Saturday, September 28, 2024

സിനാന് വേണ്ടി

 

സിനാൻ നിങ്ങൾക്ക് സുപരിചിതനാണ്. ഫെയ്സ് ബുക്കിലൂടെ അവനെ ഏറെ തവണ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 13 വയസ്സ് പ്രായമുള്ള അവൻ മിനിഞ്ഞാന്ന് (വ്യാഴം) മുതൽ തിരുവനന്തപുരം  അനന്തപുരി ആശുപത്രിയിൽ  ചികിൽസയിലാണ്.  അനന്തപുരിയിലെ ഏറെ കനത്ത  ബില്ലുകൾ ഞങ്ങൾക്ക് ഭാരമേറിയതാണെങ്കിലും  അവനെ കുഞ്ഞുന്നാൾ മുതൽ ചികിൽസിക്കുന്ന ഡോക്ടർ മാർത്താണ്ഡൻ പിള്ള  അവിടെ ആയതിനാൽ  അവനെ അദ്ദേഹത്തെ കാണിക്കേണ്ടത്  അത്യാവശ്യമായി വന്നു. ഒരാഴ്ചത്തെ പനിക്കും തുടർന്നുള്ള ഭക്ഷണ വിരക്തിക്ക് ശേഷവും  അവൻ രണ്ട് മൂന്ന് ദിവസമായി  ഭേദപ്പെട്ട് വരികയായിരുന്നു. വ്യാഴ്ച 11 മണിയോടെ പാട്ടും ആസ്വദിച്ച് എന്നോട് ചേർന്ന്   ചിരിച്ച് ചിരിച്ച്  കിടന്ന അവന് ഇടക്കിടെ വരാറുള്ള  ജന്നി വന്നു. അൽപ്പ സമയത്തിന് ശേഷം പോകാറുള്ള  ആ രോഗം 1 മണിക്കൂർ കഴിഞ്ഞും മാറാതിരുന്നതിനാൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തുടർ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും  അവനെയും കൊണ്ട് പോകേണ്ടി വന്നു. ഓക്സിജൻ  ലവ്ൽ താഴ്ന്നുകൊണ്ടിരുന്നതാണ് കാരണം. മെഡിക്കൽ കോളേജിലേക്ക് പോകാതെ മാർത്താണ്ഡൻ പിള്ളയെ കരുതി അവനെ അനന്തപുരി ആശുപത്രിയിലേക്ക് മറ്റൊന്നും ചിന്തിക്കാതെ കൊണ്ട് പോയി. അവിടെ എത്തിയപ്പോൾ അവർ അവനെ വെന്റിലേറ്ററിലാക്കി.

 ഉദ്വേഗവും വിമ്മിപ്പൊട്ടലും നിറഞ്ഞ നീണ്ട  മണിക്കൂറുകൾക്ക് ശേഷം  ഇന്ന് വൈകുന്നേരം അവനെ ഭാഗികമായി  വെന്റിലേറ്ററിൽ നിന്നും മാറ്റാൻ കഴിഞ്ഞു. ആരെയുംകാണാതെയും കാണിക്കാതെയും  ഏകാന്തതയിൽ അവൻ കഴിഞ്ഞ മണിക്കൂറുകൾ തള്ളി നീക്കിയത് ആശുപത്രിക്കാർ നൽകിയ മയക്ക് മരുന്നിലാണെങ്കിലും ഞങ്ങൾക്ക് മയങ്ങാൻ കഴിഞ്ഞിരുന്നില്ലല്ലോ. എന്റെ ഇളയ  മകൻ സൈഫുവിന്റെ ഏക സന്തതിയാണ് വീടിന്റെ പ്രകാശ നാളമായ എന്റെ പൊന്ന് മോൻ. അവന് വർത്തമാനം പറയാനോ നടക്കാനോ കഴിയില്ലെങ്കിലും ഞങ്ങളുടെ എല്ലാം പ്രാണ നാണല്ലോ സിനാൻ.

 സൈഫുവും അവന്റെ ഉമ്മ ഷൈനിയും ആശുപത്രിയിൽ തന്നെ ത്ങ്ങുകയാണ്

സിനാൻ പെട്ടെന്ന് തന്നെ ഞങ്ങളോടൊപ്പം ഒത്ത് ചേരാനും  പഴയത് പോലെപാട്ട് കേട്ട് തലകുലുക്കി ആസ്വദിച്ച്  സന്തോഷിക്കാനും ഞങ്ങളെ കെട്ടി പിടിച്ചിരിക്കുവാനും പെട്ടെന്ന് തന്നെ ഇടവരട്ടെ എന്ന് ഹൃദയത്തിൽ തട്ടി കരുണാമയനോട് പ്രാർത്ഥിക്കുന്നു. 

നിങ്ങളുടെ പ്രാർത്ഥനയും അവൻ് വേണ്ടി ഉണ്ടാകുമല്ലോ.

No comments:

Post a Comment