉൽസവം കാണിച്ച് കൊടുത്തു എന്നത് ബാക്കി ചരിത്രം. . ആ നന്ദി അവന് എന്നോട് എപ്പോഴുമുണ്ടായിരുന്നു. കാലമെത്ര കഴിഞ്ഞ് പോയി.ഒരുപാട് ഓർമ്മകളുമായി മുല്ലക്കൽ ഉൽസവം പിന്നെയും പിന്നെയും എത്രയോ തവണകളിൽ വന്നു പോയി. ആലപ്പുഴ വിട്ടതിന് ശെഷം കാസിമുമായി ഒരു ബന്ധവുമില്ല.അവൻ ഇപ്പോൾ ഉണ്ടോ എന്നുമറിയില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാറിൽ ആലപ്പുഴയിലൂടെ കടന്ന് ഇരുമ്പ് പാലത്തിനടുത്തെത്തിയപ്പോൾ പഴയ സൈക്കിൽ പുരാണാം ഓർത്ത് പോയി.
No comments:
Post a Comment