കഴിഞ്ഞ ദിവസം ഞാൻ പോസ്റ്റ് ചെയ്തിരുന്ന ജെ.സി. ഡാനിയലിനെ സംബന്ധിച്ച കുറിപ്പുകളിൽ മലയാളത്തിലെ ആദ്യകാല സിനിമാ നടി റോസിയെ പറ്റി ഞാൻ മുമ്പ് എഴുതിയിരുന്നു എന്ന പരാമർശം ഉണ്ടായിരുന്നു. തുടർന്ന് ഫോണിലൂടെ പലരും റോസിയെ സംബന്ധിച്ച ആ കുറിപ്പുകൾ ഒന്നു കൂടി പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി. 2011 മാർച്ച് മാസത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ആ പോസ്റ്റ് വായിക്കാത്തവർക്കായി ഒന്നുകൂടി ഇപ്പോൾ കുറിച്ചിടുന്നു.
ആദ്യ കാല മലയാള സിനിമാ നടി റോസികോടികൾ മുടക്ക് മുതൽ ആവശ്യമുണ്ടെങ്കിലും ഒരു മടിയും കൂടാതെ ചെലവ് വഹിക്കാൻ തയാറാകുന്ന ഫിലിം നിർമാതാക്കളും ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കുന്ന സൂപ്പർ സിനിമാ താരങ്ങളും സിനിമയുടെ ഏതെങ്കിലും മേഖലയുമായി ബന്ധം ഉണ്ട് എന്ന കാരണത്താൽ നാലാളു കൂടുന്നിടത്ത് ആദരവ് പിടിച്ചു പറ്റുന്നവരും ഉൾക്കൊള്ളുന്ന ഇന്നത്തെ സിനിമാ ലോകം അതിന്റെ എല്ലാ വർണ്ണ പകിട്ടോടെ നമ്മുടെ മുമ്പിൽ കത്തിജ്വലിച്ച് നിൽക്കുമ്പോൾ സിനിമയിൽ അഭിനയിച്ചു എന്ന കാരണത്താൽ മാത്രം കരപ്രമാണിമാരാൽ സ്വന്തം കുടിൽ ചുട്ടുകരിക്കപ്പെട്ടു പെരുവഴിയിൽ അനാഥയായി നിന്നു ;മലയാള സിനിമയിലെ ആദ്യ നടി റോസി.
കഴിഞ്ഞ ദിവസത്തെ ഒരു പത്രത്തിൽ റോസിയെപ്പറ്റി ഒരു ഡോക്കമന്ററി തയാറാക്കുന്നു എന്ന വാർത്ത വായിച്ചപ്പോൾ പണ്ട് ആദ്യ മലയാള സിനിമ "വിഗതകുമാരൻ" കണ്ട എന്റെ പിതാവ് അദ്ദേഹത്തിന്റെ ഓർമ്മയിൽ നിന്നും ആ ചിത്രത്തെ പറ്റിയും അതിൽ അഭിനയിച്ചവരെപറ്റിയും പറഞ്ഞു തന്നത് മനസിൽ കൂടി കടന്ന് പോയി.
എന്റെ വാപ്പയുടെ ബാല്യകാലത്താണു വിഗതകുമാരൻ ആലപ്പുഴയിൽ പ്രദർശിപ്പിച്ചത്.ഈ സിനിമ ആലപ്പുഴയില്‍ പ്രദര്‍ശിച്ചപ്പോള്‍ അത് കാണാന്‍ പോയ എന്റെ പിതാവിന്റെ അന്നത്തെ പ്രായം കണക്കിലെടുക്കുമ്പോള്‍ 1928ലോ 29ലോ ആണു വിഗതകുമാരന്‍ പ്രദര്‍ശിപ്പിച്ചതെന്ന് കരുതാം.ആദ്യം തിരുവനന്തപുരത്തും രണ്ടാമതായി ആലപ്പുഴയിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ഒരു തുലാ വര്‍ഷകാലത്താണു സിനിമാ കണ്ടത് എന്ന് വാപ്പാ പറഞ്ഞതില്‍ നിന്നും ചിത്രം ഒക്റ്റോബറിലോ നവമ്പറിലോ ആയിരിക്കണം റിലീസ് ചെയ്തതെന്നും മനസ്സിലാക്കാം. കയര്‍ ഫാക്റ്ററികള്‍ നിറഞ്ഞ വഴിച്ചേരിയിലെവിടെയോ ആയിരുന്നു സിനിമാ കൊട്ടക. ആ കാലത്ത് സിനിമാ കാണുന്നത് മുസ്ലിങ്ങള്‍ ഹറാമായി(നിഷിദ്ധം) കരുതിയിരുന്നതിനാല്വാപ്പാ ബാല്യത്തില്‍ വീട്ടില്‍ അറിയാതെ ഒളിച്ചു പോയാണ് സിനിമാ കണ്ടത്. അയല്‍ക്കാരനും വകയില്‍ അമ്മാവനുമായ ഒരാളെ വാപ്പാ കൊട്ടകയില്‍ കണ്ടു. രണ്ട് പേരും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും പരസ്പരം കണ്ട് മുട്ടിപോയി. വീട്ടില്‍ പറയരുതേ എന്ന് വാപ്പാ പറയുന്നതിനു മുമ്പേ അമ്മാവന്‍ പറഞ്ഞു “മോനേ! അമ്മായിയോടു പോയി പറയല്ലേ!” എന്ന്.
അന്ന് സിനിമക്ക് മുമ്പ് ഡോക്കമെന്ററി പോലുള്ള ചില സീനുകള്‍ കാണിക്കുമായിരുന്നു. ബലൂണില്‍ മനുഷ്യര്‍ ആകാശത്ത് പറക്കുന്നത് കണ്ടപ്പോല്‍ അമ്മാവന്‍ അതിശയത്തോടെ പറഞ്ഞുവത്രേ!
“അജായിബുല്‍ അജായിബ് (ഹൌ! എന്തതിശയം ) മലായിക്കീത്തങ്ങ്ല്(മാലാഖമാര്‍) പറക്കണ ആകാസത്ത് മനുഷേമ്മാര്‍ പറക്കുന്ന്; ഖിയാമത്തുന്നാളിന്റെ (ലോകാവസാനം) അടയാളമാ ഇതൊക്കെ”
തിരിശ്ശീലയില്‍ ചലിക്കുന്ന നടീനടന്മാരുടെ ചുണ്ട് അനക്കത്തിനൊപ്പം പുറകില്‍ നിന്നും സംഭാഷണങ്ങള്‍ മെഗാഫോണിലൂടെ അതിനായി നിയോഗിക്കപ്പെട്ടവര്‍ ഉച്ചത്തില്‍ വിളിച്ചു പറയും. തമിഴ് സിനിമായിലെ മിക്കവാറും അവസാന രംഗങ്ങള്‍ വരുമ്പോള്‍ ഇതാണ് മാതൃക :-
“ഇദാ നമ്മുടെ കദാനായഹന്‍ വില്ലനെ കുത്തി മലര്‍ത്തീപ്പോള്‍ വില്ലന്‍ ഹള്ളോ എന്നു ബിളിച്ച് കൂവുന്നു.”
ഈ തൊഴിലില്‍ പ്രഗല്‍ഭന്‍ ഒരു മുസ്ലിം ആയിരുന്നു എന്നതും വിചിത്രമായി തോന്നുന്നു. “മൈക്ക് ഇക്കാ “ എന്ന് അയാള്‍ അറിയപ്പെട്ടിരുന്നത്രേ!.
വിഗതകുമാരന്‍ സിനിമയിലെ കഥയെ പറ്റി ഒന്നും വാപ്പക്ക് ഓര്‍മയില്ല.പക്ഷേ നടിയുടെ പേര് റോസി എന്നായിരുന്നെന്നും അത് ഒറിജിനല്‍ പെണ്ണായിരുന്നുവെന്നും പുരുഷന്‍ പെണ്‍ വേഷം കെട്ടിയതല്ലെന്നും മൈക്ക് ഇക്കാ വിളിച്ച് പറഞ്ഞത് വാപ്പാ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.
പിന്നീട് അവരെ അടി കൊടുത്ത് തിരുവനന്തപുരത്ത് നിന്നും ഓടിച്ചു എന്ന് തമിഴ് സിനിമകളുടെ ഫിലിം പെട്ടിയുമായി വന്ന ഏതോ തിരുവനന്തപുരത്ത്കാരന്‍ ഫിലിം റെപ്രസന്റേറ്റിവില്‍ നിന്നും കാലങ്ങള്‍ക്ക് ശേഷം അറിഞ്ഞ, തീയേറ്ററില്‍ കപ്പലണ്ടിയും സോഡായും വിറ്റിരുന്ന വാപ്പായുടെ കൂട്ടുകാരന്‍ ശ്രീധരന്‍ , വാപ്പായോട് പറഞ്ഞതും വാപ്പാ ഓര്‍മിച്ച് പറഞ്ഞു.
തിരുവനന്തപുരത്ത് എവിടെയോ ഒരു കുടിലില്‍ കഴിഞ്ഞിരുന്ന കൂലിവേലക്കാരിയായ ആ ആദ്യകാല സിനിമാ നടിയെ അന്നത്തെ “തിരുവോന്തരത്തെ” കരപ്രമാണിമാര്‍ “അഴുക്ക് മൂശേട്ട” എന്ന് ആക്ഷേപിച്ച് ഉപദ്രവിച്ചു. ആ സ്ത്രീയുടെ കുടിലിന് തീയിട്ടു.
മറ്റ് വഴിയില്ലാതെ ആ സ്ത്രീ കന്യാകുമാരി ജില്ലയിലേക്ക് പലായനം ചെയ്തെന്നും മരണ ഭയത്താലുള്ള പാലായനത്തിന് സഹായിച്ച വാഹന ഡ്രൈവറുടെ കൂടെജീവിതം പങ്കിട്ട് ശിഷ്ട കാലം കഴിച്ച് കൂട്ടിയെന്നും ആ കാലത്തെ ഗോസിപ്പ് പ്രചാരകാരായ ഫിലിം റെപ്രസന്റേറ്റിവ്മാരില്‍ നിന്നും ശ്രീധരന്‍ചേട്ടന്‍ പിന്നീട് കേട്ടറിഞ്ഞു.അന്നു സിനിമാ ലോകത്തെ വിജ്ഞാനകോശങ്ങളായിരുന്നു കൊട്ടക ജീവനക്കാരും ബന്ധപ്പെട്ടവരും.
വിഗതകുമാരന്‍ ആലപ്പുഴയില്‍ ഏഴ് ദിവസം ഓടിയെന്ന് വാപ്പാ പറഞ്ഞു. എല്ലാ ദിവസവും കൊട്ടകനിറയെ ആള്‍ക്കാരുണ്ടായിരുന്നു . കറണ്ട് പോകുമ്പോള്‍ ശക്തിയായ കൂകലും ബഹളവും ഉണ്ടാകും. അപ്പോഴാണ് ശ്രീധരന്‍ ചേട്ടന് കപ്പലണ്ടി സോഡാ കച്ചവടം പൊടിപൊടിക്കുന്നത്.
തിരുവനന്തപുരത്ത് വിഗതകുമാരന്‍ ഏതാനും ദിവസങ്ങളേ ഓടിയുള്ളുവത്രേ! ആ ദിവസങ്ങളിലെല്ലാംബഹളവും വഴക്കും പതിവായിരുന്നു.
ഫിലിം നിര്‍മിച്ചത് ജെ.സി.ഡാനിയല്‍ എന്ന പല്ല് ഡോക്റ്ററായിരുന്നു. നാഗര്‍കോവില്‍ സ്വദേശിയായഈ കലാസ്നേഹിയുടെ എല്ലാ സ്വത്തുക്കളും ഈ പടത്തോടെ തീര്‍ന്നു. പഴയ പണി ചെയ്താണ്പല്ലെടുപ്പ്- അദ്ദേഹത്തിന്റെ അവസാനകാലത്ത് അന്നത്തിന് വക കണ്ടെത്തിയിരുന്നത്. പില്ക്കാലത്ത് അവശ കലാകാരനു അര്‍ഹമായ അടുത്തൂണിന് വേണ്ടി അദ്ദേഹം അപേക്ഷിച്ചപ്പോള്‍തമിഴനെന്ന കാരണത്താല്‍ അപേക്ഷ നിരസിച്ച് ആദ്യ സിനിമാ നിര്‍മാതാവിനോട് മലയാളിയുടെ നന്ദികാണിച്ചു എന്ന് മലയാള സിനിമകളുടെ ചരിത്രം വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.ആമലയാളികള് തന്നെ മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ് പില്‍ക്കാലത്ത്അദ്ദേഹത്തിന്റെ പേരിലാക്കി ഒരു മരണാനന്തര ബഹുമതി നല്‍കുകയും ചെയ്തു എന്നതും കൂട്ടിവായിക്കുക. പക്ഷേ അപ്പോഴേക്കും ദന്ത ഡോക്റ്റര്‍ എന്നെന്നേക്കുമായി നന്ദി ഇല്ലാത്തവര്‍ ഇല്ലാത്തലോകത്തേക്ക് പോയി കഴിഞ്ഞിരുന്നു.
മലയാള ചലച്ചിത്ര ലോകത്ത് ആദ്യ നടിയായി മുഖത്ത് മേക്കപ്പിട്ട റോസിയെ ആരും തിരക്കിനടന്നില്ല.രാഷ്ട്രപതിയില്‍ നിന്നും നീലക്കുയിലിന് അവാര്‍ഡ് ലഭിച്ചപ്പോഴും പിന്നീട് ചെമ്മീന് ദേശീയഅവാര്‍ഡും തുടര്‍ന്നു ഉര്‍വശി, ഭരത് അവാര്‍ഡുകളും മലയാളത്തിലേക്ക് ഒഴുകി വന്നപ്പോഴും നിലവിലെസമുദായാചാരങ്ങളെ വെല്ല് വിളിച്ച് ആദ്യമായി സിനിമാ നടിയായി വേഷമിടാന്‍ ധൈര്യം കാട്ടിയ ഈപാവം സ്ത്രീയുടെ ജീവിത കഥ ആരും അന്വേഷിച്ചില്ല. അവരുടെ കുടുംബത്തില്‍ ആരെങ്കിലുംഅവശേഷിക്കുന്നുണ്ടോ എന്നും അന്വേഷിച്ചില്ല. കാല യവനികക്ക് അപ്പുറം എവിടേക്കോ ആ സ്ത്രീനടന്ന് മറഞ്ഞു .
മലയാളത്തിലെ ആദ്യ നടി എന്നതിലുപരി സിനിമയില്‍ അഭിനയിച്ചു എന്ന കാരണത്താല്‍തുരത്തപ്പെട്ട സ്ത്രീ എന്ന പദവിയല്ലേ അവര്‍ക്ക് ചേരുന്നത്?! അറിയാനുള്ള ആഗ്രഹം അന്വേഷണങ്ങൾക്ക് നിമിത്തമായി തീരുമല്ലോ. ഈ സ്ത്രീയുടെ ജീവിത കഥ അൽപ്പമറിഞ്ഞത് പൂർത്തീകരിക്കാനും അവരുടെ ശേഷ കാലം മനസ്സിലാക്കാനുമായി ഈയ്ള്ളവൻ നാഗർ കോവിൽ തിരുനൽ വേലി തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് നടന്നെങ്കിലും അവരുടെ ബന്ധത്തിൽ പെട്ടവരെന്ന് അന്വേഷണത്തിൽ മനസ്സിലായ ചിലരുടെ വൈമുഖ്യത്താൽ അന്വേഷണം അന്ന് അവസാനിപ്പിക്കേണ്ടി വന്നു.
ഇപ്പോള്‍ ഇതാ അവരെപ്പറ്റി ഡോക്കമെന്ററി തയാറാക്കുന്നതായി അറിയുന്നു.
അങ്ങകലെ തമിഴുനാടിന്റെ അറിയപ്പെടാത്ത ഏതോ കോണില്‍ എന്നെന്നേക്കുമായുള്ളഉറക്കത്തിലാണ്ടിരിക്കുന്ന റോസീ! നിങ്ങള്‍ ആദരിക്കപ്പെടുന്നു എന്ന വിവരം നിങ്ങള്‍അറിയുന്നുവോ?!
- കുറേ വര്‍ഷങ്ങള്‍ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ട്രൈനില്‍ സെക്കന്റ്. തേഡ്ഏ.സി. കമ്പാര്‍ട്മെന്റില്‍ തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍അല്ലാത്ത എന്നാല്‍ അത്രക്ക് അപ്രധാനരല്ലാത്ത ചില താരങ്ങളുടെ യാത്രകള്‍കാണാനിടവന്നിട്ടുണ്ട്.അവരുടെ അടുത്ത സീറ്റുകളില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടിയും വന്നിട്ടുണ്ട്. മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്, എന്നീ ഗണത്തില്‍ പെട്ടവരും അതേ റാങ്കിലുള്ള ചിലനടികളും. ട്രെയിനില്‍ കയറിയാല്‍ അവര്‍ കണ്ണടച്ച് ഉറക്കം നടിച്ച് ഇരിക്കും. കണ്ണ് തുറന്നാലല്ലേഅടുത്തിരിക്കുന്നവരോ മറ്റ് യാത്രക്കാരോ പരിചയപ്പെടാന്‍ ശ്രമിക്കുകയുള്ളൂ. അത് തടയാനുള്ളവേലയാണ് ഈ ഉറക്കം.
ട്രെയിനിൽ അടുത്തിരിക്കുന്ന സഹയത്രക്കാരനോട് പോലും നിശ്ശബ്ദത പാലിക്കുന്ന ഏ.സി.യാത്രക്കാരായപുംഗവന്മാരും ഭൈമിമാരും ഈ സിനിമാ താരങ്ങളെ ഭക്തി ആദരവുകളോടെ നോക്കുന്നതും അവരുടെ അടുത്തസീറ്റില്‍ ഇരിക്കാന്‍ വേണ്ടി തത്രപെടുന്നതും കാണുമ്പോള്‍ മലയാള സിനിമാപടുത്തുയര്‍ത്തുന്നതിന് ആരംഭമിട്ട കാരണത്താൽ എല്ലാം നഷ്ടപ്പെട്ട ദാനിയല്‍ , റോസിമാര്‍ മനസ്സിലൂടെ കടന്ന് പോകുമായിരുന്നു.
ആപത്ത് തിരിച്ചറിഞ്ഞു സന്ദേശം തരാനും ചിലപ്പോള്‍ സ്വയം ദുരന്തത്തിന് ഇരയാകാനും വിധിക്കപ്പെട്ടമുന്‍പേ പറന്ന പക്ഷികളേ! നിങ്ങള്‍ അസ്ഥിവാരമിട്ട തറയില്‍ സ്വസ്തമായി, ബഹുമാനിതിരായി ഈഉറക്കം നടിക്കുന്ന തലമുറക്ക് ജീവിക്കാന്‍ കഴിയുന്നു.
പ്രിയപ്പെട്ട റോസീ , പ്രിയ ഡാനിയല്‍, നിങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ നിര്‍മ്മിച്ച അടിത്തറ തികച്ചും ഭദ്രംതന്നെയെന്ന് കാലം തെളിയിച്ചിരിക്കുന്നു.
പിന്‍ കുറി:-വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയ ഈ കുറിപ്പുകൾ വീണ്ടും വായിച്ചപ്പോൽ ഇത്രയും കൂടി അതിനോടൊപ്പം ചേർക്കാൻ ആഗ്രഹിക്കുന്നു. ഈ കുറിപ്പുകൾ വായിക്കുന്ന പ്രിയ സുഹൃത്തേ!. മലയാളത്തിലെ ആദ്യകാല നടി വീട്ടിൽ നിന്നും തൂക്ക് പാത്രത്തിൽ ചോറുമായാണ് ഷൂട്ടിംഗ് സ്ഥലത്ത് എത്തിയിരുന്നത് എന്ന വിവരം നിങ്ങൾക്ക് അറിയാമോ? അന്ന് ആ ഇരുളടഞ്ഞ രാത്രിയിൽ ജീവ രക്ഷാർത്ഥം തത്രപ്പെട്ട് ഓടിയിരുന്ന അവരുടെ മനസ്സിലെ ആകുലതകൾ എന്തെല്ലാമായിരുന്നെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കുക. അതിനോടൊപ്പം ഷൂട്ടിംഗ് സ്ഥലത്ത് ഹിതകരമായ ക്യാരവനിൽ പ്രാഥമിക ആവശ്യം നിർവഹിക്കാൻ സാധിക്കുന്നില്ല എന്നും സുഖ സൗകര്യങ്ങൾ പോരാ എന്നും ആവലാതി പറയുന്ന ഇപ്പോഴത്തെ നവ നടി നടന്മാരുടെ ആകുലതകളും താരതമ്യം ചെയ്ത് നോക്കുക. അപ്പോൾ നാം അറിയാതെ തന്നെ സ്വയം ചിരിച്ച് പോവില്ലേ?!
No comments:
Post a Comment